പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തര കലാപങ്ങളെ വകവെച്ചില്ല; ഒമ്പതാം വട്ടവും നിയമസഭയിലേക്ക് മത്സരിക്കാന്‍ എ കെ ശശീന്ദ്രന്‍; എതിര്‍പ്പുകള്‍ തള്ളി എലത്തൂരില്‍ തന്നെ മത്സരിക്കും; തോമസ് കെ തോമസ് വീണ്ടും കൂട്ടനാട്ടില്‍ മത്സരിക്കും; മലപ്പുറത്ത് കെ ടി മുജീബ്; സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു എന്‍സിപി

ഒമ്പതാം വട്ടവും നിയമസഭയിലേക്ക് മത്സരിക്കാന്‍ എ കെ ശശീന്ദ്രന്‍;

Update: 2026-03-16 09:25 GMT

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ എന്‍സിപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. എലത്തൂരില്‍ മുക്കം മുഹമ്മദിന്റെ ആവശ്യം തള്ളി. എലത്തൂരില്‍ എ കെ ശശീന്ദ്രനെ തന്നെ വീണ്ടും സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. ഒമ്പതാം തവണയാണ് ശശീന്ദ്രന്‍ നിയമസഭയില്‍ മത്സരിക്കാന്‍ ഒരുങ്ങുന്നത്.

കുട്ടനാട് മണ്ഡലത്തില്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് തോമസ് കെ തോമസ് വീണ്ടും മത്സരിക്കും. കോട്ടയ്ക്കല്‍ മണ്ഡലത്തിലായിരുന്നു നേരത്തെ എന്‍സിപി മത്സരിച്ചിരുന്നത്. എന്നാല്‍ ഇത്തവണ മലപ്പുറം മണ്ഡലത്തിലാണ് മത്സരിക്കുന്നത്. കെ ടി മുജീബാണ് മലപ്പുറത്തെ എന്‍സിപി സ്ഥാനാര്‍ത്ഥി. മുന്‍മന്ത്രി കെ ടി ജലീലിന്റെ ബന്ധുവാണ് മുജീബ്.

എലത്തൂരില്‍ നാലാം വട്ടവും എ കെ ശശീന്ദ്രന്‍ മത്സരിക്കുന്നതിനെതിരെ എന്‍സിപി കോഴിക്കോട് ജില്ലാ കമ്മിറ്റിയില്‍ ശക്തമായ എതിര്‍പ്പ് ഉയര്‍ന്നിരുന്നു. പുതിയൊരാള്‍ക്ക് അവസരം നല്‍കണമെന്നായിരുന്നു ആവശ്യം. എന്‍സിപി ജില്ലാ പ്രസിഡന്റ് മുക്കം മുഹമ്മദിനെ സ്ഥാനാര്‍ത്ഥി ആക്കണമെന്നായിരുന്നു ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടത്.

കോഴിക്കോട് പ്രത്യേക കണ്‍വെന്‍ഷന്‍ വിളിച്ചുചേര്‍ത്ത എന്‍സിപി ജില്ലാ പ്രസിഡന്റ് മുക്കം മുഹമ്മദ് സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചതില്‍ എകെ ശശീന്ദ്രനെതിരെ പ്രതിഷേധം ഉയര്‍ത്തി. എന്റെ പേരാണോ അയോഗ്യതയെന്ന് മുക്കം മുഹമ്മദ് യോഗത്തില്‍ ചോദിച്ചു. ഒരു മണ്ഡലത്തെ നോക്കി മതവും ജാതിയും ഉപ ജാതിയും പറയുന്നത് ശരിയല്ലെന്നും മുഹമ്മദ് പറഞ്ഞു. യോഗത്തില്‍ മുക്കം മുഹമ്മദിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന പ്രമേയവും അവതരിപ്പിച്ചിരുന്നു.

1980 ലാണ് എകെ ശശീന്ദ്രന്‍ തെരഞ്ഞെടുപ്പ് മത്സരത്തിന് തുടക്കം കുറിക്കുന്നത്. ഏഴ് തെരഞ്ഞെടുപ്പില്‍ വിജയിച്ചു. പത്തുവര്‍ഷത്തോളം മന്ത്രിസ്ഥാനത്ത് ഇരുന്നു. 1980-ല്‍ കണ്ണൂര്‍ ജില്ലയിലെ പെരിങ്ങളത്തു നിന്നാണ് ശശീന്ദ്രന്‍ ആദ്യമായി നിയമസഭയിലേക്ക് മത്സരിച്ച് ജയിക്കുന്നത്. കോണ്‍ഗ്രസ് ടിക്കറ്റില്‍. പിന്നീട് കോണ്‍ഗ്രസ് എസിലും അതിനുശേഷം എന്‍സിപിയിലുമെത്തി. കഴിഞ്ഞ തവണ ശശീന്ദ്രന്‍ എലത്തൂരില്‍ 38,502 എന്ന ചരിത്ര ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.

Tags:    

Similar News