സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടാല്‍ അന്തിമ റിപ്പോര്‍ട്ടില്‍ തീരുമാനമെടുക്കേണ്ടത് സര്‍ക്കാര്‍; അപ്പീല്‍ നല്‍കാന്‍ തീരുമാനിച്ച് പിണറായി സര്‍ക്കാര്‍; കോടതി നിര്‍ദ്ദേശം വന്നാല്‍ കേസ് നേരിട്ട് അന്വേഷിക്കാന്‍ തീരുമാനിച്ച് വിജിലന്‍സ് മേധാവി മനോജ് എബ്രഹാം; എഡിജിപി അജിത് കുമാറിനെ തളയ്ക്കാനും രക്ഷിക്കാനും നീക്കങ്ങള്‍; മൊഴി എടുപ്പ് തടസ്സപ്പെടുത്താന്‍ ഹൈക്കോടതിയിലേക്ക്

Update: 2025-08-18 02:21 GMT

തിരുവനന്തപുരം: അനധികൃത സ്വത്തു സന്പാദന കേസില്‍ എഡിജിപി എം.ആര്‍. അജിത്കുമാറിന് ക്ലീന്‍ചിറ്റ് നല്‍കിയ വിജിലന്‍സിന്റെ അന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് കോടതി തള്ളിയതിനു പിന്നാലെ പുതിയ അന്വേഷണസംഘം വന്നേക്കും. പരാതിക്കാരന്റെ മൊഴി 30നു കോടതി നേരിട്ട് എടുക്കുന്നുണ്ട്. ഇതിനു പിന്നാലെ കോടതി നിര്‍ദേശാനുസരണം പുതിയ വിജിലന്‍സ് അന്വേഷണസംഘത്തെ നിയോഗിക്കാന്‍ കോടതി നിര്‍ദ്ദേശിക്കും. വിജിലന്‍സ് ഡയറക്ടര്‍ മനോജ് ഏബ്രഹാം കേസ് നേരിട്ട് അന്വേഷിച്ചേക്കും.

മനോജ് എബ്രഹാമിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാകും എസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തെ രൂപീകരിക്കുക. കോടതി നിര്‍ദേശിച്ചാല്‍ പിന്നീട് കേസെടുത്ത് അന്വേഷണം നടത്താന്‍ സര്‍ക്കാരിന്റെ അനുമതി വേണ്ടി വരില്ല. ആരോപണവിധേയനായ എഡിജിപി എം.ആര്‍. അജിത്കുമാറിന്റെ മാത്രം മൊഴി രേഖപ്പെടുത്തി അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ച നടപടി നിയമപരമല്ലെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. അതേസമയം വിജിലന്‍സ് കോടതി നിലപാടിനെതിരേ ഹൈക്കോടതിയെ സമീപിക്കുന്ന കാര്യവും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. അന്വേഷണ റിപ്പോര്‍ട്ട് തള്ളിയ വിജിലന്‍സ് കോടതി വിധിക്കെതിരേ അപ്പീല്‍ നല്‍കിയേക്കും. വിജിലന്‍സ് കോടതി ഉത്തരവ് വിജിലന്‍സ് മാന്വവലിനു വിരുദ്ധമാണെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.

വിജിലന്‍സ് കോടതി ഉത്തരവ് വിജിലന്‍സ് മാന്വലിന് വിരുദ്ധമാണെന്നാണ് സര്‍ക്കാറിന് ലഭിച്ച നിയമോപദേശം. എ.ഡി.ജി.പിയെ സംരക്ഷിക്കാന്‍ അദൃശ്യശക്തി പ്രവര്‍ത്തിച്ചെന്ന് നിരീക്ഷിച്ചാണ് പ്രത്യേക വിജിലന്‍സ് കോടതി ജഡ്ജി എം. മനോജ് വ്യാഴാഴ്ച അന്വേഷണ റിപ്പോര്‍ട്ട് തള്ളിയത്. കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനെ കുറ്റപ്പെടുത്തിയ കോടതി, അന്തിമ റിപ്പോര്‍ട്ടിലെ മുഖ്യമന്ത്രി അംഗീകരിച്ചെന്ന പരാമര്‍ശത്തെ നിശിതമായി വിമര്‍ശിച്ചിരുന്നു. നിയമത്തിന് മുന്നില്‍ പാവപ്പെട്ടവരെന്നോ പണക്കാരനെന്നോ വലിയവനെന്നോ ചെറിയവനെന്നോ വ്യത്യാസമില്ലെന്ന 1992ലെ ഭജന്‍ലാല്‍ കേസിലെ സുപ്രീംകോടതി വിധി ഉദ്ധരിച്ചാണ് കോടതിയുടെ ഉത്തരവ് ആരംഭിക്കുന്നത്. മുഖ്യമന്ത്രി വിജിലന്‍സിന്റെ ഭരണത്തലവന്‍ മാത്രമാണ്. അന്വേഷണത്തിന്റെ ഒരുഘട്ടത്തിലും ഇടപെടാന്‍ രാഷ്ട്രീയ ഉന്നതര്‍ക്ക് കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ഇതിനെയാണ് സര്‍ക്കാര്‍ ഹൈകോടതിയില്‍ ചോദ്യംചെയ്യുക. സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടാല്‍ അന്തിമ റിപ്പോര്‍ട്ടില്‍ തീരുമാനമെടുക്കേണ്ടത് സര്‍ക്കാര്‍തന്നെയെന്നാണ് വിലയിരുത്തല്‍.

