ആഗോള സമ്പന്നരുടെ പട്ടികയില്‍ ഇലോണ്‍ മസ്‌ക്കിന് തന്നെ ഒന്നാം സ്ഥാനം; ടെസ്ല മേധാവിയുടെ ആസ്തി 500 ബില്യണ്‍ ഡോളറിനടുത്ത്; ലാറി എലിസണ്‍ അതിസമ്പന്ന പട്ടികയില്‍ രണ്ടാമന്‍; ജെഫ് ബെസോസ് മൂന്നാമതും ലാറി പേജ് അതിസമ്പന്ന പട്ടികയില്‍ നാലാമനും
ആഗോള സമ്പന്നരുടെ പട്ടികയില്‍ ഇലോണ്‍ മസ്‌ക്കിന് തന്നെ ഒന്നാം സ്ഥാനം
ന്യൂയോര്‍ക്ക്: ഈ വര്‍ഷത്തെ ലോകത്തിലെ ഏറ്റവും ധനികരായ പത്ത് പേര്‍ ആരാണ്. ആഗോള സമ്പത്ത് റാങ്കിംഗില്‍ ആധിപത്യം സ്ഥാപിച്ചവര്‍ ആരൊക്കെയാണ് എന്ന് നോക്കാം. 2025 നവംബറില്‍ ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തി ഇലോണ്‍ മസ്‌ക്കാണ്. ലോകത്തെ ആദ്യത്തെ ട്രില്യണയര്‍ ആകാനുള്ള ശ്രമങ്ങളിലാണ് അദ്ദേഹം. ഇലക്ട്രിക് വാഹനങ്ങള്‍, ബഹിരാകാശ സ്ഥാപനങ്ങള്‍, എ.ഐ മേഖലയിലെ സംരംഭങ്ങള്‍, സോഷ്യല്‍ മീഡിയ എന്നിവയാണ് മസ്‌ക്കിനെ മുന്‍നിരയിലേക്ക് നയിച്ചത്. ലാറി എലിസണ്‍, ജെഫ് ബെസോസ്, ലാറി പേജ്, മാര്‍ക്ക് സക്കര്‍ബര്‍ഗ് എന്നിവരാണ് പട്ടികയിലെ മറ്റ് പ്രമുഖരായ വ്യക്തികള്‍.
ഈ മാസം വരെ ആഗോളതലത്തില്‍ ഏറ്റവും ധനികരായ പത്ത് പേരുടെ പട്ടികയില്‍ സാങ്കേതിക സംരംഭകരാണ് ആധിപത്യം പുലര്‍ത്തുന്നത്. ഫോര്‍ബ്സ് മാസിക ഉള്‍പ്പെടെ ഈ മേഖലയില്‍ ഏറ്റവും ആധികാരികമായി പറയാന്‍ അര്‍ഹതയുള്ള പ്രസ്ഥാനങ്ങളാണ് ഈ കണക്കെടുപ്പ് നടത്തിയിരിക്കുന്നത്. 500 ബില്യണ്‍ ഡോളറിനടുത്ത് ആസ്തിയുള്ള എലോണ്‍ മസ്‌ക് തന്നെയാണ് മുന്നില്‍. ടെസ്ലയിലും സ്‌പേസ് എക്‌സിലുമുള്ള അദ്ദേഹത്തിന്റെ ഓഹരികളാണ് ഇതിന് പ്രധാന കാരണം.
ലാറി എലിസണ്‍, ജെഫ് ബെസോസ്, ലാറി പേജ്, സെര്‍ജി ബ്രിന്‍ തുടങ്ങി എന്റര്‍പ്രൈസ് സോഫ്‌റ്റ്വെയര്‍, ഇ-കൊമേഴ്‌സ്, ഇന്റര്‍നെറ്റ് സേവനങ്ങള്‍ എന്നിവയിലെ പരിചയസമ്പന്നരാണ് തൊട്ടുപിന്നില്‍. യു.എസ് വംശജനല്ലാത്ത ഫ്രാന്‍സില്‍ നിന്നുള്ള ബെര്‍ണാഡ് അര്‍നോള്‍ട്ടും ആദ്യ പത്ത് പേരില്‍ ഇടം നേടിയിട്ടുണ്ട്. ആഗോള റാങ്കിംഗില്‍ യുഎസ് ആസ്ഥാനമായുള്ള സാങ്കേതിക സ്ഥാപനങ്ങള്‍ തന്നെയാണ് മുന്നിട്ട് നില്‍ക്കുന്നത്.
