അവസാനമായി കണ്ടപ്പോള്‍ സംസാരിച്ചത് ജാമ്യം എടുക്കുന്നതിനെ കുറിച്ച്; ഫോണ്‍ വിളിക്കാനുള്ള സൗകര്യവും അനുവദിച്ചിരുന്നില്ല; അച്ഛനും അമ്മയും തിരിഞ്ഞു നോക്കാത്തതും പ്രതിസന്ധി; അതീവ സുരക്ഷാ മേഖലയില്‍ മുണ്ടിലെ ആത്മഹത്യാ ശ്രമം അവിശ്വസനീയം; അഫാനെ കാണാന്‍ അഭിഭാഷകനെ പോലും അനുവദിക്കുന്നില്ല; ദുരൂഹത സംശയിച്ച് അഫാന്റെ അഡ്വക്കേറ്റ്; അഡ്വ വി സജു മറുനാടനോട്
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലകേസ് പ്രതിയായ അഫാന്റെ ആത്മഹത്യ ശ്രമത്തില്‍ ദുരൂഹതാ സംശയം ശക്തം. അഫാനെ അഭിഭാഷകനെ അടക്കം ജയില്‍ അധികൃതര്‍ കാണിക്കുന്നില്ല. അവസാനമായി അഫാനെ കണ്ടപ്പോള്‍ തന്നെ ജാമ്യത്തില്‍ ഇറക്കണമെന്ന അഭ്യര്‍ത്ഥനയാണ് അഭിഭാഷകന് മുന്നില്‍ അഫാന്‍ വച്ചത്. അത്തരമൊരു വ്യക്തി ആത്മഹത്യ ചെയ്യുമോ എന്ന സംശയം അഭിഭാഷകനുണ്ട്. ഇതിനെപ്പം മറ്റ് ചില സംശയവും അഡ്വക്കേറ്റ് വി സജുവിനുണ്ട്. അഫാനെ കാണാന്‍ മറ്റാരേയും അനുവദിക്കുന്നില്ലെന്ന് അഭിഭാഷകന്‍ സജു മറുനാടനോട് പറഞ്ഞു. 48 മണിക്കൂര്‍ കഴിയാതെ അഫാന്റെ ആരോഗ്യ നിലയെ കുറിച്ച് എന്തെങ്കിലും പറയാനാകില്ലെന്ന്് ഡോക്ടര്‍ തന്നോട് പറഞ്ഞെന്നും സജു വെളിപ്പെടുത്തി. ജയിലിനുള്ളിലെ ജയിലിലായിരുന്നു അഫാനെ താമസിപ്പിച്ചിരുന്നത്. അതീവ സുരക്ഷാ മേഖലയിലെ ആത്മഹത്യാ ശ്രമം അവിശ്വസനീയം എന്നാണു അഡ്വക്കേറ്റ് ആരോപിക്കുന്നത്. അതിനിടെ അഫാന് വിഷാദ രോഗമാണെന്ന് ജയില്‍ ്അധികൃതര്‍ പറയുന്നുണ്ട്.
ജയിലിനുള്ളില്‍ ആത്മഹത്യക്ക് ശ്രമിച്ച അഫാന്റെ സ്ഥിതി ഗുരുതരമായി തുടരുകയാണ്. വാര്‍ത്തകളില്‍ നിന്നാണ് അഭിഭാഷകന്‍ കാര്യമറിയുന്നത്. ജയിലില്‍ നിന്നും അറിയിപ്പും കിട്ടിയിരുന്നില്ല. ആത്മഹത്യ ശ്രമമുണ്ടായിട്ടും അഭിഭാഷകനെ വിവരമറിയിക്കാന്‍ ജയില്‍ അധികാരികള്‍ തയ്യാറാകാത്തതില്‍ ദുരൂഹതയുണ്ടെന്നാണ് അഭിഭാഷകന്‍ പറയുന്നത്. കേസില്‍ കുറ്റപത്രം നല്‍കാനിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് പോലീസ് അഫാനെ ജയിലില്‍ എത്തി ചോദ്യം ചെയ്ത് കാണും. ഇതിനെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ അറിയില്ല. പോലീസിന് എന്തോ ഒളിപ്പിക്കാനുണ്ടെന്നും അഭിഭാഷകന്‍ ആരോപിക്കുന്നു. അഫാനെ ആശുപത്രിയില്‍ വെച്ചും കാണാന്‍ പോലീസ് അനുവദിക്കുന്നില്ല. അതീവ സുരക്ഷകളുള്ള ജയിലില്‍ അഫാന്‍ മുണ്ടില്‍ തൂങ്ങി മരിക്കാന്‍ ശ്രമിച്ചെന്നത് വിശ്വസിക്കാന്‍ കഴിയുന്നില്ല. ബന്ധുക്കള്‍ ആരും തന്നെ അഫാനെ സഹായിക്കാനില്ല. അങ്ങനെ ഉണ്ടായിരുന്നെങ്കില്‍ ഇത്ര പ്രശ്‌നങ്ങളില്ല. ഇതുമായി ബന്ധപ്പെട്ട് ആഭ്യന്തര വകുപ്പിന് പരാതി നല്‍കിയിട്ടുണ്ടെന്നും അഭിഭാഷകന്‍ പറയുന്നു.
