ശബരിമലയില്‍ അഭൂതപൂര്‍വമായ തിരക്കുള്ളപ്പോള്‍ മണിക്കൂറുകളോളം പവര്‍കട്ട്; തികഞ്ഞ സര്‍ക്കാര്‍ അനാസ്ഥ; അടിയന്തര നടപടികള്‍ വേണമെന്ന് രമേശ് ചെന്നിത്തല

ശബരിമലയില്‍ അടിയന്തര നടപടികള്‍ വേണമെന്ന് ചെന്നിത്തല

Update: 2024-10-22 13:30 GMT

തിരുവനന്തപുരം: ശബരിമല തീര്‍ഥാടനക്കാര്യത്തില്‍ സര്‍ക്കാര്‍ തികഞ്ഞ അനാസ്ഥയാണ് കാണിക്കുന്നത് എന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ഇത്രയും ഭക്തജനത്തിരക്കുള്ള സ്ഥലത്ത് മണിക്കൂറുകളോളം പവര്‍ കട്ട് ഉണ്ടാവുക എന്നത് അംഗീകരിക്കാനാവില്ല. മണ്ഡലക്കാലം അല്ലാതിരുന്നിട്ടു പോലും കഴിഞ്ഞ നാലു ദിവസങ്ങളായി അഭൂതപൂര്‍വമായ തിരക്കാണ് ശബരിമലയില്‍ അനുഭവപ്പെടുന്നത്. ഭക്തര്‍ അഞ്ചും ആറും മണിക്കൂറുകള്‍ ദര്‍ശനത്തിനായി ക്യൂ നില്‍ക്കേണ്ടി വരുന്നു. ഭക്തജനത്തിരക്ക് നിയന്ത്രിക്കാന്‍ വേണ്ട സംവിധാനങ്ങള്‍ ശബരിമലയില്‍ ഏര്‍പ്പെടുത്തുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുകയാണ്. ആവശ്യത്തിന് പോലീസിനെ സന്നിധാനത്ത് നിയോഗിച്ചിട്ടില്ല.

പരിചയസമ്പന്നരായ പോലീസ് ഉദ്യോഗസ്ഥരെ ശബരിമലയില്‍ തിരക്ക് നിയന്ത്രിക്കാന്‍ നിയോഗിക്കണമെന്ന് ആവര്‍ത്തിച്ച് സര്‍ക്കാരിനോട് ആവശ്യപ്പെട്ടതാണ്. എന്നാല്‍ ശബരിമലയില്‍ ഭക്തര്‍ സന്തോഷത്തോടെ ദര്‍ശനം നടത്തി മടങ്ങുന്നതില്‍ സര്‍ക്കാരിന് താല്‍പര്യമില്ലാത്തതു പോലെയാണ് കാര്യങ്ങള്‍. വര്‍ഷങ്ങളായി ശബരിമലയില്‍ വന്‍ ഭക്തജനക്കൂട്ടമാണ് എത്തുന്നത്. എന്നാല്‍ കഴിഞ്ഞ ഒന്നു രണ്ടു വര്‍ഷത്തേപ്പോലെ തിരക്കു നിയന്ത്രിക്കാന്‍ സംവിധാനങ്ങള്‍ പൂര്‍ണമായും പരാജയപ്പെട്ട അവസ്ഥ മുമ്പുണ്ടായിട്ടില്ല. മന;പൂര്‍വം അവഗണിക്കുകയാണോ എന്ന് സംശയിച്ചാല്‍ കുറ്റം പറയാനാവില്ല.

മണ്ഡലക്കാലം തുടങ്ങും മുമ്പുള്ള മാസങ്ങളില്‍ ഇതാണ് സ്ഥിതിയെങ്കില്‍ മണ്ഡലക്കാലത്ത് എങ്ങിനെയാണ് ഇവര്‍ തിരക്ക് നിയന്ത്രിക്കാന്‍ പദ്ധതിയിടുന്നത് എന്ന് ചെന്നിത്തല ചോദിച്ചു.

Tags:    

Similar News