കുറ്റം ചാര്‍ത്തുന്നത് 'വാജിവാഹനം' ഇരിക്കുന്ന വീട്ടിലേക്ക്; തന്ത്രിയെ കുറ്റക്കാരനാക്കാന്‍ മേല്‍ശാന്തിയുടെ പേരില്‍ വ്യാജ കത്ത് എത്തിയതും കുതന്ത്രം; ജാലഹള്ളി ക്ഷേത്രത്തേയും ഉണ്ണികൃഷ്ണന്‍ പോറ്റിയേയും ബന്ധപ്പെടുത്തിയുള്ള രക്ഷപ്പെടല്‍ തന്ത്രവും പൊളിഞ്ഞു; രാഷ്ട്രീയ ഉന്നതന്റെ നാട്ടിലെ ക്ഷേത്രവും ചര്‍ച്ചകളില്‍; പത്മകുമാറിന്റെ മൊഴിയില്‍ പൊരുത്തക്കേടുകള്‍ മാത്രം

Update: 2025-11-20 12:21 GMT

തിരുവനന്തപുരം: ശബരിമല കൊള്ളയില്‍ എല്ലാ ആരോപണങ്ങളും നിഷേധിച്ച് മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റെ എ പത്മകുമാര്‍ നല്‍കിയത് വാജിവാഹനം ഇപ്പോഴുള്ള വീടിനെ കുറ്റപ്പെടുത്തും മൊഴി. പത്മകുമാറിന്റെ ദേവസ്വം ബോര്‍ഡില്‍ അംഗമായിരുന്ന രണ്ടു പേര്‍ പ്രാഥമിക ചോദ്യം ചെയ്യലിന് നേരത്തെ ഹാജരായിരുന്നു. രണ്ടു പേരും തന്ത്രിയും ദേവസ്വം ജീവനക്കാരും പറയുന്നതാണ് അന്നത്തെ ദേവസ്വം ബോര്‍ഡ് ചെയ്തിരുന്നതെന്ന് പറഞ്ഞിരുന്നു. ഇതിന് സമാനമായ മൊഴിയാണ് പത്മകുമാറും നല്‍കുന്നത്. ഉണ്ണികൃഷ്ണന്‍ പോറ്റിയെ വിശ്വാസത്തില്‍ എടുത്തത് 'തന്ത്രി'യെ വിശ്വാസത്തിലെടുത്താണെന്നാണ് പത്മകുമാറിന്റെ മൊഴി. തന്ത്രിയുടെ ആളെന്ന നിലയിലാണ് എല്ലാം ഉണ്ണികൃഷ്ണന്‍ പോറ്റിയ്ക്ക് ചെയ്തു നല്‍കിയതെന്നതാണ് പത്മകുമാറിന്റെ നിലപാട്. എന്നാല്‍ വിഷയത്തില്‍ പത്മകുമാറിനെതിരെ നിരവധി തെളിവുകള്‍ എസ് എ ടി ശേഖരിച്ചിരുന്നു. അറസ്റ്റിലായ എല്ലാവരും പത്മകുമാറിനെതിരേയും മൊഴി നല്‍കി. ഈ സാഹചര്യത്തിലാണ് അറസ്റ്റ്.

