ഔദ്യോഗിക വാഹനത്തിന്റെ ഡ്രൈവറെ കൊണ്ട് സ്വകാര്യ വാഹനം ഓടിപ്പിച്ചു; രണ്ടു മണിക്കൂറിനകം പരുക്കേറ്റയാള്‍ക്കെതിരേ എഫ്ഐആര്‍; പത്തനംതിട്ട എസ്പിയില്‍ നിന്ന് വിവരങ്ങള്‍ മറച്ചു വച്ചു: നേപ്പാള്‍ സ്വദേശിയെ ഇടിച്ചിട്ട സംഭവത്തിലും അട്ടിമറി: മുന്‍ എസ്പി വീണ്ടും പത്തനംതിട്ടയില്‍ കേസുകള്‍ അട്ടിമറിക്കുന്നു; എഐജി വിനോദ് കുമാര്‍ 'ഡെയ്ഞ്ചറസ്' ആകുമ്പോള്‍
തിരുവല്ല: മുന്‍ പത്തനംതിട്ട എസ്പിയും നിലവില്‍ ക്രമസമാധാന പാലന ചുമതലയുള്ള എഐജിയുമായ വി.ജി.വിനോദ്കുമാറിന്റെ വാഹനം നേപ്പാള്‍ സ്വദേശിയായ കാല്‍നടയാത്രക്കാരനെ ഇടിച്ചിട്ട കേസില്‍ അടിമുടി അട്ടിമറി. അവധിയിലായിരുന്ന പത്തനംതിട്ട എസ്പി അറിയാതെയാണ് പരുക്കേറ്റ കാല്‍നട യാത്രക്കാരനെ പ്രതിയാക്കി തിരുവല്ല പോലീസ് കേസെടുത്തത്. ഡിവൈ.എസ്.പിയുടെ നിര്‍ദേശ പ്രകാരം ജൂനിയര്‍ എസ്ഐയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. വാര്‍ത്ത മറുനാടന്‍ പുറത്തു വിട്ടതിന് പിന്നാലെ ദൃശ്യമാധ്യമങ്ങള്‍ അടക്കം ഏറ്റെടുത്തു. സംഭവം വിവാദമായതോടെ വിശദമായ അന്വേഷണത്തിന് ജില്ലാ പോലീസ് മേധാവി ആര്‍. ആനന്ദ് ജില്ലാ സി ബ്രാഞ്ച് ഡിവൈ.എസ്.പി കെ.എ. വിദ്യാധരന് ചുമതല നല്‍കി.
ഓഗസ്റ്റ് 30 ന് രാത്രി 10.50 ന് എം.സി റോഡില്‍ കുറ്റൂരില്‍ വച്ചാണ് അപകടം. തിരുവനന്തപുരത്ത് നിന്നും കോട്ടയത്തേക്ക് വന്ന എ.ഐ.ജി സഞ്ചരിച്ചിരുന്ന മഹീന്ദ്ര എക്‌സ് യുവി 700 വാഹനം ഹോട്ടല്‍ തൊഴിലാളിയായ നേപ്പാള്‍ സ്വദേശിയെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഇയാള്‍ കുറുകെ ചാടിയെന്നും അപ്പോള്‍ വണ്ടി തട്ടി തലയിലും മുഖത്തും തോളത്തും മുറിവു പറ്റിയെന്നുമാണ് എഫ്‌ഐആര്‍. സാരമായി പരുക്കേറ്റ തൊഴിലാളി പുഷ്പഗിരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സ തേടി. ഇയാള്‍ക്ക് പറ്റിയ പരുക്കേിനേക്കാള്‍ വിശദമായിട്ടാണ് എഐജിയുടെ കാറിന് വന്ന കേടുപാടുകള്‍ എഫ്‌ഐആറില്‍ വിവരിക്കുന്നത്. കാറിന്റെ ബോണറ്റിന്റെ ഇടതുവശം ബോഡിഭാഗത്തും ഹെഡൈ്യറ്റ് ഭാഗത്തും വീല്‍ ആര്‍ച്ച് ഭാഗത്തും കേടുപാടുകള്‍ സംഭവിച്ചെന്നാണ് എഫ്‌ഐആറില്‍ പറഞ്ഞിരിക്കുന്നത്. പരുക്കേറ്റയാളെ പുഷ്പഗിരിയില്‍ ആക്കിയ ശേഷം വാഹനത്തിന്റെ ഡ്രൈവര്‍ എ.കെ. അനന്തു തിരുവല്ല പോലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു.
ഒരു അപകടം നടന്നാല്‍ സിസിടിവി സഹിതം പരിശോധിച്ച് കൂടുതല്‍ അന്വേഷണം നടത്തിയാണ് എഫ്്ഐആര്‍ തയാറാക്കുന്നത്. എന്നാല്‍, ഇവിടെ രണ്ടു മണിക്കൂറിനകം അപകടത്തില്‍ പരുക്കേറ്റ നേപ്പാള്‍ സ്വദേശിയെ പ്രതിയാക്കി പോലീസ് കേസെടുത്തു. രാത്രി 10.50 നാണ് അപകടം നടന്നത്. പിറ്റേന്ന് പുലര്‍ച്ചെ 1.15 ന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഗുരുതരമായ കൃത്യവിലോപവും അധികാര ദുര്‍വിനിയോഗവുമാണ് എഐജിയുടെ ഭാഗത്തു നിന്നുമുണ്ടായിരിക്കുന്നത്. പോലീസ് ഡ്രൈവറെ സ്വകാര്യ വാഹനത്തില്‍ ഡ്രൈവറായി നിയോഗിച്ചതാണ് ഏറ്റവും പ്രധാനം. അയാളുടെ മൊഴി വാങ്ങി പരുക്കേറ്റയാള്‍ക്കെതിരേ എഫ്ഐആര്‍ ഇട്ടത് അധികാര ദുര്‍വിനിയോഗമാണ്.
