ബാലുവിനെ കൊന്നത് അര്‍ജുന്‍ എന്ന് ഉറച്ചു വിശ്വസിച്ച വയലിന്‍ മാന്ത്രികനായ അമ്മാവന്‍; സിബിഐയ്ക്ക് മുമ്പില്‍ എല്ലാം അവതരിപ്പിച്ച് വിടവാങ്ങിയത് 2023 നവംബര്‍ 25ന്; ശശികുമാര്‍ മരിച്ച് ഒരു വര്‍ഷം തികഞ്ഞ 2024 നവംബര്‍ 25ന് അര്‍ജുന്‍ അകത്ത്; ബാലുവിന് ഏറ്റവും പ്രിയപ്പെട്ട സഹോദരിയും അമ്മാവനും മരിച്ചിട്ട് പോലും വരാത്ത ഭാര്യ! ആ മാഫിയ ഇപ്പോഴും അതിശക്തര്‍
കൊച്ചി: ഇന്ത്യയിലെ ഏറ്റവും മികച്ച വയലിനിസ്റ്റുകളില്‍ ഒരാളായിരുന്നു ബി ശശികുമാര്‍. സംഗീതത്തെ അരച്ചു കലക്കി കുടിച്ച വിദ്വാന്‍. പ്രശസ്തിയ്ക്ക് പുറകേ പോകാതെ ആകാശവാണിയിലെ ജോലിയില്‍ ആഹ്ലാദവും അഭിമാനവും കണ്ടെത്തിയ ശശികുമാര്‍. നിരവധി ശിഷ്യന്മാര്‍. ഇതിനിടെയാണ് സ്വന്തം സഹോദരിയുടെ മകന്‍ ബാലഭാസ്‌കറിനെ പ്രതിഭ കണ്ടെത്തി ശശികുമാര്‍ വളര്‍ത്തിയത്. കോളേജില്‍ കയറിയപ്പോള്‍ തന്നെ വയലിനില്‍ വിസ്മയം തീര്‍ത്തു ബാലഭാസ്‌കര്‍. തനിക്ക് കിട്ടാത്ത പേരും പെരുമയും അനന്തരാവകാശി നേടുന്നത് കണ്ട് സന്തോഷിച്ച അമ്മാവന്‍. വിവാഹവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ വീട്ടില്‍ നിന്നും അകല്‍ച്ച കാട്ടിയപ്പോഴും അമ്മാവനുമായി ബാലഭാസ്‌കര്‍ അടുപ്പം തുടര്‍ന്നു. ഈ അമ്മാവനെയായിരുന്നു ബാലുവിന്റെ മരണം കൂടുതല്‍ വേദനിപ്പിച്ചത്. ബാലുവിനെ കൊന്നത് തന്നെ എന്ന് ഉറച്ചു വിശ്വസിച്ച ശശികുമാര്‍ 2023 നവംബര്‍ 25ന് അന്തരിച്ചു. രണ്ടു ദിവസം മുമ്പ് തനിക്ക് അറിയാവുന്നതെല്ലാം സിബിഐയെ ബോധിപ്പിച്ചാണ് ശശികുമാര്‍ മടങ്ങിയത്. ആ മരണം നടന്ന് കൃത്യം ഒരു വര്‍ഷം കഴിയുമ്പോള്‍ തന്നെ ബാലഭാസ്‌കറിനെ ചതിച്ചു കൊന്നുവെന്ന് ശശികുമാര്‍ വിശ്വസിച്ചിരുന്ന അര്‍ജുന്റെ കൈയ്യില്‍ വിലങ്ങു വീണു. അതും സ്വര്‍ണ്ണ കടത്ത് കേസില്‍. അര്‍ജുന്‍ അടക്കമുള്ള പ്രതികളെ പോലീസ് ചെന്ന് പിടിക്കുകയായിരുന്നില്ല. മറിച്ച് അവര്‍ ചെന്ന് പെടുകയായിരുന്നു. ഇതോടെ അര്‍ജുന് അന്നും ഇന്നും എന്നും സ്വര്‍ണ്ണ കടത്തുമായി ബന്ധമുണ്ടെന്നും വ്യക്തമായി.
