ട്രംപിന്റെ പിന്നാലെ നടന്ന് ലോകം കീഴടക്കാന്‍ ശ്രമിച്ച മസ്‌ക്കിന് വന്‍ തിരിച്ചടി; യൂറോപ്പില്‍ ഇലക്ട്രിക് കാര്‍ വില്‍പ്പനയില്‍ ടെസ്ലയെ പിന്തള്ളി ചൈനീസ് കമ്പനിയായ ബിവൈഡി; ഇന്ത്യന്‍ മാര്‍ക്കറ്റിലും ബിവൈഡി വിപ്ലവം തുടരുന്നു
ലണ്ടന്‍: അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപിനെ എത്തിക്കാനുള്ള അക്ഷീണ പ്രയത്‌നത്തിലായിരുന്നു ടെസ്ല കാറിന്റെ മുതലാളിയായ എലോണ്‍ മസ്‌ക്. അതില്‍ മസ്‌ക് വിജയിച്ചു. അതിന് ശേഷം അമേരിക്കന്‍ പ്രസിഡന്റിന്റെ ഓഫീസിലെ സുപ്രധാന കസേരയിലും മസ്‌ക് ഇരുന്നു. പക്ഷേ ഇതൊന്നും മക്‌സിന് ബിസിനസ്സില്‍ ഗുണം ചെയ്തില്ല. ടെസ്ലാ കാറിന് വലിയ ഇടിവാണ് കച്ചവടത്തിലുണ്ടാകുന്നത്. യൂറോപ്യന്‍ മാര്‍ക്കറ്റില്‍ ചൈനീസ് വിപ്ലവമാണ് കാര്‍വിപണിയില്‍ സംഭവിച്ചത്.
ഇലക്ട്രിക് കാറുകളുടെ വില്‍പ്പനയില്‍ യുറോപ്പില്‍ ചൈനീസ് കമ്പനിയായ ബിവൈഡി മുമ്പിലെത്തിയിരിക്കുന്നു. 7231 ഇലക്ട്രിക് കാറുകളാണ് ചൈനീസ് കമ്പനിയുടേതായി യൂറോപ്പിലെ നിരത്തില്‍ ഇറങ്ങിയത്. ടെസ്ലയ്ക്ക് വിറ്റു പോയത് 7165ഉം. ഇന്ത്യന്‍ വിപണിയില്‍ അടക്കം ചലനമുണ്ടാക്കാന്‍ ചൈന സജീവമാണ്. മൂന്ന് കൊല്ലം മുമ്പ് യൂറോപ്പില്‍ എത്തിയ ചൈനീസ് കമ്പനിയാണ് ടെസ്ലയെ വില്‍പ്പനയില്‍ പിന്നിലാക്കുന്നത്. 2024 ഏപ്രില്‍ മുതല്‍ ഈ അടുത്ത ദിവസം വരെ 169 ശതമാനം വില്‍പ്പന നേട്ടമാണ് ബിവൈഡിയ്ക്ക്. ടെസ്ലയ്ക്ക് 49 ശതമാനത്തിന്റെ ഇടിവും. ടെസ്ലയെ വെല്ലാന്‍ പോന്ന ഒരേയൊരു രാജ്യാന്തര ഇവി വാഹന ബ്രാന്‍ഡായി ബിവൈഡി മാറി കഴിഞ്ഞു.
ഇ6, ആറ്റോ-3 എന്നീ മോഡലുകള്‍ക്ക് ശേഷം ചൈനീസ് വാഹന നിര്‍മാതാക്കളായ ബി.വൈ.ഡി. ഇന്ത്യയില്‍ എത്തിച്ച മൂന്നാമത്തെ ഇലക്ട്രിക് മോഡലാണ് സീല്‍. ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ ഇലക്ട്രിക് സെഡാന്‍ ശ്രേണിയിലെത്തിയ ഈ വാഹനം ഇന്ത്യക്കാര്‍ക്ക് അടക്കം ജനപ്രിയമായി. ഇപ്പോള്‍ പരിഷ്‌ക്കരിച്ച സസ്‌പെന്‍ഷനും കൂടിതല്‍ ഫീച്ചറുകളുമായി 2025 സീല്‍ പുറത്തിറക്കിയിരിക്കുകയാണ് ബിവൈഡി. 41 ലക്ഷം രൂപയാണ് എക്‌സ്-ഷോറൂം വില. സീലിന്റെ അടിസ്ഥാന വിലയില്‍ മാറ്റമില്ലെങ്കിലും പ്രീമിയം RWD, പെര്‍ഫോമന്‍സ് AWD എന്നിവയ്ക്ക് 15,000 രൂപ കൂടിയിട്ടുണ്ട്. ബിവൈഡി ആറ്റോ 3 ഇലക്ട്രിക് എസ്യുവിയും, പുതിയ ഇന്റീരിയര്‍ അപ്‌ഹോള്‍സ്റ്ററി നിറവും പുത്തന്‍ ഫീച്ചറുകളും നല്‍കി പരിഷ്‌ക്കരിച്ചിട്ടുണ്ട്. ഇതെല്ലാം യൂറോപ്പിനേയും സ്വാധീനിച്ചിട്ടുണ്ട്. സീലിന്റെ മിഡ്-സ്‌പെക്ക് പ്രീമിയം വേരിയന്റിന് ഫ്രീക്വന്‍സി സെലക്ടീവ് ഡാംപറുകള്‍ (FSD) ലഭിക്കുന്നുണ്ട്. ഇത് ഡ്രൈവിങ്ങ് കൂടുതല്‍ മികച്ചതാക്കാന്‍ സഹായിക്കും. മുമ്പ് ടോപ്പ് പെര്‍ഫോമന്‍സ് ട്രിമ്മിന് മാത്രമായി പരിമിതപ്പെടുത്തിയിരുന്ന ഒരു ഫീച്ചറായിരുന്നു ഇത്. പെര്‍ഫോമന്‍സ് വേരിയന്റില്‍, DiSus-C സിസ്റ്റവും ചേര്‍ത്തിട്ടുണ്ട്. ഇത് മോശം റോഡുകളില്‍ സസ്‌പെന്‍ഷന്‍ മൃദുവാക്കാനും വളവുകള്‍ തിരിയുമ്പോഴും ആക്‌സിലറേഷന്‍ ചെയ്യുമ്പോഴും ബ്രേക്ക് ചെയ്യുമ്പോഴും അതിനെ ദൃഢമാക്കാനും സഹായിക്കും.
