1991-ലെ കരുണാകരന്‍ മന്ത്രിസഭയില്‍ പ്രമാണിത്തം നുരയുന്ന എക്‌സൈസ് വകുപ്പ് കൈകാര്യം ചെയ്യാന്‍ നിയുക്തനായ അതിശയം; മന്ത്രിയായിരിക്കെ വിവാഹിതനായ അപൂര്‍വം ചിലരിലൊരാള്‍ എന്ന ബഹുമതിയുടെ പൂമാലയും കഴുത്തില്‍ വീണു; ഖദര്‍ അഴിച്ചു വച്ച് എക്‌സൈസ് ഗാര്‍ഡായ പിആര്‍! സുന്ദരന്‍ നാടരുടെ 1996ലെ തേരോട്ടത്തില്‍ സ്പിരിറ്റ് പോലെ ആവിയായി; ചേട്ടന്റെ ആത്മഹത്യാക്കുറിപ്പും നാണക്കേടായി; രഘുചന്ദ്രബാല്‍ ഇനി ഓര്‍മ്മ
തിരുവനന്തപുരം: മൂന്നു പേരുകള്‍ ഒന്നിച്ചു ചേര്‍ന്ന ഒരു മന്ത്രിയുണ്ടായിരുന്നു പണ്ട്, നമുക്ക്. കേള്‍ക്കുമ്പോള്‍ ചരിത്രത്തിലെ മറാത്താ വീരനായകന്മാരെ ഓര്‍മവരും. എക്‌സൈസ് വകുപ്പ് കൈകാര്യം ചെയ്യാന്‍ തക്ക വീര്യമുള്ള പേര്. എം.ആര്‍.രഘുചന്ദ്രബാല്‍. കോണോടുകോണിലെല്ലാം നേതാക്കള്‍ മുളച്ച കോണ്‍ഗ്രസ്സില്‍ രഘുചന്ദ്രബാലിന്റെ വളര്‍ച്ച കണ്ണുചിമ്മുന്ന നേരംകൊണ്ടായിരുന്നു. പാറശ്ശാലയില്‍നിന്നുള്ള ഈ എം.എല്‍.എ. 1991-ലെ കരുണാകരന്‍മ ന്ത്രിസഭയില്‍ പ്രമാണിത്തം നുരയുന്ന എക്‌സൈസ് വകുപ്പ് കൈകാര്യം ചെയ്യാന്‍ നിയുക്തനായപ്പോള്‍ കേരളം മുഴുവന്‍ അതിശയിച്ചു. 'യെന്തരിത്, യിതേത് പയല്...'- ശരത്കൃഷ്ണ എഴുതി മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ഓര്‍ത്തുനോക്കുമ്പോള്‍ എന്ന പുസ്തകത്തില്‍നിന്നുള്ള വരികളാണ് ഇത്. മന്ത്രിവേഷത്തില്‍ രഘുചന്ദ്രബാല്‍ പെട്ടെന്ന് വാര്‍ത്തകളിലെ നായകനായി. ഖദര്‍ അഴിച്ചുവെച്ച് എകൈ്‌സസ് ഗാര്‍ഡുകളുടെ കാക്കിയിട്ട് കള്ളവാറ്റുകാരെ തേടി കാടുകയറി. കോടകളുടെ കലങ്ങളുടഞ്ഞു. ചാരാച്ചാലുകള്‍ നീന്തിക്കയറി, പഴയ എം.എല്‍.എ. കുഞ്ഞികൃഷ്ണ നാടാരുടെ സഹോദരപുത്രന്‍ മുന്‍പേജുകളില്‍ ചിരിച്ചുനിന്നു.
