വിചാരണയില്‍ പ്രോസിക്യൂഷന്‍ കര്‍ശനമായ നിലപാട് എടുത്താല്‍ ആന്റണിരാജു പ്രതിസന്ധിയിലാകും; തിരുവനന്തപുരം സീറ്റില്‍ കണ്ണുള്ള സിപിഎം ജട്ടിക്കേസില്‍ സാധ്യത കണ്ടേക്കും; പഴയ വിശ്വസ്തനെ മുഖ്യമന്ത്രി പിണറായി വിജയന്‍ കൈവിടുമോ? ജനാധിപത്യ കേരളാ കോണ്‍ഗ്രസിന്റെ ഭാവിയില്‍ ഇനിയുള്ള ഒരു കൊല്ലം നിര്‍ണ്ണായകം

Update: 2024-11-20 06:44 GMT

തിരുവനന്തപുരം: ജട്ടിക്കേസ് വിചാരണയ്‌ക്കൊടുവിലുണ്ടാകുന്ന കോടതി വിധി എതിരായാല്‍ അത് ആന്റണി രാജുവിന് രാഷ്ട്രീയ കുരുക്കായി മാറും. പിന്നീടൊരിക്കലും ആന്റണി രാജുവിന് രാഷ്ട്രീയ മത്സരത്തിന് കഴിയാത്ത സാഹചര്യവുമുണ്ട്. തിരുവനന്തപുരം നിയമസഭാ മണ്ഡലത്തിലെ എംഎല്‍എയാണ് ആന്റണി രാജു. ഇടതു പിന്തുണയോടെയാണ് ആന്റണി രാജു മത്സരിച്ചതും ജയിച്ചതും. നിലവില്‍ ഈ സീറ്റ് പിടിച്ചെടുക്കണമെന്ന മോഹം സിപിഎമ്മിന് തന്നെയുണ്ട്. ഇതിനിടെയാണ് ആന്റണി രാജുവിനെതിരായ കേസ് സജീവമാകുന്നത്. ഒരു കൊല്ലത്തിനകം വിചാരണ പൂര്‍ത്തിയാക്കി വിധി പറയണമെന്നാണ് ഉത്തരവ്. ഇതോടെ 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് വിധി ഉറപ്പായി. ഈ വിധി എതിരായാല്‍ ആന്റണി രാജുവിന് രാഷ്ട്രീയ വനവാസത്തിലേക്ക് പോകേണ്ടി വരും.

ആന്റണി രാജു കുറ്റക്കാരനാണെന്ന നിലപാടാണ് സുപ്രീംകോടതിയില്‍ അടക്കം പ്രോസിക്യൂഷന്‍ സ്വീകരിച്ചത്. കേരളാ കോണ്‍ഗ്രസിന്റെ പിളര്‍പ്പിലൂടെ ജനാധിപത്യ കേരളാ കോണ്‍ഗ്രസ് എന്ന പാര്‍ട്ടി നേതാവായ വ്യക്തിയാണ് ആന്റണി രാജു. ഈ പാര്‍ട്ടിക്ക് ആന്റണി രാജുവെന്ന ഏക എംഎല്‍എ മാത്രമേ ഉള്ളൂ. വലിയ രാഷ്ട്രീയ സ്വാധീനവും കേരളത്തിലില്ല. അതുകൊണ്ട് തന്നെ ആന്റണി രാജുവില്‍ നിന്നും തിരുവനന്തപുരം സീറ്റ് ഏറ്റെടുത്ത് മത്സരിക്കണമെന്ന ആഗ്രഹം സിപിഎമ്മിനുണ്ട്. ആന്റണി രാജുവിനെ ഒഴിവാക്കിയാല്‍ ജനാധിപത്യ കേരളാ കോണ്‍ഗ്രസിനേയും പരിഗണിക്കേണ്ടതില്ല. എന്‍സിപിയിലെ നൂറു കോടി കോഴ പരാതിക്ക് പിന്നിലും ആന്റണി രാജുവാണ്. ആന്റണി രാജുവിന്റെ വ്യാജ ആരോപണം എന്‍സിപിയേയും ചൊടിപ്പിച്ചിരുന്നു. ഇതിനിടെയാണ് പുതിയ പ്രതിസന്ധിയും എത്തുന്നത്.

