കുമരകത്തെ ബൈജു ചേട്ടന്റെ മകന്റെ ബൗളിംഗ് രാകി മിനുക്കിയത് ചെങ്ങന്നൂരുകാരന്‍ സോണി ചെറുവത്തൂര്‍; പ്രാരാബ്ദം മറന്നും മകനെ ദുബായില്‍ എത്തിച്ചത് വെറുതെയായില്ല; കുളത്തൂപ്പുഴക്കാരന്‍ സുനില്‍ സാം ആ മിടുക്കനെ എത്തിച്ചത് സെന്തില്‍നാഥിന്റെ അടുത്ത്; മഗ്രാത്തിന്റെ ഉപദേശങ്ങളും തുണച്ചു; ടിനുവും ശ്രീശാന്തും ആദിത്യയും; കേരളാ ക്രിക്കറ്റില്‍ വീണ്ടും '1983' ഇഫക്ട്!
കേരളാ ക്രിക്കറ്റില്‍ വീണ്ടും '1983' ഇഫക്ട്!
തിരുവനന്തപുരം: അണ്ടര്‍ 19 വിനു മങ്കാദ് ട്രോഫിയില്‍ ആദ്യമായി കേരളത്തിനായി ഏഴു വിക്കറ്റ് ഒരു മിടുമിടുക്കന്‍ എറിഞ്ഞിട്ടു. 140 കിലോ മീറ്റര്‍ വേഗതയില്‍ പോലും പന്തെറിയാന്‍ കരുത്തുണ്ടെന്ന് വിദഗ്ധര്‍ കരുതുന്ന താരം. ഈ താരത്തിന് പറയാനുള്ളത് 1983 എന്ന സിനിമയോട് ചേര്‍ന്ന് നില്‍ക്കും കഥയാണ്. 1983 എന്ന സിനിമയില്‍ മകനെ ക്രിക്കറ്റ് താരമാക്കുകയെന്നത് അതിലെ നായകനായ അച്ഛന്റെ ആഗ്രഹമായിരുന്നു. നിവിന്‍ പോളി അഭിനയിച്ച ആ ചിത്രം പ്രേക്ഷകര്‍ നെഞ്ചിലേറ്റി. കപിലിന്റെ ചെകുത്താന്മാര്‍ 1983ലെ ലോകകപ്പ് ഇന്ത്യയിലെത്തിച്ചതിന്റെ പശ്ചാത്തലത്തിലെ സിനിമ. ക്രിക്കറ്റ് താരമാകാനുള്ള തന്റെ മോഹം നടക്കാതെ പോയതിന്റെ മോഹ നഷ്ടം മകനിലൂടെ മാറ്റിയെടുത്ത 1983 എന്ന സിനിമയിലെ അച്ഛന്‍ കഥാപാത്രം.
