ഇന്ത്യക്കാരുടെ കൊറോണറി ആര്‍ട്ടറിക്ക് വലുപ്പമില്ലെന്ന പ്രചരണത്തെ തകര്‍ത്തു; അമേരിക്കയില്‍ ചെയ്യുന്നത് നാട്ടിലും പറ്റുമെന്ന തിരിച്ചറിവില്‍ മടങ്ങിയെത്തി; പിന്നെ നടന്നത് ആരോഗ്യ വിപ്ലവം; ഇന്ത്യന്‍ ആന്‍ജിയോപ്ലാസ്റ്റിയുടെ പിതാവ് ഡോ.മാത്യു സാമുവല്‍ കളരിക്കല്‍ വിടവാങ്ങുമ്പോള്‍
ചെന്നൈ: ഇന്ത്യന്‍ ആന്‍ജിയോപ്ലാസ്റ്റിയുടെ പിതാവ് എന്നറിയപ്പെടുന്ന പ്രശസ്ത ഹൃദയാരോഗ്യ വിദഗ്ധന്‍ ഡോ.മാത്യു സാമുവല്‍ കളരിക്കലിന് (77) രാജ്യത്തിന്റെ പ്രണാമം. ഇന്നലെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. കൊറോണറി ആന്‍ജിയോപ്ലാസ്റ്റി, കരോട്ടിഡ് സ്റ്റെന്റിങ്, കൊറോണറി സ്റ്റെന്റിങ് തുടങ്ങിയവയില്‍ വിദഗ്ധനായ അദ്ദേഹത്തെ 2000 ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിട്ടുണ്ട്. ആന്‍ജിയോപ്ലാസ്റ്റിയുടെ നടപടിക്രമങ്ങള്‍ ഏകീകരിക്കാനും കാര്യക്ഷമമാക്കാനുമുള്ള പ്രവര്‍ത്തനങ്ങളായിരുന്നു ഡോക്ടറെ ശ്രദ്ധേയനായത്. ഡോ.മാത്യു സാമുവലാണ് നാഷനല്‍ ആന്‍ജിയോപ്ലാസ്റ്റി റജിസ്ട്രി ഓഫ് ഇന്ത്യ സ്ഥാപിച്ചത്. സംസ്‌കാരം ഏപ്രില്‍ 21 ഉച്ചയ്ക്ക് രണ്ടിന് കോട്ടയത്ത് മാങ്ങാനത്തെ വീട്ടില്‍ ശുശ്രൂഷയ്ക്കു ശേഷം മൂന്നിന് മാങ്ങാനം സെന്റ് പീറ്റേഴ്‌സ് മാര്‍ത്തോമ്മാ പള്ളി സെമിത്തേരിയില്‍. തിങ്കളാഴ്ച രാവിലെ പത്തുമണിയോടെ മൃതദേഹം മാങ്ങാനത്തെ വീട്ടിലെത്തിക്കും. ഭാര്യ: ബീന മാത്യു. മക്കള്‍: സാം മാത്യു, അന മേരി മാത്യു. മരുമക്കള്‍: മെറിന്‍, ടാജര്‍ വര്‍ഗീസ്.
