പങ്കജാക്ഷന്‍ പിള്ളയേയും കുഞ്ഞുമോനേയും പറ്റിച്ചെന്ന കേസില്‍ അകത്തായ അമ്പലക്കര വാഴവിള കാഷ്യൂസ് ഉടമ; ഒന്നിലേറെ തവണ പോലീസ് ജയിലില്‍ അടച്ച ആഡംബര ജീവിതത്തിന് ഉടമയായ സീരിയല്‍ നടിമാരുടെ സുഹൃത്ത്; പോലീസിലെ സൗഹൃദങ്ങളും അതിഗംഭീരം; ടാന്‍സാനിയയിലെ ശത കോടീശ്വരന്‍; കൊച്ചിയില്‍ ഇഡിയെ കുടുക്കിയത് കൊല്ലത്തെ ഈ അനീഷ് ബാബു!
കൊച്ചി: ഇ.ഡി കൊച്ചി യൂണിറ്റിലെ അസി. ഡയറക്ടര്‍ ശേഖര്‍കുമാറിനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് രജിസ്റ്റര്‍ ചെയ്തത് രണ്ട് കോടി രൂപയുടെ കൈക്കൂലിക്കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഇടനിലക്കാരനായ എറണാകുളം തമ്മനം വട്ടത്തുണ്ടിയില്‍ വില്‍സണ്‍ വര്‍ഗീസ് (36) രണ്ടു ലക്ഷം കോഴ വാങ്ങവേ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. പിന്നാലെ, രാജസ്ഥാന്‍ സ്വദേശിയായ മുകേഷ് കുമാര്‍ ജെയിനും (55) കുടുങ്ങി. വില്‍സണും ശേഖര്‍കുമാറും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളും വിശദമായി പരിശോധിക്കും. വില്‍സണ്‍ വര്‍ഗീസ് രണ്ടാം പ്രതിയും മുകേഷ് കുമാര്‍ മൂന്നാം പ്രതിയും ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റെ രഞ്ജിത്ത് വാര്യര്‍ നാലാം പ്രതിയുമാണ്.
കോഴ ശേഖര്‍കുമാറിന് വേണ്ടിയാണെന്ന് കാശ് വാങ്ങിയതെന്നാണ് വെളിപ്പെടുത്തല്‍. കൊട്ടരക്കര സ്വദേശിയായ കശുവണ്ടി വ്യവസായി അനീഷ് ബാബുവാണ് പരാതിയുമായി വിജിലന്‍സിനെ സമീപിച്ചത്. തോട്ടണ്ടി ഇറക്കുമതി ക്രമക്കേടുമായി ബന്ധപ്പെട്ട കേസില്‍ ഇ.ഡി നേരത്തേ ഇയാളെ ചോദ്യംചെയ്തിരുന്നു. കേസില്‍ സുപ്രീംകോടതിയില്‍ നിന്ന് സ്റ്റേ വാങ്ങി. പിന്നാലെ, കേസ് ഒഴിവാക്കാമെന്ന വാഗ്ദാനവുമായി ഇടനിലക്കാരന്‍ വില്‍സണ്‍ വര്‍ഗീസ് സമീപിച്ചു. വില്‍സണ്‍ പറഞ്ഞതുപോലെ അടുത്ത സമന്‍സ് വന്നതോടെ അനീഷ് ബാബു വിജിലന്‍സിനെ അറിയിക്കുകയായിരുന്നു.
ഈ മാസം ആറിനാണ് പ്രതിചേര്‍ക്കാതിരിക്കാന്‍ സഹായിക്കാമെന്നു വാഗ്ദാനം ചെയ്ത് വില്‍സണ്‍ സമീപിച്ചത്. തുടര്‍ന്ന് രണ്ടുതവണ കലൂര്‍ സ്റ്റേഡിയത്തിന് സമീപവും എറണാകുളം പി.ടി ഉഷ റോഡിലും കാറിലിരുന്ന് ഇക്കാര്യം ചര്‍ച്ച ചെയ്തു. 50 ലക്ഷം രൂപ നാല് തവണയായി കേരളത്തിന് പുറത്തുള്ള കമ്പനിയുടെ അക്കൗണ്ടിലേക്ക് ഇടണമെന്നായിരുന്നു നിര്‍ദ്ദേശം. രണ്ടു ലക്ഷം രൂപ പണമായും ആവശ്യപ്പെട്ടു. പണം നിക്ഷേപിക്കേണ്ട സ്വകാര്യ ബാങ്ക് അക്കൗണ്ടും കൈമാറി. മുംബയിലെ ഒരു വ്യവസായിയുടെ പേരിലുള്ളതാണ് അക്കൗണ്ട്.