കേരളത്തില്‍ രോഹന്‍ കുന്നുമ്മല്‍ എന്ന താരത്തിനും ഇതേ കഥ പറയാനുണ്ടായിരുന്നു. രോഹന്‍ കുന്നുമ്മലിന്റെ അച്ഛനും പഴയ ക്രിക്കറ്റ് താരം. തന്റെ മനസ്സിലെ സ്വപ്‌നങ്ങള്‍ക്കൊപ്പം മകന്‍ ബാറ്റു വീശിയത് അഭിമാനത്തോടെ കണ്ട രോഹന്റെ അച്ഛന്‍. മുമ്പ് രോഹന്‍ പ്രേമെന്ന കേരളത്തിന്റെ എക്കാലത്തേയും മികച്ച ബാറ്റ്‌സ്മാന്റെ വിജയത്തിന് പിന്നിലും അച്ഛന്റെ ഇച്ഛാശക്തിയുടെ കഥയുണ്ട്. വിനു മങ്കാദ് ട്രോഫിയില്‍ തകര്‍പ്പന്‍ പ്രകടനവുമായി കേരള താരം ആദിത്യ ബൈജു താരമാകുമ്പോഴും അച്ഛന്‍ ഫാക്ടര്‍ ചര്‍ച്ചകളിലാണ്. ഉത്തരാഖണ്ഡിന് എതിരായ മത്സരത്തില്‍ ഏഴ് വിക്കറ്റ് വീഴ്ത്തിയാണ് ആദിത്യ ശ്രദ്ധേയനായത്. ഒരു കേരളാ ബൗളറുടെ വിനു മങ്കാദ് ടൂര്‍ണ്ണമെന്റിലെ മികച്ച ബൗളിംഗ് പ്രകടനം. ടിനു യോഹന്നാനും ശ്രീശാന്തും സന്ദീപ് വാര്യരും ഇന്ത്യന്‍ ടീമിലെത്തിയ മലയാളി പേസര്‍മാരാണ്. ഈ ഗണത്തിലേക്ക് കുമരകത്തെ ഈ താരം എത്തുമെന്ന വിലയിരുത്തലാണ് സജീവം. പക്ഷേ കേരളത്തിലെ ക്രിക്കറ്റ് ദൈവങ്ങള്‍ ഈ പയ്യനോട് നീതി പുലര്‍ത്തണമെന്ന് മാത്രം.
കോട്ടയം കുമരകം സ്വദേശിയായ ആദിത്യ കളിച്ചു വളര്‍ന്നത് ദുബായിലാണ്. അച്ഛന്റെ ക്രിക്കറ്റ് ആവേശം പിന്തുടര്‍ന്നാണ് ആദിത്യയും ക്രിക്കറ്റിലേക്ക് ചുവട് വയ്ക്കുന്നത്. അച്ഛനായ ബൈജു ജില്ല, സോണ്‍ തലങ്ങളില്‍ വരെയുള്ള ടീമുകളില്‍ കളിച്ചിട്ടുണ്ട്. സ്മിതയാണ് അമ്മ. ദുബായില്‍ ജോലിക്കെത്തിയ ബൈജുവിന് മകനെ ക്രിക്കറ്ററാക്കണമെന്ന ആഗ്രഹം കലശലായിരുന്നു. കേരളാ രഞ്ജി ട്രോഫിയുടെ മുന്‍ നായകന്‍ സോണി ചെറുവത്തൂരില്‍ ഈ അച്ഛന്‍ പ്രതീക്ഷ കണ്ടു. ക്രിക്കറ്റില്‍ നിന്ന് വിരമിച്ച സോണി ദുബായിലായിരുന്നു പരിശീലനവുമായി സജീവമായി നിന്നത്. അതുകൊണ്ടാണ് സോണിയെ കൊണ്ട് പരിശീലിപ്പിക്കാന്‍ മകനെ അച്ഛന്‍ പ്രാരാബ്ദം മറന്നും ദുബായിലേക്ക് കൊണ്ടു വന്നത്. സോണിക്ക് കീഴിലെ പരിശീലനം ഈ പയ്യനിലെ ബൗളിംഗ് മികവുകള്‍ രാകി മിനുക്കി. അതിന് ശേഷം കേരളത്തിലെത്തി. സോണിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്തുള്ള അക്കാദമിയിലായിരുന്നു തുടര്‍ പരിശീലനം. ഇതോടെ കേരളം ശ്രദ്ധിക്കുന്ന പ്രതീക്ഷയായി ആദിത്യ മാറി. ചെങ്ങന്നൂരില്‍ കളിച്ചു വളര്‍ന്ന സോണിയ്ക്ക് നേരത്തെ തന്നെ ആദിത്യയുടെ അച്ഛന്‍ ബൈജുവിനെ അറിയാമായിരുന്നു. ആ അടുപ്പമാണ് ആദിത്യയെ ദുബായിലെത്തിച്ചത്.
