കേന്ദ്ര ഫണ്ടിനായി ഡിഎ കുടിശ്ശികയില്‍ സര്‍ക്കാര്‍ വക മറിമായം; മുന്‍കാല പ്രാബല്യമില്ലാതെ ഡിഎ അനുവദിച്ചത് കോടികളുടെ ഡെഫിസിറ്റ് ഫണ്ട് ലാക്കാക്കി; ലക്ഷങ്ങളുടെ ഡിഎ കുടിശിക സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് എന്നെന്നേക്കുമായി നഷ്ടപ്പെടാം
തിരുവനന്തപുരം: മുന്‍കാലപ്രാബല്യമില്ലാതെ ഡി.എ അനുവദിക്കുന്നത് കുടിശിക എന്നന്നേക്കുമായി നഷ്ടപ്പെടാന്‍ ഇടയാവുമെന്ന ആശങ്ക സര്‍ക്കാര്‍ ജീവനക്കാരില്‍ ശക്തമാകുന്നു. ആറു ഗഡുവായി 19% ആണ് കിട്ടാനുള്ളത്. ഡി.എ ശമ്പളത്തിന്റെ ഭാഗമല്ലെന്നും ആനുകൂല്യം മാത്രമാണെന്നും നിര്‍വചനമുണ്ട്. അതിനാല്‍ ഡി.എ നല്‍കിയില്ലെങ്കില്‍ നിയമപരമായി ചോദ്യം ചെയ്യാന്‍ പരിമിതിയുണ്ട്. ഇതെല്ലാം മനസ്സിലാക്കിയാണ് സര്‍ക്കാരിന്റെ പുതിയ നീക്കം. കേന്ദ്ര ഫണ്ട് നേടിയെടുക്കല്‍ എന്ന തന്ത്രവും ഇതിന് പിന്നിലുണ്ട്. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി അതീവ രൂക്ഷമാണ്. ഈ സാഹചര്യത്തില്‍ എങ്ങനെയും കൂടുതല്‍ കേന്ദ്ര ഫണ്ടാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യം. സംസ്ഥാനത്തിന്റെ വരവും ചെലവും തമ്മിലുള്ള അന്തരം നികത്താനാവശ്യമായ കേന്ദ്രഫണ്ട് കൂടുതല്‍ ഉറപ്പിക്കാനാണ് ഡിഎയിലെ കളളക്കളിയെന്നാണ് വിലയിരുത്തല്‍.
അടുത്തമാസം ധനകാര്യകമ്മിഷന്‍ സംസ്ഥാനത്ത് തെളിവെടുപ്പിന് എത്തും. ഇതു മനസ്സില്‍ വച്ചാണ്ാണ് പുതിയ ഉത്തരവ്. ശമ്പളപരിഷ്‌കരണത്തിനു ശേഷം നല്‍കിയ ഡി.എ കുടിശികയില്‍ രണ്ടെണ്ണം മുന്‍കാല പ്രാബല്യവും അതുപ്രകാരമുള്ള കുടിശികയും രേഖപ്പെടുത്താതെയാണ് അനുവദിച്ച് ഉത്തരവായത്. കുടിശികയില്ലാതെ ഡി.എ സഹിതം അനുവദിച്ച സംസ്ഥാനം എന്ന പരിഗണനയാണ് കേരളത്തിന്റെ ലക്ഷ്യം. ഇതിന് വേണ്ടിയാണ് ഉത്തരവിലെ മറിമായം. കഴിഞ്ഞ തവണ 53,137 കോടിയാണ് റവന്യൂ ഡെഫിസിറ്റ് ഇനത്തില്‍ ലഭിച്ചത്. ഇതില്‍ കൂടുതല്‍ ഗ്രാന്റ് നേടിയെടുക്കുകയാണ് ഇത്തവണ ലക്ഷ്യം. 2021നു ശേഷം ഇതുവരെ 24% ഡി.എ ആണ് നല്‍കാനുണ്ടായിരുന്നത്. ഇതിന് 17,000കോടിയെങ്കിലും വേണം. ഈ വര്‍ഷം ഏപ്രിലില്‍ 2%ഉം ഒക്ടോബറില്‍ 3%ഉം നല്‍കിയതോടെ കുടിശിക 19% ആയി. ക്രമപ്രകാരം ഡി.എ അനുവദിച്ചിരുന്നെങ്കില്‍ 2021 ജനുവരി മുതലും ജൂലായ് മുതലുമുള്ള മുന്‍കാല പ്രാബല്യത്തോടെ അനുവദിക്കേണ്ടിവരുമായിരുന്നു.
അതിന് 39മാസത്തെ വീതം കുടിശിക നല്‍കണം. 8200കോടി അതിനുവേണ്ടിവരും.എന്നാല്‍, നടപ്പുവര്‍ഷത്തെ മാത്രം ഡി.എ നല്‍കുമ്പോള്‍ സര്‍ക്കാര്‍ ചെലവ് 2000കോടിയില്‍ ഒതുങ്ങും. മാത്രമല്ല, മുന്‍കാല പ്രാബല്യത്തിന്റെ സൂചന നല്‍കാതെ ഉത്തരവിറക്കുമ്പോള്‍ അതത് വര്‍ഷം ഡി.എ അനുവദിച്ചുപോരുന്നുവെന്ന തോന്നലുമുണ്ടാകും. ഡി.എയ്ക്കു മാത്രം 17000കോടിയും 2021ല്‍ നടപ്പാക്കിയ ശമ്പളപരിഷ്‌കരണത്തിലൂടെ വര്‍ഷത്തില്‍ 25,000കോടിയും അധിക ചെലവുണ്ടായിട്ടുണ്ട്. അഞ്ചുവര്‍ഷത്തില്‍ 1.25ലക്ഷം കോടിയുടെ ബാദ്ധ്യത. ഇത്തരത്തില്‍ റവന്യുചെലവിലുണ്ടാകുന്ന അധികവര്‍ദ്ധന വരവും ചെലവും തമ്മിലുള്ള അന്തരം കൂട്ടാനിടയാക്കും. ഇത് പരിഹരിക്കാന്‍ റവന്യു ഡെഫിസിറ്റ് ഗ്രാന്റായി വന്‍ സഹായം കേന്ദ്രത്തില്‍ നിന്ന് ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. കേരള കൗമുദിയാണ് ഈ കള്ളക്കളി റിപ്പോര്‍ട്ട് ചെയ്യുന്നത്.
അഞ്ചുവര്‍ഷത്തിലൊരിക്കലാണ് ശമ്പള പരിഷ്‌കരണം. അതുള്‍പ്പെടെ റവന്യുചെലവിലുണ്ടാകുന്ന വര്‍ദ്ധനയും വരവിലെ കുറവുമാണ് ഡെഫിസിറ്റ് ഗ്രാന്റിന് വഴിയൊരുക്കുന്നത്. നടപ്പുവര്‍ഷത്തെ ചെലവും അടുത്ത അഞ്ചുവര്‍ഷമുണ്ടാകാനിടയുള്ള ചെലവും ഗ്രാന്റ് നിശ്ചയിക്കുന്നതില്‍ മാനദണ്ഡമാണ്. മുന്‍കാലപ്രാബല്യമില്ലാതെ ഡി.എ അനുവദിക്കുന്നത് കുടിശിക എന്നന്നേക്കുമായി നഷ്ടപ്പെടാന്‍ ഇടയാവുമെന്നാണ് വിലയിരുത്തല്‍. മുന്‍കാല പ്രാബല്യമില്ലാത്ത ഡി.എ ഉത്തരവ് സര്‍ക്കാരിന്റെ കള്ളക്കളിയാണ്. കേന്ദ്ര ധനകാര്യകമ്മിഷനെയും ജനങ്ങളെയും ജീവനക്കാരെയും കബളിപ്പിക്കുന്നതാണിതെന്ന് ജീവനക്കാരുടെ സംഘടനകളും പറയുന്നു. ഒക്ടോബറില്‍ 3% ഡിഎ അനുവദിച്ചെങ്കിലും ഇതിന്റെ 40 മാസത്തെ കുടിശിക നല്‍കിയില്ലെങ്കില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കു നഷ്ടമാകുന്നത് ആയിരക്കണക്കിനു രൂപയാണ്. ഒരു ലക്ഷത്തിലേറെ നഷ്ടപ്പെടുന്ന ജീവനക്കാരുമുണ്ട്. 2021 ജൂലൈ 1 മുതല്‍ ശമ്പളത്തോടൊപ്പം കിട്ടേണ്ട 3% ഡിഎ ആണ് ഒക്ടോബറില്‍ പ്രഖ്യാപിച്ചത്.