ടെസ്ല ഇന്ത്യയിലേക്ക് ഇറക്കുമതിചെയ്ത കാറുകളുമായെത്തുമ്പോള്‍, ഇന്ത്യയില്‍ ഉത്പാദനം തുടങ്ങാന്‍ പദ്ധതിയിട്ട് ചൈനീസ് വൈദ്യുതവാഹന നിര്‍മാതാക്കളായ ബിവൈഡി സജീവമാകുന്നുണ്ട്. തെലങ്കാനയില്‍ ഹൈദരാബാദിനടുത്ത് 500 ഏക്കറിലായി ഫാക്ടറിയൊരുക്കാനുള്ള സാധ്യതകളാണ് ബിവൈഡി പരിശോധിക്കുന്നത്. അഞ്ചുമുതല്‍ ആറുവര്‍ഷംകൊണ്ട്, വര്‍ഷം ആറുലക്ഷം കാറുകള്‍ ഉത്പാദിപ്പിക്കാന്‍ ശേഷിയാണ് ലക്ഷ്യമിടുന്നത്. ഹൈദരാബാദിനടുത്ത് മൂന്നിടത്തായി സ്ഥലംനല്‍കാന്‍ സര്‍ക്കാര്‍ സന്നദ്ധതയറിയിച്ചിട്ടുണ്ട്. ഈ സ്ഥലങ്ങള്‍ ബിവൈഡി അധികൃതര്‍ പരിശോധിച്ചുവരികയാണ്. പരിശോധന പൂര്‍ത്തിയാക്കിയശേഷമാകും എവിടെ ഫാക്ടറി വേണമെന്നതില്‍ തീരുമാനമെടുക്കുക. പദ്ധതിയുമായി കമ്പനി മുന്നോട്ടുപോയാല്‍ വൈദ്യുതവാഹനരംഗത്ത് രാജ്യത്തെ ഏറ്റവുംവലിയ നിക്ഷേപങ്ങളിലൊന്നാകും ബിവൈഡിയിലൂടെ തെലങ്കാനയിലേക്കെത്തുക.
ചൈനീസ് വിപണിയില്‍ കനത്ത തിരിച്ചടി നേരിടുന്ന ടെസ്ല പുതിയ വിപണിയെന്ന നിലയിലാണ് ഇന്ത്യയിലേക്ക് കടന്നുവരാന്‍ ലക്ഷ്യമിടുന്നത്. ചൈനയില്‍ ഗുണമേന്മയും വിലക്കുറവും ഉയര്‍ന്ന സാങ്കേതികമേന്മയുമുള്ള വാഹനങ്ങള്‍ പുറത്തിറക്കിയാണ് ടെസ്ലയെ ബിവൈഡി വെല്ലുവിളിക്കുന്നത്. അതുകൊണ്ടുതന്നെ ബിവൈഡി ഇന്ത്യയില്‍ ഫാക്ടറി സ്ഥാപിച്ചാല്‍ ടെസ്ലയുടെ ഇന്ത്യന്‍ വിപണിപ്രവേശത്തിന് അത് തിരിച്ചടിയായേക്കാം. ഏതാനുംവര്‍ഷമായി ബിവൈഡിക്ക് ഇന്ത്യയില്‍ സാന്നിധ്യമുണ്ട്. ചൈനയില്‍നിന്ന് ഇറക്കുമതിചെയ്യുകയാണിപ്പോള്‍. ഉയര്‍ന്ന ഇറക്കുമതി തീരുവയായതിനാല്‍ വിലകൂടുതലാണ്. അതുകൊണ്ട് റോഡുകളില്‍ ഇനിയും വലിയ സാന്നിധ്യമായിട്ടില്ല. ഇന്ത്യയില്‍ ഉത്പാദനം തുടങ്ങിയാല്‍ കാര്‍വില ഗണ്യമായി കുറയ്ക്കാനാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. കഴിഞ്ഞ രണ്ടുവര്‍ഷമായി ഇന്ത്യയില്‍ ഉത്പാദനം തുടങ്ങാന്‍ കമ്പനി വഴികളും തേടുന്നുണ്ട്.