ആന്തൂരിലെ സാജന്റെ കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി നല്‍കില്ലെന്ന് ശ്യാമള പറഞ്ഞു; അതിന് ഉദ്യോഗസ്ഥര്‍ സാക്ഷികളാണ്; പി പി ദിവ്യയോടും ശ്യാമളയോടും പാര്‍ട്ടി കാണിക്കുന്നത് ഇരട്ടത്താപ്പ്; പി ജയരാജനെ ഒതുക്കി, കെ കെ ശൈലജയെ നാടുകടത്തി; തളിപ്പറമ്പില്‍ മത്സരിക്കും, യുഡിഎഫ് പിന്തുണച്ചാല്‍ സ്വീകരിക്കും: പാര്‍ട്ടി സെക്രട്ടറി എം വി ഗോവിന്ദനെതിരെ തുറന്നടിച്ചു പാര്‍ട്ടിവിട്ടു ടി കെ ഗോവിന്ദന്‍
ആന്തൂരിലെ സാജന്റെ കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി നല്‍കില്ലെന്ന് ശ്യാമള പറഞ്ഞു
കണ്ണൂര്‍: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ ആഞ്ഞടിച്ചാണ് മുതിര്‍ന്ന സിപിഎം നേതാവ് ടി കെ ഗോവിന്ദന്‍ പാര്‍ട്ടി വിട്ടത്. തളിപ്പറമ്പ് മണ്ഡലത്തില്‍ പി.കെ. ശ്യാമളയെ സ്ഥാനാര്‍ഥിയാക്കിയതില്‍ പാര്‍ട്ടി സെക്രട്ടറിയും ശ്യാമളയുടെ ഭര്‍ത്താവുമായ എം.വി. ഗോവിന്ദനെതിരെ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം ആഞ്ഞടിച്ചു. കണ്ണൂരിലെ സിപിഎമ്മില്‍ കുറച്ചുകാലമായി തുടരുന്ന അസ്വസ്തകള്‍ പുകഞ്ഞു പുറത്തുവരുന്നതാണ് വാര്‍ത്തസമ്മേളനത്തില്‍ കണ്ടത്.
ആന്തൂരിലെ സാജന്റെ ആത്മഹത്യക്ക് ഉത്തരവാദി പി കെ ശ്യാമളയാണെന്ന് ടി കെ ഗോവിന്ദന്‍ തുറന്നടിച്ചു. സാജന്റെ കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി നല്‍കില്ലെന്ന് പി കെ ശ്യാമള പറഞ്ഞു. അതിന് ഉദ്യോഗസ്ഥര്‍ സാക്ഷികളാണ്. അതിന്റെ വിഷമത്തിലാണ് സാജന്‍ മരിച്ചത്. പി പി ദിവ്യയോടും പി കെ ശ്യാമളയോടും പാര്‍ട്ടി കാണിക്കുന്നത് ഇരട്ടത്താപ്പ് നയമാണ്. ജില്ലയിലെ പ്രമുഖ നേതാവായിട്ടും പി ജയരാജനെ ഒതുക്കി. ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റിയപ്പോള്‍ സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്തിയില്ല. കെ കെ ശൈലജയെ മട്ടന്നൂരില്‍ അനുവദിക്കാന്‍ സമ്മതിക്കാതെ നാടുകടത്തുകയാണ് ചെയ്തത്. തളിപ്പറമ്പില്‍ മത്സരിക്കും, യുഡിഎഫ് പിന്തുണച്ചാല്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മൂന്നു തവണ എംഎല്‍എ ആയിരുന്നിട്ട് നാലാമത്തെ തവണ ആ കസേരയിലേക്ക് ഭാര്യയെ പിടിച്ചിരുത്തുന്ന നയത്തോട് തനിക്ക് യോജിക്കാനാവില്ലെന്ന് യോഗത്തില്‍ പങ്കെടുക്കവേ എം.വി. ഗോവിന്ദനോട് തന്നെ താന്‍ നേരിട്ടു പറഞ്ഞിരുന്നെന്ന് കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