1948 ജനുവരി ആറിന് കോട്ടയത്താണ് ജനനം. ആലുവ യുസി കോളജിലെ പഠനത്തിനു ശേഷം 1974 ല്‍ കോട്ടയം മെഡിക്കല്‍ കോളജില്‍നിന്ന് എംബിബിഎസ് സ്വന്തമാക്കി. ചെന്നൈയിലെ സ്റ്റാന്‍ലി കോളജില്‍നിന്ന് എംഡിയും മദ്രാസ് മെഡിക്കല്‍ കോളജില്‍നിന്ന് ഡിഎമ്മും പാസായ ശേഷം പീഡിയാട്രിക് സര്‍ജറി ട്യൂട്ടറായി ജോലി തുടങ്ങി. എന്നാല്‍ പിന്നീട് ഹൃദയാരോഗ്യത്തിലേക്ക് വഴി മാറി. അത് വിപ്ലവവുമായി. ആന്‍ജിയോപ്ലാസ്റ്റിയുടെ തലതൊട്ടപ്പനായി അറിയപ്പെട്ടിരുന്ന സൂറിക്കിലെ ഡോ. ആന്‍ഡ്രിയാക് ജെന്‍സിക്കിന് ഡോ. മാത്യു കത്തുകള്‍ എഴുതിയിരുന്നു. ഡോ. ജെന്‍സിക് മാത്യുവിനെ സൂറിക്കിലേക്കു ക്ഷണിച്ചു. ഒരു സ്‌കോളര്‍ഷിപ് നേടി മാത്യു സൂറിക്കിലേക്കു പോയി. അവിടെ നിന്ന് ജെന്‍സിക്കിനൊപ്പം മാത്യു യുഎസിലേക്കു പോയി. അറ്റ്ലാന്റയിലെ എമറി സര്‍വകലാശാലയില്‍ ആന്‍ജിയോപ്ലാസ്റ്റിയില്‍ ഗവേഷണങ്ങളും പരീക്ഷണങ്ങളും നടത്തി. 1986ല്‍ ചെന്നൈയില്‍ തിരിച്ചെത്തി. ഇതോടെ ഇന്ത്യയില്‍ ആന്‍ജിയോപ്ലാസ്റ്റി യുഗത്തിന് തുടക്കമായി.
ഡോ. മാത്യുവാണ് രാജ്യത്തെ ആദ്യത്തെ കൊറോണറി ആന്‍ജിയോപ്ലാസ്റ്റി നടത്തിയത്. ഇലക്ട്രോണിക് അല്‍ജെസിമീറ്റര്‍, ജുഗുലാര്‍ വെനസ് പ്രഷര്‍ സ്‌കെയില്‍ തുടങ്ങിയവയ്ക്ക് അദ്ദേഹത്തിനു പേറ്റന്റ് ഉണ്ട്. ഹൃദയ ധമനികളിലെ തടസ്സം നീക്കുന്ന ആന്‍ജിയോപ്ലാസ്റ്റിയില്‍ ലോഹ സ്റ്റെന്റുകള്‍ക്കു പകരം സ്വയം വിഘടിച്ച് ഇല്ലാതാകുന്ന ബയോ സ്റ്റെന്റുകള്‍ ഉപയോഗിച്ചുള്ള ചികില്‍സയും മുമ്പോട്ട് വച്ചു. ചെന്നൈ അപ്പോളോ ആശുപത്രി, മുംബൈയിലെ ലീലാവതി ഹോസ്പിറ്റല്‍, ബ്രീച്ച് കാന്‍ഡി ഹോസ്പിറ്റല്‍, സൈഫി ഹോസ്പിറ്റല്‍ എന്നിവയടക്കം ഇന്ത്യയിലെ പ്രധാന ആശുപത്രികളില്‍ ശസ്ത്രക്രിയകള്‍ നടത്തി. ആന്‍ജിയോപ്ലാസ്റ്റി മേഖലയില്‍ ഇന്ത്യ യു.എസിനും യൂറോപ്പിനും 10 വര്‍ഷം പിന്നില്‍ സഞ്ചരിച്ചിരുന്ന കാലത്താണ് ഇന്ത്യയിലേക്ക് മടങ്ങാന്‍ താന്‍ തീരുമാനിച്ചതെന്ന് പില്‍ക്കാലത്ത് മാത്യു പറഞ്ഞിട്ടുണ്ട്. ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയമാകാനുള്ള വലുപ്പം ഇന്ത്യക്കാരുടെ കൊറോണറി ആര്‍ട്ടറിക്കില്ല എന്ന വിശ്വാസമായിരുന്നു അക്കാലത്ത് ആരോഗ്യവിദഗ്ധര്‍ സൂക്ഷിച്ചിരുന്നതെന്ന് 1997-ല്‍ ദ ഹിന്ദുവിന്റെ ഫ്രണ്ട്ലൈന്‍ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മാത്യു കളരിക്കല്‍ ഓര്‍മ്മിക്കുന്നുണ്ട്. എന്നാല്‍ യു.എസിലെത്തി ആന്‍ജിയോപ്ലാസ്റ്റി വിജയകരമായി പൂര്‍ത്തീകരിക്കുന്ന നിരവധി ഇന്ത്യക്കാരെ അറിയാമായിരുന്നു എന്നത് വലിയ ആത്മവിശ്വാസം അദ്ദേഹത്തിന് നല്‍കിയിരുന്നു. എന്നാല്‍ ഇത് രാജ്യത്ത് പ്രചാരത്തിലെത്തിക്കാന്‍ ഒരു വര്‍ഷത്തോളമെടുത്തുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.
