കണ്ണൂരില്‍ സ്‌കൂളിലേക്ക് നടന്നു പോകുന്നതിനിടെ തോട്ടില്‍ വീണ് വിദ്യാര്‍ത്ഥിനി മരിച്ചു; മരണമടഞ്ഞത് മാടായി സ്‌കൂളിലെ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥിനി ശ്രീനന്ദ
തോട്ടില്‍ വീണ് വിദ്യാര്‍ത്ഥിനി മരിച്ചു
കണ്ണൂര്‍ : കണ്ണൂര്‍ ജില്ലയിലെ പഴയങ്ങാടിയില്‍ സ്‌കൂള്‍ ബസ് കയറാനായി വീട്ടില്‍നിന്നു നടന്നു പോകുന്നതിനിടയില്‍ തോട്ടില്‍ വീണു ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥിനി മരിച്ചു. മാടായി ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനി വെങ്ങരയിലെ എന്‍.വി. ശ്രീനന്ദയാണ് (16) മരിച്ചത്.
വെള്ളിയാഴ്ച രാവിലെ 8.45 നാണ് വിദ്യാര്‍ഥിനി വെങ്ങര നടയ്ക്കു താഴെ റോഡിനു സമീപത്തെ തോടില്‍ വീണത്. കുട്ടി തോട്ടില്‍ വീണത് കണ്ട മറ്റു വിദ്യാര്‍ത്ഥികള്‍ വിവരം നല്‍കിയതിനെ തുടര്‍ന്ന് നാട്ടുകാരെത്തി പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
വെങ്ങര നടക്കു താഴെ എന്‍.വി. സുധീഷ് കുമാര്‍, സുജ ദമ്പതികളുടെ മകളാണ്. സഹോദരന്‍: വിശ്വജിത്ത്. മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.