പ്രസിഡന്റായി നോമിനേഷന്‍ കൊടുത്ത് ശ്രദ്ധ തിരിച്ചത് എക്‌സിക്യൂട്ടിവ് കമ്മിറ്റി പിടിക്കാന്‍; ദേവനുമായി കൈകോര്‍ത്തു; കുക്കുവിനും ജയന്‍ ചേര്‍ത്തലയ്ക്കും അനൂപ് ചന്ദ്രനും പിന്തുണ; എക്‌സിക്യൂട്ടീവിലെ ഏഴ് സീറ്റ്‌ പിടിച്ച് ചതിച്ച വിനു മോഹനെ തോല്‍പ്പിക്കും: മെഗാ സ്റ്റാറുകള്‍ ഒഴിഞ്ഞ അമ്മയുടെ നിയന്ത്രണം ഏറ്റെടുക്കാന്‍ ജോയ് മാത്യു കരുക്കള്‍ നീക്കുമ്പോള്‍

Update: 2025-08-01 05:55 GMT

കൊച്ചി: ആരോപണവും എതിര്‍പ്പും മൂലം ബാബുരാജ് പിന്മാറിയതോടെ താരസംഘടനയായ അമ്മയുടെ സുപ്രധാന പദവികളില്‍ വനിതകളുടെ മത്സരം ചര്‍ച്ചയാവുകയാണ്. അതിനിടെ രണ്ടു പാനലുകള്‍ തമ്മിലെ മത്സരമായി അമ്മയിലെ പോര് മാറുമെന്നാണ് സൂചന. മോഹന്‍ലാലിന്റേയും മമ്മൂട്ടിയുടേയും പിന്തുണയിലാണ് ശ്വേതാ മേനോന്‍ മത്സരിക്കുന്നത്. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് കുക്കു പരമേശ്വരനും മുതിര്‍ന്ന നടന്‍ രവീന്ദ്രനുമാണ് മത്സരിക്കുന്നത്. ജനറല്‍ സെക്രട്ടറി പദത്തിലേക്കുള്ള വോട്ടെടുപ്പില്‍ ആര്‍ക്കാണ് പിന്തുണയെന്ന് മോഹന്‍ലാലോ മമ്മൂട്ടിയോ വിശദീകരിച്ചിട്ടില്ല. എന്നാല്‍ പ്രസിഡന്റായി ശ്വേത എത്തണമെന്നതാണ് അവരുടെ ആഗ്രഹമെന്ന് ജഗദീഷ് അടക്കം വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ശ്വേതയെ അടക്കം തോല്‍പ്പിക്കാന്‍ മറ്റൊരു വിഭാഗം അരയും തലയും മുറുക്കി വോട്ട് പിടിക്കാന്‍ എത്തുകയാണ്. ജോയ് മാത്യുവിന്റെ നേതൃത്വത്തിലാണ് പാനല്‍ ജയ സാധ്യതകള്‍ സജീവമാക്കുന്നത്. മോഹന്‍ലാലും മമ്മൂട്ടിയും ഭാരവാഹി അല്ലാത്തതു കൊണ്ട് തന്നെ ഇത്തവണ എക്‌സിക്യൂട്ടീവിലേക്ക് ജയിക്കുന്നവര്‍ക്ക് തീരുമാനങ്ങളെ സ്വാധീനിക്കാന്‍ കഴിയും. അതുകൊണ്ട് തന്നെ എക്‌സിക്യൂട്ടീവിലെ ബഹുഭൂരിഭാഗം സ്ഥാനങ്ങളും നേടി അമ്മയെ കൈപ്പിടിയില്‍ ഒതുക്കാനാണ് ജോയ് മാത്യുവിന്റെ നീക്കം.

