അമ്മ എക്‌സിക്യൂട്ടിവില്‍ ജനകീയനായത് കൈലാഷ്; വീണുടഞ്ഞത് 165 വോട്ട് കിട്ടിയ നന്ദു പൊതുവാളിന്റെ മോഹം; 224 വോട്ടുമായി വനിതകളില്‍ ആദ്യമെത്തിയ സരയൂ; 145 വോട്ടുമായി സജിതാ ബേട്ടി പുറത്തായപ്പോള്‍ ജയിച്ചു കയറിയ നടിമാര്‍ക്കെല്ലാം 200ല്‍ അധികം വോട്ടും; 2024ലെ കശപിശ 2025ല്‍ ആവര്‍ത്തിച്ചില്ല; 13 മാസം മുമ്പത്തെ തോല്‍വി പഴങ്കഥയാക്കിയ ഡോ റോണി ഡേവിഡ്; ആ 11 പേരെ മണ്ണിലെ നക്ഷത്രങ്ങള്‍ തിരഞ്ഞെടുത്ത കഥ

Update: 2025-08-16 03:00 GMT

തിരുവനന്തപുരം: അമ്മ എക്‌സിക്യൂട്ടീവ് കമ്മറ്റിയില്‍ താരമാകുന്നത് കൈലാഷ്. 257 വോട്ടുമായണ് കൈലാഷിന്റെ ജയം. എല്ലാവരോടും സ്‌നേഹമായി പെരുമാറുന്നതിന്റെ പ്രതിഫലനം. 298 പേരാണ് അമ്മയില്‍ വോട്ട് ചെയ്തത്. ഇതില്‍ എക്‌സിക്യൂട്ടീവിലേക്ക് വോട്ട് ചെയ്ത രണ്ടെണ്ണം അസാധുവായി. അതായത് സാധുവായ 298 വോട്ടില്‍ 257 എണ്ണം യുവ നടന്റെ പെട്ടിയില്‍ വീണു. വനിതാ വിഭാഗത്തില്‍ 224 വോട്ട് നേടി സരയൂ മോഹന്‍ ഒന്നാമതുമെത്തി. പൊതുവിഭാഗത്തില്‍ തോല്‍വിയുണ്ടായത് നന്ദു പൊതുവാളിനാണ്. 165 വോട്ടാണ് നന്ദുവിന് കിട്ടിയത്. 145 വോട്ട് നേടിയ സജിതാ ബേട്ടിയാണ് വനിതകളില്‍ പരാജയപ്പെട്ടത്.

പൊതു വിഭാഗം വോട്ട് നില ഇങ്ങനെ- കൈലാഷ്(257 വോട്ട്), സന്തോഷ് കീഴാറ്റൂര്‍(243 വോട്ട്), ടിനി ടോം(234 വോട്ട്), ജോയ് മാത്യു (225 വോട്ട്), വിനു മോഹന്‍(220 വോട്ട്), ഡോ റോണി ഡേവിഡ് രാജ്(213 വോട്ട്), സിജോയ് വര്‍ഗീസ്(189 വോട്ട്. തോറ്റു പോയ നന്ദു പൊതുവാളിന് 165 വോട്ടും കിട്ടി. വനിതകളില്‍ സരയൂ മോഹന്‍ 224 വോട്ട് കിട്ടിയപ്പോള്‍ 221 വോട്ടുമായി ആശ അരവിന്ദ് രണ്ടാമത് എത്തി. അഞ്ജലി നായര്‍ 219 വോട്ടും നേടി. നീന കുറുപ്പിന് 218 വോട്ട് കിട്ടി. സജിത ബേട്ടിക്ക് 145 വോട്ടാണ് കിട്ടിയത്. അങ്ങനെ വനിതകളില്‍ ജയിച്ച എല്ലാവര്‍ക്കും 200 അധികം വോട്ട് കിട്ടിയെന്ന പ്രത്യേകതയുമുണ്ട്. കഴിഞ്ഞ തവണ മൊത്തം ഭാരവാഹികളില്‍ നാലെണ്ണമായിരുന്നു വനിതകള്‍ക്കായി സംവരണം ചെയ്തത്. ഇത് ചില പ്രശ്‌നങ്ങളുണ്ടാക്കി. അന്ന് പിന്നീട് വനിത അംഗങ്ങളെച്ചൊല്ലി തിരഞ്ഞെടുപ്പിനു ശേഷമുണ്ടായ തര്‍ക്കം സമവായത്തിലെത്തി.