പനമ്പിള്ളി നഗറില്‍ ബി.എം.ഡബ്ല്യു കാറില്‍വച്ച് പണം കൈമാറുമ്പോഴാണ് വില്‍സണ്‍ പിടിയിലായത്. കുടുങ്ങിയതോടെ, പണം തനിക്കല്ലെന്നും ഇടനിലക്കാരന്‍ മാത്രമാണെന്നുമായി വിത്സണ്‍. ഈ മൊഴിയാണ് ഇ.ഡി ഉദ്യോഗസ്ഥനിലേക്ക് വിജിലന്‍സിനെ എത്തിച്ചത്. പിന്നീടാണ് മുകേഷ്‌കുമാര്‍ ജെയിനെ പിടികൂടിയത്. ഇയാള്‍ ഹവാല ഇടപാടുകാരനാണ്. രഞ്ജിത്ത് വാര്യരാണ് പരാതിക്കാരന്റെ മേല്‍വിലാസം വില്‍സണിനും മുകേഷ് കുമാറിനും കൈമാറിയതെന്ന് കണ്ടെത്തിയിട്ടുണ്ട്.
ആരാണ് അനീഷ് ബാബു? എന്താണ് തോട്ടണ്ടി കേസ്?
ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നു തോട്ടണ്ടി ഇറക്കുമതി ചെയ്തു നല്‍കാമെന്നു വിശ്വസിപ്പിച്ചു കോടികള്‍ തട്ടിയ കേസില്‍ കൊല്ലത്ത് പോലീസ് അറസ്റ്റിലായ യുവാവാണ് അനീഷ് ബാബു. പോലീസ് അന്വേഷണത്തില്‍ അനീഷ് ബാബുവിന് വിദേശ ബാങ്കുകളില്‍ ഉള്‍പ്പടെ പത്തിലധികം അക്കൗണ്ടുകളുണ്ടെന്ന് വ്യക്തമായതായും റിപ്പോര്‍ട്ടുണ്ട്. ടാന്‍സാനിയയില്‍ നിന്നു തോട്ടണ്ടി ഇറക്കുമതി ചെയ്തു നല്‍കാമെന്നു പറഞ്ഞു കശുവണ്ടി വ്യവസായികളില്‍ നിന്നു കോടികള്‍ തട്ടിയെടുത്ത കേസിലാണ് അനീഷ് ബാബുവിനെ 2020ല്‍ പൊലീസ് അറസ്റ്റു ചെയ്തത്. കേരളത്തിലും തായിലാന്‍ഡിലും ടാന്‍സാനിയയിലുമായി അനീഷിന് പത്തിലധികം ബാങ്ക് അക്കൗണ്ട് ഉണ്ടെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നു. തട്ടിപ്പിലൂടെ ലഭിക്കുന്ന പണം കൊണ്ട് പ്രതി ആഡംബര ജീവതമാണ് നയിച്ചിരുന്നതെന്നായിരുന്നു ആരോപണം. ഈ കേസാണ് ഇഡി അന്വേഷണത്തിന് കാരണമായത്.
അറസ്റ്റിലാകുമ്പോള്‍ ഒരു കോടിയിലധികം വിലയുള്ളത് ഉള്‍പ്പടെ 14 കാറുകളാണ് അനീഷിന് ഉണ്ടായിരുന്നത്. തട്ടപ്പിന് കേന്ദ്രസര്‍ക്കാരിന്റെ അടക്കം വ്യജ രേഖ നിര്‍മിച്ചതായും സൂചനയുണ്ടെന്ന് 2020ല്‍ മനോരമ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സമാനമായ കേസില്‍ അനീഷ് മുന്‍പും ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും പറഞ്ഞിരുന്നു. കൊട്ടാരക്കര വാളകം അമ്പലക്കരയിലെ വാഴവില വീട്ടില്‍ അനീഷ്ബാബുവിനെ 2018ലും അറസ്റ്റ് ചെയ്തിരുന്നു. അന്ന് കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തില്‍ വച്ചാണ് കസ്റ്റഡിയിലെടുത്തത്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നു തോട്ടണ്ടി ഇറക്കുന്നതിനുള്ള ലൈസന്‍സുണ്ടെന്ന വ്യാജരേഖകള്‍ കാട്ടി തൃക്കോവില്‍വട്ടം ജയലക്ഷ്മി കാഷ്യൂസ് ഉടമ പങ്കജാക്ഷന്‍ പിള്ളയില്‍ നിന്ന് അഞ്ച് കോടി രൂപ തട്ടിയ കേസിലാണ് അനീഷ് ബാബു അറസ്റ്റിലായത്. പങ്കജാക്ഷന്‍ പിള്ളയുടെ പരാതിയെ തുടര്‍ന്ന് പൊലീസ് ഇയാള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വിദേശത്ത് നിന്നും നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ അനീഷിനെ തടഞ്ഞുവയ്ക്കുകയായിരുന്നു. തുടര്‍ന്ന് കൊല്ലം പൊലീസെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
അന്ന് ഇയാള്‍ പിടിയിലായത് അറിഞ്ഞ് തട്ടിപ്പിനിരയായ കൂടുതല്‍ കശുവണ്ടി വ്യവസായികളും ഇടനിലക്കാരും കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷന്‍ വളപ്പിലെത്തിയിരുന്നു. വിവിധ ആളുകളില്‍ നിന്നായി 40 കോടിയിലേറെ രൂപ ഇയാള്‍ തട്ടിയെടുത്തിട്ടുള്ളതായായിരുന്നു കണ്ടെത്തല്‍. എന്നാല്‍ കബളിപ്പിക്കപ്പെട്ടവരില്‍ പലരും രേഖാമൂലം പരാതി നല്‍കാന്‍ തയ്യാറാകാത്തതിനാന്‍ യഥാര്‍ഥ തുക തട്ടിപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് അന്ന് പൊലീസ് പറഞ്ഞിരുന്നു.
അനീഷ് ബാബുവിന്റെ പോലീസ് ബന്ധങ്ങളും ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു
തോട്ടണ്ടി ഇടപാടില്‍ കോടികള്‍ തട്ടിയെടുത്ത കേസിലെ പ്രതി അനീഷ് ബാബുവുമായി ചില പൊലീസ് ഓഫിസര്‍മാര്‍ക്ക് വഴി വിട്ട സൗഹൃദം ഉണ്ടായിരുന്നുവെന്ന ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടും മനോരമ 2020ല്‍ നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം സ്വദേശികളായ രണ്ട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍, ഗ്രേഡ് എസ്‌ഐ, സിവില്‍ പൊലീസ് ഓഫിസര്‍ എന്നിവര്‍ക്കെതിരെയായിരുന്നു ആ റിപ്പോര്‍ട്ട്. ചോദ്യം ചെയ്യലില്‍ അനീഷ് ബാബു നല്‍കിയ തെളിവുകളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. അന്ന് ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി എ.അശോകന്‍, കൊല്ലം റൂറല്‍ എസ്പി ഹരിശങ്കറിന് റിപ്പോര്‍ട്ട് കൈമാറിയിരുന്നു. വിശദമായ അന്വേഷണത്തിന് ശുപാര്‍ശ ചെയ്ത് റിപ്പോര്‍ട്ട് ഡിജിപിക്ക് നല്‍കുകയും ചെയ്തു. എന്നാല്‍ ഈ കേസില്‍ ഒന്നും പിന്നീട് സംഭവിച്ചില്ല.
പരാതിക്കാരുടെ വിവരങ്ങള്‍ കൃത്യമായി അനീഷ് ബാബുവിന് കൈമാറാന്‍ സിഐമാര്‍ സഹായം നല്‍കിയെന്നും പ്രതിഫലമായി പണവും സല്‍ക്കാരങ്ങളും സ്വീകരിച്ചുവെന്നുമാണ് മൊഴി. രണ്ട് സിഐമാരും നേരത്തേയും പല കേസുകളില്‍ ആരോപണ വിധേയരാണ്. അനീഷ്ബാബുവിനെതിരെയുള്ള പരാതികള്‍ പൂഴ്ത്തിവയ്ക്കാനും വിവരം കൈമാറാനും ഇരുവരും ശ്രമിച്ചതായി സംശയിക്കുന്നു. അനീഷ്ബാബുവിനൊപ്പം ഉല്ലാസയാത്രകളില്‍ ഒരാള്‍ പതിവായി പങ്കെടുത്തിട്ടുണ്ട്. മദ്യ സല്‍ക്കാരത്തിലും പതിവ് പങ്കാളിയാണെന്നാണ് റിപ്പോര്‍ട്ട്.