പ്രസിഡന്റ് സ്ഥാനത്തേക്ക് ദേവനെയാണ് അവര്‍ പിന്തുണയ്ക്കുന്നത്. ജനറല്‍ സെക്രട്ടറിയായി കുക്കു പരമേശ്വരനേയും. ട്രഷററായി അവര്‍ കാണുന്നത് അനൂപ് ചന്ദ്രനെയാണ്. വൈസ് പ്രസിഡന്റായി ജയന്‍ ചേര്‍ത്തലയെ ജയിപ്പിക്കാനാണ് തന്ത്രമൊരുക്കുന്നത്. ഇതിനൊപ്പം എക്‌സിക്യൂട്ടീവ് കമ്മറ്റിയിലെ പൊതു വിഭാഗത്തില്‍ വിനു മോഹനെ തോല്‍പ്പിക്കുകയാണ് ലക്ഷ്യം. ജോയിന്റെ സെക്രട്ടറിയായി അന്‍സിബ ഹസന്‍ എതിരില്ലാതെ ജയിച്ചിരുന്നു. ഇതിന് കാരണമായത് വിനു മോഹന്റെ പത്രിക പിന്‍വലിക്കലാണെന്നെന്ന് ജോയ് മാത്യു വിഭാഗം കരുതുന്നു. ജോയിന്റ് സെക്രട്ടറിയായി അന്‍സിബ ഹസനെതിരെ മത്സരിക്കുമെന്ന് വിനു മോഹന്‍ പറഞ്ഞിരുന്നു. ഇത് വിശ്വസിച്ചാണ് ജോയ് മാത്യുവിന് സ്വാധീനമുള്ളവരെല്ലാം പത്രിക പിന്‍വലിച്ചത്. അവസാന നിമിഷം അന്‍സിബയ്ക്കായി വിനു മോഹന്‍ പത്രിക പിന്‍വലിച്ചു. ഇതോടെ ഏകപക്ഷീയ വിജയം അന്‍സിബയ്ക്ക് ആയി. എക്‌സിക്യൂട്ടീവിലേക്ക് മത്സരിക്കുകയാണ് വിനു മോഹന്‍.

അമ്മയുടെ ചട്ടം അനുസരിച്ച് ഒരാള്‍ക്ക് എല്ലാ പദവിയിലേക്കും പത്രിക നല്‍കാം. എന്നാല്‍ പത്രിക പിന്‍വലിക്കുന്ന സമയം കഴിയുമ്പോള്‍ ഒരു പദവിയിലേക്ക് മാത്രമേ നാമനിര്‍ദ്ദേശ പത്രിക നല്‍കിയിരിക്കാന്‍ പാടൂള്ളൂ. അതായത് ഒന്നിലധികം പദവികളില്‍ മത്സരിക്കാനായി നാമനിര്‍ദ്ദേശ പത്രികകള്‍ നല്‍കിയാല്‍ എല്ലാം തള്ളി പോകും. ഒന്നിലധികം സ്ഥാനങ്ങളിലേക്ക് വിനു മോഹന്‍ പത്രിക നല്‍കിയിരുന്നു. അതില്‍ ജോയിന്റ് സെക്രട്ടറിയായി മത്സരിക്കുമെന്നും ബാക്കിയെല്ലാം പിന്‍വലിക്കുമെന്നും ജോയ് മാത്യുവിനെ അടക്കം അറിയിച്ചിരുന്നത്രേ. ഇത് വിശ്വസിച്ചാണ് അന്‍സിബയും വിനു മോഹനനും തമ്മില്‍ ജോയിന്റ് സെക്രട്ടറി മത്സരം നടക്കട്ടേ എന്ന് അവര്‍ വിചാരിച്ചത്. എന്നാല്‍ ജോയിന്റ് സെക്രട്ടറി പത്രിക അടക്കം പിന്‍വലിച്ച് എക്‌സിക്യൂട്ടീവിലേക്ക് മത്സരിക്കുകയായിരുന്നു വിനു മോഹന്‍. ഏകപക്ഷീയ വിജയത്തിന് പിന്നാലെ ജോയ് മാത്യു പക്ഷത്തെ അനൂപ് ചന്ദ്രനെതിരെ അന്‍സിബ പോലീസില്‍ അടക്കം പരാതിയും നല്‍കി. ഇതു കാരണമാണ് വിനു മോഹനെ എക്‌സിക്യൂട്ടീവിലേക്കുള്ള മത്സരത്തില്‍ തോല്‍പ്പിക്കാന്‍ ജോയ് മാത്യു പക്ഷം കിണഞ്ഞ് പരിശ്രമിക്കുന്നുണ്ട്.