എന്നാല്‍ കഴിഞ്ഞ സീസണില്‍ അണ്ടര്‍ 19 ടീമില്‍ പന്തെറിയാന്‍ ഈ മിടുക്കന് എന്തു കൊണ്ടോ കഴിഞ്ഞില്ല. ഇതിനിടെയാണ് കളിയില്‍ ട്വിസ്റ്റുണ്ടാകുന്നത്. എംആര്‍എഫ് പേസ് ഫൗണ്ടേഷനിലെ അസിസ്റ്റന്റെ കോച്ചായ സുനില്‍ സാമിന് മുന്നില്‍ ഈ കൊച്ചു മിടുക്കന്റെ ബൗളിംഗ് കൃത്യതയെത്തുന്നു. കുളത്തൂപ്പുഴക്കാരനായ സുനില്‍ സാം തമിഴ്‌നാടിന് വേണ്ടി രഞ്ജി ട്രോഫി കളിച്ച ആദ്യ മലയാളിയാണ്. എംആര്‍എഫിലൂടെ കളിച്ചു വളര്‍ന്ന സുനില്‍ പിന്നീട് അതേ ബൗളിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിര്‍ണ്ണായക ഉത്തരവാദിത്തത്തിലെത്തി. യുവതാരങ്ങളെ കണ്ടെത്തി എംആര്‍എഫിന്റെ ഭാഗമാക്കുന്നതും സുനിലിന്റെ ഉത്തരവാദിത്തങ്ങളില്‍ ഒന്നാണ്. വേഗതയിലും വെറൈറ്റിലും പ്രതീക്ഷയുള്ള ആദിത്യയും സുനിനില്‍ സാമിന്റെ ശ്രദ്ധയില്‍ പെട്ടു. അങ്ങനെ ഈ പയ്യന്‍ അങ്ങനെ ചെന്നൈയിലെ ഫൗണ്ടേഷനിലെത്തി. എം സെന്തില്‍നാഥ് ആണ് എംആര്‍എഫിലെ ഹെഡ് കോച്ച്. സുനില്‍ അസിസ്റ്റന്റ് കോച്ചും. ഗ്ലെന്‍ മഗ്രാത്താണ് ഡയറക്ടര്‍. സെന്തിലിന്റെ കീഴിലെ പരിശീലനം ആദിത്യയെ കൂടുതല്‍ മെച്ചപ്പെട്ട ബൗളറാക്കി. ആക്ഷനില്‍ അടക്കം മാറ്റം വരുത്തി. ഇതിനൊപ്പം ഗ്ലെന്‍ മഗ്രാത്തിന്റെ ഉപദേശവും.
ാസ്‌ട്രേലിയന്‍ ഇതിഹാസത്തിന്റെ നേരിട്ടുള്ള ശിക്ഷണം കിട്ടിയ പയ്യനെ അതുകൊണ്ട് തന്നെ ഇത്തവണ റിസര്‍വ്വ് ബെഞ്ചിലിരുത്താന്‍ കേരളത്തിനും ആയില്ല. അങ്ങനെ പന്തുമായി അവന്‍ ഓടി വന്നു. ഉത്തരാഖണ്ഡിന് എതിരായ മത്സരത്തില്‍ ഏഴ് വിക്കറ്റ് വീഴ്ത്തി തീപ്പൊരിയായി. അങ്ങനെ കേരളത്തിന്റെ ബൗളിംഗ് നിരയിലേക്ക് പുതിയൊരു താരോദയം കൂടിയെത്തി. എംആര്‍എഫ് പേസ് ഫൗണ്ടഷന്‍ നിരവധി മികച്ച ബൗളര്‍മാരെ കേരളത്തിന് നല്‍കിയിട്ടുണ്ട്. ടിനു യോഹന്നാനും ശ്രീശാന്തും സന്ദീപ് വാര്യരും ബേസില്‍ തമ്പിയും കെ എം ആസഫും നിധീഷും എല്ലാം പേസ് ഫൗണ്ടേഷന്റെ പരിശീലന മികവില്‍ കേരളത്തിന്റെ ചുണക്കുട്ടികളായവരാണ്. ഇതേ ഗണത്തിലേക്കാണ് ഇപ്പോള്‍ ആദിത്യയുടേയും വരവ്. ആദിത്യയിലെ തെറ്റുകള്‍ തിരുത്തിച്ചതും കൂടുതല്‍ കൃത്യതയുള്ള ബൗളറാക്കിയതുമെല്ലാം സെന്തില്‍നാഥ് എന്ന പരിശീലകന്റെ മികവാണെന്നാണ് വിലയിരുത്തല്‍. അതായത് സോണിയിലൂടെ സെന്തില്‍നാഥിലേക്ക് പയ്യന്‍ എത്തിയപ്പോള്‍ പല വജ്രായുധങ്ങളും ആദിത്യയ്ക്ക് സ്വന്തമായി.
