പുതിയ കമ്പനിയും മന്‍സൂറും ഇന്‍വെസ്റ്റേഴ്സും സര്‍ക്കാര്‍ പ്രതിനിധിയും ചേര്‍ന്നുള്ള എഗ്രിമെന്റ് ഉണ്ടാക്കാം; കേസ് പിന്‍വലിച്ചാല്‍ പറ്റിക്കപ്പെട്ടവരെ ഓഹരി ഉടമകളാക്കാം; എംഎന്‍സി കമ്പനിയെ എത്തിച്ച് എല്ലാം സോള്‍വാക്കും! ഒളിവിലിരുന്ന് കേസൊഴിവാക്കാന്‍ 'പുതിയ തന്ത്രവുമായി' മുഹമ്മദ് മന്‍സൂര്‍ അബ്ദുല്‍സലാം; അല്‍മുക്താദിര്‍ രക്ഷപ്പെടാന്‍ പുതിയ കുതന്ത്രം ഒരുക്കുന്നു; ഇനിയെങ്കിലും ആരും ഈ തട്ടിപ്പുകളില്‍ വീഴരുത്
തിരുവനനന്തപുരം: കേസുകള്‍ പിന്‍വലിപ്പിച്ച് സുരക്ഷിതനാകാന്‍ പുതിയ തന്ത്രവുമായി അല്‍മുഖ്താദിര്‍ മുതലാളി. പരാതി കൊടുത്തവരെ അടുപ്പിക്കാനാണ് നീക്കം. ശതകോടികളുടെ തട്ടിപ്പ് നടത്തിയ അല്‍മുഖ്താദിറിനെതിരെ നിരവധി കേസുകള്‍ കേരളത്തിലുടനീളമുണ്ട്. എന്നാല്‍ ഇതിലൊന്നും മുതലാളിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസെല്ലാം തീര്‍ത്ത് പുതിയ കമ്പനി തുടങ്ങുമെന്നും സ്വര്‍ണ്ണ കടകള്‍ വീണ്ടും തുടങ്ങുമെന്നും പറയുന്നു. അല്‍ മുക്താദിര്‍ ജ്വല്ലറി ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനുമായ മുഹമ്മദ് മന്‍സൂര്‍ അബ്ദുല്‍സലാം ഇന്നും ഒളിവിലാണ്. എന്നാല്‍ ചില വീഡിയോ കോണ്‍ഫറന്‍സുകള്‍ നടത്തുന്നുണ്ട്. ഇതിനിടെ പുതിയൊരു ഫോര്‍മുലയും ചര്‍ച്ചയാകുന്നു. മള്‍ട്ടി നാഷണല്‍ കമ്പനികള്‍ ഏറ്റെടുക്കാന്‍ വരുമെന്നാണ് പ്രചരണം.
ഡിസ്‌കൗണ്ട് നിരക്കിലും പണിക്കൂലി ഈടാക്കാതെയും സ്വര്‍ണം വാഗ്ദാനം ചെയ്ത് വഞ്ചിക്കപ്പെട്ടതിന് നൂറുകണക്കിന് ആളുകള്‍ കേസ് ഫയല്‍ ചെയ്തിരുന്നു. ജ്വല്ലറിയില്‍ സ്വര്‍ണം നിക്ഷേപിച്ചാല്‍ മറ്റ് പലര്‍ക്കും ലാഭവിഹിതം വാഗ്ദാനം ചെയ്തതായും ആരോപണമുണ്ട്. വിവിധ പദ്ധതികള്‍ പ്രകാരം മുന്‍കൂര്‍ സ്വര്‍ണം ബുക്ക് ചെയ്താല്‍ കുറഞ്ഞ വിലയ്ക്ക് സ്വര്‍ണാഭരണങ്ങള്‍ നല്‍കാമെന്നും പണിക്കൂലി ഈടാക്കില്ലെന്നും വാഗ്ദാനം ചെയ്ത് ഉപഭോക്താക്കളെ പറ്റിച്ചതായി പരാതികള്‍ പറയുന്നു. അടുത്തകാലത്തായി പത്രങ്ങളില്‍ വന്‍തോതില്‍ പരസ്യം നല്‍കി ജുവല്ലറി ബിസിനസ് നടത്തുന്ന സ്ഥാപനമാണ് അല്‍ മുക്താദിര്‍ ഗ്രൂപ്പ്. പാരമ്പര്യമായി കാലങ്ങളായി ജുവല്ലറി ബിസിനസ് നടത്തുന്നവരെ പോലും കടത്തിവെട്ടുന്ന വിധത്തിലാണ് ഇവരുടെ പരസ്യങ്ങള്‍. അതുകൊണ്ട് തന്നെ ഈ ജുവല്ലറി ഗ്രൂപ്പിനെതിരെ ചോദ്യങ്ങള്‍ വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്നിരുന്നു. ഇതിനിടെ സ്ഥാപനത്തില്‍ ആദായനികുതി വകുപ്പിന്റെ പരിശോധനയും നടക്കുകയുണ്ടായി. ഇതിനിടെയാണ് പുതിയ തിയറി അവതരിപ്പിച്ച് കേസുകളൊഴിവാക്കാന്‍ നീക്കം. ഇതുമായി ബന്ധപ്പെട്ട് ചില ഓഡിയോകളും പ്രചരിക്കുന്നുണ്ട്. എന്നാല്‍ കേസുകള്‍ പിന്‍വലിച്ചു കഴിഞ്ഞാല്‍ അത് വലിയ ചതിയിലേക്ക് കാര്യങ്ങളെത്തിക്കും. കേസ് പിന്‍വലിക്കുന്നവരെ പുതിയ കമ്പനിയില്‍ ഓഹരി ഉടമകളാക്കാമെന്നും അതിന് ശേഷം കമ്പനി മറ്റാര്‍ക്കെങ്കിലും കൈമാറി ലാഭവിഹിതം ഉറപ്പാക്കാമെന്നുമാണ് പൊളളയായ പുതിയ വാഗ്ദാനം.
