ഇളംകുളത്തിന്റെ ശിഷ്യത്വം സ്വീകരിച്ചുകൊണ്ട് ചരിത്രദര്‍ശനങ്ങളുടെ പിന്‍ബലത്തില്‍ ഗവേഷണമാരംഭിച്ച് അറുപതുകളുടെ അവസാനത്തോടെ കേരള ചരിത്രപഠനങ്ങള്‍ക്ക് രീതിശാസ്ത്രപരമായ ഒരടിത്തറ പണിത ചരിത്രകാരന്‍; ചരിത്രകാരന്‍ ഡോ. എംജിഎസ് നാരായണന്‍ അന്തരിച്ചു; മലായാളിയ്ക്ക് തീരാനഷ്ടമായി മറ്റൊരു യുഗാന്ത്യം കൂടി
കോഴിക്കോട്: ചരിത്രകാരന്‍ ഡോ. എംജിഎസ് നാരായണന്‍ അന്തരിച്ചു. 92 വയസ്സായിരുന്നു. കോഴിക്കോട് മലാപ്പറമ്പിലെ വസതിയിലായിരുന്നു അന്ത്യം. പ്രൊഫ. ഇളംകുളത്തിന്റെ ശിഷ്യത്വം സ്വീകരിച്ചുകൊണ്ട് ചരിത്രദര്‍ശനങ്ങളുടെ പിന്‍ബലത്തില്‍ ഗവേഷണമാരംഭിച്ച പ്രൊഫ. എം.ജി.എസ്. നാരായണനാണ് അറുപതുകളുടെ അവസാനത്തോടെ കേരള ചരിത്രപഠനങ്ങള്‍ക്ക് രീതിശാസ്ത്രപരമായ ഒരടിത്തറ പണിയുന്നത്. ദന്തഗോപുരവാസിയായിരുന്ന ഒരു ചരിത്രാന്വേഷിയായിരുന്നില്ല എം.ജി.എസ്. ശാസ്ത്രീയബോധമുള്ള ചരിത്രകാരന്മാരെ പരിശീലിപ്പിച്ചെടുക്കുന്നതിനും അദ്ദേഹം മുന്നിട്ടിറങ്ങി. കാലിക്കറ്റ് സര്‍വകലാശാല ചരിത്രവിഭാഗം മേധാവി, ഇന്ത്യന്‍ ചരിത്രകോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ച്ചിന്റെ മെമ്പര്‍ സെക്രട്ടറി-ചെയര്‍മാന്‍ എന്നീ നിലകളിലൊക്കെ പ്രവര്‍ത്തിച്ചുകൊണ്ട് യുവഗവേഷകര്‍ക്ക് മതിയായ സൗകര്യങ്ങളും അവസരങ്ങളും ഒരുക്കിയ വ്യക്തിത്വം. എം.ജി.എസിനെ ലണ്ടന്‍ സര്‍വകലാശാല കോമണ്‍വെല്‍ത്ത് അക്കാദമിക് സ്റ്റാഫ് ഫെലോ, മോസ്‌കോ ലെനിന്‍ഗ്രാഡ് സര്‍വകലാശാലകളില്‍ വിസിറ്റിങ് ഫെലോ, ടോക്യോവില്‍ വിസിറ്റിങ് പ്രൊഫസര്‍ എന്നീ തസ്തികകളില്‍ നിയമിച്ചതും പ്രതിഭയുടെ മികവ് കാരണമാണ്. കേരള ചരിത്ര കോണ്‍ഫറന്‍സിന്റെ അധ്യക്ഷനുമായിരുന്നു. തന്റെ ബോധ്യങ്ങള്‍ക്ക് ഒത്തുപോകാത്ത കാര്യങ്ങളോട് പ്രതികരിക്കാനും വിയോജിപ്പ് രേഖപ്പെടുത്താനും മടികാണിക്കാത്ത ചരിത്രകാരന്‍. സുഖസൗകര്യങ്ങളോടും സാമ്പത്തികകാര്യങ്ങളോടും ആഭിമുഖ്യം കാട്ടാതെ ഐ.സി.എച്ച്.ആര്‍. മുതലായ സ്ഥാപനങ്ങളില്‍നിന്ന് ഇറങ്ങി പോയ വ്യക്തിയാണ് ഈ മലയാളി.
വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് കുറച്ചുനാളുകളായി കോഴിക്കോട്ടെ മലാപ്പറമ്പിലുള്ള വസതിയായ മൈത്രിയില്‍ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു ഡോ. എം.ജി.എസ് നാരായണന്‍. 1932 ഓഗസ്റ്റ് ഇരുപതിന് മലപ്പുറം പരപ്പനങ്ങാടി മുറ്റായില്‍ നാരായണി അമ്മയുടെയും ഡോ. പി.കെ ഗോവിന്ദമേനോന്റയും മകനായി ജനനം. പരപ്പനങ്ങാടിയിലും പൊന്നാനി എ.വി സ്‌കൂളിലും പ്രാഥമിക വിദ്യാഭ്യാസവും ഹൈസ്‌കൂള്‍ പഠനവും പൂര്‍ത്തിയാക്കിയശേഷം കോഴിക്കോട് സാമൂതിരി (ഗുരുവായൂരപ്പന്‍) കോളേജിലും ഫാറൂഖ് കോളേജിലും തൃശൂര്‍ കേരളവര്‍മ കോളേജിലും മദ്രാസ് ക്രിസ്ത്യന്‍ കോളേജിലും ഉന്നതബിരുദ-ബിരുദാനന്തര പഠനങ്ങള്‍ പൂര്‍ത്തിയാക്കി. ഒന്നാം റാങ്കോടെ ചരിത്രത്തില്‍ മാസ്റ്റര്‍ ബിരുദം നേടിയ ശേഷം ഇരുപത്തിരണ്ടാമത്തെ വയസ്സില്‍ ഗുരുവായൂരപ്പന്‍ കോളേജില്‍ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. ഇരുപത്തിയെട്ടാമത്തെ വയസ്സില്‍ യുജിസി ഫെലോഷിപ്പില്‍ യൂണിവേഴ്സിറ്റിയില്‍ ചരിത്രഗവേഷണം ആരംഭിച്ചു.
ഡോക്ടറേറ്റ് ലഭിച്ചതിനുശേഷം കേരള സര്‍വകലാശാലയുടെ കോഴിക്കോട് പഠനകേന്ദ്രത്തില്‍ ചരിത്രവിഭാഗം അധ്യാപകനായി ജോലിയില്‍ പ്രവേശിച്ച എംജിഎസ് പിന്നീട് പഠനകേന്ദ്രം കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ഭാഗമായപ്പോള്‍ ചരിത്രവിഭാഗം അധ്യക്ഷനായി. പ്രൊഫസര്‍, ബോര്‍ഡ് ഓഫ് സ്റ്റഡീസ് ചെയര്‍മാന്‍, ഫാക്കല്‍റ്റി ഡീന്‍ തുടങ്ങിയ നിലകളില്‍ സേവനമനുഷ്ഠിച്ചു. 1976 മുതല്‍ ഇന്ത്യന്‍ ഹിസ്റ്ററി കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു പ്രവര്‍ത്തിച്ചു വിവിധ ചുമതലകള്‍ വഹിച്ചു. കേന്ദ്രസര്‍ക്കാറിന്റെ കീഴിലുള്ള ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ച്ചുമായി സഹകരിച്ച് അനവധി ചരിത്രപ്രാധാന്യമുള്ള പ്രൊജക്ടുകള്‍ക്ക് നേതൃത്വം വഹിച്ചു. ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള നിരവധി യൂണിവേഴ്സിറ്റികളില്‍ വിസിറ്റിങ് പ്രൊഫസറായി. കേരളചരിത്രം, തമിഴകചരിത്രം, പ്രാചീനഭാരതീയചരിത്രം, ചരിത്രരചനാ പദ്ധതി എന്നീ മേഖലകളിലായിരുന്നു എംജിഎസിന്റെ മികവ്. ആയിരത്തിലധികം ശിഷ്യസമ്പത്ത് അ്ദദേഹത്തിനുണ്ടായിരുന്നു. അനേകം ബിരുദാനന്തരഗവേഷണപദ്ധതികള്‍ക്ക് മേല്‍നോട്ടം വഹിച്ചിരുന്നു. മലയാളത്തിലും ഇംഗ്ലീഷിലുമായി ഇരുനൂറിലധികം ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു. കവിതയും ഇഷ്ടമേഖലയായിരുന്നു.
ചരിത്രസത്യങ്ങളിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍, കോഴിക്കോട് ചരിത്രത്തില്‍ ചില ഏടുകള്‍, കോഴിക്കോടിന്റെ കഥ, കള്‍ച്ചറല്‍ സിംബോസിസ് ഇന്‍ കേരള, ആസ്പെക്ട്സ് ഓഫ് ആര്യനൈസേഷന്‍ ഇന്‍ കേരള, മലബാര്‍, കേരളചരിത്രത്തിന്റെ അടിസ്ഥാനശിലകള്‍, സെക്കുലര്‍ജാതിയും സെക്കുലര്‍മതവും, സാഹിത്യാപരാധങ്ങള്‍, ജാലകങ്ങള്‍; ഒരു ചരിത്രാന്വേഷിയുടെ വഴികള്‍, കാഴ്ചകള്‍ (ആത്മകഥ) തുടങ്ങിയവയാണ് പ്രധാനകൃതികള്‍. സ്വാതന്ത്ര്യസമരകാലഘട്ടം മുതല്‍ ആധുനികാനന്തര കേരളത്തിന്റെയും ഇന്ത്യയുടെയും രാഷ്ട്രീയവും സാംസ്‌കാരികവുമായ സാമൂഹിക ജീവിതം രേഖപ്പെടുത്തിയ ജാലകങ്ങള്‍ക്ക് 2019-ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു.