യുവതിയെ കാറില്‍ കയറ്റിക്കൊണ്ടുപോയി അപായപ്പെടുത്താന്‍ ശ്രമിച്ച കേസ്; മൂന്നാം പ്രതിയും പിടിയില്‍

യുവതിയെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മൂന്നാം പ്രതി പിടിയില്‍

Update: 2024-10-18 14:49 GMT

പത്തനംതിട്ട: യുവതിയെ ബലം പ്രയോഗിച്ചു കാറില്‍ കയറ്റിക്കൊണ്ടുപോയി അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മൂന്നാം പ്രതിയേയും കീഴ്വായ്പ്പൂര്‍ പോലീസ് പിടികൂടി. അടൂര്‍ കടമ്പനാട് നെല്ലിമുകള്‍ മധു മന്ദിരം വീട്ടില്‍ നിന്നും പന്തളം കുരമ്പാല പറന്തലില്‍ താമസം വി എസ് ആരാധന (32) ആണ് അറസ്റ്റിലായത്. കല്ലുപ്പാറ കടമാന്‍കുളം ഗവണ്‍മെന്റ് ഹെല്‍ത്ത് സെന്ററിന് സമീപം നടന്നു പോവുകയായിരുന്ന കടമാന്‍കുളം പുതുശ്ശേരി പുറത്ത് നിസ്സി മോഹന (27)നെ 2024 ജൂണ്‍ 6 ന് വൈകുന്നേരമാണ് മൂന്നു പ്രതികളുടെ സംഘം ബലം പ്രയോഗിച്ച് കാറില്‍ കടത്തിക്കൊണ്ടുപോയത്. ഒന്നും രണ്ടും പ്രതികളായ പ്രവീണ്‍ എന്ന് വിളിക്കുന്ന ബസലേല്‍ സി മാത്യുവും സ്റ്റോയ് വര്‍ഗീസും നേരത്തെ അറസ്റ്റിലായിരുന്നു.

കാറിന്റെ പിന്‍ സീറ്റിലിരുന്ന ഒന്നാംപ്രതി കടലാസില്‍ പൊതിഞ്ഞ കഞ്ചാവ് വലിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ നിസ്സി നിരസിച്ചു. തുടര്‍ന്ന്, ദേഹത്ത് കടന്നുപിടിച്ച് അപമാനിക്കാന്‍ ശ്രമിച്ചു.രണ്ടാംപ്രതി കത്തികാട്ടി ഭീഷണിപ്പെടുത്തി കഞ്ചാവ് വലിപ്പിച്ചു. ഇത് മൂന്നാം പ്രതി ആരാധന മൊബൈല്‍ ഫോണില്‍ പകര്‍ത്തി. ഒന്നാം പ്രതിക്കൊപ്പം വിനോദയാത്രയ്ക്ക് പോകാന്‍ സമ്മതിച്ചില്ലെങ്കില്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. പിന്നീട് പല സ്ഥലങ്ങളില്‍ കാറില്‍ ചുറ്റികറങ്ങിയ ശേഷം സന്ധ്യയോടെ പ്രതിഭാ ജംഗ്ഷനില്‍ ഇറക്കിവിടുകയായിരുന്നു.

പിറ്റേദിവസവും വൈകുന്നേരം പ്രവീണും സ്റ്റോയ് വര്‍ഗീസും കാറില്‍ കല്ലൂപ്പാറയില്‍ വച്ച് യുവതിയെ കത്തികാണിച്ച് ഭീഷണിപ്പെടുത്തി. പിന്നീട് സ്റ്റോയ് വര്‍ഗീസ് അടൂര്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ അറസ്റ്റിലായി റിമാന്‍ഡിലായി. കീഴ്വായ്പ്പൂര്‍ പോലീസ് ഇയാളെ ഫോര്‍മല്‍ അറസ്റ്റ് ചെയ്തിരുന്നു.പ്രവീണിനെ ജൂലൈ 22ന് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇരുവരും നിരവധി ക്രിമിനല്‍ ക്കേസുകളില്‍ പ്രതികളും കാപ്പ നടപടിക്ക് വിധേയരായിട്ടുള്ളവരും ജയില്‍ ശിക്ഷ അനുഭവിച്ചവരുമാണ്. പ്രതികള്‍ സഞ്ചരിച്ച കാര്‍ പോലീസ് പിടിച്ചെടുത്തിരുന്നു.

ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാറിന്റെ നിര്‍ദ്ദേശാനുസരണം മൂന്നാം പ്രതികരിക്കുവേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയതിന് തുടര്‍ന്ന് ഇന്ന് കുരമ്പാലയിലെ വീട്ടില്‍ നിന്നും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഇവരുടെ മൊബൈല്‍ ഫോണ്‍ പോലീസ് പിടിച്ചെടുത്തു. വിശദമായ ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ച പ്രതിയുടെ അറസ്റ്റ് പിന്നീട് രേഖപ്പെടുത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.പോലീസ് ഇന്‍സ്പെക്ടര്‍ വിപിന്‍ ഗോപിനാഥന്റെ നേതൃത്വത്തിലുള്ള സംഘമാണ് നടപടികള്‍ സ്വീകരിച്ചത്.

Tags:    

Similar News