ബി നിലവറ തുറക്കുന്നതില്‍ ഒരു ചര്‍ച്ചയും കഴിഞ്ഞ യോഗത്തില്‍ നടന്നിട്ടില്ല; സര്‍ക്കാര്‍ പ്രതിനിധിയും വിഷയം ഉന്നയിച്ചില്ല; 2011ല്‍ ബി നിലവറ തുറക്കാന്‍ പോയപ്പോള്‍ ജസ്റ്റിസ് രാജന്‍ സാറിന്റെ കാലില്‍ ഇരുമ്പ് വീണിരുന്നു; ദേവപ്രശ്‌നത്തില്‍ തെളിഞ്ഞത് ഇങ്ങനെ; തിരുവിതാംകൂര്‍ രാജകുടുംബാംഗവും ഭരണസമിതി അംഗവുമായ ആദിത്യ വര്‍മ്മ മറുനാടനോട് പറഞ്ഞത്

ബി നിലവറ തുറക്കുന്നില്‍ ഒരു ചര്‍ച്ചയും കഴിഞ്ഞ യോഗത്തില്‍ നടന്നിട്ടില്ല

Update: 2025-08-08 11:09 GMT

തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്നത് സംബന്ധിച്ച് വീണ്ടും ചര്‍ച്ചകള്‍ക്ക് വഴി തുറന്നിരിക്കുകയാണ്. ഇന്നലെ ചേര്‍ന്ന ഭരണസമിതിയുടെയും ഉപദേശക സമിതിയുടെയും സംയുക്തയോഗത്തില്‍ ഇക്കാര്യം ചര്‍ച്ചയായെന്നാണ് വാര്‍ത്ത വന്നത്. സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധിയാണ് ചര്‍ച്ചയ്ക്ക് തുടക്കമിട്ടതെന്നും പ്രചരിച്ചു. എന്നാല്‍, കഴിഞ്ഞ യോഗത്തില്‍ ബി നിലവറ തുറക്കുന്ന കാര്യത്തില്‍ ചര്‍ച്ച നടന്നിട്ടില്ലെന്ന് തിരുവിതാംകൂര്‍ രാജകുടുംബാംഗവും ഭരണസമിതി അംഗവുമായ ആദിത്യ വര്‍മ്മ മറുനാടനോട് വ്യക്തമാക്കി.

'സര്‍ക്കാര്‍ പ്രതിനിധി യോഗത്തില്‍ ബി നിലവറ തുറക്കുന്നതില്‍, യാതൊരുവിധ ചര്‍ച്ചയും നടത്തിയില്ല. പിന്നെ എങ്ങനെയാണ് ഇത്തരത്തില്‍ ഒരു വാര്‍ത്ത പുറത്തുവന്നതെന്ന് അറിയില്ല. ബി നിലവറ തുറക്കേണ്ട എന്നുള്ള നിലപാട് കൊട്ടാരം മുന്‍പേ തീരുമാനിച്ചതാണ്. ദേവപ്രശ്‌നം വച്ചപ്പോഴും തന്ത്രി ഉള്‍പ്പെടെയുള്ളവര്‍ പറഞ്ഞത് അതു തന്നെയാണ്. കഴിഞ്ഞ യോഗത്തില്‍ തന്ത്രി പങ്കെടുത്തിരുന്നില്ല. ക്ഷേത്രത്തില്‍ എന്ത് തീരുമാനം എടുക്കുന്നുണ്ട് എങ്കിലും അതില്‍ അന്തിമ തീരുമാനം തന്ത്രിയുടേതാണ്. തന്ത്രി പങ്കെടുക്കുന്ന ഒരു യോഗം കൂടി നടക്കാനുണ്ട്. അതില്‍ എന്ത് തീരുമാനം എടുക്കുമെന്ന് അറിയില്ല. അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിക്ക് നിലവറ തുറക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാം'- ആദിത്യ വര്‍മ്മ പറഞ്ഞു.

'ക്ഷേത്രത്തില്‍ നിലവറകള്‍ ഉണ്ടെന്ന കാര്യം കേസ് വന്നപ്പോഴാണ് ഞാന്‍ അറിയുന്നത്. 2011ല്‍ ബി നിലവറ തുറക്കാന്‍ പോയപ്പോള്‍ ജസ്റ്റിസ് രാജന്‍ സാറിന്റെ കാലില്‍ ഇരുമ്പ് വീണിരുന്നു. തുടര്‍ന്ന് ദേവപ്രശ്‌നം വയ്ക്കുകയും പ്രശ്‌നത്തില്‍ ഈ നിലവറ തുറക്കേണ്ട എന്നുമാണ് കണ്ടത്. ബി നിലവറ ഞാന്‍ തുറന്നു കണ്ടിട്ടില്ല. ഓരോ ക്ഷേത്രങ്ങള്‍ക്കും ഓരോ രഹസ്യ മുറികള്‍ ഉണ്ട് അതുപോലെ ഒന്നായിരിക്കാം ബി നിലവറ.'- ആദിത്യ വര്‍മ പറഞ്ഞു.