രണ്ട് ടേം ആയാല്‍ പിന്നെ മത്സരിക്കാന്‍ പാടില്ലെന്നാണ് പാര്‍ട്ടി നയം. മൂന്ന് ടേം എംഎല്‍എ ആയിട്ട് നാലാം ടേം എന്റെ ഭാര്യക്ക് കൊടുക്കണം. അതിന്റെ അര്‍ഥമെന്താണ്, നാലാമതും താന്‍ ആയിരിക്കണം. പക്ഷേ ഇപ്പോള്‍ സെക്രട്ടറി ആയതിനാല്‍ അത് നടക്കില്ല എന്നതുകൊണ്ട് ഭാര്യയെ അവിടെ എംഎല്‍എ ആക്കാന്‍ ശ്രമം നടക്കുന്നു. താന്‍ അതിനെ എതിര്‍ത്തു- എം.വി. ഗോവിന്ദനെ ഉന്നമിട്ട് ടി.കെ. ഗോവിന്ദന്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തിലെ പ്രസക്ത ഭാഗങ്ങള്‍:
പാര്‍ട്ടിയില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ചില പ്രവണതകള്‍ ഇപ്പോള്‍ കാണുകയാണ്. അതിനെ ശക്തമായി എതിര്‍ത്തിട്ടുണ്ട്. ചില കാര്യങ്ങളില്‍ ശക്തമായി വിമര്‍ശനം നടത്തിയിട്ടുണ്ട്. അതിന്റെ ദോഷവുമുണ്ടായിട്ടുണ്ട്. ദോഷവും ഗുണവുമൊന്നും നോക്കിയിട്ടല്ല ചെയ്യുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി നിര്‍ണയം വന്നപ്പോള്‍, പാര്‍ട്ടിയുടെ ഒരു സംഘടനാരീതിക്കും നിരക്കാത്ത ഒരു മൊറാലിറ്റിക്കും ചേരാത്ത തീരുമാനമാണ് വന്നത്.
സംഘടനാരീതി പ്രകാരം സ്ഥാനാര്‍ഥി ലിസ്റ്റ് ആദ്യം ചര്‍ച്ച ചെയ്യുന്നത് ജില്ലാ സെക്രട്ടേറിയറ്റാണ്. കണ്ണൂരില്‍ ഒരു സ്ത്രീയെ മത്സരിപ്പിക്കണം, അത് തളിപ്പറമ്പിലായിരിക്കണം, അത് പി.കെ. ശ്യാമള ആയിരിക്കണം- ഇത് ജില്ലാ സെക്രട്ടറി വെച്ച നിര്‍ദേശമാണ്. പയ്യന്നൂരിലെത്തിയപ്പോള്‍ അവിടെ മത്സരിക്കേണ്ടത് മധുസൂദനനായിരിക്കണം എന്നും നിര്‍ദേശം വെച്ചു. ഈ രണ്ട് നിര്‍ദേശത്തോടും കടുത്ത എതിര്‍പ്പ് സെക്രട്ടേറിയറ്റിന് അകത്തുവന്നു. മധുസൂദനന്‍ മോശക്കാരന്‍ ആയതുകൊണ്ടല്ല. അദ്ദേഹത്തെക്കുറിച്ച് ധാരാളം ആരോപണം ഉയരുകയും പാര്‍ട്ടി അത് അന്വേഷിക്കുകയും ചെയ്തിട്ടുണ്ട്. അന്വേഷിച്ച സമയത്ത് അതില്‍ എന്തെങ്കിലും കാതലുണ്ടെന്ന് പാര്‍ട്ടി കണ്ടെത്തിയിട്ടില്ല. പക്ഷേ ആരോപണം ഉന്നയിച്ച കുഞ്ഞികൃഷ്ണന്‍ പറയുന്നു, പാര്‍ട്ടിയുടെ കണ്ടെത്തല്‍ ശരിയല്ലെന്ന്. ഈ തര്‍ക്കം പൊതുവേ നോക്കിയാല്‍ പയ്യന്നൂരിലെ പാര്‍ട്ടിയിലും ആളുകള്‍ക്കിടയിലും കുഞ്ഞികൃഷ്ണന്‍ പറയുന്ന കണക്കിലാണ് വിശ്വാസം. പാര്‍ട്ടിവെച്ച കണക്കിലല്ല. ആ ബോധ്യക്കുറവ് ജനങ്ങളിലും പാര്‍ട്ടിയിലുമുണ്ട്. ഈ സാഹചര്യത്തില്‍ സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്ന ജനങ്ങളെ പൂര്‍ണമായും വിശ്വസിപ്പിക്കാന്‍ പറ്റാത്ത ഒരാള്‍ സ്ഥാനാര്‍ഥിയാക്കുന്നത് ശരിയല്ലെന്ന അഭിപ്രായം ജില്ലാ സെക്രട്ടേറിയറ്റില്‍ ഉയര്‍ന്നുവന്നു.
തളിപ്പറമ്പിലെ സ്ഥാനാര്‍ഥിത്വത്തെക്കുറിച്ചും എതിര്‍പ്പുയര്‍ന്നു. സ്ത്രീയെ മത്സരിപ്പിക്കണമെന്ന് തീരുമാനിച്ചല്ലോ. എന്നാല്‍ എന്തുകൊണ്ട് സുകന്യ ആയിക്കൂടാ?. സുകന്യ ആവട്ടേ എന്ന അഭിപ്രായവും ഉയര്‍ന്നു. തന്റെ നിലപാട് താനും പറഞ്ഞു. അഭിപ്രായം അതേപടി മേല്‍കമ്മിറ്റിയില്‍ അറിയിക്കാമെന്നും വെവ്വേറെ രേഖപ്പെടുത്തേണ്ടതില്ലെന്ന് എംവി ജയരാജന്‍ പറഞ്ഞു. ഒരാളെ സ്ഥാനാര്‍ഥിയാക്കി കൊണ്ടുവരാന്‍ എത്രമാത്രം ആസൂത്രിതമായാണ് ശ്രമിച്ചിട്ടുള്ളത് എന്ന് ഇതിന് പിന്നിലെ മുഴുവന്‍ കഥയും പറയുമ്പോള്‍ മനസ്സിലാകും.
തളിപ്പറമ്പ് മണ്ഡലത്തില്‍ പികെ ശ്യാമളയുടെ പേര് മാത്രമാണ് സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് പോയത്. ഒരു പേരുമാത്രം എത്തിയതോടെ അത് അംഗീകരിക്കപ്പെട്ടു. അത് തിരിച്ച് ജില്ലാ സെക്രട്ടേറിയറ്റില്‍വന്നു. പിന്നീട് ജില്ലാ കമ്മിറ്റിയില്‍ വന്നു. തളിപ്പറമ്പ് മണ്ഡലത്തിന്റെ ചുമതല പി. ജയരാജനെയും എം.വി. ജയരാജനെയും തന്നെയും ചുമതലക്കാരാക്കി. ചുമതലക്കാരെ തടഞ്ഞ് വഴി നടക്കാന്‍ സാധിക്കില്ല അതുകൊണ്ട് തന്റെ ആവശ്യമില്ലെന്ന് പറഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെല്ലാം തിരഞ്ഞെടുപ്പ് ചുമതല താന്‍ വഹിച്ചിരുന്നു. എം.വി. ഗോവിന്ദന്‍ ആ യോഗത്തിലുണ്ടായിരുന്നു. ഈ നയത്തോട് തനിക്ക് യോജിപ്പില്ലെന്ന് അദ്ദേഹത്തോട് തന്നെ പറഞ്ഞു.
മൂന്നുതവണ എംഎല്‍എ ആയിരുന്നിട്ട് നാലാമത്തെ തവണ ആ കസേരയിലേക്ക് ഭാര്യയെ പിടിച്ചിരുത്തുന്ന നയത്തോട് തനിക്ക് യോജിപ്പില്ലെന്ന് എം.വി. ഗോവിന്ദനോട് പറഞ്ഞു. ഈ തിരഞ്ഞെടുപ്പ് രംഗത്ത് പ്രവര്‍ത്തിക്കാന്‍ തനിക്ക് സാധിക്കില്ലെന്നും പറഞ്ഞു. രണ്ട് ടേം ആയാല്‍ മത്സരം പാടില്ലെന്നാണ് പാര്‍ട്ടി നയം. മൂന്ന് ടേം എംഎല്‍എ ആയിട്ട് നാലാം ടേം എന്റെ ഭാര്യക്ക് കൊടുക്കണം. അതിന്റെ അര്‍ഥമെന്താണ്, നാലാമതും താന്‍ ആയിരിക്കണം. പക്ഷേ ഇപ്പോള്‍ സെക്രട്ടറി ആയതിനാല്‍ അത് നടക്കില്ല എന്നതുകൊണ്ട് ഭാര്യയെ അവിടെ എംഎല്‍എ ആക്കാന്‍ ശ്രമം നടക്കുന്നു. അതിനെ എതിര്‍ത്തു.
തളിപ്പറമ്പ് സ്ഥാനാര്‍ഥിത്വത്തില്‍ ജില്ലാ കമ്മിറ്റിയില്‍ രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു. താന്‍ ആയിരുന്നു അധ്യക്ഷന്‍. മണ്ഡലം കമ്മിറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ മൂന്നുപേരൊഴികെ മുഴുവന്‍പേരും വിമര്‍ശനം ഉന്നയിച്ചു. ഇന്നുവരെ ഇത്രയും രൂക്ഷ വിമര്‍ശനം നേതാക്കളെ ഇരുത്തിയുണ്ടായിട്ടില്ല. അവസാനം ജില്ലാ കമ്മിറ്റിയുടെ അഭിപ്രായം കേട്ടെങ്കിലും സ്ഥാനാര്‍ഥി മാറേണ്ടതായിരുന്നു. അങ്ങനെ എല്ലാവരും പ്രതീക്ഷിച്ചിരുന്നു. കാരണം അപകടമാണ്. തളിപ്പറമ്പ് തോല്‍ക്കുകയാണ്. അതൊന്നും അംഗീകരിച്ചില്ല. എന്നാല്‍ ഒരു പുനഃപരിശോധനയും ഉണ്ടായില്ല. അതോടെ ഇനി ഈ പാര്‍ട്ടിയില്‍ നില്‍ക്കാന്‍ തനിക്ക് സാധിക്കില്ല എന്ന് പറഞ്ഞു. പാര്‍ട്ടിയുമായുള്ള ബന്ധം ഉപേക്ഷിക്കുകയാണെന്ന് പറഞ്ഞെന്ന്, ടി.കെ. ഗോവിന്ദന്‍ പറഞ്ഞു.
രാഷ്ട്രീയത്തിലേക്ക് വന്നതിനെ കുറിച്ച് വിശദമായി പറഞ്ഞുകൊണ്ടായിരുന്നു ടി.കെ. ഗോവിന്ദന്റെ വാര്‍ത്താസമ്മേളനം ആരംഭിച്ചത്. താന്‍ അറുപതുവര്‍ഷമായി പാര്‍ട്ടി പ്രവര്‍ത്തനം തുടങ്ങിയിട്ട്. പലര്‍ക്കും തോന്നുന്നുണ്ടാവും താന്‍ ഇങ്ങനൊരു നിലപാട് സ്വീകരിക്കുമോ എന്ന്. കെഎസ്എഫില്‍നിന്നാണ് രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയത്. പികെ ശ്രീമതിക്കുമൊക്കെ ഒപ്പം ഒരേ കമ്മിറ്റിയില്‍ പ്രവര്‍ത്തിച്ചതാണ്. പിന്നീട് അധ്യാപകനായി. 25-ാം വയസ്സില്‍ കെഎസൈ്വഎഫിന്റെ തളിപ്പറമ്പ് താലൂക്ക് സെക്രട്ടറിയായി. രാഷ്ട്രീയപ്രവര്‍ത്തനം നടത്താന്‍ ആരും മുതിരാത്ത അടിയന്തരാവസ്ഥാകാലത്താണ് കെഎസ് വൈഎഫ് നേതൃത്വത്തിലെത്തിയത്.
പിന്നീട് തളിപ്പറമ്പ് ഏരിയാ കമ്മിറ്റിയില്‍ എംവി ഗോവിന്ദനൊപ്പം അംഗമായി. ശ്രീകണ്ഠാപുരം ഏരിയാ കമ്മിറ്റി രൂപവത്കരിച്ചപ്പോള്‍ അതിന്റെ സെക്രട്ടറിയായി. വീട്ടില്‍നിന്ന് 8-9 കിലോമീറ്റര്‍ നടന്നാണ് ശ്രീകണ്ഠാപുരത്ത് എത്തിയിരുന്നത്. പില്‍ക്കാലത്ത് പാര്‍ട്ടി ശക്തിപ്പെട്ടു. അധ്യാപകജോലിയില്‍ തിരിച്ചുകയറിയപ്പോള്‍ വേറെ ആളുകള്‍ ഏരിയാ സെക്രട്ടറിമാരായി. പിന്നീട് വീണ്ടും ഏരിയാ കമ്മിറ്റി സെക്രട്ടറിയായി. 20 കൊല്ലം ഏരിയാ കമ്മിറ്റി സെക്രട്ടറി ആയിരുന്നു. മയ്യില്‍ ഏരിയാകമ്മിറ്റി സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. 25 കൊല്ലം ഏരിയാ കമ്മിറ്റി സെക്രട്ടറിയായി പ്രവര്‍ത്തിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
