പ്രസിഡന്റ് പദവിയില്‍ ഇരുന്നപ്പോഴും ഔദ്യോഗിക വസതി ഒഴിവാക്കി സ്വന്തം ഫാം ഹൗസില്‍ താമസിച്ചു; കോട്ടും ടൈയും ഒഴിവാക്കി സാധാരണക്കാര്‍ക്കൊപ്പം ജീവിതം; ലോകത്തിലെ ഏറ്റവും ദരിദ്രനായ പ്രസിഡന്റ് എന്ന വിളിപ്പേര് വീണു; യുറഗ്വായ് മുന്‍ പ്രസിഡന്റ് ഹൊസേ മൊഹീക വിടപറയുമ്പോള്‍

യുറഗ്വായ് മുന്‍ പ്രസിഡന്റ് ഹൊസേ മൊഹീക വിടപറയുമ്പോള്‍

Update: 2025-05-15 01:42 GMT

മോണ്ടിവിഡിയോ: ലോകത്തിലെ ഏറ്റവും ദരിദ്രനായ പ്രസിഡന്റ് എന്ന് അറിയപ്പെട്ട യുറഗ്വായ് മുന്‍ പ്രസിഡന്റ് ഹൊസേ മൊഹീക (89) അന്തരിച്ചു. എളിമയാര്‍ന്ന ജീവിതശൈലികൊണ്ടാണ് മൊഹീക ഇങ്ങനെ അറിയിപ്പെട്ടത്. 2024-ല്‍ അന്നനാള അര്‍ബുദം ബാധിച്ചതായി അദ്ദേഹം അറിയിച്ചിരുന്നു. ഇത് പിന്നീട് കരളിലേക്ക് പടര്‍ന്നു. ഈവര്‍ഷം ആദ്യത്തോടെ ചികിത്സ നിര്‍ത്തിവെച്ച് അവസാന നാളുകള്‍ തന്റെ ഫാമില്‍ ചെലവഴിച്ചു. പ്രസിഡന്റ് പദവിയിലിരുന്നപ്പോഴും അവിടെയാണ് അദ്ദേഹം താമസിച്ചിരുന്നത്.

അധികാരം വെച്ചുനീട്ടുന്ന ആഡംബരങ്ങളൊന്നും സ്വീകരിക്കാത്ത, വിനയാന്വിതനായ മനുഷ്യന്‍കൂടിയായിരുന്നു മൊഹീക. പ്രസിഡന്റിന്റെ വസതിയില്‍ കഴിയാന്‍ അദ്ദേഹം തയ്യാറായില്ല. രാജ്യത്തെ ജനങ്ങള്‍ അത്യാഢംബരത്തില്‍ കഴിയാത്ത സാഹചര്യത്തില്‍ തനിക്കും ആഢംബരങ്ങള്‍ വേണ്ടെന്നാണ് അദ്ദേഹം തീരുമാനിച്ചത്.ഭാര്യയോടൊപ്പം തലസ്ഥാനമായ മോണ്ടിവിഡിയോയിലെ ഒരു പ്രാന്തപ്രദേശത്തുള്ള തന്റെ പഴയ ഫാം ഹൗസിലാണ് അദ്ദേഹം കഴിഞ്ഞു. ചെടികളും പച്ചക്കറികളും വളര്‍ത്തി പരിപാലിച്ചു. ശമ്പളത്തിന്റെ ഭൂരിഭാഗവും ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിച്ചു.

ഫോക്സ്വാഗന്റെ പഴയൊരു ഒരു ബീറ്റില്‍ കാറായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. ഇത് സ്വയംതന്നെ ഓടിക്കുകയും ചെയ്തിരുന്നു. ട്രാക്ടര്‍ ഓടിക്കുന്നതാണ് കാറോടിക്കുന്നതിനേക്കാള്‍ തനിക്കിഷ്ടമെന്ന് ഒരിക്കല്‍ അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഔപചാരികമായ സ്യൂട്ടും ടൈയുമൊന്നും അദ്ദേഹത്തിനുണ്ടായിരുന്നില്ല. ഓഫീസ് ജീവനക്കാര്‍ കഴിക്കുന്ന ഹോട്ടലിനിന്നാണ് ഭക്ഷണം കഴിച്ചിരുന്നത്.

ഒരുകാലത്ത് ഗറില്ല പോരാളിയായിരുന്നു ഹൊസേ മൊഹീകയുടെ പ്രസിഡന്റ് പദത്തിലേക്കുള്ള പ്രയാണം അസാധാരണമായിരുന്നു. ക്യൂബന്‍ വിപ്ലവത്തില്‍നിന്ന് പ്രചോദിതനായി, 1960-കളിലും 70-കളിലും സായുധ കലാപം ആരംഭിച്ച ഗറില്ലാ ഗ്രൂപ്പായ ടുപമാരോസിലെ പ്രധാനിയായി മൊഹീക്ക മാറി. യുറഗ്വായുടെ സൈനിക സ്വേച്ഛാധിപത്യകാലത്ത് അദ്ദേഹം പിടിയിലാവുകയും ഒന്നരപ്പതിറ്റാണ്ടോളം ജയില്‍വാസമനുഭവിക്കുകയും ചെയ്തു. അതില്‍ ഭൂരിഭാഗവും ഏകാന്ത തടവായിരുന്നു.

