രാജാവിനെപ്പോലെ വാണു; തോല്‍ക്കാന്‍ മനസ്സില്ലാതെ മടക്കം; ആഡംബര ജീവിതത്തിന് തടസ്സമായത് കേന്ദ്ര ഏജന്‍സികളുടെ പിടിമുറുക്കല്‍; ഒടുവില്‍ യഥാര്‍ത്ഥ കാരണം പുറത്ത്... കോണ്‍ഫിഡന്റ് റോയ് മരിക്കാന്‍ ഒരുങ്ങിയത് ഒരാഴ്ച്ച! കോണ്‍ഫിഡന്റ് ഗ്രൂപ്പ് തകരാതെ മുമ്പോട്ട് പോകും
ബാംഗ്ലൂര്‍: ദക്ഷിണേന്ത്യയിലെ റിയല്‍ എസ്റ്റേറ്റ് ഭീമന്‍ കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സി.ജെ. റോയിയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ നീങ്ങുന്നു. ആഡംബര ജീവിതം അത്രമേല്‍ ആസ്വദിച്ചിരുന്ന റോയി, കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ പരിശോധനയെത്തുടര്‍ന്ന് തന്റെ സാമ്പത്തിക സ്രോതസ്സുകള്‍ അടയുന്നുവെന്നും രാജകീയ ജീവിതത്തിന് തടസ്സം നേരിടുന്നുവെന്നും തിരിച്ചറിഞ്ഞതിനെത്തുടര്‍ന്നാണ് സ്വയം മരണത്തിലേക്ക് നടന്നുകയറിയതെന്നാണ് പുറത്തുവരുന്ന പുതിയ വിവരങ്ങള്‍.
ഇതുമായി ബന്ധപ്പെട്ട വീഡിയോ സ്‌റ്റോറി ചുവടെ
ആഡംബരങ്ങളുടെ രാജകുമാരന്‍ കേരളത്തിലെ അതിസമ്പന്നരുടെ പട്ടികയില്‍ പലപ്പോഴും റോയിയുടെ പേര് വന്നിട്ടില്ലെങ്കിലും, അവരെക്കാളെല്ലാം വലിയ ആഡംബര ജീവിതമാണ് അദ്ദേഹം നയിച്ചിരുന്നത് . ദുബായിലെ ഗാരേജില്‍ മാത്രം 12 റോള്‍സ് റോയിസ് കാറുകള്‍ ഉള്‍പ്പെടെ 150 കോടിയോളം വിലമതിക്കുന്ന വാഹനശേഖരം അദ്ദേഹത്തിനുണ്ടായിരുന്നു. കഴിഞ്ഞ 15 വര്‍ഷമായി ബാംഗ്ലൂരിലെ ഒരു പഞ്ചനക്ഷത്ര റിസോര്‍ട്ടിലെ റോയല്‍ സ്യൂട്ടിലായിരുന്നു അദ്ദേഹത്തിന്റെ താമസം. സ്വന്തമായി കൊട്ടാര സമാനമായ വീടുകളും റിസോര്‍ട്ടുകളും ഉണ്ടായിട്ടും ഒരു രാജാവിനെപ്പോലെ ഹോട്ടല്‍ ജീവിതം നയിക്കാന്‍ അദ്ദേഹം കോടികളാണ് ചെലവഴിച്ചിരുന്നത്. ആ നിലയിലെ എല്ലാ മറികളും ബുക്ക് ചെയ്തായിരുന്നു ജീവിതം. അംഗ രക്ഷകര്‍ അടക്കം ഉണ്ടായിരുന്നു. ഒരു രാജാവിനെപ്പോലെ ജീവിച്ച അദ്ദേഹം, തന്റെ ആഡംബര ജീവിതത്തിന് പ്രതിസന്ധികള്‍ നേരിട്ടതോടെയാണ് സ്വയം മരണം തിരഞ്ഞെടുത്തതെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.
