ഏക മകന്റെ മരണത്തോടെ ദിവ്യ കടുത്ത വിഷമത്തില്‍; വീട്ടിനുള്ളില്‍ നിന്നും പുറത്തിറങ്ങാതെ വീട്ടില്‍ തന്നെ കഴിഞ്ഞു കൂടി; ഒടുവില്‍ കിണറ്റില്‍ ചാടി ജീവനൊടുക്കല്‍; വിതുര ദിവ്യ നോവായി മാറിയപ്പോള്‍
ഏക മകന്റെ മരണത്തോടെ ദിവ്യ കടുത്ത വിഷമത്തില്‍
തിരുവനന്തപുരം: മകന്‍ മരിച്ചതിന്റെ വിഷമത്തിലായിരുന്ന വീട്ടമ്മയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വിതുര ആനപ്പെട്ടി ഹരി വിലാസത്തില്‍ ദിവ്യ (41) യെയാണ് വീടിന് സമീപമുള്ള കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെ 2.30 നാണ് സംഭവമുണ്ടായത്. കിണറ്റില്‍ എന്തോ വീഴുന്ന ശബ്ദം കേട്ട് വീട്ടുകാര്‍ ഓടിയെത്തി നോക്കിയെങ്കിലും ആരെയും കാണാന്‍ കഴിഞ്ഞില്ല. ഉടന്‍ തന്നെ നാട്ടുകാര്‍ വിവരം അഗ്നിരക്ഷാ സേനയെ അറിയിക്കുകയായിരുന്നു.
വിതുര നിലയത്തില്‍ നിന്നും അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ കെ എസ് ഹരിയുടെ നേതൃത്വത്തില്‍ ഫയര്‍ ഫോഴ്സ് സംഘം എത്തി. സേനാംഗമായ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ അനൂപ് കിണറ്റില്‍ ഇറങ്ങി പരിശോധിച്ചപ്പോഴാണ് അബോധാവസ്ഥയില്‍ ദിവ്യയെ കണ്ടത്. ഉടന്‍ തന്നെ നെറ്റിനുള്ളില്‍ കയറ്റി കരയിലെത്തിച്ചു. പിന്നാലെ വിതുര സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ദിവ്യയുടെ ഏക മകന്‍ ഹരിയെ കഴിഞ്ഞ മാസം ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ മനോവിഷമത്തില്‍ ആയിരുന്നു വീട്ടമ്മ. വീട്ടിനുള്ളില്‍ നിന്നും പുറത്തിറങ്ങാതെയാണ് ഇവര്‍ കഴിഞ്ഞിരുന്നത്. ദിവ്യയുടെ ഭര്‍ത്താവ് പെട്രോള്‍ പമ്പ് ജീവനക്കാരനാണ്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം വീട്ടിലെത്തിച്ച് സംസ്‌കരിച്ചു.