ഒടുവില്‍ സിപിഐ സമ്മര്‍ദ്ദത്തിന് വഴങ്ങി പിണറായി; പൂരം കലക്കലില്‍ ഇന്ന് വിശദ അന്വേഷണം പ്രഖ്യാപിക്കും; അജിത്കുമാറിന് ഉടന്‍ സ്ഥാന ചലനം; എംഎല്‍എ സ്ഥാനം രാജി വയ്ക്കുമെന്ന അന്‍വരുടെ ഭീഷണിയും ഫലിച്ചു: എഡിജിപിക്ക് പറ്റിയ ലാവണം തേടി പിണറായി

തൃശ്ശൂര്‍ പൂരം കലക്കിയതുമായി ബന്ധപ്പെട്ട് എ.ഡി.ജി.പി. എം.ആര്‍. അജിത്കുമാര്‍ നല്‍കിയ റിപ്പോര്‍ട്ട് അപൂര്‍ണമെന്ന കുറിപ്പോടെയാണ് പോലീസ് മേധാവി ഷെയ്ക്ക് ദര്‍വേഷ് സാഹേബ് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയത്

Update: 2024-09-25 05:04 GMT

തിരുവനന്തപുരം: ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്ത് നിന്നും എംആര്‍ അജിത് കുമാറിനെ നീക്കും. തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട് എഡിജിപി നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടില്‍ അതൃപ്തി രേഖപ്പെടുത്തിയാകും നടപടി. സിപിഐയുടെ സമ്മര്‍ദ്ദത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ വഴങ്ങും. പൂരം കലക്കലില്‍ ഇന്ന് വിശദ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. എംഎല്‍എ സ്ഥാനം രാജി വയ്ക്കുമെന്ന അന്‍വറുടെ ഭീഷണിയും ഫലിച്ചു. എഡിജിപി അജിത് കുമാറിനെ പോലീസ് കണ്‍സട്രക്ഷന്‍ കോര്‍പ്പേറഷനിലേക്ക് മാറ്റുമെന്നാണ് സൂചന. പോലീസ് മേധാവി ഷെയ്ഖ് ദര്‍വേശ് സാഹിബിന്റെ നിലപാടും നിര്‍ണ്ണായകമായി. തൃശൂര്‍ പൂരം കലക്കലില്‍ വിശദ അന്വേഷണം സര്‍ക്കാര്‍ പ്രഖ്യാപിക്കും. ഇതിനൊപ്പമാകും അജിത് കുമാറിനെ ക്രമസമാധാനത്തില്‍ നിന്നും മാറ്റുന്നത്.

തൃശ്ശൂര്‍ പൂരം കലക്കിയതുമായി ബന്ധപ്പെട്ട് എ.ഡി.ജി.പി. എം.ആര്‍. അജിത്കുമാര്‍ നല്‍കിയ റിപ്പോര്‍ട്ട് അപൂര്‍ണമെന്ന കുറിപ്പോടെയാണ് പോലീസ് മേധാവി ഷെയ്ക്ക് ദര്‍വേഷ് സാഹേബ് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. എഡിജിപി എം ആര്‍ അജിത് കുമാറിനെ സംശയ നിഴലില്‍ നിര്‍ത്തുന്നതാണ് ഇതെല്ലാം. അജിത് കുമാറിനെതിരായ സമര്‍ദ്ദമായ നീക്കമായി ഇതു മാറി. സിപിഐയും ഇതേ ചര്‍ച്ചയാക്കാന്‍ തീരുമാനിച്ചു. ഇനിയും അജിത് കുമാറിനെ മാറ്റിയില്ലെങ്കില്‍ താന്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കുമെന്ന നിലപാടില്‍ അന്‍വറും എത്തി. ഉപതിരഞ്ഞെടുപ്പില്‍ നിലമ്പൂരില്‍ ജയിക്കാനുള്ള സാധ്യത സിപിഎം കാണുന്നില്ല. ഈ സാഹചര്യത്തില്‍ അന്‍വറിന്റെ ഭീഷണിയും തുണച്ചു. ഇതോടെയാണ് അജിത് കുമാറിനെ മാറ്റാമെന്ന തീരുമാനത്തില്‍ പിണറായി എത്തുന്നത്.

