ലേലത്തിന് വെച്ച സര്‍ക്കാര്‍ തടി പട്ടാപ്പകല്‍ ലോറി കയറ്റി 'അടിച്ചുമാറ്റി'; പണി പാളുമെന്ന് കണ്ടപ്പോള്‍ ഒരു ലോഡ് തിരിച്ചിട്ടു മുങ്ങി! വണ്ടന്മേട് ചിന്നതമ്പിക്കെതിരെ പോലീസ് കേസ്; പൂവാഗ തടികള്‍ കടത്തിയത് വന്‍ ആസൂത്രണത്തോടെ; കട്ടപ്പന അണക്കരയെ ഞെട്ടിച്ച മോഷണത്തില്‍ ബാക്കി തടികള്‍ എവിടെ?
വണ്ടന്മേട് ചിന്നതമ്പിക്കെതിരെ പോലീസ് കേസ്
കട്ടപ്പന: റോഡരികില്‍ ലേലത്തിനായി അടുക്കിവച്ചിരുന്ന ടണ്‍ കണക്കിന് സര്‍ക്കാര്‍ തടികള്‍ മോഷ്ടിച്ചു കടത്തിയ സംഭവത്തില്‍ പോലീസ് കേസെടുത്തു. വണ്ടന്മേട് വെള്ളിമല സ്വദേശി ചിന്നതമ്പിയെ പ്രതിയാക്കിയാണ് വണ്ടന്മേട് പോലീസ് കേസെടുത്തത്. പൊതുമരാമത്ത് നിരത്ത് വിഭാഗം അസിസ്റ്റന്റ് എന്‍ജിനീയര്‍ നല്‍കിയ പരാതിയിലാണ് നടപടി.
അണക്കര കടശ്ശിക്കടവ് ഭാഗത്ത് കുമളി - മൂന്നാര്‍ പാതയോരത്ത് സൂക്ഷിച്ചിരുന്ന 7.686 മീറ്റര്‍ ക്യൂബ് പൂവാഗ തടികളാണ് കടത്തിക്കൊണ്ടുപോയത്. സര്‍ക്കാര്‍ കണക്കുപ്രകാരം 22,289 രൂപ വിലവരുന്ന തടികള്‍ മോഷണമുതലാണെന്ന ബോധ്യത്തോടെ, കരുതിക്കൂട്ടിയുള്ള പദ്ധതിയോടെ വാഹനം ഉപയോഗിച്ച് കടത്തിയെന്നാണ് കേസ്.
തടികള്‍ ലോറിയില്‍ കയറ്റി കൊണ്ടുപോകുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് വകുപ്പിലെ ജീവനക്കാരന്‍ സ്ഥലത്തെത്തിയിരുന്നു. സംഭവം വിവാദമായതോടെ ഉദ്യോഗസ്ഥര്‍ ഫോണിലൂടെ ബന്ധപ്പെട്ടതിനെത്തുടര്‍ന്ന് കടത്തിക്കൊണ്ടുപോയതില്‍ ഒരു ലോഡ് തടി മാത്രം തിരികെ കൊണ്ടുവന്നിട്ടു. ബാക്കി തടികള്‍ കണ്ടെത്താനും പ്രതിയെ പിടികൂടാനുമായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.
സര്‍ക്കാരിന് വന്‍ വരുമാനം ലഭിക്കേണ്ട മരങ്ങള്‍ കടത്തിയതുമായി ബന്ധപ്പെട്ട് വകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയാണ് ഉണ്ടായിരിക്കുന്നത്. റോഡ് വികസനത്തിന്റെ ഭാഗമായി എട്ടാം മൈല്‍ ഭാഗത്തുനിന്ന് മുറിച്ചുനീക്കി പമ്പുപാറയില്‍ റോഡരികില്‍ സൂക്ഷിച്ചിരുന്ന തടികളാണ് കഴിഞ്ഞ ദിവസം ലോറികളുമായെത്തിയ സ്വകാര്യ ഏലം ഡ്രയര്‍ ഉടമകള്‍ കടത്തിയത്. നാല് ലോഡിലധികം വരുന്ന വിലപിടിപ്പുള്ള മരങ്ങള്‍ യാതൊരു അനുമതിയുമില്ലാതെ മാറ്റുകയായിരുന്നു.
സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് വകുപ്പിലെ ജീവനക്കാരന്‍ സ്ഥലത്തെത്തിയിട്ടും നടപടികള്‍ വൈകിപ്പിക്കുകയായിരുന്നു. വിവാദമായതിനെത്തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ഡ്രയര്‍ ഉടമയുമായി ബന്ധപ്പെടുകയും ഒരു ലോഡ് തടി മാത്രം തിരികെ എത്തിച്ച് പ്രശ്‌നം ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചതായും ആരോപണമുണ്ട്. അന്വേഷണം ആരംഭിക്കാനായി പൊലീസ് വിവരങ്ങള്‍ തേടിയെങ്കിലും, പൊതുമരാമത്ത് വകുപ്പ് നല്‍കിയ പരാതിയില്‍ പ്രതികളുടെ പേരോ മറ്റ് അനിവാര്യമായ വിവരങ്ങളോ രേഖപ്പെടുത്തിയിട്ടില്ല.
'ബ്ലൈന്‍ഡ്' ആയ പരാതി നല്‍കി പൊലീസിനെ വെട്ടിലാക്കുകയും പ്രതികളെ പിടികൂടുന്നത് വൈകിപ്പിക്കുകയുമാണ് വകുപ്പിന്റെ നീക്കം. കൃത്യമായ രേഖകളും വിവരങ്ങളും ഹാജരാക്കാന്‍ ആവശ്യപ്പെട്ട് പൊലീസ് പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ക്ക് നോട്ടീസ് നല്കുമെന്നാണ് അറിയുന്നത്. മതിയായ വിവരങ്ങള്‍ ഹാജരാക്കുന്ന മുറയ്ക്ക് ശക്തമായ നടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി. വന്‍തോതിലുള്ള സര്‍ക്കാര്‍ സ്വത്ത് കടത്തിയ സംഭവത്തില്‍ ഉദ്യോഗസ്ഥരുടെ ഒത്തുകളി പുറത്തുകൊണ്ടുവരണമെന്ന ആവശ്യം ശക്തമാണ്