അത്യാഡംബരം ഒരു ബിസിനസ് തന്ത്രം ആയിരുന്നു. താന്‍ സാമ്പത്തികമായി അതിശക്തനാണെന്ന് ലോകത്തിന് മുന്നില്‍ കാണിക്കാന്‍ റോയി തിരഞ്ഞെടുത്തത് അതിരുകടന്ന ആഡംബരങ്ങളായിരുന്നു. ബാംഗ്ലൂരിലെ പഞ്ചനക്ഷത്ര ഹോട്ടലിലെ റോയല്‍ സ്യൂട്ടിലെ താമസം, നൂറുകണക്കിന് ആഡംബര കാറുകള്‍, ദുബായിലെ കൊട്ടാരസമാനമായ വീട് എന്നിവയെല്ലാം നിക്ഷേപകര്‍ക്ക് തന്നിലുള്ള വിശ്വാസം വര്‍ദ്ധിപ്പിക്കാനായി അദ്ദേഹം ഉപയോഗിച്ച 'ബ്രാന്‍ഡിംഗ്' തന്ത്രങ്ങളായിരുന്നു. ഇത്തരമൊരു ജീവിതശൈലിയിലൂടെ താന്‍ സുരക്ഷിതനാണെന്ന തോന്നല്‍ അദ്ദേഹം മറ്റുള്ളവരില്‍ ഉണ്ടാക്കി.
കഴിഞ്ഞ കുറച്ചു കാലമായി റോയിയുടെ സാമ്പത്തിക സ്രോതസ്സുകള്‍ക്ക് മേല്‍ കേന്ദ്ര ഏജന്‍സികള്‍ നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇന്ത്യയില്‍ നിന്നുള്ള പണം യുഎഇയിലേക്ക് എത്തിക്കുന്നതിലെ തടസ്സങ്ങള്‍ അദ്ദേഹത്തെ പ്രതിസന്ധിയിലാക്കി. ആദായനികുതി വകുപ്പ് ചുമത്തിയ പിഴ അടച്ചു തീര്‍ക്കാന്‍ തീരുമാനിച്ചെങ്കിലും, തുടര്‍ന്ന് ബിസിനസ് മുന്നോട്ട് കൊണ്ടുപോകുന്നതിലെ സാമ്പത്തിക ലഭ്യതയില്‍ അദ്ദേഹം ആശങ്കാകുലനായിരുന്നു. ദുബായിലെ പ്രോജക്റ്റുകളില്‍ കേസുകള്‍ ഉണ്ടാകുമോ എന്നും അദ്ദേഹം ഭയപ്പെട്ടു.
മകളെ താരം ആക്കാനുള്ള മോഹം സിനിമകള്‍ നിര്‍മ്മിച്ച് റോയിക്ക് വലിയ സാമ്പത്തിക നഷ്ടം സംഭവിച്ചിട്ടുണ്ട്. എന്നിട്ടും പ്രശസ്ത സംവിധായകന്‍ വി.കെ. പ്രകാശിന്റെ സിനിമ നിര്‍മ്മിച്ചത് തന്റെ മകളോടുള്ള സ്‌നേഹം കാരണമായിരുന്നു. മകളെ ഒരു സിനിമാ താരമായി അവതരിപ്പിക്കണമെന്നത് അദ്ദേഹത്തിന്റെ വലിയ ആഗ്രഹമായിരുന്നു. ഇതിനായി ഐഡിയ സ്റ്റാര്‍ സിംഗര്‍ പോലുള്ള വേദികളിലും അദ്ദേഹം മകളെ എത്തിച്ചിരുന്നു. വി.കെ. പ്രകാശിന്റെ ചിത്രീകരണം പൂര്‍ത്തിയായ സിനിമയില്‍ മകള്‍ അഭിനയിച്ചിട്ടുണ്ട് എന്നാണ് സൂചന.
'ജീവിക്കുന്നുണ്ടെങ്കില്‍ അത് രാജാവിനെപ്പോലെയായിരിക്കണം' എന്നതായിരുന്നു റോയിയുടെ വാശി. ആരുടെ മുന്നിലും തലകുനിക്കാനോ തോറ്റുകൊടുക്കാനോ അദ്ദേഹം തയ്യാറായിരുന്നില്ല. മറ്റുള്ളവരെ പറ്റിച്ച് രക്ഷപ്പെടാനുള്ള മനസ്സ് അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. 24,000 പേര്‍ക്ക് വീട് നല്‍കിയിട്ടും ഒരാള്‍ക്ക് പോലും പരാതി നല്‍കാന്‍ അദ്ദേഹം അവസരം കൊടുത്തിരുന്നില്ല. ബാംഗ്ലൂരില്‍ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ വീടുകളിലൊന്നിന്റെ നിര്‍മ്മാണത്തിലുമായിരുന്നു അദ്ദേഹം. എന്നാല്‍ അന്വേഷണങ്ങളും സാമ്പത്തിക പ്രതിസന്ധിയും തന്റെ രാജകീയ ജീവിതത്തെ ബാധിക്കുമെന്ന് ഉറപ്പായതോടെ അദ്ദേഹം മരണം തിരഞ്ഞെടുക്കുകയായിരുന്നു.