ടെസ്ലയുടെയും സ്‌പേസ് എക്‌സിന്റെയും സിഇഒ ആയ മസ്‌ക്, 2025 ഒക്ടോബറില്‍ രണ്ടുതവണ 500 ബില്യണ്‍ ഡോളറിന്റെ സമ്പത്ത് കൈവരിച്ചിരുന്നു. മസ്‌കിന്റെ സ്വാധീനം ടെസ്ലയ്ക്കും സ്‌പേസ് എക്‌സിനും അപ്പുറത്തേക്ക് വ്യാപിക്കുകആണ്. മുമ്പ് ട്വിറ്റര്‍ എന്നറിയപ്പെട്ടിരുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം എക്‌സിന്റെ ചെയര്‍മാനും ചീഫ് ടെക്‌നോളജി ഓഫീസറും എഐ കമ്പനിയായ എഐയുടെ സ്ഥാപകനുമാണ് അദ്ദേഹം. ടെസ്ല ഓഹരിയുടെ ഏകദേശം 12% മസ്‌ക്കിന്റെ കൈവശമാണ്.
മറ്റൊരു ശതകോടീശ്വരന്‍ ലാറി എലിസണ്‍ ആണ്. 1977 ല്‍ ഒറാക്കിളിന്റെ സഹസ്ഥാപകനും സി.ഇ.ഒയുമായിരുന്ന അദ്ദേഹം ഇപ്പോള്‍ കമ്പനിയുടെ ചെയര്‍മാനും ചീഫ് ടെക്നോളജി ഓഫീസറുമാണ്. എലിസണിന്റെ നിലവിലെ ആസ്തി 320 ബില്യണ്‍ ഡോളറാണ്. എന്നാല്‍ കഴിഞ്ഞ ഒരു മാസത്തിനിടെ അത് 22 ബില്യണ്‍ ഡോളര്‍ കുറഞ്ഞു. അടുത്ത കോടീശ്വരന്‍ ജെഫ് ബെസോസ് ആണ്. 1994 ല്‍ അദ്ദേഹം ആമസോണ്‍ സ്ഥാപിച്ചു. നിലവിലെ ആസ്തി 254 ബില്യണ്‍ ഡോളറാണ്.
ഈ പട്ടികയിലെ മറ്റൊരു പ്രമുഖന്‍ ലാറി പേജ് ആണ്. ഗൂഗിളിന്റെ സഹസ്ഥാപകനാണ് ഇദ്ദേഹം. നിലവിലെ ആസ്തി 234 ബില്യണ്‍ ഡോളര്‍. അടുത്തത് സാക്ഷാല്‍ മാര്‍ക്ക് സക്കര്‍ബര്‍ഗാണ്. മെറ്റയുടെ സ്ഥാപകനായ ഇദ്ദേഹത്തിന്റെ ആസ്തി 223 ബില്യണ്‍ ഡോളറാണ്. ഗൂഗിളിന്റെ സഹസ്ഥാപകന്‍ സെര്‍ജി ബ്രിന്‍, ഫ്രഞ്ച് വ്യവസായി ബര്‍ണാര്‍ഡ് അര്‍നോള്‍ട്ട്്, എന്‍വിഡിയ സ്ഥാപകന്‍ ജെന്‍സന്‍ ഹുവാങ്, മൈക്രോസോഫ്റ്റിന്റെ സിഇഒ ആയിരുന്ന സ്റ്റീവ് ബാര്‍മര്‍, ടെക് സംരംഭകനും ഡെല്‍ സ്ഥാപകനായ മൈക്കല്‍ ഡെല്‍ എന്നിവരും പട്ടികയില്‍ ഉണ്ട്.