രഹസ്യങ്ങളുടെ ബി നിലവറ

ബി നിലവറയെ കുറിച്ചുള്ളത് നിരവധി അദ്ഭുതകഥകളാണ്. ചാക്കു നിറയെ സ്വര്‍ണമണികള്‍, സ്വര്‍ണക്കയര്‍, വിഗ്രഹങ്ങള്‍, കിരീടങ്ങള്‍.. ഇങ്ങനെ അമൂല്യമായ വസ്തുക്കളാണ് ക്ഷേത്രത്തിലെ ബി നിലവറയിലുള്ളത് എന്നാണ് കഥകള്‍. ക്ഷേത്രത്തില്‍ ആറു നിലവറകളാണുള്ളത്. ഇതില്‍ എ നിലവറ തുറന്നപ്പോഴാണ് പരിശോധകരെപോലും അമ്പരപ്പിച്ചുകണ്ട് 90,000 കോടിക്ക് പുറത്തു വില മതിക്കുന്ന ആഭരണങ്ങളും രത്നങ്ങളും കണ്ടെടുത്തത്. തുറക്കാത്ത ബി നിലവറയിലെ രഹസ്യങ്ങള്‍ ഇന്നും അജ്ഞാതമായിരിക്കയാണ്.

രഹസ്യ നിലവറയായി കരുതുന്ന ബി തുറക്കണോ എന്ന് ഭരണ സമിതിക്ക് തീരുമാനിക്കാമെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്നത്. എ നിലവറയിലുള്ളതിനേക്കാള്‍ സ്വത്തുകള്‍ ബി നിലവറയിലുണ്ടെന്നാണ് കരുതുന്നത്. പതിനാലാം നൂറ്റാണ്ടില്‍ തന്നെ ക്ഷേത്രത്തില്‍ നിലവറ ഉണ്ടായിരുന്നു എന്നാണ് മതിലകം രേഖകളില്‍ പറയുന്നുണ്ട്.

2011 ജൂലൈ മാസത്തിലാണ് കോടതി നിര്‍ദേശപ്രകാരം എ നിലവറ തുറന്നത്. മനുഷ്യനെ അമ്പരപ്പിക്കുന്ന നിധിശേഖരവും രഹസ്യ അറകളുമാണ് കണ്ടെത്തിയത്. ഏതു സംഖ്യകൊണ്ട് നിധിശേഖരത്തിലെ സ്വത്തുക്കള്‍ കണക്കുകൂട്ടുമെന്ന അമ്പരപ്പിലായിരുന്നു പരിശോധനാ സംഘം. ആയിരക്കണക്കിനു സ്വര്‍ണമാലകള്‍, രത്നം പതിച്ച സ്വര്‍ണക്കിരീടങ്ങള്‍, സ്വര്‍ണക്കയര്‍, സ്വര്‍ണക്കട്ടികള്‍, സ്വര്‍ണവിഗ്രഹം, ഒരു ചാക്ക് നിറയെ നെല്‍മണിയുടെ വലുപ്പത്തില്‍ സ്വര്‍ണമണികള്‍, സ്വര്‍ണ ദണ്ഡുകള്‍, ചാക്ക് നിറയെ രത്നങ്ങള്‍.. കഥകളില്‍ കേട്ടതുപോലുള്ള നിധിശേഖരമാണ് പരിശോധനാസംഘത്തിന്റെ മുന്നില്‍ തെളിഞ്ഞത്.

എ നിലവറയുടെ പ്രവേശനകവാടം തുറന്നു പ്രാഥമിക പരിശോധന നടത്തിയപ്പോള്‍ കാര്യമായി എന്തെങ്കിലും ഉണ്ടാകുമെന്നതിന്റെ സൂചനയൊന്നും ഇല്ലായിരുന്നു. പരിശോധനാ സംഘം ഇറങ്ങിയപ്പോള്‍ ആദ്യം പൊടി പിടിച്ച് കറുത്ത നിലംമാത്രമാണ് കണ്ടത്. വായു സഞ്ചാരം ഇല്ലാത്തതിനാല്‍ ഫയര്‍ഫോഴ്‌സ് അറയിലേക്ക് വായു പമ്പു ചെയ്തു കൊടുത്തു. പ്രവേശനകവാടം തുറന്നു ചെല്ലുന്നതു വിശാലമായ ഒരു മുറിയിലേക്കാണ്. അവിടെ നിലത്ത് വലിയ കരിങ്കല്ലുകളാണു പാകിയിരുന്നത്. കനത്ത കല്ലുപാളികള്‍ നീക്കിയപ്പോള്‍ താഴേക്കു കഷ്ടിച്ച് ഒരാള്‍ക്കു മാത്രം ഇറങ്ങിപ്പോകാന്‍ കഴിയുന്ന പടികള്‍ കാണപ്പെട്ടു. ഇത് ഇറങ്ങിച്ചെല്ലുന്നത് ഒരാള്‍ക്കു കുനിഞ്ഞു മാത്രം നില്‍ക്കാന്‍ കഴിയുന്ന അറയിലേക്കാണ്. ഇവിടെ സേഫ് പോലെ നിര്‍മിച്ച അറയിലാണു നിധിശേഖരം ഉണ്ടായിരുന്നത്.

