പുലര്‍ച്ചെ 2.15ന് എഴുന്നേല്‍ക്കും; നേരെ പശുത്തൊഴുത്തിലേക്ക്; തൊഴുത്ത് വൃത്തിയാക്കി പശുക്കളെ കുളിപ്പിച്ച് പാല്‍ കറന്നെടുക്കും; ശേഷം കുളിച്ച് പൂജാമുറിയേിലേക്ക്; അഞ്ചര മുതല്‍ പത്രം വായനയും പാല്‍ വിതരണവും; രാവിലെ ആറര മുതല്‍ രോഗികളെത്തും; 'രണ്ടു രൂപയ്ക്ക്' അസുഖം മാറ്റിയ അത്ഭുത ഡോക്ടര്‍; പാവപ്പെട്ടവരുടെ ആശ്രയമായ കണ്ണൂരിലെ ജനകീയ ഡോക്ടര്‍; ഡോ രൈരു ഗോപാല്‍ വിട വാങ്ങുമ്പോള്‍

Update: 2025-08-03 04:04 GMT

കണ്ണൂര്‍: കണ്ണൂരിന്റെ ജനകീയ ഡോക്ടര്‍ താണ മാണിക്കക്കാവിന് സമീപത്തെ എ.കെ. രൈരു ഗോപാലല്‍ (80) അന്തരിച്ചു. അരനൂറ്റാണ്ടോളം രോഗി കളില്‍നിന്ന് രണ്ടുരൂപ മാത്രം വാങ്ങി യായിരുന്നു ഡോക്ടറുടെ സേവനം. പാവപ്പെട്ട രോഗികളുടെ ആശ്രയമാ യിരുന്നു ഡോക്ടറുടെ ക്ലിനിക്ക്. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്നാണ് അന്ത്യം. അച്ഛന്‍: പരേതനായ ഡോ. എ.ജി. നമ്പ്യാര്‍. അമ്മ: പരേതയായ എ.കെ. ലക്ഷ്മിക്കുട്ടിയമ്മ. ഭാര്യ: പി.ഒ. ശകുന്തള. മക്കള്‍: ഡോ. ബാലഗോപാല്‍, വിദ്യ. മരു മക്കള്‍: ഡോ. തുഷാരാ ബാലഗോപാല്‍, ഭാരത് മോഹന്‍. സഹോദരങ്ങള്‍: ഡോ. വേണുഗോപാല്‍, പരേതനായ ഡോ. കൃഷ്ണഗോപാല്‍, ഡോ. രാജഗോപാല്‍. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് പയ്യാമ്പലത്ത് നടക്കും.

ആതുരസേവനം കച്ചവടമാകുന്ന കാലത്ത് സൗജന്യനിരക്കില്‍ കണ്ണൂരിന്റെ ആരോഗ്യം കാത്ത ജനപ്രിയ ഡോക്ടര്‍ രൈരു ഗോപാല്‍ പരിശോധന നിര്‍ത്തിയത് അടക്കം വാര്‍ത്തയായിരുന്നു. 18 ലക്ഷം രോഗികള്‍ക്ക് മരുന്നും സ്‌നേഹവും കുറിച്ചുകൊടുത്താണ് ഡോക്ടര്‍ വിശ്രമജീവിതത്തിലേക്ക് കടക്കുന്നത്. 'എന്റെ ജോലി ചെയ്യാനുള്ള ആരോഗ്യം ഇന്നെനിക്കില്ല. അതുകൊണ്ട് രോഗികളെ പരിശോധിക്കുന്നതും മരുന്ന് കൊടുക്കുന്നതും നിര്‍ത്തുകയാണെന്ന ബോര്‍ഡ് ഗേറ്റില്‍ തൂക്കിയാണ് അമ്പത് വര്‍ഷത്തിലേറെ രോഗികള്‍ക്കൊപ്പം ജീവിച്ച ഡോക്ടര്‍ ലളിതമായി ജോലിയില്‍നിന്ന് വിരമിച്ചത്. ഒരു വര്‍ഷം മുമ്പായിരുന്നു ഇത്.

ഇങ്ങനെയൊരു ഡോക്ടര്‍ വേറെയുണ്ടാവില്ലെന്നാണ് കണ്ണൂരുകാര്‍ പറയുന്നത്. രണ്ടു രൂപ ഡോക്ടര്‍ എന്ന പേരിലാണ് രൈരു ഗോപാല്‍ അറിയപ്പെട്ടിരുന്നത്. മരുന്നും പരിശോധനയും അടക്കം നാല്‍പ്പതോ അമ്പതോ രൂപ മാത്രമാണ് രോഗികളില്‍നിന്നും വാങ്ങുക. പരിശോധനക്കായി ഒരുവീട്ടിലെത്തിയപ്പോള്‍ കണ്ട ദയനീയാവസ്ഥയാണ് രൈരു ഡോക്ടറെ സേവനത്തിന്റെ വഴിയിലെത്തിച്ചത്. രോഗികളുടെ സമയം വിലപ്പെട്ടതാണെന്ന് മനസിലാക്കിയായിരുന്നു ഡോ. രൈരു ഗോപാലിന്റെ പ്രവര്‍ത്തനം. ജോലിക്കു പോകേണ്ട തൊഴിലാളികള്‍ക്കും കൂലിപ്പണിക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമെല്ലാം സൗകര്യപ്രദമാകുന്ന വിധത്തില്‍ പുലര്‍ച്ചയായിരുന്നു പരിശോധന. യൗവനകാലത്ത് പുലര്‍ച്ച മൂന്ന് മുതല്‍ ഡോക്ടര്‍ പരിശോധന തുടങ്ങിയിരുന്നു. അന്ന് മുന്നൂറിലേറെ രോഗികളുണ്ടാകും.