കമ്പനി സുരക്ഷിതം സി.ജെ. റോയിയുടെ വിയോഗം വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണെന്നും കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങളെ ഇത് ബാധിക്കില്ലെന്നും കമ്പനി വൃത്തങ്ങള്‍ അറിയിച്ചു. ഗ്രൂപ്പിന്റെ പ്രോജക്റ്റുകളെല്ലാം സുരക്ഷിതമായി തന്നെ മുന്നോട്ട് പോകും. ആറുമാസമായി ഇന്‍കം ടാക്‌സ്, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തുടങ്ങിയ ഏജന്‍സികള്‍ റോയിയുടെ ബിസിനസ് ഇടപാടുകളില്‍ നിരീക്ഷണം ശക്തമാക്കിയിരുന്നു . കേന്ദ്ര എക്കണോമിക് ഇന്റലിജന്‍സ് വിങ്ങിന്റെ റഡാറിലായിരുന്നു അദ്ദേഹത്തിന്റെ കമ്പനി. ബാങ്ക് വായ്പകളില്ലാതെ നിക്ഷേപകരില്‍ നിന്ന് നേരിട്ട് പണം സ്വീകരിച്ചായിരുന്നു റോയിയുടെ ബിസിനസ് രീതി. എന്നാല്‍ അന്വേഷണം ശക്തമായതോടെ പണമൊഴുക്ക് തടസ്സപ്പെടുകയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും ചെയ്യുന്ന അവസ്ഥയുണ്ടായി. അന്വേഷണം മുറുകിയതോടെ നിക്ഷേപകര്‍ പണം തിരിച്ചുചോദിച്ചു തുടങ്ങിയത് റോയിയെ വലിയ മാനസിക സമ്മര്‍ദ്ദത്തിലാക്കി. ആഡംബര ജീവിതം തകരുമെന്നും പ്രതീക്ഷിച്ചു.
മരണത്തിന് മുമ്പ് ഒരാഴ്ചയായി അദ്ദേഹം ഉറങ്ങിയിരുന്നില്ലെന്നും കടുത്ത വിഷാദത്തിലായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു താന്‍ പടുത്തുയര്‍ത്തിയ ആഡംബര സാമ്രാജ്യം തകരുന്നുവെന്ന തിരിച്ചറിവ് അദ്ദേഹത്തിന് താങ്ങാനായില്ല. തോല്‍ക്കാന്‍ താല്പര്യമില്ലാത്ത സ്വഭാവക്കാരനായിരുന്ന റോയി, ഒരാഴ്ചയോളം ചിന്തിച്ചുറപ്പിച്ച ശേഷമാണ് മരണം തിരഞ്ഞെടുത്തത്. തന്റെ ജീവിതകഥയും മരണകാരണങ്ങളും വിശദീകരിക്കുന്ന നീണ്ട കുറിപ്പുകള്‍ അദ്ദേഹം തയ്യാറാക്കിയിരുന്നു. സഹോദരനെയും കമ്പനി എംഡിയെയും വിളിച്ചുവരുത്തിയ ശേഷം, അവര്‍ പുറത്തുപോയ തക്കത്തിന് വെടിയുതിര്‍ത്ത് അദ്ദേഹം ജീവിതം അവസാനിപ്പിക്കുകയായിരുന്നു. റോയിയുടെ മരണം കമ്പനിയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കില്ലെന്ന് കോണ്‍ഫിഡന്റ് ഗ്രൂപ്പ് എം.ഡി സി.എ. ജോസഫ് വ്യക്തമാക്കിയിട്ടുണ്ട്.
ഉപഭോക്താക്കള്‍ക്ക് നല്‍കാനുള്ള വീടുകളും പ്രോജക്റ്റുകളും തടസ്സമില്ലാതെ മുന്നോട്ട് പോകുമെന്നും കമ്പനി സാമ്പത്തികമായി ഭദ്രമാണെന്നും അദ്ദേഹം അറിയിച്ചു. റോയിയുടെ വ്യക്തിപരമായ സാമ്പത്തിക രീതികളാണ് അദ്ദേഹത്തെ പ്രതിസന്ധിയിലാക്കിയതെന്നും അത് സ്ഥാപനത്തിന്റെ ആരോഗ്യത്തെ ബാധിക്കില്ലെന്നുമാണ് വിലയിരുത്തല്‍.
