മുകേഷും ജയസൂര്യയും അടക്കമുളള നടന്മാര്‍ക്ക് എതിരായ പീഡന പരാതി പിന്‍വലിക്കില്ല; തീരുമാനത്തില്‍ നിന്ന് പിന്മാറി ആലുവ സ്വദേശിയായ നടി; തനിക്കെതിരായ പോക്‌സോ കേസ് നിയമപരമായി നേരിടുമെന്നും നടി

മുകേഷും ജയസൂര്യയും അടക്കമുളള നടന്മാര്‍ക്ക് എതിരായ പീഡന പരാതി പിന്‍വലിക്കില്ല

Update: 2024-11-24 09:42 GMT

കൊച്ചി: മുകേഷ്, ജയസൂര്യ ഉള്‍പ്പെടെയുള്ള നടന്‍മാര്‍ക്കെതിരായ പരാതികള്‍ പിന്‍വലിക്കാനുള്ള തീരുമാനത്തില്‍ നിന്ന് ആലുവ സ്വദേശിയായ നടി പിന്മാറി. കേസുകളുമായി മുന്നോട്ടുപോകുമെന്നും തനിക്കെതിരായ പോക്‌സോ കേസ് നിയമപരമായി നേരിടുമെന്നും നടി വ്യക്തമാക്കി. വെള്ളിയാഴ്ചയാണു കേസുകള്‍ പിന്‍വലിക്കുമെന്നു നടി പ്രഖ്യാപിച്ചത്.

കേസുകള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തിന് ഇമെയില്‍ അയക്കുമെന്ന് നടി പറഞ്ഞിരുന്നു. ബന്ധുവായ യുവതി നല്‍കിയ പോക്‌സോ കേസില്‍ പൊലീസ് സഹായിച്ചില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു പിന്മാറ്റമെന്ന പ്രഖ്യാപനം. എന്നാല്‍ പ്രതികരണം വൈകാരികമായിരുന്നുവെന്നും കേസുമായി മുന്നോട്ടുപോകാന്‍ ഭര്‍ത്താവ് ഉള്‍പ്പെടെ ആവശ്യപ്പെട്ടുവെന്നും നടി വിശദീകരിച്ചു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ മുകേഷ്, ജയസൂര്യ, മണിയന്‍പിള്ള രാജു, ഇടവേള ബാബു ഉള്‍പ്പെടെയുള്ള ഏഴുപേര്‍ക്കെതിരെയാണ് പരാതി നല്‍കിയത്. പരാതികളില്‍ കേസ് റജിസ്റ്റര്‍ ചെയ്ത പ്രത്യേക അന്വേഷണസംഘം നടിയുടെ രഹസ്യമൊഴി ഉള്‍പ്പെടെ രേഖപ്പെടുത്തിയിരുന്നു. അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കവേയാണ് കഴിഞ്ഞ ദിവസം പരാതികള്‍ പിന്‍വലിക്കുന്നുവെന്ന് നടി പറഞ്ഞത്.

പ്രായപൂര്‍ത്തിയാവാത്ത, ബന്ധുവായ പെണ്‍കുട്ടിയെ ചെന്നൈയില്‍ കൊണ്ടുപോയി പലര്‍ക്കും കൈമാറി എന്ന പരാതിയില്‍ നടിക്കെതിരെ പോക്‌സോ കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു. സമൂഹനന്മയ്ക്കു വേണ്ടി മുന്നോട്ടുവന്ന തന്നെ പൊലീസും സര്‍ക്കാരും കേസില്‍ സഹായിച്ചില്ലെന്നും നിരപരാധിയായ തനിക്ക് സൈബര്‍ ആക്രമണം നേരിടേണ്ടി വന്നെന്നും നടി പറഞ്ഞിരുന്നു. നടിയുടെ വെളിപ്പെടുത്തല്‍ സിനിമ മേഖലയിലാകെ കോളിളക്കം സൃഷ്ടിച്ചിരുന്നു.

Tags:    

Similar News