ജോയ് മാത്യു പ്രസിഡന്റായി നോമിനേഷന്‍ കൊടുത്ത് ശ്രദ്ധ തിരിച്ചത് എക്‌സിക്യൂട്ടിവ് കമ്മിറ്റി പിടിക്കാനാണെന്നാണ് സൂചനയ ദേവനുമായി കൈകോര്‍ത്ത് സൂപ്പര്‍ താര ലോബിയെ തോല്‍പ്പിക്കാനാണ് നീക്കം. കുക്കുവിനും ജയന്‍ ചേര്‍ത്തലാക്കും അനൂപ് ചന്ദ്രനും പിന്തുണ നല്‍കുന്നതിനൊപ്പം ഏഴു സീറ്റും പിടിച്ച് ചതിച്ച വിനു മോഹനെ തോല്‍പ്പിക്കുകയാണ് ലക്ഷ്യം. മെഗാ സ്റ്റാറുകള്‍ ഒഴിഞ്ഞ അമ്മയുടെ നിയന്ത്രണം ഏറ്റെടുക്കാനാണ് ഇതുവരെ മാറ്റിനിര്‍ത്തപ്പെട്ട ജോയ് മാത്യുവിന്റെ ശ്രമം. ഇത് സൂപ്പര്‍ താരങ്ങളും തിരിച്ചറിയുന്നുണ്ട്. ജനറല്‍ സെക്രട്ടറി പദ മത്സരത്തില്‍ അടക്കം ആരു ജയിക്കുമെന്നത് ഇതില്‍ നിര്‍ണ്ണായകമാണ്. ശ്വേതാ മേനോന്‍ അടക്കമുള്ളവര്‍ തോറ്റാല്‍ അത് മോഹന്‍ലാലിനും മമ്മൂട്ടിക്കുമെല്ലാം വലിയ തിരിച്ചടിയാകും. ബാബുരാജ് മത്സരത്തില്‍ നിന്നും പിന്മാറിയതും ജോയ് മാത്യുവിന് കരുത്തായി മാറും. നാസര്‍ ലത്തീഫിന്റെ വിവാദ ഓഡിയോ ബാബുരാജ് പക്ഷത്തിന് വലിയ നാണക്കേടായിട്ടുണ്ട്.

പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി സ്ഥാനങ്ങളിലേക്ക് വനിതകള്‍ മത്സരത്തിനുണ്ട്. ജോയിന്റ് സെക്രട്ടറി സ്ഥാനാര്‍ത്ഥി അന്‍സിബ ഹസന് എതിരാളിയില്ല.നിലവിലെ ജോയിന്റ് സെക്രട്ടറിയായ ബാബുരാജ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നതില്‍ എതിര്‍പ്പ് ഉയര്‍ന്നിരുന്നു. ആരോപണ വിധേയന്‍ മത്സരിക്കരുതെന്ന ആവശ്യവും ഉയര്‍ന്നിരുന്നു. സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിതാ നായര്‍ സാമ്പത്തിക ആരോപണവും ഉന്നയിച്ചതോടെയാണ് ബാബുരാജ് പത്രിക പിന്‍വലിച്ചത്. അനൂപ് ചന്ദ്രന്‍, ജയന്‍ ചേര്‍ത്തല എന്നിവരും പത്രിക പിന്‍വലിച്ചു.വനിതാ പ്രസിഡന്റിന് അവസരം ഒരുക്കാനാണ് ജഗദീഷ് പത്രിക പിന്‍വലിച്ചത്. മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരുമായി സംസാരിച്ചശേഷമാണ് ജഗദീഷ് പിന്മാറിയത്. രവീന്ദ്രന്‍, ജോയ് മാത്യു, അനൂപ് ചന്ദ്രന്‍, ജയന്‍ ചേര്‍ത്തല, രവീന്ദ്രന്‍ എന്നിവര്‍ പത്രിക പിന്‍വലിച്ചെങ്കിലും ദേവന്‍ പിന്മാറിയില്ല.