വിനു മങ്കാദില്‍ ആദ്യ ഓവറില്‍ തന്നെ രണ്ട് വിക്കറ്റ് വീഴ്ത്തിയാണ് ആദിത്യ തന്റെ ഉജ്ജ്വല സ്‌പെല്ലിന് തുടക്കമിട്ടത്. ഉത്തരാഖണ്ഡ് ക്യാപ്റ്റന്‍ ആരവ് മഹാജനെയും തുടര്‍ന്നെത്തിയ ആയുഷ് ദേസ്വാളിനെയും ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു ആദിത്യ. തുടര്‍ന്ന് മികച്ച കൂട്ടുകെട്ടുമായി കൂറ്റന്‍ സ്‌കോറിലേക്ക് നീങ്ങിയ ഉത്തരാഖണ്ഡിനെ 297ല്‍ പിടിച്ചു കെട്ടിയതും ആദിത്യയുടെ ബൗളിങ് മികവാണ്. 45ആം ഓവറിലും 47ആം ഓവറിലും ആദിത്യ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. പത്ത് ഓവറില്‍ 67 റണ്‍സ് വഴങ്ങി ഏഴ് വിക്കറ്റാണ് ആദിത്യ സ്വന്തമാക്കിയത്. വിനു മങ്കാദ് ട്രോഫിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ബൗളിങ് പ്രകടനങ്ങളിലൊന്നാണ് ആദിത്യയുടേത്. ആദിത്യയുടെ മികച്ച പ്രകടനത്തിനും പക്ഷെ ടീമിന് വിജയമൊരുക്കാനായില്ല. മത്സരത്തില്‍ കേരളം 131 റണ്‍സിന്റെ തോല്‍വി വഴങ്ങി.
മികച്ച വേഗവും ലൈനും ലെങ്തുമാണ് ആദിത്യയുടെ കരുത്ത്. നിര്‍ണ്ണായക ഘട്ടങ്ങളില്‍ വിക്കറ്റെടുക്കാനുള്ള മികവുമുണ്ട്. കഴിഞ്ഞ വര്‍ഷവും കേരളത്തിന്റെ അണ്ടര്‍ 19 ടീമില്‍ അംഗമായിരുന്നു ആദിത്യ. ഇതിനു പറമെ കെസിഎയുടെ എലൈറ്റ് ടൂര്‍ണ്ണമെന്റുകളായ കോറമാന്റല്‍ ട്രോഫിയിലും സെലസ്റ്റിയല്‍ ട്രോഫിയിലും മികച്ച പ്രകടനവും കാഴ്ച വച്ചു. കോറമാന്റല്‍ ട്രോഫിയില്‍ മികച്ച ബൗളറായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍, സെലസ്റ്റിയല്‍ കപ്പിലെ പ്രോമിസിങ് പ്ലെയറായിരുന്നു ആദിത്യ. പക്ഷേ ഇതൊന്നും കഴിഞ്ഞ വര്‍ഷം കേരളത്തിനായി പന്തെറിയാനുള്ള മികവായി മാറിയില്ലെന്നതും വിസ്മരിക്കാന്‍ കഴിയാത്ത യാഥാര്‍ത്ഥ്യമാണ്.