മുതലാളിയുടെ പുതിയ നിര്‍ദ്ദേശം വാട്‌സാപ്പ് മെസാജായി പ്രചരിക്കുന്നുണ്ട്... അത് ചുവടെ
മന്‍സൂര്‍ മുതലാളിയുമായി ഇന്ന് All Kerala Al Muqtadir Investers Forum നടത്തിയ മീറ്റിംഗ് റിപ്പോര്‍ട്ട്.
------=------------------------=-----------
മന്‍സൂര്‍ മുതലാളിയുമായുള്ള മീറ്റിംഗില്‍ ചെയര്‍മാന്‍ ഉബൈദ്, കണ്‍വീനര്‍ ജാഫര്‍കുട്ടി, ജോയിന്റ് കണ്‍വീനര്‍ അന്‍വര്‍, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ഷാനവാസ്, വാഹിദ് , നിഷാദ് എന്നിവര്‍ പങ്കെടുത്തു. ഇന്‍കം ടാക്‌സ് റൈഡിനെ തുടര്‍ന്നാണ് പ്രശ്‌നം ആരംഭിച്ചത് എന്നുള്ള സ്ഥിരം പല്ലവിയോടെയാണ് മന്‍സൂര്‍ സംസാരിച്ചു തുടങ്ങിയത്.
അല്‍മുക്ടദിര്‍ ഗ്രൂപ്പിന്റെ സീറോ മേക്കിങ് ചാര്‍ജ് ബിസിനസ് രീതിയില്‍ MNC കമ്പനികള്‍(മള്‍ട്ടി നാഷണല്‍ കമ്പനി) താല്പര്യം കാണിക്കുന്നു എന്നും ലോണ്‍ ഒന്നും ഇല്ലാതെ 6900 കോടിയുടെ ടേണ്‍ ഓവര്‍ ഉള്ളതില്‍ കമ്പനികള്‍ താല്പര്യം കാണിക്കുന്നു എന്ന് മന്‍സൂര്‍ പറഞ്ഞു. അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടുകള്‍ എല്ലാം മരവിപ്പിച്ചിരിക്കുകയാണത്രെ.
400 കോടി രൂപയുടെ ബാധ്യതയാണ് ( ബുക്കിങ് )തനിക്ക് ഉള്ളത് സാമ്പത്തിക ഭദ്രത ഉള്ളതായും പറയുന്നു.
LLP രൂപത്തിലേക്ക് കമ്പനി മറ്റുമെന്നും ഇന്‍വെസ്റ്റേഴ്‌സിന് പാര്‍ട്ണര്‍ ആയി ചെറുകയോ ചേരാതിരിക്കുകയോ ചെയ്യാം. ചേരാതിരിക്കുന്നവര്‍ക് സ്വര്‍ണം തിരികെ നല്‍കും. LLP യില്‍ ചേരുന്നതിന് കേസ് പിന്‍വലിക്കണം.
ഇതിലേക്ക് ദേശീയ കമ്പനികളെ ആണ് ആദ്യം കൊണ്ട് വരുന്നത്. തുടര്‍ന്ന് MNC കമ്പനിയെ കൊണ്ട് വരും എന്നും പറയുന്നു.