2020-ലെ ഒരഭിമുഖത്തില്‍ അദ്ദേഹം ക്രൂരമായ ജയിലനുഭവങ്ങളെപ്പറ്റി പറയുന്നുണ്ട്. ആറുമാസത്തോളം കൈകള്‍ കമ്പികൊണ്ട് പിന്നില്‍ കെട്ടിയിട്ടെന്നും രണ്ടുവര്‍ഷത്തോളം ശുചിമുറിയില്‍ പോകാനനുവദിച്ചില്ലെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. 1985-ല്‍ രാജ്യത്ത് ജനാധിപത്യം പുനഃസ്ഥാപിച്ചതോടെ ഹൊസേ മൊഹീക ജയില്‍ മോചിതനായി. പിന്നീട് മുവ്മെന്റ് ഓഫ് പോപ്പുലര്‍ പാര്‍ട്ടിസിപ്പേഷന്‍ (എംപിപി) എന്ന സംഘടനയുടെ സഹസ്ഥാപകനായി. അതിന്റെ കീഴില്‍ അദ്ദേഹം നിയമസഭയിലേക്ക് വിജയിച്ചു. 2010 മുതല്‍ 2015 വരെ അഞ്ചുവര്‍ഷക്കാലം യുറഗ്വായുടെ പ്രസിഡന്റായിരുന്നു. 2010-ല്‍ 50 ശതമാനത്തിലധികം വോട്ടുകള്‍ നേടിയാണ് പ്രസിഡന്റ് പദത്തിലെത്തിയത്.

പ്രസിഡന്റ് പദത്തിലിരുന്ന കാലത്ത് അദ്ദേഹം യുറഗ്വായെ സാമ്പത്തിക വളര്‍ച്ചയിലേക്ക് നയിക്കുകയും പുരോഗമനപരമായ പരിഷ്‌കാരങ്ങള്‍ നടപ്പാക്കുകയും ചെയ്തു. ഗര്‍ഭാവസ്ഥയുടെ ആദ്യ നാളുകളിലുള്ള ഗര്‍ഭച്ഛിദ്രം, സ്വവര്‍ഗവിവാഹം എന്നിവ രാജ്യത്ത് നിയമവിധേയമാക്കി. മെഡിക്കല്‍ ആവശ്യത്തിനല്ലാതെ, വിനോദോപാധി എന്ന നിലയ്ക്ക് ലോകത്താദ്യമായി കഞ്ചാവ് നിയമവിധേയമാക്കിയ ഭരണാധികാരിയാണ് മൊഹീക. ലോകത്ത് കഞ്ചാവ് വില്‍പ്പന നിയമവിധേയമാക്കിയ ആദ്യ രാജ്യവും യുറഗ്വായാണ്.

സൗകര്യങ്ങള്‍ ഉപേക്ഷിച്ചുള്ള ഈ ജീവിതരീതി രാജ്യത്തിനപ്പുറത്തേക്കും അദ്ദേഹത്തിന്റെ പ്രശസ്തിക്ക് കാരണമായി. ലാളിത്യത്തിന്റെയും സത്യസന്ധതയുടെയും ആഗോളപ്രതീകമായി പോലും ഉയര്‍ത്തി കാട്ടപ്പെട്ടു. അങ്ങനെയാണ് ലോകത്തിലെ ഏറ്റവും ദരിദ്രനായ പ്രസിഡന്റ് എന്ന വിളിപ്പേര് വന്നത്. എന്നാല്‍, ആ വിശേഷണം അദ്ദേഹം അംഗീകരിച്ചിരുന്നില്ല. 'ഞാന്‍ ഒരു ദരിദ്രനായ പ്രസിഡന്റല്ല' എന്ന് അദ്ദേഹം പലപ്പോഴും പറഞ്ഞിരുന്നു. ആ ലേബല്‍ അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നില്ല. 'ഞാനൊരു ദരിദ്രനായ പ്രസിഡന്റല്ല, മറിച്ച് സമചിത്തതയുള്ള പ്രസിഡന്റാണ്. ദരിദ്രനെന്നാല്‍ ധാരാളം ആവശ്യങ്ങളുള്ള ആളാണ്. എനിക്ക് വളരെക്കുറച്ച് ആവശ്യങ്ങളേയുള്ളൂ. പ്രസിഡന്റാകുംമുന്‍പ് ജീവിച്ചതുപോലെത്തന്നെയാണ് ഞാന്‍ ഇപ്പോഴും ജീവിക്കുന്നത്' എന്നായിരുന്നു അതേക്കുറിച്ച് മൊഹീകയുടെ വാക്കുകള്‍.

Tags:    

Similar News