മുതിര്‍ന്ന നടന്‍ ടി പി മാധവന്‍ അന്തരിച്ചു; അന്ത്യം കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ; 600ല്‍ അധികം സിനിമകളില്‍ അഭിനയിച്ച അഭിനേതാവ്; അവസാന കാലത്ത് ആരും ആശ്രയമില്ലാതെ വന്നതോടെ അഭയം തേടിയത് കൊല്ലം പത്തനാപുരം ഗാന്ധി ഭവനില്‍
മുതിര്‍ന്ന നടന്‍ ടി പി മാധവന്‍ അന്തരിച്ചു
കൊല്ലം: മുതിര്‍ന്ന മലയാളം സിനിമാതാരം ടി.പി. മാധവന്‍ (88) അന്തരിച്ചു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെയായിരുന്നു അന്ത്യം. ഉദരസംബന്ധമായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറിയിരുന്നു.
വര്‍ഷങ്ങളായി കൊല്ലം പത്തനാപുരം ഗാന്ധി ഭവനിലായിരുന്നു അദ്ദേഹം കഴിഞ്ഞിരുന്നത്.അമ്മ'യുടെ ആദ്യ ജനറല്‍ സെക്രട്ടറിയായിരുന്ന ടി. പി. മാധവന്‍ അറുനൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ ഒരു ലോഡ്ജ് മുറിയില്‍ ആശ്രയമില്ലാതെ കഴിയുമ്പോഴാണ് സീരിയല്‍ സംവിധായകന്‍ പ്രസാദ് മാധവനെ ഗാന്ധിഭവനില്‍ എത്തിക്കുന്നത്. ഗാന്ധിഭവനില്‍ എത്തിയ ശേഷം ചില സീരിയലുകളിലും സിനിമകളിലും അദ്ദേഹം അഭിനയിച്ചു. പിന്നീട് മറവിരോഗം ബാധിക്കുകയായിരുന്നു.
അക്കല്‍ദാമ എന്ന ചിത്രത്തില്‍ ചെറിയ വേഷം ചെയ്തായിരുന്നു സിനിമ ജീവിതം ആരംഭിച്ചത്. 1975-ല്‍ റിലീസായ രാഗം എന്ന സിനിമയിലൂടെ അഭിനയ രംഗത്ത് സജീവ സാന്നിധ്യമായി. അന്ന് നടന്‍ മധുവാണ് സിനിമയില്‍ അവസരം ഒരുക്കിയത്. രാഗം എന്ന സിനിമയക്ക് ശേഷം മലയാളത്തില്‍ സ്ഥിര സാന്നിധ്യമായ അദ്ദേം ആദ്യം വില്ലന്‍ വേഷങ്ങളിലായിരുന്നു തിളങ്ങിയത്. പിന്നീട് കോമഡി റോളുകളും പിന്നീട് സ്വഭാവ വേഷങ്ങളും ചെയ്തു. സിനിമകള്‍ക്കൊപ്പം ടെലി-സീരിയലുകളിലും സജീവ സാന്നിധ്യമായിരുന്നു. കളിക്കളം, നാടോടിക്കാറ്റ്, വിയറ്റ്നാം കോളനി, സന്ദേശം, ലേലം, അയാള്‍
അയാള്‍ കഥയെഴുതുകയാണ്, നരസിംഹം, പപ്പയുടെ സ്വന്തം അപ്പൂസ്, പുലിവാല്‍ കല്ല്യാണം, അനന്തഭദ്രം തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. നാടോടിക്കാറ്റില്‍ അടക്കം ചെറുതെങ്കിലും ശ്രദ്ധേയമായ വേഷം ചെയ്തു അദ്ദേഹം. ഈ രംഗങ്ങള്‍ ഇന്നും സോഷ്യല്‍ മീഡിയയില്‍ തകര്‍ത്തോടുന്നതാണ്. 1994 മുതല്‍ 1997 വരെ താര സംഘടനയായ അമ്മയുടെ ജനറല്‍-സെക്രട്ടറിയും 2000 മുതല്‍ 2006 വരെ ജോയിന്റ് സെക്രട്ടറിയുമായിരുന്നു. എട്ടു വര്‍ഷത്തോളമായി കഴിഞ്ഞത് പത്തനാപുരം ഗാന്ധി ഭവനില്‍ ആയിരുന്നു. പ്രശസ്ത അധ്യാപകന്‍ പ്രഫ. എന്‍ പി പിള്ളയുടെ മകനാണ് ടി പി മാധവന്‍.
തിരുവനന്തപുരം വഴുതക്കാട് സ്വദേശിയാണ്. ബോളിവുഡ് സംവിധായകന്‍ രാജകൃഷ്ണ മേനോന്‍ മകനാണ്. മകന് രണ്ട് വയസുള്ളപ്പോഴാണ് മാധവന്‍ സിനിമയില്‍ സജീവമായത്. ഇതോടെ അമ്മയ്‌ക്കൊപ്പം ബാംഗ്ലൂരിലാണ് രാജകൃഷ്ണമേനോന്‍ പഠിച്ചതും വളര്‍ന്നതും. സിനിമാ മോഹം കൂടിയപ്പോള്‍ കുടുംബവുമായി അദ്ദേഹം അധികം ബന്ധപ്പെട്ടിരുന്നില്ല. വര്‍ഷങ്ങള്‍ക്ക് ശേഷം അടുത്തിടെയാണ് മകനെ കാണണം എന്ന ആഗ്രഹം താരം അദ്ദേഹം പ്രകടിപ്പിച്ചിരുന്നു. 2015ല്‍ ഹരിദ്വാര്‍ യാത്രക്കിടയില്‍ താരത്തിന് പക്ഷാഘാതം സംഭവിച്ചിരുന്നു.
പിന്നീട് തിരുവനന്തപുരത്ത് ഒരു ലോഡ്ജ് മുറിയില്‍ അവശനായി കിടന്ന ടി.പി മാധവനെ ചില സഹപ്രവര്‍ത്തകരാണ് കണ്ടെത്തിയതും എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗാന്ധിഭവനില്‍ എത്തിച്ചതും. ഗാന്ധി ഭവനില്‍ എത്തിയ ശേഷം ആരോഗ്യം മെച്ചപ്പെട്ട സമയത്ത് ചില സീരിയലുകളിലും സിനിമകളിലും ടിപി മാധവന്‍ അഭിനയിച്ചിരുന്നു. എന്നാല്‍ പിന്നീട് അദ്ദേഹത്തിന് മറവി രോഗം ബാധിച്ചു.
സുരേഷ് ഗോപി, കെ.ബി ഗണേഷ്‌കുമാര്‍, നടി ചിപ്പി ഭര്‍ത്താവ് രഞ്ജിത്ത്, ജയരാജ് വാര്യര്‍, മധുപാല്‍ തുടങ്ങിയ ചുരുക്കം ചില സിനിമാക്കാര്‍ മാധവനെ കാണാന്‍ ഇടയ്ക്ക് ഗാന്ധി ഭവനില്‍ എത്തിയിരുന്നു. അടുത്തിടെ മാധവനെ കണ്ടപ്പോള്‍ വികാരധീനയായാണ് നടി നവ്യ നായര്‍ സംസാരിച്ചത്. ഗാന്ധി ഭവനിലാണ് മാധവന്‍ കഴിയുന്നതെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നാണ് നടി പറഞ്ഞത്. നിരവധി സിനിമകളില്‍ ടി.പി മാധവനൊപ്പം നവ്യ അഭിനയിച്ചിട്ടുണ്ട്.