രണ്ട് കശുവണ്ടി വ്യവസായികള്‍ നല്‍കിയ പരാതിയിലാണ് അനീഷ്ബാബുവിന്റെ ആ അറസ്റ്റ്. പരാതി പൊലീസില്‍ ലഭിച്ചതിന് പിന്നാലെ അനീഷ്ബാബുവിന് വിവരം ലഭിച്ചു. കൊട്ടാരക്കരയില്‍ നിന്നു തിരുവനന്തപുരത്തേക്ക് രക്ഷപ്പെട്ടു. ഈ സംഭവമാണ് അന്വേഷണസംഘത്തിന് സംശയം ഉളവാക്കിയത്. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ രണ്ട് പേരും മുന്‍പ് കൊട്ടാരക്കര സ്റ്റേഷന്‍ ചുമതലയിലുള്ളവരാണ്.
വ്യാജ രേഖയും കണ്ടെത്തി
കശുവണ്ടി ഇറക്കുമതി വാഗ്ദാനം നല്‍കി കോടികളുടെ തട്ടിപ്പ് നടത്തിയ അനീഷ് ബാബു എന്ന വ്യാപാരി ബാങ്ക് ഇടപാടുകളുടെ വ്യാജരേഖകള്‍ ചമച്ചതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ടാന്‍സാനിയയിലെ ഐ. ആന്‍ഡ് എം. ബാങ്കില്‍ 40.22 ലക്ഷം ഡോളര്‍ കൊട്ടാരക്കര സ്വദേശി അനീഷിന്റെ പേരിലുണ്ടെന്ന് സാക്ഷ്യപ്പെടുത്തുന്ന 'സിഫ്ട്' (സൊസൈറ്റി ഫോര്‍ വേള്‍ഡൈ്വഡ് ഇന്റര്‍ബാങ്ക് ഫിനാന്‍ഷ്യല്‍ ടെലി കമ്യൂണിക്കേഷന്‍) രേഖ കണ്ടാല്‍ ആര്‍ക്കും സംശയമുണ്ടാകില്ല. പണം നല്‍കാനുള്ള വ്യാപാരികളെ ഈരേഖ കാട്ടിയാണ് അനീഷ് സമാധാനിപ്പിച്ച് അയച്ചത്. എന്നാല്‍ വ്യാപാരികള്‍ ബാങ്കില്‍ നടത്തിയ അന്വേഷണത്തില്‍ ഇത് വ്യാജമാണെന്ന് ബോധ്യമായി.
ഇതുമാത്രമല്ല അനീഷിന്റെ പേരില്‍ 1.60 കോടി രൂപ അനുവദിച്ച എസ്.ബി.ഐ. ലൈഫ് ഇന്‍ഷുറന്‍സിന്റെ ചെക്ക്, ഇന്‍ഡസിന്‍ഡ് ബാങ്കിന്റെ രേഖകള്‍, കോടികളുടെ ബാങ്ക് ഇടപാടുകള്‍ സൂചിപ്പിക്കുന്ന ബാങ്കുകളുടെ പേരിലുള്ള എസ്.എം.എസ്. സന്ദേശങ്ങള്‍, കപ്പല്‍ ഏജന്‍സിയുടെ കത്ത് ഇവയെല്ലാം തട്ടിപ്പിനായി അനീഷും സംഘവും വ്യാജമായി നിര്‍മിച്ചെന്ന കണ്ടെത്തലിലാണ് പോലീസ് എത്തിയത്. ആസൂത്രിതമായി നടത്തിയ കൊള്ളയാണ് കോടികളുടെ തട്ടിപ്പെന്ന് ഈ രേഖകള്‍ സൂചിപ്പിക്കുന്നു. വിദേശ ബാങ്കുകളുടെയും നാട്ടിലെ ബാങ്കുകളുടെയും വ്യാജരേഖകള്‍ ഇവര്‍ തയ്യാറാക്കി. പോലീസ് ഉദ്യോഗസ്ഥരെവരെ ഈ രേഖകള്‍ കാട്ടി കബളിപ്പിച്ചു. ഓണ്‍ലൈന്‍ ബാങ്ക് ഇടപാട് സംബന്ധിച്ച നിരവധി വ്യാജരേഖകള്‍ ഇവര്‍ തയ്യാറാക്കിയതായി പോലീസ് കണ്ടെത്തി. ഈ സാഹചര്യത്തിലാണ് അന്വേഷണം ഇഡിയിലേക്ക് എത്തിയത്. വ്യാജ രേഖയിലെ വിശദ വാര്‍ത്ത 2020ല്‍ മാതൃഭൂമി നല്‍കിയതാണ്.