എംബിബിഎസ് കഴിഞ്ഞ് സര്‍ജറിക്ക് പ്രവേശനം കിട്ടാതായപ്പോഴാണ് മാങ്ങാനംകാരന്‍ മാത്യു സാമുവല്‍ കളരിക്കലെന്ന യുവഡോക്ടര്‍ പീഡിയാട്രിക് സര്‍ജറി ട്യൂട്ടറായി ജോലി തുടങ്ങിയത്. ചെന്നൈയില്‍ പഠിക്കുമ്പോള്‍ ആന്‍ജിയോപ്ലാസ്റ്റിയെക്കുറിച്ച് പല പ്രസിദ്ധീകരണങ്ങളിലും മാത്യു സാമുവല്‍ വായിച്ചു. അന്ന് ഇന്ത്യക്കാര്‍ക്ക് ആന്‍ജിയോപ്ലാസ്റ്റിയെക്കുറിച്ചു വായിച്ചറിവ് മാത്രമേയുണ്ടായിരുന്നുള്ളൂ എന്നാണ് പിന്നീട് അദ്ദേഹം പറഞ്ഞത്. 1986ല്‍ ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍വച്ചാണ് അദ്ദേഹം ആദ്യ ആന്‍ജിയോപ്ലാസ്റ്റി ചെയ്യുന്നത്. ആദ്യവര്‍ഷം 18 പേരില്‍ ആന്‍ജിയോപ്ലാസ്റ്റി നടത്തി. രണ്ടാം വര്‍ഷം എഴുപതായി. 1987 മുതല്‍ ആന്‍ജിയോപ്ലാസ്റ്റിയില്‍ മറ്റു ഡോക്ടര്‍മാര്‍ക്കു പരിശീലനം നല്‍കാന്‍ തുടങ്ങി. അങ്ങനെ ഇന്ത്യയിലെ ആന്‍ജിയോപ്ലാസ്റ്റിയുടെ ഗുരുവും നാഥനുമായി ഡോ. മാത്യു മാറുകയായിരുന്നു.
1986-ല്‍ 18 രോഗികളിലും അടുത്ത വര്‍ഷം 150 രോഗികളിലും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ആന്‍ജിയോപ്ലാസ്റ്റി നടന്നു. ബൈപ്പാസ് ശസ്ത്രക്രിയ മാത്രം പ്രചാരത്തിലുണ്ടായിരുന്ന കാലത്താണ് ഹൃദ്രോഗികള്‍ക്ക് ആശ്വസമായി പുതിയ ചികിത്സാ രീതിയുമായി മാത്യു കളരിക്കല്‍ ഇന്ത്യയിലേക്കെത്തുന്നത്. തുടര്‍ന്ന് രാജ്യത്തെ പല ഭാഗങ്ങളിലും ഏഷ്യ- പസഫിക് മേഖലയിലെ വിവിധ രാജ്യങ്ങളിലും ആന്‍ജിയോപ്ലാസ്റ്റിയുടെ പ്രചാരണത്തില്‍ പ്രധാന പങ്കുവഹിച്ചു.