'ഇനി എന്ത് ചെയ്താലും രക്ഷയില്ല..'; ഛത്തീസ്ഗഡിൽ വൻ ആയുധശേഖരം പിടികൂടി ബോർഡർ പോലീസ്; പിടിച്ചെടുത്തത് മാവോയിസ്റ്റുകൾ ഒളിപ്പിച്ച ആയുധങ്ങൾ
ഡൽഹി: ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകൾ ഒളിപ്പിച്ച വൻ ആയുധശേഖരം ഇൻഡോ-ടിബറ്റൻ ബോർഡർ പോലീസ് (ഐടിബിപി) പിടികൂടി. നാരായണൻപൂർ ഉൾപ്പെടെയുള്ള കൊടും വനമേഖലകളിൽ നടത്തിയ തിരച്ചിലിനൊടുവിലാണ് അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെയുള്ളവ കണ്ടെടുത്തത്.
കമാൻഡൻ്റ് ദുഷ്യന്ത് രാജ് ജയ്സ്വാൾ, സെക്കൻഡ് ഇൻ കമാൻഡ് ദീപക് സെമാൽട്ടി എന്നിവരുടെ നേതൃത്വത്തിലുള്ള 57 അംഗ ഐടിബിപി 29-ാം ബറ്റാലിയൻ സംഘമാണ് ഒരു ദിവസം നീണ്ട പരിശോധനകൾക്കൊടുവിൽ ആയുധങ്ങൾ കണ്ടെത്തിയത്. വനത്തിലെ നാല് രഹസ്യ കേന്ദ്രങ്ങളിൽ മാവോയിസ്റ്റുകൾ ഒളിപ്പിച്ച നിലയിലായിരുന്നു ആയുധങ്ങൾ. സുരക്ഷാസേനയുടെ കണ്ണിൽപ്പെടാതിരിക്കാൻ അതീവ രഹസ്യമായാണ് ഇവ സൂക്ഷിച്ചിരുന്നത്.
രാജ്യം മാവോയിസ്റ്റ് മുക്തമാക്കുമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രഖ്യാപനത്തിന് പിന്നാലെ ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകൾക്കെതിരെ സുരക്ഷാസേന വ്യാപകമായ തിരച്ചിൽ നടത്തുകയാണ്. ഈ നീക്കങ്ങളുടെ ഭാഗമായാണ് ഐടിബിപിയുടെ നിർണ്ണായകമായ ആയുധവേട്ട. മാവോയിസ്റ്റ് ഭീഷണി നേരിടുന്ന പ്രദേശങ്ങളിൽ സുരക്ഷാസേനയുടെ ശക്തമായ നടപടികൾ തുടരുമെന്നതിന്റെ സൂചനയാണ് ഈ പിടികൂടൽ.