'ജമ്മു കശ്മീര്‍ താരങ്ങളെ ഇന്ത്യന്‍ കുപ്പായത്തില്‍ കാണാന്‍ കാത്തിരിക്കുന്നു'; രഞ്ജി ട്രോഫി ഫൈനലില്‍ എത്തി ചരിത്രം കുറിച്ച ടീമിനെ അഭിനന്ദിച്ച് ഒമര്‍ അബ്ദുള്ള

Update: 2026-02-18 10:38 GMT

ശ്രീനഗര്‍: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ആദ്യമായി ഫൈനലിലെത്തിയ ജമ്മു കശ്മീര്‍ ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. സെമിയില്‍ കരുത്തരായ ബംഗാളിനെ ആറ് വിക്കറ്റിന് തകര്‍ത്താണ് ജമ്മു കശ്മീര്‍ ആദ്യമായി രഞ്ജി ട്രോഫി ഫൈനലില്‍ കടന്നത്. ടീമിന്റെ സുവര്‍ണ്ണ നേട്ടത്തില്‍ കളിക്കാരെയും കോച്ചുമാരെയും മറ്റ് സപ്പോര്‍ട്ട് സ്റ്റാഫിനെയും മുഖ്യമന്ത്രി അഭിനന്ദിച്ചു. 67 വര്‍ഷത്തിനിടെ ആദ്യമായാണ് ജമ്മു കശ്മീര്‍ ഫൈനലില്‍ എത്തുന്നത്.

ജമ്മു കശ്മീരിലെ ജനങ്ങള്‍ക്ക് വേണ്ടി ഞാന്‍ ടീമിനെ ഹൃദയപൂര്‍വ്വം അഭിനന്ദിക്കുന്നു. നമ്മുടെ നാട്ടില്‍ നിന്നുള്ള താരങ്ങള്‍ ഇന്ത്യന്‍ ദേശീയ ടീമില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്ന ആ ദിവസം വിദൂരമല്ലെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു എന്നായിരുന്നു ഒമറിന്റെ വാക്കുകള്‍. ടീം കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നടത്തുന്ന മികച്ച മുന്നേറ്റം അവരുടെ കഠിനാധ്വാനത്തിന്റെയും അച്ചടക്കത്തിന്റെയും ഫലമാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. രഞ്ജി ട്രോഫി ഫൈനലിലെത്തുക എന്നത് ഒരാള്‍ക്ക് മാത്രം സാധിക്കുന്ന കാര്യമല്ലെന്നും ഇത് മുഴുവന്‍ ടീമിന്റെയും ഒത്തൊരുമിച്ചുള്ള വിജയമാണെന്നും ഒമര്‍ അബ്ദുള്ള പറഞ്ഞു.

ജമ്മു കശ്മീരിലെ കായിക മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും വളര്‍ന്നുവരുന്ന പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കി. ഈ ചരിത്ര വിജയം കശ്മീരിലെ ലക്ഷക്കണക്കിന് യുവാക്കള്‍ക്ക് ക്രിക്കറ്റിലേക്കും മറ്റ് കായിക ഇനങ്ങളിലേക്കും കടന്നുവരാന്‍ കരുത്തേകുമെന്നും അദ്ദേഹം പറഞ്ഞു. ഫെബ്രുവരി 24-ന് ആരംഭിക്കുന്ന ഫൈനലില്‍ കര്‍ണാടക-ഉത്തരാഖണ്ഡ് രണ്ടാം സെമിയിലെ വിജയി ആയിരിക്കും ജമ്മു കശ്മീരിന്റെ എതിരാളികള്‍.

Similar News