ഒരു രാഷ്ട്രീയ ഉന്നതിനെതിരേയും പത്മകുമാര്‍ മൊഴി നല്‍കിയിട്ടുണ്ട്. ഏറ്റുമാനൂര്‍ ക്ഷേത്ര കവര്‍ച്ചയില്‍ തെളിവുണ്ടാക്കിയ സാക്ഷിയ്ക്ക് ദേവസ്വം ബോര്‍ഡ് വീടു വച്ചു നല്‍കിയിരുന്നു. ഇത് സ്‌പോണ്‍സര്‍ഷിപ്പായി പോറ്റി നടത്തിയതാണ്. പത്മകുമാറിന്റെ നിര്‍ദ്ദേശ പ്രകാരമായിരുന്നു ഇത്. പോറ്റി മറ്റൊരു രാഷ്ട്രീയ ഉന്നതന്‍ പറഞ്ഞതെല്ലാം ചെയ്തു കൊടുത്തിരുന്നുവെന്നും അതിന്റെ അര്‍ത്ഥ ആ നേതാവിനും സ്വര്‍ണ്ണ കൊള്ളയില്‍ പങ്കുണ്ടോ എന്ന സംശയം പത്മകുമാര്‍ ഉയര്‍ത്തിയിട്ടുണ്ട. എസ് എ ടി ഇത് ഗൗരവത്തില്‍ എടുക്കുമോ എന്നതാണ് ഉയരുന്ന ചോദ്യം. സ്വര്‍ണ്ണ കൊള്ളയില്‍ ഈ ഉന്നതന്‍ ഫയലുകളൊന്നും കണ്ടിട്ടില്ല. ഈ സാഹചര്യത്തില്‍ ആ വഴിയ്ക്ക് അന്വേഷണം നീളില്ല. രാഷ്ട്രീയ ഉന്നതന്റെ നാട്ടിലെ ക്ഷേത്രത്തിലും ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സ്‌പോണ്‍സര്‍ഷിപ്പ് എത്തിയെന്നാണ് പത്മകുമാര്‍ പറയുന്നത്. എന്നാല്‍ തന്ത്രിയ്‌ക്കെതിരെ നല്‍കിയ മൊഴികളില്‍ പരിശോധന നടക്കും. ഇതും രക്ഷപ്പെടാനുള്ള പത്മകുമാറിന്റെ ശ്രമമാണെന്ന വാദം സജീവമായിരുന്നു. രണ്ടു ദിവസം മുമ്പ് തന്ത്രിയ്‌ക്കെതിരെ മുന്‍ മേല്‍ശാന്തിയുടെ പേരില്‍ വ്യാജ കത്ത് പ്രചരിച്ചിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിയ്ക്ക് പിന്നില്‍ തന്ത്രിയാണെന്ന് വ്യാജമായി വരുത്തുന്നതായിരുന്നു ആ കത്ത്. ആ കത്ത് എഴുതിയെന്ന് പറഞ്ഞ മേല്‍ശാന്തി തന്നെ അങ്ങനെയൊരു കത്തില്ലെന്ന് വ്യക്തമായിരുന്നു. അന്വേഷണ അട്ടിമറിയ്ക്ക് വേണ്ടിയാണ് ഈ കത്തെന്ന് അന്വേഷണ സംഘവും വിലയിരുത്തിയിട്ടുണ്ട്.

കേസില്‍ 2018ലെ ഭരണ സമിതിയെ പ്രതിയാക്കിയപ്പോള്‍ തന്നെ പത്മകുമാര്‍ പ്രതികരണം നടത്തിയിരുന്നു. ഈ പ്രതികരണം ഇങ്ങനെയായിരുന്നു- '2007 മുതല്‍ ഉണ്ണികൃഷ്ണന്‍ പോറ്റി ശബരിമലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ട്. 2007ലാണ് പോറ്റി വരുന്നത്. കീഴ്ശാന്തിയുടെ സഹായിയായിട്ടാണ് വന്നത്. 2007ന് മുന്‍പ് പോറ്റി എവിടെയായിരുന്നു? അത് അന്വേഷിക്കണം. അതിന് മുന്‍പ് ജാലഹള്ളി അയ്യപ്പ ക്ഷേത്രത്തിലായിരുന്നു. ആലപ്പുഴയിലെ കീഴ്ശാന്തിയുടെ സഹായിയായിട്ടാണ് പോറ്റി ശബരിമലയില്‍ എത്തിയത്. അതിന് മുന്‍പ് ജാലഹള്ളി അയ്യപ്പ ക്ഷേത്രത്തിലെ ശാന്തിക്കാരനായിരുന്നു.അക്കാര്യം കൂടി അന്വേഷിക്കൂ?ആരായിരുന്നു അവിടത്തെ തന്ത്രി എന്നും അന്വേഷിക്കണം. മാധ്യമങ്ങള്‍ പത്മകുമാറിലേക്ക് കേന്ദ്രീകരിക്കുകയാണ്. ഈ അവതാരങ്ങളെ മുഴുവന്‍ അവിടെ കൊണ്ടുവന്നത് 2019 ലെ ഭരണസമിതിയാണോ? ഉണ്ണികൃഷ്ണന്‍ പോറ്റി 2007ല്‍ വന്ന ആളാണ്. എന്നെക്കാള്‍ ബന്ധമുള്ള ആളുകള്‍ ഇവിടെ ഉണ്ട്. എന്തായാലും സത്യം പുറത്തുവരും. ഇന്നല്ലെങ്കില്‍ നാളെ എല്ലാവരും മറുപടി പറയേണ്ടി വരും.'- പത്മകുമാര്‍ അന്ന് കൂട്ടിച്ചേര്‍ത്തിരുന്നു. ഈ മൊഴി തന്നെയാണ് പ്ത്മകുമാര്‍ ഇന്നും ആവര്‍ത്തിച്ചത്. എഫ് ഐ ആര്‍ വന്ന ആദ്യ നാളുകളില്‍ പ്രതികരിച്ച പത്മകുമാര്‍ പിന്നീട് മൗനത്തിലായി. തന്ത്രങ്ങളൊന്നും പുറത്തു പറയരുതെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഈ സമീപനം പത്മകുമാര്‍ എടുത്തത്. എന്നിട്ടും ഹൈക്കോടതിയുടെ കടുത്ത നിലപാടുകള്‍ പത്മകുമാറിന് വിനയായി. മുന്‍ കൂര്‍ ജാമ്യത്തിന് ശ്രമിച്ചാലും കിട്ടില്ലെന്ന ബോധ്യവും ഉണ്ടായിരുന്നു.

