എല്ലാ കെ എ എസ് ഉദ്യോഗസ്ഥരും പ്രതീക്ഷയ്ക്ക് ഒത്തുയര്‍ന്നില്ല; തിരുത്താനുള്ളവര്‍ തിരുത്തണം: വിമര്‍ശനവുമായി മുഖ്യമന്ത്രി; അടുത്ത ബാച്ചിന്റെ നിയമനം ഉടന്‍
എല്ലാ കെ എ എസ് ഉദ്യോഗസ്ഥരും പ്രതീക്ഷയ്ക്ക് ഒത്തുയര്‍ന്നില്ല
തിരുവനന്തപുരം: എല്ലാ കെഎഎസ് ഉദ്യോഗസ്ഥരും പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ലെന്ന് വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുത്താനുള്ളവര്‍ തിരുത്തണമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പഴയ ശീലങ്ങള്‍ക്ക് അധ്യക്ഷത വഹിക്കുന്ന പദവിയാകരുത് കെഎഎസ് എന്ന് അഭിപ്രായപ്പെട്ട മുഖ്യമന്ത്രി അടുത്ത ബാച്ച് കെഎഎസ് ഉദ്യോഗസ്ഥരുടെ നിയമനം ഉടനെന്നും മുഖ്യമന്ത്രി പറഞ്ഞു. കെഎഎസ് പോസിറ്റീവായ റിസല്‍ട്ട് കിട്ടിയിട്ടുണ്ടെന്നും ഇനിയും ഏറെ മുന്നേറാന്‍ ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിലവിലെ സര്‍ക്കാര്‍ സമ്പ്രദായങ്ങള്‍ കെഎഎസുകാര്‍ അതേപടി പിന്തുടരരുത്. ചുവപ്പുനാട പഴയതു പോലെ ഇല്ല. പക്ഷെ ചില വകുപ്പുകളില്‍ ഇപ്പോഴും ഉണ്ടെന്നും അത് മാറ്റിയെടുക്കണമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അപ്രധാന വകുപ്പുകളെന്നൊരു വിഭാഗം ഇല്ല. ബ്യൂറോക്രസിയുടെ ചട്ടക്കൂട് ഭേദിക്കണം. ഫയലുകളില്‍ കാലതാമസം പാടില്ല. ജനപ്രതിനിധികളെ വിലകുറച്ച് കാണരുതെന്നും ജനങ്ങള്‍ക്കുള്ള ആനുകൂല്യം എത്രയും പെട്ടെന്ന് നല്‍കലാകണം ഫയല്‍ നോട്ടത്തിന്റെ മാനദണ്ഡമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.