തൃശൂര്‍ സുരക്ഷയില്‍ എഡിജിപി നേരിട്ട് ഇടപെട്ടിരുന്നുവെന്നാണ് പോലീസ് മേധാവി പറയുന്നത്. എ.ഡി.ജി.പി.യുടെ റിപ്പോര്‍ട്ടില്‍ വസ്തുതകളില്‍ ഇല്ലാത്തിനാല്‍ വിശദ അന്വേഷണമാകാമെന്ന് പോലീസ് മേധാവി ശുപാര്‍ശചെയ്തതായാണ് വിവരം. ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗം അന്വേഷണം പ്രഖ്യാപിക്കാനുള്ള സാധ്യതയുമുണ്ട്. എഡിജിപിയെ ക്രമസമാധാന ചുമതലയില്‍ നിന്നും മാറ്റുമോ എന്നതാണ് ഉയരുന്ന ചോദ്യം. ജ്യുഡീഷ്യല്‍ അന്വേഷണമാണ് കോണ്‍ഗ്രസ് ഈ വിഷയത്തില്‍ ആവശ്യപ്പെടുന്നത്. സര്‍ക്കാരിനെ അക്ഷരാര്‍ത്ഥത്തില്‍ വെട്ടിലാക്കുന്നതായി പോലീസ് മേധാവിയുടെ നടപടി. ഈ സാഹചര്യത്തില്‍ അജിത് കുമാറിനെ സംരക്ഷിക്കുന്നത് സിപിഐയെ പ്രകോപിപ്പിക്കും. പൊട്ടിത്തെറിക്ക് ഒരുങ്ങി നില്‍ക്കുകായണ് തൃശൂരിലെ പ്രധാന സിപിഐ നേതാവായ വിഎസ് സുനില്‍ കുമാര്‍.

പൂരദിവസം രാത്രി എ.ഡി.ജി.പി. പൂരപ്പറമ്പിലുണ്ടായിരുന്നു. രാവിലെ അദ്ദേഹം തൃശ്ശൂര്‍ വിട്ടു. ഇ-മെയിലിലൂടെ അവധിക്ക് അപേക്ഷിച്ചു. ഓഫീസ് സമയം കഴിഞ്ഞാണ് അപേക്ഷ എത്തിയതെന്നതിനാല്‍ അവധി അനുവദിച്ചില്ലെന്നും വിവരമുണ്ട്. ഇതിനാലാണ് പൂരം ചുമതലയ്ക്ക് മുതിര്‍ന്ന ഉദ്യോഗസ്ഥനെ പകരം നിയമിക്കാത്തതെന്നാണ് വാദം. പൂരസ്ഥലത്തിനുസമീപം ഡി.ഐ.ജി. ഓഫീസ് ഉള്ളപ്പോള്‍ അകലെയുള്ള പോലീസ് അക്കാദമിയില്‍ യോഗം ചേര്‍ന്നതിലും സംശയമുണ്ട്. ഇതെല്ലാം ഗൂഡാലോചനയ്ക്ക് തെളിവായി സിപിഐ ഉയര്‍ത്തിയ കാര്യങ്ങളാണ്. ഇതെല്ലാം പോലീസ് മേധാവിയും ചര്‍ച്ചയാക്കുന്നു. ഇതോടെ ആര്‍ എസ് എസ് നേതാക്കളെ അജിത് കുമാര്‍ കണ്ടതിനും പുതിയ മാനം വരും. പ്രതിപക്ഷവും ആഞ്ഞടിക്കും. ഇതിലെല്ലാം ഉപരി സിപിഎം സംസ്ഥാന സമ്മേളനങ്ങളിലും തൃശൂര്‍ പൂരം വിവാദമായി മാറുന്നുണ്ട്.