അനീഷ് ബാബു ആഡംബര കാറുകളില്‍ സഞ്ചരിക്കുകയും ആഡംബരജീവിതം നയിക്കുകയും ചെയ്തിരുന്ന വ്യക്തിയാണെന്ന് പൊലീസ് വിശദീകരിച്ചതായി 2020ല്‍ നിരവധി വാര്‍ത്തകള്‍ വന്നിരുന്നു. അവസാനമായി അന്ന് അനീഷിനെ ശാസ്തമംഗലത്തുള്ള ഫ്‌ലാറ്റില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. എന്നാല്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനൊപ്പം ഉല്ലാസയാത്ര നടത്തി മടങ്ങുമ്പോഴായിരുന്നു അറസ്റ്റെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. അനീഷിനെതിരേ പൊലീസില്‍ നല്‍കിയ പല പരാതികളിലും നടപടി ഉണ്ടാകാതിരുന്നത് തിരുവനന്തപുരത്ത് ജോലി ചെയ്യുന്ന ഈ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ ഇടപെടല്‍ മൂലമാണെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. റൂറല്‍ എസ് പിക്ക് പരാതി ലഭിച്ചതോടെയാണ് അന്ന് അറസ്റ്റ് ഉണ്ടായത്.
തട്ടിപ്പിലൂടെ ലഭിച്ച പണമൊക്കെ ആഡംബര ജീവിതത്തിനും മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കും അനീഷ് ഉപയോഗിച്ചിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍ എന്നായിരുന്നു വാര്‍ത്തകള്‍. ചില സീരിയല്‍ നടിമാരുമായി സൗഹൃദം ഉണ്ടായിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയതായും വാര്‍ത്ത എത്തി. ഇടയ്ക്ക് വിദേശ യാത്രകള്‍ക്കും പോകാറുണ്ട്. അടുത്ത സുഹൃത്തായ പൊലീസ് ഉദ്യോഗസ്ഥനെയും ഇത്തരം ഉല്ലാസയാത്രകളില്‍ അനീഷ് കൂടെ കൊണ്ടുപോകാറുള്ളതായും അന്വേഷണസംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. അമ്പലക്കര വാഴവിള കാഷ്യൂസ് ഉടമയാണ് അനീഷ് ബാബു. വിവിധ കശുവണ്ടി വ്യാപാരികളില്‍നിന്നായി 50 കോടിയോളം രൂപ ഇയാള്‍ തട്ടിയതായാണ് റിപ്പോര്‍ട്ടുകള്‍. 2020ല്‍ അഞ്ചല്‍ റോയല്‍ കാഷ്യൂ ഉടമ കുഞ്ഞുമോന്റെ പരാതിയിലായിരുന്നു അറസ്റ്റ്.
ആഫ്രിക്കയിലെ ടാന്‍സാനിയയില്‍നിന്ന് കേരളത്തിലെ വ്യാപാരികള്‍ക്ക് കശുവണ്ടി ഇറക്കുമതിചെയ്ത് നല്‍കുന്നതായിരുന്നു അനീഷിന്റെ ബിസിനസ്. വിദേശത്തും സ്വദേശത്തുമായി ഒളിവില്‍ കഴിഞ്ഞിരുന്ന അനീഷിനെ ശാസ്തമംഗലത്തെ ഫല്‍റ്റില്‍നിന്നാണ് പൊലീസ് പിടികൂടിയത്.