വിജിലന്‍സ് കോടതി ഉത്തരവിലെ, മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശം നീക്കം ചെയ്യാനും ഹൈക്കോടതിയെ സമീപിക്കും. വിജിലന്‍സ് കോടതി ഹര്‍ജിക്കാരന്റെ മൊഴി രേഖപ്പെടുത്തുന്നതിനു മുന്പ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ സാധ്യത ഏറെയാണ്. കോടതി വിധി സ്‌റ്റേ ചെയ്യണമെന്നാകും ഹൈക്കോടതിയില്‍ സര്‍ക്കാര്‍ ആവശ്യപ്പെടുക. അജിത്തിന്റെ മൊഴി സാധൂകരിക്കുന്ന തെളിവുണ്ട്. ആരോപണം അടിസ്ഥാനരഹിതവും വാസ്തവവിരുദ്ധവുമായതിനാല്‍ കേസെടുക്കേണ്ടതില്ലെന്നായിരുന്നു വിജിലന്‍സ് റിപ്പോര്‍ട്ട്. അനധികൃത സ്വത്തുണ്ടാക്കിയെന്ന ആരോപണത്തിലും അജിത്തിനെതിരേ തെളിവില്ല. അതേസമയം, വിജിലന്‍സിന്റെ നിയമോപദേശകന്റെ ഒപ്പില്ലാതെയാണ് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചതത്രേ. കരിപ്പുര്‍ വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തില്‍ അജിത്തിന് പങ്കുണ്ടെന്ന പി.വി.അന്‍വറിന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്നും അവിടത്തെ ഒരു നടപടിയിലും അജിത്ത് ഇടപെട്ടിട്ടില്ലെന്നുമാണ് റിപ്പോര്‍ട്ടിലുള്ളത്.

മലപ്പുറം എസ്പി ഓഫീസില്‍നിന്ന് തേക്കുമരം കടത്തിക്കൊണ്ടുപോയി ഫര്‍ണിച്ചറുണ്ടാക്കിയെന്ന ആരോപണത്തില്‍ കഴന്പില്ല. കവടിയാറില്‍ വീടുണ്ടാക്കുന്നതില്‍ അഴിമതിപ്പണമുണ്ടെന്ന ആരോപണത്തില്‍ തെളിവില്ല. നിയമപരമല്ലാത്ത കാര്യങ്ങളൊന്നും അവിടെ നടക്കുന്നില്ല. അജിത്തിന്റെ മൊഴികളുടെ അടിസ്ഥാനത്തിലാണ് എല്ലാ ആരോപണങ്ങളിലും ക്ലീന്‍ ചിറ്റ്. മലപ്പുറത്തെ സ്വര്‍ണക്കടത്ത് കേസുകളില്‍ അജിത് ഇടപെട്ടിട്ടില്ലെന്ന് പോലീസുകാരുടെ മൊഴികളുണ്ട്. നിയമവിരുദ്ധമായി ഇടപെട്ടില്ലെന്ന് എസ്പി സുജിത്ത്ദാസും മൊഴി നല്‍കി. അജിത്തിന്റെയും ഭാര്യയുടെയും ബന്ധുക്കള്‍ക്ക് ദുബായില്‍ ജോലിയോ ബിസിനസോ ഇല്ല. അജിത്തിന് ദുബായില്‍ ഒരു ബിസിനസിലും നിക്ഷേപമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Tags:    

Similar News