നമ്മുടെ ബുക്കിങ് അനുസരിച്ചുള്ള സ്വര്‍ണം എന്ന് തരും എന്ന് ചോദിച്ചതിന്, പുതിയ കമ്പനി ക്ക് 3 മാസത്തെ മോറാട്ടോറിയം കൊടുക്കേണ്ടതുണ്ട്. 6 മാസത്തോളം സമയം വേണ്ടിവരും എന്നും പറയുന്നു.
വാങ്ങി വച്ചിരിക്കുന്ന ഡോക്കുമെന്റ് ഒറിജിനല്‍ ഉടന്‍ തന്നെ തിരികെ കൊടുക്കണം എന്ന് ഞങ്ങള്‍ ആവശ്യപ്പെട്ടു. അത് അടുത്ത ആഴ്ച്ച തന്നെ തരാന്‍ ഏര്‍പ്പാട് ഉണ്ടാക്കാം എന്ന് മന്‍സൂര്‍ പറഞ്ഞു.
നാം ബുക്ക് ചെയ്തിരിക്കുന്ന സ്വര്‍ണത്തിന് പുതിയ എഗ്രിമെന്റ് വേണം എന്ന് ആവശ്യപ്പെട്ടു.
പുതിയ കമ്പനിയും മന്‍സൂറും ഇന്‍വെസ്റ്റേഴ്സും സര്‍ക്കാര്‍ പ്രതിനിധിയും ചേര്‍ന്നുള്ള എഗ്രിമെന്റ് ഉണ്ടാക്കാം എന്നും സമ്മതിച്ചു.
ഒരു ആശ്വാസം എന്ന നിലക്ക് ഇന്‍വെസ്റ്റ് ചെയ്തിരിക്കുന്ന തുകയുടെ/ സ്വര്‍ണ്ണത്തിന്റെ നാലില്‍ ഒന്ന് തുടക്കത്തില്‍ നല്‍കണം എന്ന് ഞങ്ങള്‍ ആവശ്യപ്പെട്ടതും മന്‍സൂര്‍ അംഗീകരിച്ചു
ചര്‍ച്ച തുടരും എന്നും തീരുമാനിച്ചു.
ഈ വാര്‍ത്തയുടെ വിശദ വീഡിയോ സ്‌റ്റോറി ചുവടെ
അല്‍മുക്താദിര്‍ ഗ്രൂപ്പിനെതിരെ കടുത്ത ആരോപണങ്ങളുമായി സ്വര്‍ണ്ണവ്യാപാരികളുടെ സംഘടനയുടെ നേതാവ് അടക്കം നേരത്തെ രംഗത്തു വന്നിരുന്നു. ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന ട്രഷറര്‍ അഡ്വ.എസ്.അബ്ദുല്‍ നാസറാണ് വസ്തുതകള്‍ പറഞ്ഞത്. പരിശുദ്ധ നാമങ്ങള്‍ ദുരുപയോഗം ചെയ്തു കേരളത്തിലെ സ്വര്‍ണാഭരണ മേഖലയിലേക്ക് ഹലാല്‍ പലിശ തട്ടിപ്പുമായാണ് ജുവല്ലറി എത്തിയതെന്നായിരുന്നു വെളിപ്പെടുത്തല്‍. ഇതെല്ലാം തട്ടിപ്പാകുമെന്ന് മുന്നറിയിപ്പും നല്‍കി. ഇതാണ് പിന്നീട് ശരിയെന്ന് തെളിഞ്ഞതും. പൂജ്യം ശതമാനം പണിക്കൂലിയില്‍ സ്വര്‍ണാഭരണങ്ങള്‍ നല്‍കുമെന്ന് പറഞ്ഞ് പത്രമാധ്യമങ്ങളില്‍ മുന്‍പേജ് ജാക്കറ്റ് പരസ്യങ്ങള്‍ നല്‍കി സമുദായത്തിലെ ഒരു വിഭാഗം ആളുകളെ പറഞ്ഞു വിശ്വസിപ്പിച്ച് വന്‍തോതില്‍ പണം തട്ടിയിയെന്നും അബ്ദുല്‍ നാസര്‍ പറഞ്ഞിരുന്നു. ഇത്തരം തട്ടിപ്പുകള്‍ക്ക് മറയാക്കാന്‍ വേണ്ട തട്ടിക്കൂട്ട് ഡോക്ടറേറ്റും,നിരവധി ഹോണററി ബിരുദങ്ങളും ഈ കാലയളവില്‍ വിലയ്ക്ക് വാങ്ങിയിട്ടുണ്ടെന്നുമാണ് ആരോപണം.