വിചാരണയില്‍ പ്രോസിക്യൂഷന്‍ കര്‍ശനമായ നിലപാട് എടുത്താല്‍ ആന്റണിരാജു പ്രതിസന്ധിയിലാകും. തിരുവനന്തപുരത്തെ സീറ്റ് എടുക്കണമെന്ന അതിയായ മോഹം സിപിഎമ്മിനുണ്ട്. അതുകൊണ്ട് തന്നെ തനിക്ക് സിപിഎമ്മില്‍ നിന്നും വലിയ സഹായം വിചാരണ കാലത്ത് കിട്ടുമോ എന്ന സംശയം ആന്റണി രാജുവിന് തന്നെ ഉണ്ട്. മന്ത്രിയായിരുന്നപ്പോള്‍ ആന്റണി രാജുവിന് അനുകൂലമായിരുന്നു കാര്യങ്ങള്‍. രണ്ടര കൊല്ലത്തിന് ശേഷം മന്ത്രി സ്ഥാനം കെബി ഗണേഷ് കുമാറിന് വേണ്ടി ഒഴിഞ്ഞു. അതിന് ശേഷം കേസില്‍ സര്‍ക്കാര്‍ നിലപാട് മാറി മറിഞ്ഞു. ഹൈക്കോടതിയില്‍ കിട്ടിയ അനുകൂല വിധി സുപ്രീംകോടതിയില്‍ അതിന് അപ്പുറത്തേക്ക് കാര്യങ്ങളെത്തിക്കുമെന്ന് ആന്റണി രാജു കരുതി. എന്നാല്‍ സുപ്രീംകോടതിയില്‍ എത്തിയപ്പോള്‍ മന്ത്രിയല്ലാതെയായി. പ്രോസിക്യൂഷന്‍ നിലപാട് കുടുപ്പിച്ചു. വിചാരണയിലും ഇത് പ്രതീക്ഷിക്കേണ്ട രാഷ്ട്രീയ സാഹചര്യവും ആന്റണി രാജുവിനുണ്ട്.

പിജെ ജോസഫിന്റെ വിശ്വസ്തനായിരുന്നു ആന്റണി രാജു ഒരുകാലത്ത്. അങ്ങനെയാണ് ഇടതുപക്ഷത്തെ നേതാവായത്. എംഎം ഹസനെ തോല്‍പ്പിച്ച് ആദ്യം എംഎല്‍എയായി. പക്ഷേ പിന്നീട് നിരന്തര തോല്‍വിയുണ്ടായി. ഇതിനിടെ പിജെ ജോസഫിന് വിഎസ് അച്യുതാനന്ദന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് സുരേന്ദ്രന്‍ പിള്ളയെ തിരുവനന്തപുരത്ത് മത്സരിക്കേണ്ടി വന്നു. സുരേന്ദ്രന്‍പിള്ള മന്ത്രിയായി. പിജെ ജോസഫ് യുഡിഎഫിലേക്ക് പോയപ്പോള്‍ ആന്റണി രാജു ഇടതുപക്ഷത്ത് ഉറച്ചു നിന്നു. ഇതിന്റെ പ്രതിഫലമായാണ് രണ്ടു പിന്നീട് തിരുവനന്തപുരത്ത് ഇടതു സ്ഥാനാര്‍ത്ഥിയായി മത്സരത്തിനെത്തിയത്. കഴിഞ്ഞ തവണ ജയിക്കുകയും മന്ത്രിയാവുകയും ചെയ്തു. വിവാദങ്ങളില്‍ പിണറായി വിജയനൊപ്പം ഉറച്ചു നിന്നു. രണ്ടര കൊല്ലത്തെ മന്ത്രിപദമെന്ന രാഷ്ട്രീയ തീരുമാനത്തില്‍ പിന്നീട് രാജിവച്ചു.