മന്ത്രിയായിരിക്കെ വിവാഹിതനായ അപൂര്‍വം ചിലരിലൊരാള്‍ എന്ന ബഹുമതിയുടെ പൂമാലയും രഘുചന്ദ്രബാലിന്റെ കഴുത്തില്‍ വീണു. വിവാദങ്ങളും കുറവല്ലായിരുന്നു. കരുണാകരന്റെ ബിനാമിയെന്നുവരെ പേരുകേട്ടു. യെന്തൊരു ഓളമായിരുന്നു അത്. മന്ത്രിസ്ഥാനമൊഴിഞ്ഞതില്‍പ്പിന്നെ രഘുചന്ദ്രബാല്‍ സ്പിരിറ്റുപോലെ ആവിയായി. വന്നവേഗത്തില്‍ മറവിയിലായ ഏക മുന്‍മന്ത്രി-അതായിരുന്നു രഘുചന്ദ്രബാല്‍. പാറശ്ശാലയില്‍ നിന്നും എംഎല്‍എയായ രഘുചന്ദ്രബാലിനെ വെല്ലുവിളിച്ച് സുന്ദരന്‍നാടാരായിരുന്നു പിന്നീട് ആ മണ്ഡലത്തിന്റെ എംഎല്‍എയായത്. കോണ്‍ഗ്രസുകാരനായ സുന്ദരന്‍നാടാര്‍ സ്വതന്ത്രനായി നേടിയ 1996ലെ വിജയം കേരള രാഷ്ട്രീയത്തിലെ അത്ഭുതങ്ങളിലും ഒന്നാണ്. അന്ന് തീര്‍ന്നതാണ് രഘുചന്ദ്രബാലിന്റെ രാഷ്ട്രീയ ജീവിതം. സിറ്റിംഗം എംഎല്‍എയായിരുന്ന മുന്‍ മന്ത്രി പാറശ്ശാലയില്‍ 1996ല്‍ മൂന്നാം സ്ഥാനത്തേക്ക് കൂപ്പു കുത്തിയെന്നതാണ് വസ്തുത.
2022ല്‍ കാഞ്ഞിരംകുളം പഞ്ചായത്തിന്റെ മുന്‍ പ്രസിഡന്റും കോണ്‍ഗ്രസ് നേതാവ് രഘുചന്ദ്രബാലിന്റെ സഹോദരനുമായ രാജഗുരുബാലിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയതും വിവാദമായി. പ്രദേശത്തിനാകെ ഞെട്ടലുണ്ടാക്കുന്ന വിധത്തിലായിരുന്നു അദ്ദേഹത്തിന്റെ ആത്മഹത്യ. രാജഗുരുബാലിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത് ലൈബ്രറിയിലായിരുന്നു. മുന്‍ മന്ത്രി കൂടിയായ രഘുചന്ദ്രബാലിനെതിരെ ഗുരുതര ആരോപണങ്ങളാണ് ആത്മഹത്യാ കുറിപ്പില്‍ ഉന്നയിച്ചത്. കോടികള്‍ ആസ്തിയുള്ള കുടുംബത്തില്‍ ജനിച്ച രാജഗുരു ആത്മഹത്യാ കുറിപ്പില്‍ കുറിച്ചിരിക്കുന്നത് താന്‍ നയാ പൈസ വകയില്ലാത്ത തീര്‍ത്തും ദരിദ്രനായാണ് മരിക്കുന്നത് എന്നാണ്. മന്ത്രിയായിരുന്ന രഘുചന്ദ്രബാല്‍ സഹോദരന്റെ സ്വത്തു പോലും പിടിച്ചുവാങ്ങിയെന്നാണ് ആത്മഹത്യാ കത്തില്‍ കുറിച്ചിരിക്കുന്നത്. മരുന്നിനോ ഭക്ഷണത്തിനോ വേണ്ട പണം പോലുമില്ല. കടംവാങ്ങി ജീവിക്കുന്നത് ഇനിയും തുടരാന്‍ സാധിക്കില്ലെന്നാണ് അദ്ദേഹം വിവരിച്ചത്.