പത്തനംതിട്ട എസ്പി ആര്‍. ആനന്ദ് വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി അവധിയില്‍ ആയിരുന്ന സമയത്താണ് സംഭവം നടക്കുന്നത്. എഐജി ആവശ്യപ്പെട്ടപ്പോള്‍ തിരുവല്ല ഡിവൈ.എസ്.പി വഴി വിട്ട് കേസെടുക്കാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു.
അട്ടിമറി വിനോദ്കുമാറിന് പുത്തരിയല്ല, പരുക്കേറ്റയാളെ നാടുകടത്തിയെന്ന് സംശയം
കേസ് അട്ടിമറി വിനോദ് കുമാറിന് പുത്തരിയല്ല. പത്തനംതിട്ട എസ്പിയായിരിക്കുമ്പോള്‍ കുറേ കേസുകള്‍ അട്ടിമറിച്ചതിന്റെ പേരിലാണ് ഇയാളെ സ്ഥലം മാറ്റിയത്. ആറന്മുളയില്‍ ഹൈക്കോടതി അഭിഭാഷകന്‍ പ്രതിയായ പോക്സോ കേസ്, കോയിപ്രത്തെ കസ്റ്റഡി മര്‍ദനം, വനിത എസ്ഐ ഷെമിമോളുടെ പോക്സോ അട്ടിമറി, റൗഡി ലിസ്റ്റില്‍ പേരുള്ള അഭിഭാഷകനെ സ്പെഷല്‍ പ്രോസിക്യൂട്ടറാക്കാനുള്ള ശിപാര്‍ശ, എഡിജിപി എം.ആര്‍. അജിത്കുമാറിന് ശബരിമലയിലേക്ക ട്രാക്ടറില്‍ യാത്ര ചെയ്യാനുള്ള വഴിവിട്ട സഹായം ഇങ്ങനെ നിരവധി വിഷയങ്ങള്‍ ഉണ്ടാക്കിയ ആളാണ് വിനോദ്കുമാര്‍. രണ്ട് വനിതാ എസ്ഐമാര്‍ക്കെതിരേ അസമയത്ത് വാട്സാപ്പ് മെസേജ് അയച്ചതിന് ഡിഐജിയുടെ നിര്‍ദേശ പ്രകാരം വിനോദ്കുമാറിനെതിരേ അന്വേഷണം നടക്കുകയാണ്. പരാതി പ്രകാരം വനിത എസ്ഐമാര്‍ നല്‍കിയ മൊഴി ഒരു ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി പുറത്തു വിട്ടതും വിനോദ്കുമാറാണെന്ന ആരോപണം ഉയരുന്നുണ്ട്.
എസ്പിയായിരുന്നപ്പോഴത്തെ അട്ടിമറിയുടെ തുടര്‍ച്ചയാണ് ഇപ്പോഴും വിനോദ് കുമാര്‍ നടത്തിയിട്ടുള്ളത്. തന്റെ അധികാര പരിധിയില്ലാത്ത ജില്ലയില്‍ കയറിയാണ് അധികാര ദുര്‍വിനിയോഗം കാണിച്ചിരിക്കുന്നത്. പത്തനംതിട്ട എസ്പി ആര്‍. ആനന്ദ് കടുത്ത അതൃപ്തിയിലാണെന്നാണ് സൂചന. ഇതിന്റെ ഭാഗമായിട്ടാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.
അതിനിടെ പരുക്കേറ്റ നേപ്പാള്‍ തൊഴിലാളി ആശുപത്രി വിട്ടു. ഇയാളെ നാടുകടത്തിയെന്ന സൂചനയും പുറത്തു വരുന്നു. കോട്ടയത്തു നിന്നുള്ള യുവകോണ്‍ഗ്രസ് എംഎല്‍എയാണ് വിനോദ്കുമാറിന് വേണ്ടി തൊഴിലാളിയെ നാടുകടത്താന്‍ ചരടുവലിച്ചിരിക്കുന്നത്. ആലപ്പുഴ ജില്ലയിലെ ഒരു യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ ഉടമസ്ഥതയില്‍ കുറ്റൂരില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലിലെ തൊഴിലാളിയെയാണ് വാഹനം ഇടിച്ചത്. ഹോട്ടലുടമയെ യുവകോണ്‍ഗ്രസ് എം.എല്‍.എ സ്വാധീനിച്ച് നാട്ടിലേക്ക് പറഞ്ഞു വിട്ടെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്യുന്നു. മന്ത്രി വാസവന്റെയും സിപിഎം നേതൃത്വത്തിന്റെയും അടുപ്പക്കാരനായ എഐജിക്ക് വേണ്ടിയാണ് കോണ്‍ഗ്രസ് എംഎല്‍എ ഇടപെട്ടത് എന്നതും ശ്രദ്ധേയമാണ്.