മന്ത്രിയായിരിക്കുമ്പോഴാണ് ജട്ടി കേസിലെ വിവാദ വീണ്ടും തലപൊക്കിയത്. അന്ന് ആന്റണി രാജുവിന്റെ മന്ത്രിസ്ഥാന രാജിയ്ക്കായി ആവശ്യം ഉയര്‍ന്നു. എന്നാല്‍ അന്ന് മുഖ്യമന്ത്രി കൈവിട്ടില്ല. എന്നാല്‍ മന്ത്രിയല്ലാത്ത ആന്റണി രാജുവിന് ആ പരിഗണന കിട്ടുമോ എന്നും ഉറപ്പില്ല. ആന്റണി രാജുവിനെതിരെ ശക്തമായ സത്യവാങ്മൂലമാണ് കേരളം സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തിരുന്നത്. കേസിന്റെ മെറിറ്റ് ഹൈക്കോടതി പരിഗണിച്ചില്ലെന്നും അഭിപ്രായപ്പെട്ടു. ആവശ്യമെങ്കില്‍ മെറിറ്റ് പരിഗണിക്കാന്‍ ഹര്‍ജി വീണ്ടും ഹൈക്കോടതിയിലേക്കയക്കാവുന്നതാണെന്നും അദ്ദേഹം കോടതിയില്‍ അഭിപ്രയപെട്ടു. അക്കാര്യം വാദം കേള്‍ക്കുമ്പോള്‍ പരിഗണിക്കാമെന്ന് ജസ്റ്റിസ് സി.ടി. രവികുമാര്‍ അറിയിച്ചിരുന്നു. എന്നാല്‍ വിചാരണ തുടങ്ങാനായിരുന്നു കോടതിയുടെ അന്തിമ ഉത്തരവ്.

1990 ഏപ്രില്‍ നാലിനു തിരുവനന്തപുരം വിമാനത്താവളത്തില്‍ ലഹരിമരുന്നു കേസില്‍ പിടിയിലായ ഓസ്‌ട്രേലിയന്‍ പൗരനെ ശിക്ഷയില്‍നിന്ന് രക്ഷപ്പെടുത്താന്‍, തൊണ്ടിയായ അടിവസ്ത്രത്തില്‍ കൃത്രിമം കാട്ടിയെന്നായിരുന്നു കേസ്. കേസില്‍ ആന്റണി രാജു, കോടതി ജീവനക്കാരനായ ജോസ് എന്നിവരായിരുന്നു ഒന്നും രണ്ടും പ്രതികള്‍. കേസ് പുനരന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഹൈക്കോടതി വിധി ചോദ്യംചെയ്ത് ആന്റണി രാജു ഉള്‍പ്പടെ നല്‍കിയ ഹര്‍ജിയാണ് വിചാരണയ്ക്ക് അവസരമൊരുക്കുന്നത്. പുനരന്വേഷണമായിരുന്നുവെങ്കില്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും രാഷ്ട്രീയ പ്രതിസന്ധികളൊന്നും ആന്റണി രാജുവിന് ഉണ്ടാകുമായിരുന്നില്ല.

ആന്റണി രാജുവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സ്വീകരിച്ച നിലപാടും നിര്‍ണ്ണായകമായി. മയക്കുമരുന്ന് കേസിലെ തൊണ്ടിമുതലായ അടിവസ്ത്രത്തില്‍ പ്രതിയായ വിദേശപൗരനെ രക്ഷിക്കാന്‍ കൃത്രിമം കാട്ടിയെന്ന ആരോപണം ഗുരുതരമാണെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ആന്റണി രാജുവിന്റെ ഹര്‍ജി പരിഗണിച്ച് നെടുമങ്ങാട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ നിലനില്‍ക്കുന്ന കേസ് തള്ളുന്നത് നീതി നടപ്പാക്കുന്നതിനെ ബാധിക്കുമെന്നും ആന്റണി രാജുവിനെതിരായ ആരോപണങ്ങള്‍ ഗൗരവമുള്ളതെന്നും സര്‍ക്കാരിന്റെ നിയമ ഓഫിസര്‍ക്കു വേണ്ടി സറ്റാന്‍ഡിങ് കൗണ്‍സല്‍ നിഷെ രാജന്‍ ശങ്കര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.

ആന്റണി രാജുവിന്റെ രാഷ്ട്രിയ ഭാവി തകര്‍ക്കാനുള്ള കേസാണ് ഇതെന്ന വാദം അടിസ്ഥാനരഹിതമാണെന്നും സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. ആന്റണി രാജുവിനെതിരായുള്ള ആരോപണങ്ങള്‍ ഗുരുതരമാണെന്നും പോലീസ് കേസ് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നും സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു. കേസില്‍ പുനരന്വേഷണം നടത്തുന്നതിനെതിരെ ആന്റണി രാജു നല്‍കിയ ഹര്‍ജിയെ എല്ലാ അര്‍ത്ഥത്തിലും സര്‍ക്കാര്‍ എതിര്‍ത്തു. എതിര്‍സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ വൈകിയതില്‍ സുപ്രീംകോടതി രൂക്ഷ വിമര്‍ശനം നടത്തിയതിനു ശേഷമാണ് ആന്റണി രാജുവിനെതിരായ നിലപാട് കേരളം അറിയിച്ചത്.

Tags:    

Similar News