2024ലെ വോട്ടെണ്ണലില്‍ എട്ടു പേരെ തിരഞ്ഞെടുത്ത ശേഷം എക്‌സിക്യൂട്ടീവിലേക്ക് മത്സരിച്ച 2 സ്ത്രീകളെ മാറ്റി നിര്‍ത്താനായിരുന്നു അമ്മ തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ തീരുമാനം. അന്‍സിബയും സരയുവും വോട്ടു ലഭിച്ചതില്‍ താഴെ ആയതുകൊണ്ടാണ് അവരെ തിരഞ്ഞെടുക്കാത്തത് എന്നായിരുന്നു അന്ന് കമ്മിറ്റി പറഞ്ഞത്. 4 വനിതാ അംഗങ്ങളാണ് സമിതിയില്‍ വേണ്ടത്. ഇവരെ പിന്നീട് അമ്മ എക്‌സിക്യൂട്ടീവ് യോഗം തിരഞ്ഞെടുക്കുമെന്നും കമ്മിറ്റി പറഞ്ഞു. എന്നാല്‍ ഇതിനെ എതിര്‍ത്ത് ബാബുരാജ്, ജയന്‍ ചേര്‍ത്തല, പി.പി.കുഞ്ഞികൃഷ്ണന്‍ എന്നിവര്‍ രംഗത്തെത്തി. 3 സ്ത്രീകള്‍ എക്‌സിക്യൂട്ടീവിലേക്ക് മത്സരിച്ച സാഹചര്യത്തില്‍ അവരെ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് വനിതാ അംഗങ്ങളും രംഗത്തെത്തി. മത്സരിച്ച 3 പേരും എക്‌സിക്യൂട്ടീവില്‍ ഉള്‍പ്പെടുമെന്നാണു മനസിലാക്കിയതെന്നും അതനുസരിച്ച് അവരെ മാറ്റി നിര്‍ത്താന്‍ പറ്റില്ലെന്നും അന്ന് ജനറല്‍ സെക്രട്ടറി പദവിയിലേക്ക് വിജയിച്ച സിദ്ദീഖും വ്യക്തമാക്കി. ഇതിനിടെ, കാര്യങ്ങള്‍ വ്യക്തമാക്കാന്‍ ജഗദീഷ് രംഗത്തെത്തി.

എക്‌സിക്യൂട്ടീവ് സമിതിയായിരിക്കും ഒരാളെ കൂടി തിരഞ്ഞെടുക്കുക എന്ന് ജഗദീഷ് പറഞ്ഞതോടെ തര്‍ക്കം രൂക്ഷമായി. ഒടുവില്‍ ഒരു പേരു മാത്രം എക്‌സിക്യൂട്ടീവ് യോഗത്തിനു തീരുമാനിക്കാമെന്നു യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. തര്‍ക്കത്തിനൊടുവില്‍ സമവായമായതോടെ അന്നത്തെ പ്രസിഡന്റ് മോഹന്‍ലാല്‍ പുതിയ അംഗങ്ങള്‍ക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മഞ്ജു പിള്ള, കുക്കു പരമേശ്വരന്‍ എന്നിവരുടെ പേരുകള്‍ പരിഗണിക്കണമെന്ന് നടി ഉഷയും പ്രിയങ്കയും ഉള്‍പ്പെടെയുള്ളവര്‍ അന്ന് നിലപാടെടുത്തു. ഷീലു എബ്രഹാമിന്റെ പേരു കൂടി ഉള്‍പ്പെടുത്തണമെന്ന് കുക്കു പരമേശ്വരന്‍ അന്ന് ആവശ്യപ്പെട്ടു. ഇത് അംഗീകരിച്ചില്ല.

ജനറല്‍ ബോഡിയില്‍ ഇക്കാര്യം തീരുമാനിക്കണമെന്ന് ആവശ്യപ്പെട്ട് ജോയ് മാത്യുവും രംഗത്തെത്തി. 2024ല്‍ വൈസ് പ്രസിഡന്റ് പദവിയിലേക്ക് മത്സരിച്ച മഞ്ജു പിള്ള 137 വോട്ടുകളും ജനറല്‍ സെക്രട്ടറി പദവിയിലേക്ക് മത്സരിച്ച കുക്കു പരമേശ്വരന്‍ 123 വോട്ടുകളും നേടിയെങ്കിലും തോറ്റു. രമേഷ് പിഷാരടി, റോണി ഡേവിഡ് എന്നിവരാണ് എക്‌സിക്യൂട്ടീവിലേക്ക് അന്ന് മത്സരിച്ചവരില്‍ പരാജയപ്പെട്ടത്. ഇത്തവണ റോണിയും ജയിച്ചു. 13 മാസം മുമ്പത്തെ തോല്‍വിയിലെ വേദന അങ്ങനെ റോണിയും അതിജീവിച്ചു. വിനു മോഹനെ തോല്‍പ്പിക്കാന്‍ ചില കോണുകള്‍ കിണഞ്ഞു പരിശ്രമിച്ചെങ്കിലും നടന്നില്ലെന്നതാണ് വസ്തുത.

2024ല്‍ 'അമ്മ'യുടെ ഭരണഘടന അനുസരിച്ച് ആകെയുള്ള 17 ഭാരവാഹികളില്‍ 4 പേര്‍ സ്ത്രീകളായിരിക്കണം എന്നിയിരുന്നു വ്യവസ്ഥ. ഇതായിരുന്നു തര്‍ക്കത്തിന് കാരണം. അതുകൊണ്ട് തന്നെ ഇത്തവണ കൂടുതല്‍ വ്യക്തത വരുത്തി. എക്‌സിക്യൂട്ടീവിലേക്ക് പൊതു വിഭാഗവും വനിതാ വിഭാഗവും എത്തി. പൊതു വിഭാഗത്തില്‍ ഏഴും വനിതാ വിഭാഗത്തില്‍ നാലും പദവികളാക്കി. അങ്ങനെ മൊത്തം പതിനൊന്ന് പേര്‍. അതുകൊണ്ട് തന്നെ 2024നു സമാനമായി തര്‍ക്കമില്ലാതെ ഇത്തവണ എക്‌സിക്യൂട്ടീവില്‍ ഫല പ്രഖ്യാപനമുണ്ടായി.

Tags:    

Similar News