അറയില്‍ വേറെയും ഗുഹാമുഖമുണ്ടെന്ന സംശയം ഉയര്‍ന്നതിനെത്തുടര്‍ന്നു നാലു പേരടങ്ങിയ എന്‍ജിനീയര്‍മാരുടെ സംഘം വിശദമായ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. അറയ്ക്കകത്തു വായുസഞ്ചാരം ഇല്ലായിരുന്നു. താഴെ ഇറങ്ങുന്നവര്‍ക്ക് അല്‍പ സമയം മാത്രമേ അകത്തു നില്‍ക്കാന്‍ കഴിഞ്ഞുള്ളു. അപ്പോഴേക്കും ശ്വാസം കിട്ടാതെ തിരികെ കയറേണ്ടിവന്നു.

രണ്ടായിരത്തോളം ശരപ്പൊളി സ്വര്‍ണമാലകള്‍ അറയില്‍നിന്ന് കണ്ടെടുത്തു. പിറന്നാള്‍ പോലുള്ള വിശേഷാവസരങ്ങളില്‍ കൊട്ടാരത്തിലുള്ളവരും മറ്റും ശ്രീപത്മനാഭനു കാണിക്കയായി സമര്‍പ്പിച്ചവയായിരിക്കണം ശരപ്പൊളി മാലയെന്നാണു കരുതുന്നത്. ഒരു ചാക്ക് നിറയെ ബല്‍ജിയം രത്നങ്ങളും കണ്ടെടുത്തു. രണ്ടായിരത്തോളം മാലകളില്‍ നാലെണ്ണം 2.2 കിലോ തൂക്കം വരുന്ന ശരപ്പൊളി മാലകളാണ്. ഇവയ്ക്കു 18 അടി നീളമുണ്ടെന്നാണ് പുറത്തുവന്ന വാര്‍ത്തകള്‍. 12 ഇഴകളായി നിര്‍മിച്ച മാലയാണിത്. ഇതിന്റെ ലോക്കറ്റുകളില്‍ കോടികള്‍ വിലവരുന്ന മാണിക്യ, മരതക രത്നങ്ങളാണ്. 'ഒരു ലോക്കറ്റില്‍ 997 വൈരക്കല്ലുകള്‍, 19.5 ലക്ഷം സ്വര്‍ണനാണയങ്ങള്‍ (രാശിപ്പണം), സ്വര്‍ണം പൊതിഞ്ഞ 14,000 അര്‍ക്ക പുഷ്പങ്ങള്‍' - എ നിലവറയില്‍ കണ്ടെത്തിയ വസ്തുക്കളെക്കുറിച്ച് സുപ്രീംകോടതിയില്‍ വിദഗ്ധ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നതിങ്ങനെ.

സര്‍പ്പങ്ങള്‍ കാവല്‍നില്‍ക്കുന്ന നിലവറയെന്നും, നിലവറ തുറക്കുന്നവര്‍ മരിക്കുമെന്നും വിവിധ കഥകളുണ്ട്. ഈ നിലവറ തുറന്നു പരിശോധിക്കാന്‍ വിദഗ്ധ സമിതിക്ക് കഴിഞ്ഞില്ല. ബി നിലവറ 1990ലും 2002ലുമായി ഏഴുതവണ തുറന്നിട്ടുണ്ടെന്നു സുപ്രീം കോടതി നിയോഗിച്ച പ്രത്യേക ഓഡിറ്റര്‍ വിനോദ് റായി റിപ്പോര്‍ട്ടു നല്‍കിയിരുന്നു. എന്നാല്‍, ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറയുടെ ആദ്യ അറ മാത്രമേ തുറന്നിട്ടുള്ളുവെന്നു തിരുവിതാംകൂര്‍ രാജകുടുംബം പഞ്ഞിരുന്നു. അറ തുറന്നിട്ടില്ലെന്ന് ഇതുവരെ ആരും പറഞ്ഞിട്ടില്ല. എന്നാല്‍ ഈ അറയ്ക്കപ്പുറം ഒരു വാതിലുണ്ട്. അതു കിഴക്കോട്ടു തുറക്കേണ്ട വിധത്തിലുള്ളതാണ്. ആ വാതില്‍ തുറന്നിട്ടില്ല.

അത് എന്തുകൊണ്ടാണെന്നു ഞങ്ങള്‍ക്കാര്‍ക്കും അറിയില്ല എന്നാണ് രാജകുടുംബത്തിലുള്ളവര്‍ പറഞ്ഞത്.

Tags:    

Similar News