'ബോര്‍ഡിനുള്ള ഉത്തരവാദിത്വം ബോര്‍ഡിനുണ്ട്. നിയമപരമായ ഉത്തരവാദിത്വം ബോര്‍ഡിനുണ്ട്. ഉദ്യോഗസ്ഥര്‍ക്കുള്ള ഉത്തരവാദിത്വം അവര്‍ക്കുണ്ട്. ബോര്‍ഡ് നയപരമായ തീരുമാനം എടുത്തുകൊടുത്താല്‍ നിയമപരമായ ബാധ്യതകള്‍ നിറവേറ്റി ആ കാര്യങ്ങള്‍ പൂര്‍ത്തീകരിക്കേണ്ടത് ഉദ്യോഗസ്ഥരുടെ ചുമതലയാണ്. ആ കാര്യത്തില്‍ എന്തെങ്കിലും വീഴ്ച ഉണ്ടായിട്ടുണ്ടോ, ഞങ്ങളുടെ കാര്യത്തില്‍ എന്തെങ്കിലും വീഴ്ച ഉണ്ടായിട്ടുണ്ടോ, കോടതി പരിശോധിക്കട്ടെ.''- പത്മകുമാര്‍ നേരത്തെ പ്രതികരിച്ചിരുന്നു. ''അനധികൃതമായോ ആചാരാനുഷ്ഠാനങ്ങള്‍ക്ക് വിരുദ്ധമായിട്ടോ നിയമവിരുദ്ധമായിട്ടോ ഒരു കാര്യവും എന്റെ ബോര്‍ഡിന്റെ കാലത്ത് ഉണ്ടായിട്ടില്ല എന്ന് യാതൊരു സംശയത്തിനും ഇട നല്‍കാതെ എനിക്ക് പറയാന്‍ പറയാന്‍ കഴിയും. പത്മകുമാറിന്റെ ഭാഗത്താണ് മുഴുവന്‍ കുഴപ്പമെങ്കില്‍ പത്മകുമാര്‍ ഏറ്റെടുക്കാന്‍ തയ്യാറാണല്ലോ. ഞാന്‍ ഇവിടെ നെഞ്ചുവിരിച്ചു നില്‍ക്കുകയല്ലേ.''- പത്മകുമാര്‍ പറഞ്ഞിരുന്നു. എന്നാല്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അറിയാതെ ദ്വാരപാലക ശില്‍പ്പത്തെ കൊണ്ടു പോകാന്‍ കഴിയില്ലെന്ന വസ്തുതയാണ് പത്മകുമാറിന് വിനയായത്. ക്രൈം ബ്രാഞ്ച് ആസ്ഥാനത്തെ ചോദ്യംചെയ്യലിന് ശേഷമാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് രേഖപ്പെടുത്തിയത്. നാല് മണിക്കൂറോളം ചോദ്യംചെയ്യല്‍ നീണ്ടു. കട്ടിളപ്പടികളിലെ സ്വര്‍ണം നഷ്ടപ്പെട്ടതില്‍ പത്മകുമാറിന് പങ്കുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തി.

കേസില്‍ 2019ലെ ദേവസ്വം ബോര്‍ഡിനെ പ്രതിയാക്കിയിരുന്നു. നേരത്തെ ദേവസ്വം ബോര്‍ഡ് മുന്‍ കമീഷണറും പ്രസിഡന്റുമായിരുന്ന എന്‍ വാസുവിനെയും ഇതേ കേസില്‍ അറസ്റ്റ് ചെയ്തിരുന്നു. ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് പത്മകുമാര്‍ സഹായം ചെയ്തുകൊടുത്തെന്നും അന്വേഷണസംഘം കണ്ടെത്തി. സ്വര്‍ണമോഷണക്കേസുമായി ബന്ധപ്പെട്ട് ഇതുവരെ ആറ് പേരെയാണ് അറസ്റ്റ് ചെയ്തത്. ദ്വാരപാലക ശില്‍പ്പപാളികളിലെയും ശ്രീകോവില്‍ കട്ടിളപ്പാളികളിലെയും സ്വര്‍ണം അപഹരിച്ച കേസില്‍ കഴിഞ്ഞദിവസം സന്നിധാനത്ത് പ്രത്യേക അന്വേഷകസംഘം പരിശോധന നടത്തിയിരുന്നു. കട്ടിളപ്പാളി, ദ്വാരപാലകപീഠങ്ങള്‍, ശ്രീകോവിലിന്റെ നാലുവശത്തെയും കല്‍ത്തൂണുകളിലെ പാളികള്‍ എന്നിവയില്‍നിന്നും സാമ്പിളുകള്‍ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്.

Tags:    

Similar News