ജനറല്‍ സെക്രട്ടറിയായിരുന്ന സിദ്ദിഖ് പീഡനക്കേസിന്റെ പശ്ചാത്തലത്തില്‍ രാജിവച്ചതിനെ പിന്നാലെയാണ് മോഹന്‍ലാല്‍ പ്രസിഡന്റായി അഡ്‌ഹോക്ക് കമ്മിറ്റി തുടര്‍ന്നത്. കഴിഞ്ഞ പൊതുയോഗത്തില്‍ പ്രസിഡന്റായി തുടരില്ലെന്ന് മോഹന്‍ലാല്‍ അറിയിച്ചതിനെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് തീരുമാനിച്ചത്. പ്രമുഖ അഭിനേതാക്കള്‍ ഇക്കുറി മത്സരരംഗത്തില്ല. ഓഗസ്റ്റ് 15നാണ് വോട്ടെടുപ്പ്.

സ്ഥാനാര്‍ത്ഥി പട്ടിക

പ്രസിഡന്റ് : ശ്വേത മേനോന്‍, ദേവന്‍

ജനറല്‍ സെക്രട്ടറി: കുക്കു പരമേശ്വരന്‍, രവീന്ദ്രന്‍

വൈസ് പ്രസിഡന്റ്: ജയന്‍ ചേര്‍ത്തല, ലക്ഷ്മിപ്രിയ, നാസര്‍ ലത്തീഫ്

ജോയിന്റ് സെക്രട്ടറി: അന്‍സിബ ഹസന്‍

ട്രഷറര്‍: അനൂപ് ചന്ദ്രന്‍, ഉണ്ണി ശിവപാല്‍

എക്സിക്യുട്ടീവ് കമ്മിറ്റി (വനിതകള്‍): അഞ്ജലി നായര്‍, ആശ അരവിന്ദ്, നീനു കുറുപ്പ്, സജിതാ ബേട്ടി, സരയു മോഹന്‍

എക്സിക്യുട്ടീവ് കമ്മിറ്റി (പൊതുവിഭാഗം): ജോയ് മാത്യു, കൈലാഷ്, നന്ദു പൊതുവാള്‍, ഡോ. റോണി ഡേവിഡ് രാജ്, സന്തോഷ് കീഴാറ്റൂര്‍, സുജോയ് വര്‍ഗീസ്, ടിനി ടോം, വിനുമോഹന്‍

വൈസ് പ്രസിഡന്റായി രണ്ടു പേര്‍ക്ക് ജയിക്കാനാകും. അതായത് ജയന്‍ ചേര്‍ത്തല, ലക്ഷ്മിപ്രിയ, നാസര്‍ ലത്തീഫ് എന്നിവരില്‍ രണ്ടു പേര്‍ ഭാരവാഹികളാകും. ഇതില്‍ ജയന്‍ ചേര്‍ത്തലയ്ക്കും ലക്ഷ്മി പ്രിയയ്ക്കും ജോയ് മാത്യു വിഭാഗത്തിന്റെ പിന്തുണ നല്‍കും. നാസര്‍ ലത്തീഫിന് ബാബുരാജിന്റേയും പിന്തുണയുണ്ട്. എക്‌സിക്യൂട്ടീവ് കമ്മറ്റിയില്‍ വിനു മോഹനെ തോല്‍പ്പിക്കാനുള്ള തന്ത്രങ്ങളാണ് ജോയ് മാത്യു വിഭാഗം തയ്യാറാക്കുന്നത്. ഡോ റോണി ഡേവിഡ് രാജിനോടും ഈ വിഭാഗത്തിന് താല്‍പ്പര്യക്കുറവുണ്ട്. എന്നാല്‍ ജോയ് മാത്യു വിഭാഗത്തിന്റെ നീക്കങ്ങളെ പൊളിക്കുന്ന തരത്തില്‍ മോഹന്‍ലാലും മമ്മൂട്ടിയും ഇടപെടുമോ എന്നതാണ് ഉയരുന്ന ചോദ്യം.

Tags:    

Similar News