ആഴ്ചയില്‍ ഒരു തവണ ഫോണ്‍ വിളിക്കാനുള്ള അവസരം ജയില്‍ പുള്ളികള്‍ക്ക് അനുവദിക്കുന്നുണ്ടെങ്കിലും അഫാന് ഈ സൗകര്യം അനുവദിച്ചിരുന്നില്ല. വക്കീല്‍ അല്ലാതെ ആരും സന്ദര്‍ശിക്കാനും എത്തിയിരുന്നില്ല. ജയിലിലായ ശേഷം രണ്ട് തവണ അഭിഭാഷകന്‍ അഫാനെ സന്ദര്‍ശിച്ചിരുന്നു. ഒരു മാസം മുന്‍പായിരുന്നു അവസാനം കണ്ടത്. അന്ന് വിശദമായി അഫാനുമായി സംസാരിച്ചിരുന്നു. ഈ സമയം ജാമ്യത്തിനായി അപേക്ഷിക്കണമെന്ന ആവശ്യം അഫാന്‍ പറഞ്ഞിരുന്നു. സമയം കഴിഞ്ഞതായി ജയില്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടും അഫാന്‍ ഏറെ നേരം നിര്‍ത്താതെ സംസാരിച്ചു. എന്നാല്‍ കേസില്‍ ജാമ്യം കിട്ടുന്നത് അസാധ്യമായ ഒന്നായിരുന്നതിനാല്‍ അപേക്ഷ നല്‍കിയില്ല എന്നാണ് അഭിഭാഷകൻ പറയുന്നത് ജയിലില്‍ അഫാനെ നിരീക്ഷിക്കാന്‍ ഒരു ജയില്‍പുള്ളിയുമുണ്ട്. ഇയാള്‍ സെല്ലില്‍ നിന്നും മാറിയ സമയത്താണ് അഫാന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് പോലീസ് പറയുന്നത്.
പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ജീവനൊടുക്കാന്‍ ശ്രമിച്ച വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ നില ഗുരുതരമായി തുടരുകയാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അഫാന്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നത്. ഡോക്ടര്‍മാര്‍ അനുവദിച്ചാല്‍ അഫാന്റെ മൊഴി ഇന്ന് രേഖപ്പെടുത്തുമെന്ന് പോലീസ് പറഞ്ഞു. കൊലക്കേസില്‍ തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ യു ടി ബ്ലോക്കില്‍ കഴിയുന്ന അഫാന്‍ ഇന്നലെ രാവിലെ 11 മണി ഓടെയാണ് ശുചിമുറിയില്‍ ആത്മഹത്യാ ശ്രമം നടത്തിയത്. ഉണക്കാനിട്ടിരുന്ന മുണ്ട് ഉപയോഗിച്ചായിരുന്നു ആത്മഹത്യക്ക് ശ്രമിച്ചത്. വാതില്‍ തുറക്കാന്‍ വൈകിയതിനെ തുടര്‍ന്ന് ജയില്‍ വാര്‍ഡന്‍ ശുചിമുറിയുടെ വാതില്‍ ചവിട്ടി പൊളിച്ചു. അഫാനെ തൂങ്ങി മരിക്കാന്‍ ശ്രമിച്ച നിലയില്‍ കണ്ടെത്തിയതോടെ വാര്‍ഡന്‍ ഉടന്‍ ജയില്‍ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.
പിതൃമാതാവ് സല്‍മാ ബീവിയെ കൊലപ്പെടുത്തിയ കേസില്‍ അഫാനെതിരെ അന്വേഷണ സംഘം കഴിഞ്ഞ ദിവസം കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. തനിക്ക് തെറ്റ് പറ്റിയതാണെന്നും മാതാപിതാക്കളെ കാണണമെന്നും നേരത്തേ അഫാന്‍ ഉദ്യോഗസ്ഥരോട് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ചോദ്യം ചെയ്യുന്ന സമയത്ത് ഉള്‍പ്പെടെ ആത്മഹത്യ ചെയ്യുമെന്ന് അഫാന്‍ വെളിപ്പെടുത്തിയതായും റിപോര്‍ട്ടുകളുണ്ടായിരുന്നു.ഫെബ്രുവരി 24നാണ് വെഞ്ഞാറമൂട്ടില്‍ പിതൃമാതാവ് സല്‍മാ ബീവി, പിതൃസഹോദരന്‍ ലത്വീഫ്, ഭാര്യ ശാഹിദ, സഹോദരന്‍ അഹ്സാന്‍, പെണ്‍സുഹൃത്ത് ഫര്‍സാന എന്നിവരെ അഫാന്‍ കൊലപ്പെടുത്തിയത്. രാവിലെ പത്തിനും ആറിനുമിടയിലായിരുന്നു അഞ്ച് കൊലപാതകങ്ങളും ഉണ്ടായത്. മാതാവ് ഷെമിയെ ആക്രമിച്ചപ്പോള്‍ മരിച്ചെന്നായിരുന്നു അഫാന്‍ കരുതിയിരുന്നത്.