പുലര്‍ച്ചെ 2.15ന് എഴുന്നേല്‍ക്കുന്നതോടെയാണ് ഒരുദിവസം ആരംഭിക്കുന്നത്. നേരെ പശുത്തൊഴുത്തിലേക്ക്. തൊഴുത്ത് വൃത്തിയാക്കി പശുക്കളെ കുളിപ്പിച്ച് പാല്‍ കറന്നെടുക്കും. ശേഷം കുളികഴിഞ്ഞ് പൂജാമുറിയേിലേക്ക്. അഞ്ചര മുതല്‍ പത്രം വായനയും പാല്‍ വിതരണവും. താണ മാണിക്ക കാവിനടുത്തെ വീട്ടില്‍ രാവിലെ ആറര മുതല്‍ രോഗികളെത്തി തുടങ്ങും. എണ്ണം തൊണ്ണൂറും നൂറുമൊക്കെ കടക്കും. രാവിലെ 10 വരെ പരിശോധന നീളും. നേരത്തെ മരുന്ന് എടുത്തുകൊടുക്കാനും ടോക്കന്‍ വിളിക്കാനുമൊക്കെ സഹായിയുണ്ടായിരുന്നു. ആരോഗ്യം കുറഞ്ഞതോടെ രോഗികളുടെ എണ്ണവും ക്രമേണ കുറച്ചു. ഭാര്യ ഡോ. ശകുന്തളയും പരിശോധനയില്‍ സഹായിക്കാനുണ്ടായിരുന്നു. മകന്‍ ഡോ. ബാലഗോപാലും ഈ വഴിയില്‍ തന്നെ എത്തി. പരിശോധിക്കാന്‍ വയ്യാതായതോടെയാണ് ഒ.പി നിര്‍ത്തിയത്. കണ്ണൂക്കര സ്‌കൂളിന്റെ മുന്‍ വശമുള്ള വാടക വീട്ടിലും മുമ്പ് പരിശോധന നടത്തിയിരുന്നു.

പിതാവ് കണ്ണൂരിലെ ഡോ. എ. ഗോപാലന്‍ നമ്പ്യാരുടെ വഴിയിലാണ് മക്കളായ നാല് ആണ്‍മക്കളും കടന്നുപോകുന്നത്. ഡോ. രൈരു ഗോപാലനും ഡോ. വേണുഗോപാലും ഡോ. രാജഗോപാലും സന്നദ്ധ സേവനം ജീവിതവ്രതമാക്കി. പണമുണ്ടാക്കാനാണെങ്കില്‍ മറ്റെന്തെങ്കിലും പണിക്ക് പോയാല്‍ മതിയെന്നായിരുന്നു രൈരു ഗോപാലിന് അച്ഛന്‍ നല്‍കിയ ഉപദേശം. അത് അക്ഷരം പ്രതി നടപ്പാക്കി. മസേവനത്തിലൂടെ ലഭിക്കുന്ന സുഖം അതുവേറെയാണെന്ന് രൈരു ഗോപാലന്‍ തിരിച്ചറിഞ്ഞിരുന്നു. തളാപ്പിലായിരുന്നു നേരത്തെ ഡോ. രൈരു ഗോപാല്‍ താമസിച്ചിരുന്നതും രോഗികളെ പരിശോധിച്ചിരുന്നതും. ഏറെക്കാലം 2 രൂപയായിരുന്നു അദ്ദേഹത്തിന്റെ ഫീസ്. 'രണ്ടു രൂപ ഡോക്ടര്‍' എന്ന വിളിപ്പേരില്‍ പ്രശസ്തനായിരുന്നു അദ്ദേഹം. പിന്നീട് ഫീസ് 10 രൂപയാക്കി. നിര്‍ധന രോഗികളില്‍ നിന്ന് ഈ തുച്ഛമായ ഫീസ് പോലും അദ്ദേഹം വാങ്ങിയിരുന്നില്ല. മാത്രമല്ല, ആവശ്യമായ മരുന്നുകള്‍ സൗജന്യമായി നല്‍കുകയും ചെയ്തിരുന്നു.

3 ദിവസത്തിനു ശേഷവും രോഗം മാറിയില്ലെങ്കില്‍, വീണ്ടുമെത്തുന്ന രോഗികളില്‍ നിന്ന് ഫീസ് ഈടാക്കില്ലെന്നു മാത്രമല്ല, മരുന്നുകള്‍ സൗജന്യമായി നല്‍കുകയും ചെയ്തിരുന്നു. കണ്ണൂര്‍ ജില്ലയില്‍ നിന്നു മാത്രമല്ല, അയല്‍ ജില്ലകളില്‍ നിന്നു പോലും ഡോക്ടറെ കാണാന്‍ ആളുകളെത്തിയിരുന്നു.

Tags:    

Similar News