അല്‍ മുക്താദിര്‍ ഗ്രൂപ്പ് 2000 കോടിയുമായി മുങ്ങിയെന്ന് പോലും ആരോപണം ഉയര്‍ത്തി. ഉപഭോക്താക്കാള്‍ ഇവരുടെ വലയില്‍ വീഴാതിരിക്കാനും അവരെ പിന്തിരിപ്പിക്കാനും അസോസിയേഷന്‍ പരമാവധി ശ്രമിച്ചിട്ടുണ്ടെന്നും എന്നാല്‍ അസോസിയേഷന്‍ പറഞ്ഞതിനെ മുഖവിലയ്ക്കെടുക്കാതെ കൂടുതല്‍ കൂടുതല്‍ ആളുകള്‍ പരസ്യത്തിലടക്കം വീണ് തട്ടിപ്പിനിരയായി. അവരാണ് പരാതിയുമായി ഇപ്പോള്‍ പോലീസിന് മുന്നിലെത്തുന്നത്. ചില പുരോഹിതന്‍മാരെ അടക്കം കൂട്ടിക്കൊണ്ടാണ് ജുവല്ലറിയുടെ പ്രവര്‍ത്തനം. പൂജ്യം ശതമാനം പണിക്കൂലിയില്‍ സ്വര്‍ണ്ണം വില്‍ക്കുമെന്ന് പറഞ്ഞ പരസ്യം ചെയ്യുന്നതിനെ അസോസിയേഷന്‍ എതിര്‍ക്കുകയും നിയമ നടപടി ഉള്‍പ്പെടെ സ്വീകരിക്കുകയും ചെയ്തിരുന്നു. ഉപഭോക്താക്കളില്‍ നിന്ന് മുന്‍കൂര്‍ പണം വാങ്ങി സ്വര്‍ണം നല്‍കാതെ തട്ടിപ്പ് നടത്തിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് അല്‍ മുക്താദിര്‍ ജ്വല്ലറി ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനുമായ മുഹമ്മദ് മന്‍സൂര്‍ അബ്ദുല്‍സലാം പറഞ്ഞിരുന്നു. പണിക്കൂലി വാങ്ങാതെ സ്വര്‍ണാഭരണങ്ങള്‍ നല്‍കുന്ന അല്‍ മുക്താദിര്‍ ഗ്രൂപ്പിന്റെ വിപണന വിജയത്തില്‍ അതൃപ്തിയുള്ളവര്‍ വ്യാജപ്രചാരണം നടത്തുകയാണ്. ഇവര്‍ക്കെതിരെ നിയമനടപടി ആരംഭിച്ചു. കമ്പനി ഈ വര്‍ഷം ഇതുവരെ 70 കോടി രൂപ ജി.എസ്.ടി അടച്ചു. 10,000 കോടി രൂപയുടെ സംരംഭമാണ് ലക്ഷ്യമിടുന്നതെന്നും മുഹമ്മദ് മന്‍സൂര്‍ അബ്ദുല്‍സലാം വ്യക്തമാക്കിയിരുന്നു. ഈ വാദമെല്ലാം കളവായിരുന്നുവെന്ന് പിന്നീട് വ്യക്തമായി.
അല്‍ മുക്താദിര്‍ ജുവല്ലറിയില്‍ 380 കോടിയുടെ നികുതി വെട്ടിപ്പ് കണ്ടെത്തിയിരുന്നു. ഇതോടെ ജുവല്ലറി കേന്ദ്രീകരിച്ച് വിശദമായ അന്വേഷണം നടന്നുവരികയാണ്. കള്ളപ്പണം വെളുപ്പിക്കലും മണി ചെയിന്‍ മാതൃകയില്‍ പണം ശേഖരിക്കലും അടക്കം സര്‍വ്വ വിധത്തിലും സ്ഥാപനം തട്ടിപ്പു നടത്തിയെന്നാണ് ഇന്‍കംടാക്സ് പരിശോധനയില്‍ കണ്ടെത്തിയിരിക്കുന്നത്. അടിമുടി തട്ടിപ്പു നടത്തി അല്‍ മുക്താദിര്‍ ജുവല്ലറിയുടെ കേരളത്തിലെ ഷോറൂമുകള്‍ അടഞ്ഞു കിടക്കുന്ന അവസ്ഥയിലാണ്. ഇതിനിടെ ചില ഷോറൂമുകള്‍ തുറന്നപ്പോള്‍ ജുവല്ലറിയില്‍ സ്വര്‍ണത്തിന് പണം മുന്‍കൂറായി നല്‍കിയവര്‍ ഷോറൂമിലേക്ക് ഇരച്ചു കയറി പ്രതിഷേധിച്ചു. നിക്ഷേപം എന്ന നിലയില്‍ പണം വാങ്ങിയ ശേഷം ഷോറൂമുകളില്‍ നിന്നും സ്വര്‍ണം അടക്കം കടത്തിയെന്ന ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു.