കരാര്‍ കാലാവധി കഴിഞ്ഞിട്ടും വീടുപണി പൂര്‍ത്തിയാക്കാതെ നിര്‍മ്മാണ കമ്പനി; വിവിധ ജില്ലകളില്‍ ഇരുപതിലധികം പരാതി; തിരുവനന്തപുരം കേന്ദ്രമായുള്ള അല്‍ മനാഹല്‍ ബില്‍ഡേഴ്‌സ് ഉടമയെ അറസ്റ്റു ചെയ്ത് പോലീസ്; പെട്ടത് എട്ടുമാസത്തിനുളളില്‍ വീടുപണി പൂര്‍ത്തിയാകുമെന്ന വിശ്വസിച്ചവര്‍
കരാര്‍ കാലാവധി കഴിഞ്ഞിട്ടും വീടുപണി പൂര്‍ത്തിയാക്കാതെ നിര്‍മ്മാണ കമ്പനി
തിരുവനന്തപുരം: വീട് നിര്‍മ്മാണത്തിനായി ഉപഭോക്താക്കളില്‍ നിന്നും ലക്ഷങ്ങള്‍ മുന്‍കൂറായി വാങ്ങി കെട്ടിട നിര്‍മ്മാണ കമ്പനിയുടെ തട്ടിപ്പ്. തിരുവനന്തപുരം കേന്ദ്രമായുള്ള അല്‍ മനാഹല്‍ ബില്‍ഡേഴ്‌സിനെതിരെയാണ് പണം വാങ്ങിയശേഷം പണി പൂര്‍ത്തിയാക്കാതെ മുങ്ങിയതായി വ്യാപക പരാതി. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുളള ജില്ലകളില്‍ ഇരുപതിലധികം പേര്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് കമ്പനിയുടമയെ പോലീസ് അറസ്റ്റു ചെയ്തു.
കരാര്‍ കാലാവധി അവസാനിച്ചിട്ടും വീടുപണി പൂര്‍ത്തിയാക്കാത്തതിനെത്തുടര്‍ന്നാണ് നിര്‍മ്മാണ കമ്പനിക്കെതിരെ ഉപഭോക്താക്കള്‍ വിവിധ ജില്ലകളില്‍ പരാതി നല്‍കിയത്. കെട്ടിട നിര്‍മ്മാണ തട്ടിപ്പിനെതിരെ അടിമാലി പോലീസ് സ്റ്റേഷനില്‍ ലഭിച്ച പരാതിയെത്തുടര്‍ന്ന് അല്‍ മനാഹല്‍ ഉടമയും കോണ്‍ട്രാക്ടറുമായ കിഷോറിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
സാമ്പത്തിക പ്രതിസന്ധിയാണ് പണി നിര്‍ത്തിവെക്കാന്‍ കാരണമെന്നാണ് കിഷോറിന്റെ പ്രതികരണം. ആകര്‍ഷകമായ പരസ്യങ്ങളിലൂടെയും ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെയുമാണ് കമ്പനി ഉപഭോക്താക്കളെ ആകര്‍ഷിച്ചത്. എട്ടുമാസത്തിനുളളില്‍ വീടുപണി പൂര്‍ത്തീകരിക്കൂമെന്നായിരുന്നു കരാറിലുണ്ടായിരുന്നത്.
എട്ടുമാസം കൊണ്ട് സ്വപ്നഭവനം എന്നായിരുന്നു കമ്പനിയുടെ വാഗ്ദാനം. ഇത് വിശ്വസിച്ച് പലരും തങ്ങളുടെ സമ്പാദ്യവും ബാങ്ക് ലോണുകളും ഉപയോഗിച്ച് ലക്ഷക്കണക്കിന് രൂപ ഘട്ടം ഘട്ടമായി കമ്പനിക്ക് കൈമാറി. താഴത്തെ നില പൂര്‍ത്തിയാകുന്നതോടെ പണി നിര്‍ത്തിവക്കുന്നതാണ് പതിവ്. പിന്നീട് ബില്‍ഡിംഗ് കോണ്‍ട്രാക്ടറും പണിക്കാരും വരില്ല. മുന്‍കൂറായി ലക്ഷങ്ങള്‍ വാങ്ങിയശേഷമാണ് കരാറുകാര്‍ മുങ്ങുന്നത്. 30 ലക്ഷംരൂപ വരെ മുന്‍കൂറായി നല്‍കി കബളിപ്പിക്കപ്പെട്ട ഉപഭോക്താക്കളുമുണ്ട്.
ലോണുകളടക്കം എടുത്ത് പണം നല്‍കിയ പലരും വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്. ഈ വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ട് തങ്ങള്‍ക്ക് നീതി ലഭ്യമാക്കണമെന്നാണ് പരാതിക്കാരുടെ ആവശ്യം.