ഫലത്തില്‍ നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍ ഉയര്‍ത്തി വിട്ട ആരോപണങ്ങളെ തുടര്‍ന്നുള്ള രാഷ്ട്രീയ കൊടുങ്കാറ്റില്‍ പോലീസിലെ താക്കോല്‍ സ്ഥാനം അജിത് കുമാറിന് നഷ്ടമാകും. തൃശൂര്‍ പൂരം അട്ടിമറിച്ചത് അജിത് കുമാറാണെന്ന് പിവി അന്‍വര്‍ ആരോപിച്ചിരുന്നു. ആര്‍ എസ് എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയും ഇതിനിടെ പുറത്തു വന്നു. തൃശൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയ്ക്ക് ജയമൊരുക്കിയത് ഈ പൂര അട്ടിമറിയാണെന്നായിരുന്നു അന്‍വറിന്റെ ആരോപണം. ഇതിനിടെയാണ് പൂരം അട്ടിമറിയില്‍ വിശദ റിപ്പോര്‍ട്ട് അജിത് കുമാര്‍ സര്‍ക്കാരിന് നല്‍കിയത്. തൃശൂര്‍ കമ്മീഷണറായിരുന്ന അങ്കിത് അശോകിനെ മാത്രം കുറ്റപ്പെടുത്തുന്ന തരത്തിലായിരുന്നു നിഗമനം. എന്നാല്‍ പോലീസ് മേധാവിയ്ക്ക് നല്‍കിയ വിശദീകരണത്തില്‍ അങ്കിതും ന്യായീകരണം നിരത്തി. സുരക്ഷയിലെ തന്റെ ഇടപെടലുകളെ ചില കേന്ദ്രങ്ങള്‍ അട്ടിമറിച്ചുവെന്നാണ് അങ്കിത് നല്‍കിയ വിശദീകരണം.

പൂരത്തിലെ സുരക്ഷാ പ്ലാന്‍ മാറ്റിയതും നിശ്ചയിച്ചതും എഡിജിപിയാണെന്ന് അങ്കിത് പോലീസ് മേധാവിയോട് വിശദീകരിച്ചുവെന്നാണ് സൂചന. ഈ റിപ്പോര്‍ട്ട് സിപിഐയേയും അറിയിക്കേണ്ടതുണ്ട്. ഈ സാഹചര്യത്തില്‍ അജിത് കുമാറിനെ സംരക്ഷിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ മുഖ്യമന്ത്രിയും എത്തി. മന്ത്രിസഭാ യോഗം ഇതെല്ലാം വിശദമായി ചര്‍ച്ച ചെയ്യും. അജിത് കുമാറിനെതിരെ ഗുരുതര ആരോപണങ്ങള്‍ സിപിഐ മുഖപത്രമായ ജനയുഗം ഉയര്‍ത്തിയിരുന്നു. അജിത് കുമാറിന്റെ ഇടപെടലില്‍ ദുരൂഹമുണ്ടെന്ന് ജനയുഗത്തിന്റെ മുഖപ്രസംത്തില്‍ പറയുന്നു. റിപ്പോര്‍ട്ട് അനിശ്ചിതമായി വൈകിയതില്‍ അസ്വാഭാവികതയുണ്ടെന്നും തൃശൂരിലുണ്ടായിട്ടും എഡിജിപി ഇടപെട്ടില്ലെന്നും 'ആശയക്കുഴപ്പങ്ങള്‍ക്ക് വഴിവച്ച അന്വേഷണ റിപ്പോര്‍ട്ട്' എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തില്‍ വിമര്‍ശിച്ചിരുന്നു. ഈ സമ്മര്‍ദ്ദമാണ് നിര്‍ണ്ണായകമാകുന്നത്.

Tags:    

Similar News