പഞ്ചായത്ത് പ്രസിഡന്റ് പദവി അടക്കം വഹിച്ചിരുന്ന രാജഗുരു അവസാന കാലത്ത് യുവജന സംഘം ലൈബ്രറിയിലാണ് കഴിഞ്ഞു കൂട്ടിയത്. രാജഗുരുവിന്റെ പ്രശ്നം കെപിസിസിയുടെ മുന്നില്‍ എത്തിയതുമാണ്. സ്വാതന്ത്ര്യ സമര സേനാനിയായ പി ഗോപിനാഥന്‍ നായര്‍ നേരത്തെ ഇദ്ദേഹത്തിന്റെ പ്രശ്നം പരിഹരിക്കണം എന്ന് കത്തില്‍ ആവശ്യപ്പെട്ടിരുന്നു. എന്നിട്ടും രഘുചന്ദ്രബാലിന്റെ സഹോദരനെ കോണ്‍ഗ്രസ് നേതൃത്വം തിരിഞ്ഞു നോക്കാത്ത അവസ്ഥയുണ്ടായി. തന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യുകയോ കത്തിക്കുകയോ ചെയ്യരുത്. പകരം, തെരുവു നായ്ക്കള്‍ക്ക് എറിഞ്ഞു കൊടുക്കണം എന്നും രാജഗുരുപാല്‍ കുറിച്ചിരുന്നു. കുടുംബത്തോടും സഹോദരങ്ങളോടും അത്രയ്ക്ക് എതിര്‍പ്പ് അദ്ദേഹത്തിനുണ്ടായിരുന്നു എന്ന് വ്യക്തമാക്കുന്നതാണ് ഈ വാക്കുകള്‍. ഈ കത്തും രഘുചന്ദ്രബാലിനെ വിവാദത്തിലാക്കി. രാജുഗരുബാലിന്റെ മൃതദേഹം കണ്ടെത്തിയ കെട്ടിടത്തിലെ ചുമരില്‍ ആത്മഹത്യാ കുറിപ്പ് എഴുതി ഒട്ടിച്ചിരുന്നു.
എം. രാഘവന്‍ നാടാറിന്റേയും കമല ഭായിയുടേയും മകനായി 1950 മാര്‍ച്ച് 12 ന് ജനിച്ച രഘുചന്ദ്രബാല്‍ ബിരുദധാരിയാണ്. ഗാനങ്ങള്‍ കമ്പോസ് ചെയ്യുകയും നാടകങ്ങള്‍ എഴുതുകയും നാടകത്തില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. 1980ല്‍ കോവളത്തെ ആദ്യ തിരഞ്ഞെടുപ്പില്‍ എംഎല്‍എയായി. എന്നാല്‍ കോണ്‍ഗ്രസ് പിളര്‍പ്പിനെ തുടര്‍ന്ന് 1982ല്‍ കോവളത്ത് ശക്തന്‍ നാടാരോട് തോറ്റു. അതിന് ശേഷമാണ് പാറശ്ശാലയിലേക്ക് കളം മാറിയത്. 1991ല്‍ വീണ്ടും എംഎല്‍എയായി. കരുണാകരന്റെ ആശിവാര്‍ദത്തില്‍ മന്ത്രിയുമായി. പക്ഷേ 1996ല്‍ പാറശ്ശാലയില്‍ വമ്പന്‍ തോല്‍വിയാണ് ഏറ്റുവാങ്ങിയത്.
നാടാര്‍ സമുദായ അംഗമെന്ന നിലയില്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ നിറഞ്ഞ രഘുചന്ദ്രബാലിന് കരുണാകരനുണ്ടായ രാഷ്ട്രീയ ക്ഷീണവും തിരിച്ചടിയായി. പിന്നീടൊരിക്കലും രാഷ്ട്രീയമായി മുന്നേറാന്‍ രഘുചന്ദ്രബാലിന് ആയില്ലെന്നതാണ് വസ്തുത.
