മുത്തശ്ശിക്ക് ചക്കരമുത്തം നല്‍കി സ്‌കൂളിലേക്ക് പോയ പൊന്നുമോളെ കുറിച്ച് കേട്ടത് നെഞ്ചു പിളരുന്ന വാര്‍ത്ത; കുഞ്ഞുഹെയ്‌സലിനുണ്ടായ ദുരന്തമറിഞ്ഞ് തളര്‍ന്നു വീണു മുത്തശ്ശി; വാഴത്തോപ്പ് സ്‌കൂളിലെ അപകടത്തില്‍ ഡ്രൈവറെ അറസ്റ്റ് ചെയ്തു; ഹെയ്‌സലിന്റെ സംസ്‌ക്കാരം ഇന്ന് നടക്കും
മുത്തശ്ശിക്ക് ചക്കരമുത്തം നല്‍കി സ്‌കൂളിലേക്ക് പോയ പൊന്നുമോളെ കുറിച്ച് കേട്ടത് നെഞ്ചു പിളരുന്ന വാര്‍ത്ത
ചെറുതോണി: വാഴത്തോപ്പിലെ കുരുന്നിന്റെ ദാരുണമായി അപകട മരണം നാടിന് മുഴുവന്‍ കണ്ണീരിലാഴ്ത്തുകയാണ്. സ്‌കൂളിലേക്ക് മുത്തശ്ശി പറഞ്ഞു വിട്ടകുരുന്നിനെ കുറിച്ച് പിന്നീട് കേട്ടത് ദാരുണമായി ഹൃദയം പിളരുന്ന ദുരന്ത വാര്‍ത്തയായിരുന്നു. മുത്തശ്ശിയാണ് എന്നും കുഞ്ഞുഹെയ്‌സലിനെ കുളിപ്പിച്ചു സുന്ദരിയാക്കി, ഭക്ഷണം നല്‍കി സ്‌കൂളിലേക്കു വിടുന്നത്. സ്‌കൂള്‍ ബസ് ഹോണടിക്കുമ്പോള്‍ ഒരു ചക്കരമുത്തം കൂടി നല്‍കിയാണ് വിടുന്നത്. ഇന്നലെയും ഈ പതിവു തെറ്റിയിരുന്നില്ല. പതിവുപോലെ ഒരുക്കി മിടുക്കിയാക്കി കുഞ്ഞിനെ സ്‌കൂളിലേക്ക് പറഞ്ഞുവിട്ട മുത്തശ്ശി ഒരു മണിക്കൂറിനുള്ളില്‍ കേട്ടത് ദുരന്തവാര്‍ത്ത അറിഞ്ഞു തളര്‍ന്നു വീണു.
ഇടുക്കി ചെറുതോണി വാഴത്തോപ്പ് ഗിരിജ്യോതി സ്‌കൂളിന്റെ മുറ്റത്തുവച്ച് ബസ് കയറിയാണ് കുഞ്ഞ് മരിച്ചത്. ഇന്നലെ രാവിലെ തടിയമ്പാട് ആശുപത്രി ജംക്ഷനില്‍നിന്നാണ് സ്‌കൂള്‍ ബസില്‍ ഹെയ്‌സല്‍ കയറിയത്. ഒരു മണിക്കൂറിനുള്ളില്‍ ബന്ധുക്കളെ തേടി മരണവാര്‍ത്തയെത്തി. തടിയമ്പാട് ടൗണിനു സമീപമുള്ള വാടകവീട്ടിലേക്ക് ഇവര്‍ താമസം മാറിയതു 2 മാസം മുന്‍പാണ്. ഹെയ്‌സലിന്റെ പിതാവ് ബെന്‍ ജോണ്‍സണ്‍ എറണാകുളത്തു സ്വകാര്യ ആശുപത്രിയില്‍ പിആര്‍ഒ ആണ്.അമ്മ ജീബ ജോണ്‍ തൊടുപുഴ കോഓപ്പറേറ്റീവ് ആശുപത്രിയില്‍ നഴ്‌സിങ് വിദ്യാര്‍ഥിനിയും.
അപകട വാര്‍ത്ത മുത്തശ്ശന്‍ ബേബിയാണ് ആദ്യം അറിഞ്ഞത്. ഉടന്‍ മെഡിക്കല്‍ കോളജില്‍ എത്തിയ ബേബിക്കു കുഞ്ഞ് മരിച്ച വിവരം അറിഞ്ഞതോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. മെഡിക്കല്‍ കോളജില്‍ ചികിത്സയിലായ ബേബിക്ക് അരികിലേക്കെത്തിയ മേരിയും വിവരം അറിഞ്ഞതോടെ തളര്‍ന്നു വീണു. വാഴത്തോപ്പ് ഗിരിജ്യോതി സ്‌കൂളിന്റെ മുറ്റത്തു ബസ് കയറി വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ സ്‌കൂള്‍ അധികൃതരുടെ ഭാഗത്തു വീഴ്ചയെന്ന് ആരോപണം ശക്തമാവുകയാണ്.
പോര്‍ച്ചില്‍ ബസ് നിര്‍ത്തിയാല്‍, കുട്ടികള്‍ ബസില്‍നിന്ന് ഇറങ്ങി നട കയറി സ്‌കൂള്‍ വരാന്തയിലൂടെ ക്ലാസ് മുറികളിലേക്കു പോകുന്നതായിരുന്നു പതിവ്. എന്നാല്‍, ഇന്നലെ അപകടത്തില്‍പെട്ട കുട്ടികള്‍ കൈകോര്‍ത്തു മുറ്റത്തുകൂടി നടന്നാണു ക്ലാസിലേക്കു പോയത്. ഇവരെ ശ്രദ്ധിക്കാന്‍ ആയമാര്‍ സ്ഥലത്തുണ്ടായിരുന്നില്ലെന്ന് ആരോപണമുണ്ട്. സെക്യൂരിറ്റി വിഭാഗം ജീവനക്കാരും ഇവിടെ ഉണ്ടായിരുന്നില്ലെന്ന് ആരോപണമുണ്ട്. ഇത്രയും കുഞ്ഞുകുട്ടികളുടെ കാര്യത്തില്‍ വേണ്ടത്ര ജാഗ്രത സ്‌കൂള്‍ അധികൃതര്‍ കാണിച്ചില്ലെന്നു തന്നെയാണ് ഉയരുന്ന ആരോപണം.
അതേസമയം സംഭവത്തില്‍ ഡ്രൈവര്‍ പൈനാവ് സ്വദേശി എം എസ് ശശിയെ പോലീസ് അറസ്റ്റ് ചെയ്തു. മനപൂര്‍വ്വമല്ലാത്ത നരഹത്യ, അപകടകരമായും അശ്രദ്ധമായും വാഹനമോടിച്ച് അപകടമുണ്ടാക്കല്‍ എന്നീ വകുപ്പുകളാണ് ഡ്രൈവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇന്ന് സ്റ്റേഷനില്‍ ഹാജരാകാന്‍ നോട്ടീസ് നല്‍കിയ ശേഷം ജാമ്യത്തില്‍ വിട്ടയച്ചു. അപകടത്തില്‍ പരിക്കേറ്റ മൂന്നു വയസ്സുകാരി ഇനായ തെഹസില്‍ ഇടുക്കി മെഡിക്കള്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഹെയ്‌സലിന്റെ സംസ്‌ക്കാരം രാവിലെ 11 മണിക്ക് വാഴത്തോപ്പ് സെന്റ് ജോര്‍ജ്ജ് കത്തിഡ്രല്‍ പള്ളിയില്‍ നടക്കും.
