ട്രംപിന്റെ വിജയ വാര്‍ത്ത പുറത്ത് വന്ന് ഒരു ദിവസം പൂര്‍ത്തിയാകും മുന്‍പ് ലോകത്തെ ഏറ്റവും വലിയ പത്ത് സമ്പന്നരുടെ സ്വത്തില്‍ ഉണ്ടായത് ശതകോടികളുടെ വര്‍ധന; ഒരൊറ്റ ബിറ്റ് കൊയിനിന്റെ വില കൂടിയതും ഞൊടിയിടയില്‍: ട്രംപില്‍ കോളടിച്ച് മുതലാളിമാര്‍
വാഷിങ്ടണ്‍: ട്രംപ് ജയിച്ചതിനെ തുടര്‍ന്ന് ശുക്രദശ ഉദിച്ചത് ലോകത്തെ പത്ത് സമ്പന്നര്‍ക്കാണ്. ഇവരുടെ സ്വത്തുക്കളില്‍ കോടികളുടെ വര്‍ദ്ധനയാണ് ഒരു ദിവസം കൊണ്ട് ഉണ്ടായത്. 64 ബില്യണ്‍ ഡോളറാണ് ഒരു ദിവസം കൊണ്ട് ഇവര്‍ക്ക് ലഭിച്ചത്. ബ്ലൂംബര്‍ഗ് ബില്യണേഴ്സ് സൂചികയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നേട്ടമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. 2012 ലാണ് ഈ സൂചിക ആരംഭിച്ചത്.
ഐ.ടി മേഖലയിലുളള ശതകോടീശ്വരന്‍മാരാണ് ഈ സൂചികയില്‍ ആധിപത്യം പുലര്‍ത്തുന്നത്. ട്രംപിന്റെ ഏറ്റവും അടുത്ത അനുയായിയായി മാറിയ ആഗോള സമ്പന്നന്‍ ഇലോണ്‍ മസ്‌ക്ക് തന്നെയാണ് ഇത്തരത്തില്‍ കോളടിച്ചവരില്‍ ഒന്നാമന്‍. 290 ബില്യണ്‍ ഡോളറുമായിട്ടാണ് മസ്‌ക്ക് മുന്നേറുന്നത്. പ്രമുഖ ഇലക്ട്രിക്ക് വാഹന നിര്‍മ്മാണ കമ്പനിയായ ടെസ്ലയുടെ ഉടമ കൂടിയാണ് മസ്‌ക്ക്.
ഇന്നലെ അമേരിക്കന്‍ വിപണിയിലും വന്‍ ഉയര്‍ച്ചയാണ് ഉണ്ടായത്. ട്രംപിന്റെ നേതൃത്വത്തില്‍ എത്തുന്ന പുതിയ സര്‍ക്കാര്‍ നികുതി നിരക്കുകളില്‍ ഇളവ് വരുത്തുമെന്നും സാമ്പത്തിക നയങ്ങളില്‍ നിയന്ത്രണങ്ങള്‍ അധികമായ തോതില്‍ കൊണ്ട് വരില്ല എന്നും നിക്ഷേപകര്‍ പ്രതീക്ഷിച്ചതിന്റെ കൂടി ഫലമായിട്ടാണ് ഓഹരി വിപണിയില്‍ വന്‍ നേട്ടം ഉണ്ടായതെന്നാണ് വിദഗ്ധര്‍ കരുതുന്നത്.
ഐ.ടി രംഗത്തെ ഭീമന്‍മാരായ കമ്പനികളുടെ മേധാവികള്‍ എല്ലാം തന്നെ കഴിഞ്ഞ ദിവസം ട്രംപിന് അഭിനന്ദനങ്ങള്‍ അറിയിച്ചിരുന്നു. ആമസോണ്‍ തലവന്‍ ജെഫ് ബെസോസും മെറ്റാ തലവനായ സുക്കര്‍ബര്‍ഗും ഉള്‍പ്പെടെയുള്ളവര്‍ ഇതില്‍ പെടും. ബെസോസിന്റെ ആസ്തിയില്‍ ഒരു ദിവസം കൊണ്ട് ഏഴ് ബില്യണ്‍ ഡോളറിന്റെ വര്‍ദ്ധനവാണ് ഉണ്ടായത്. സക്കര്‍ബര്‍ഗിന് ഇന്നലെ 81 ബില്യണ്‍ ഡോളറിന്റെ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞു.
എന്നാല്‍ ലോകത്തെ പത്ത് ശതകോടീശ്വരന്‍മാരില്‍ നഷ്ടം സംഭവിച്ച ഒരാളുമുണ്ട്. ആഡംബര വസ്തുക്കളുടെ വ്യവസായത്തിലെ ഏറ്റവും സമ്പന്നനായ ഫ്രാന്‍സിലെ ബെര്‍നാഡ് അര്‍നോള്‍ട്ടിന് കഴിഞ്ഞ ദിവസം നഷ്ടമായത് മൂന്ന് ബില്യണ്‍ ഡോളറാണ്. മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ഗേറ്റ്സിനും മൈക്രോസോഫ്റ്റ് മുന്‍ സി.ഇ.ഒ സ്റ്റീവ് ബാമര്‍ക്കും ഇന്നലെ നേട്ടം കൊയ്യാന്‍ കഴിഞ്ഞു.
ട്രംപ് അധികാരത്തില്‍ എത്തുമെന്ന വാര്‍ത്തകള്‍ പുറത്ത് വന്നതോടെ ബിറ്റ്കോയിനും വന്‍ നേട്ടം കൈവരിച്ചു. 24 മണിക്കൂറിനുള്ളില്‍ ബിറ്റ്കോയിന് നൂറ് ബില്യണ്‍ ഡോളറിന്റെ ഉയര്‍ച്ചയാണ് ഉണ്ടായത്.