വര്‍ധനയുടെ കുടിശിക എന്നു മുതലെന്ന് ഉത്തരവില്‍ വ്യക്തമാക്കാത്തതിനാല്‍ അക്കാര്യത്തില്‍ അനിശ്ചിതത്വം തുടരം. 2020 ജൂലൈയിലെ ക്ഷാമബത്തയാണു സര്‍ക്കാര്‍ ഏറ്റവും ഒടുവില്‍ നല്‍കിയത്. 2021 ജനുവരി ഒന്നിനു 2% ഡിഎ നല്‍കേണ്ടതാണ്. ഈ ഗഡുവാണു ബജറ്റില്‍ പ്രഖ്യാപിച്ചതെന്നായിരുന്നു ജീവനക്കാരുടെ ധാരണ. എന്നാല്‍, ഇക്കാര്യം ഉത്തരവില്‍ വ്യക്തമാക്കാത്തതിനാല്‍ 39 മാസത്തെ കുടിശിക ലഭിക്കില്ലെന്ന് ഏതാണ്ട് ഉറപ്പായി. സര്‍ക്കാര്‍ ജീവനക്കാര്‍, അധ്യാപകര്‍, ഫുള്‍ ടൈം പാര്‍ട് ടൈം കണ്ടിന്‍ജന്റ് ജീവനക്കാര്‍, തദ്ദേശ സ്ഥാപനങ്ങളിലെയും പൊതുമേഖലാ സ്ഥാപനങ്ങളിലെയും ജീവനക്കാര്‍, സര്‍വീസ് പെന്‍ഷന്‍കാര്‍, കുടുംബ പെന്‍ഷന്‍കാര്‍, എക്‌സ്‌ഗ്രേഷ്യ പെന്‍ഷന്‍കാര്‍ തുടങ്ങിയവര്‍ക്കെല്ലാം വര്‍ധന ബാധകമാണ്. പത്താം ശമ്പള പരിഷ്‌കരണമനുസരിച്ച് വേതനം കൈപ്പറ്റുന്നവരുടെ ഡിഎയും ഡിആറും 40 %, ഒന്‍പതാം കമ്മിഷനില്‍ 162 %, എട്ടാം കമ്മിഷനില്‍ 347 %, ഏഴാം കമ്മിഷനില്‍ 406 % എന്നിങ്ങനെയാണ് പുതുക്കിയ ഡിഎ.
കഴിഞ്ഞ ഏപ്രിലില്‍ 2% ഡിഎ അനുവദിച്ചപ്പോഴും ഏതു കാലയളവിലേതാണെന്ന് അറിയിപ്പിലോ ഉത്തരവിലോ ചൂണ്ടിക്കാട്ടിയിരുന്നില്ല. എന്നാല്‍, 2% എന്നത് 2021 ജനുവരി മുതല്‍ ലഭിക്കേണ്ട ഡിഎ ആയതിനാല്‍ ആ ഗഡു തന്നെയാണെന്നു വ്യക്തം. ഡിഎ കുടിശിക ആവശ്യപ്പെട്ടു സര്‍വീസ് സംഘടനകള്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെയും കോടതിയെയും സമീപിച്ചതു കൂടി കണക്കിലെടുത്താണ് സര്‍ക്കാര്‍ ഡിഎ പ്രഖ്യാപനങ്ങളിലും ഉത്തരവുകളിലും ഈ ഒളിച്ചുകളി തുടരുന്നത്. ഡിഎ കുടിശിക നല്‍കിയില്ലെങ്കില്‍ പങ്കാളിത്ത പെന്‍ഷന്‍കാരുടെ പെന്‍ഷന്‍ അക്കൗണ്ടിലേക്കു പോകേണ്ട സര്‍ക്കാര്‍ വിഹിതവും ജീവനക്കാരുടെ വിഹിതവും നഷ്ടപ്പെടും. ഇത് ഭാവിയില്‍ പെന്‍ഷന്‍ തുകയെയും കാര്യമായി ബാധിക്കും.
ആറര ലക്ഷം പെന്‍ഷന്‍കാരാണ് സംസ്ഥാനത്തുള്ളത്. ഏറ്റവും കുറഞ്ഞ പെന്‍ഷന്‍ 11,500 രൂപയാണ്. കൂടിയ പെന്‍ഷന്‍ 83,400 രൂപയും. 40 മാസത്തെ കുടിശികയായി പെന്‍ഷന്‍കാര്‍ക്ക് 13,800 രൂപ മുതല്‍ 1,00,080 രൂപ വരെ ലഭിക്കേണ്ടതാണ്. ഇതു കിട്ടുന്നതും ഇനി ആശങ്കയിലാകും.