ബാലഭാസ്‌കറിന്റെ മരണത്തില്‍ പച്ചക്കളം മാത്രം പറഞ്ഞ വ്യക്തിയാണ് അര്‍ജുന്‍. ബാലഭാസ്‌കര്‍ ആണ് വണ്ടി ഓട്ടിച്ചതെന്നും അതുകൊണ്ട് തനിക്ക് ഒരു കോടി നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ട് കേസു കൊടുത്ത വ്യക്തിയാണ് അര്‍ജുന്‍. ശാസ്ത്രിയമായി തന്നെ അര്‍ജുനാണ് വണ്ടി ഓടിച്ചതെന്ന് ഏവരും തിരിച്ചറിഞ്ഞതും ശാസ്ത്രീയമായി തെളിയിച്ചതുമാണ്. അതുകൊണ്ട് തന്നെ ഈ കേസ് നല്‍കലിന് നഷ്ടപരിഹാരത്തിന് അപ്പുറം സ്വര്‍ണ്ണ കടത്തുകാരെ രക്ഷിക്കുകയെന്ന ലക്ഷ്യമുണ്ട്. പാലക്കാട്ടെ പൂന്തോട്ടം ആശുപത്രിയുമായി ബാലഭാസ്‌കറിന് ബന്ധമുണ്ടായിരുന്നു. ഈ ആശുപത്രിക്കാരുടെ ശുപാര്‍ശയിലാണ് അര്‍ജുന്‍ ബാലുവിന്റെ വളയം പിടിച്ചത്. ഇതെല്ലാം ദുരൂഹമായി തന്നെ അന്നും ഇന്നും തുടരുന്നു. ഈ കേസ് അന്വേഷിച്ചിരുന്ന ഡിവൈഎസ് പി വിരമച്ച ശേഷം ആത്മഹത്യ ചെയ്തുവെന്നാണ് പൊതുവേ എല്ലാവരും പറയുന്നത്. എന്നാല്‍ ഹരികൃഷ്ണന്റേത് ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് ഇനിയും ആര്‍ക്കും അറിയില്ല. ഏതായാലും ശശികുമാറിന്റെ ഒന്നാം ചരമ വാര്‍ഷിക ദിനത്തില്‍ തന്നെ അര്‍ജുന്‍ അഴിക്കുള്ളിലായി. ബാലുവിന്റെ മരണത്തിന് പിന്നിലുള്ള മാഫിയ അതിശക്തരാണ്. അവര്‍ ഇപ്പോഴും എല്ലാ വിധ അന്വേഷണ അട്ടിമറിയും നടത്തുന്നുണ്ട്.
ബാലഭാസ്‌കറിന്റെ മരണ ശേഷം കുടുംബം സംശയം ഉന്നയിച്ച നിരവധി പേരുണ്ടായിരുന്നു. ബാലഭാസ്‌കറുടെ സഹായി പ്രകാശ് തമ്പി, ഇയാളുടെ കൂട്ടാളി വിഷ്ണു സോമസുന്ദരം എന്നിവരായിരുന്നു. ഇവരുടെ പ്രവൃത്തികളാണ് ബാലഭാസ്‌കറിന്റെ പിതാവ് കെ.സി. ഉണ്ണി എന്നും സംശയകരമായി ചൂണ്ടിക്കാട്ടിയത്. ഇതിനൊപ്പം അര്‍ജുനും. ഇതില്‍ പ്രകാശ് തമ്പിയും വിഷ്ണുവും നേരത്തെ ജയിലിലായി. അത് മറ്റൊരു സ്വര്‍ണ്ണ കടത്ത് കേസില്‍. ബാലഭാസ്‌കറിന്റെ മരണത്തില്‍ സംശയ നിഴലിലുണ്ടായിരുന്ന പലരും നയതന്ത്ര ബാഗേജ് സ്വര്‍ണ്ണ കടത്തിലും കുടുങ്ങി. ഒരു രാഷ്ട്രീക്കാരന്റെ മകന്‍ മറ്റൊരു കേസില്‍ ഒരു വര്‍ഷം അകത്തു കിടന്നു. ഇവരെല്ലാം പരസ്പരം കൂടിയിണങ്ങുന്ന കണ്ണികളായിരുന്നു. ഇതില്‍ അര്‍ജുന്‍ മാത്രമാണ് ബാലഭാസ്‌കറുടെ മരണ ശേഷം അകത്താകാത്തത്. അതാണ് ഈ നവംബര്‍ 25ന് നടന്നത്. വിഷ്ണുവാണ് ബാലുവിനെ കൊന്നതെന്ന് ഉറച്ചു വിശ്വസിച്ച ശശികുമാറിന്റെ ചരമവാര്‍ഷിക ദിനത്തില്‍ അതു സംഭവിച്ചുവെന്നതാണ് വസ്തുത. എല്ലാം അറിയുന്ന ബാലുവിന്റെ ഭാര്യ ഇപ്പോഴും പ്രതികരിക്കുന്നില്ല. ആ മൗനം ബാലുവിന്റെ കുടുംബത്തേയും വേദനിപ്പിക്കുന്നു. ബാബുവിന്റെ എല്ലാമെല്ലാമായിരുന്ന ശശികുമാര്‍ മരിച്ചത് അറിഞ്ഞിട്ടും ബാലുവിന്റെ ഭാര്യ കാണുവാന്‍ പോയില്ലെന്നതും കുടുംബത്തെ പോലും അമ്പരപ്പിച്ചു. ബാലുവിന്റെ സഹോദരിയുടെ മരണം അറിഞ്ഞിട്ടും വന്നില്ല. ഇനി ബാലുവിന്റെ അച്ഛനും അമ്മയും മാത്രമാണുള്ളത്. ബാലുവിന്റെ കുടുംബത്തിന്റെ ആഗ്രഹങ്ങളെ ഇപ്പോഴും ചവിട്ടി മതിയ്ക്കാന്‍ അവര്‍ക്ക് കഴിയുന്നു.
ബാലഭാസ്‌കറിന്റെ മരണത്തിനു പിന്നില്‍ ഗൂഢാലോചനയില്ലെന്നും അപകടത്തിനു കാരണമായത് ഡ്രൈവറുടെ അശ്രദ്ധയാണെന്ന് സിബിഐ ഹൈക്കോടതിയെ അറിയിച്ചിരുന്നു. 2019 സെപ്റ്റംബര്‍ 25ന് പുലര്‍ച്ചെയാണു ബാലഭാസ്‌കര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ടത്. ബാലഭാസ്‌കറിന്റേത് അപകടമരണമാണെന്നാണ് മുന്‍പ് കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ചും കണ്ടെത്തിയിരുന്നത്. ഇതിനിടെയാണ് ബാലഭാസ്‌കറിന്റെ പിതാവ് ഹൈക്കോടതിയെ സമീപിച്ച് തുടരന്വേഷണം വേണമെന്ന ആവശ്യം ഉന്നയിച്ചത്. കേസിന്റെ എല്ലാ വശങ്ങളും സിബിഐ പരിശോധിച്ചിട്ടില്ലെന്നും ബാലഭാസ്‌കറിന്റെ മരണത്തിനു പിന്നില്‍ ഗൂഢാലോചനയുടെ സാധ്യതകളുണ്ടെന്നുമാണു പിതാവ് ഹര്‍ജിയില്‍ വ്യക്തമാക്കിയത്. ഹൈക്കോടതി ഉത്തരവിട്ടിട്ടും ഈ കേസില്‍ അന്വേഷണം ഏറെ മുമ്പോട്ട് പോയിട്ടില്ല. ഇനിയെങ്കിലും അര്‍ജുന്‍ പറയുന്നത് വിശ്വസിക്കരുതെന്നാണ് ബാലുവിന്റെ സുഹൃത്തുക്കളും പറയുന്നത്. വലിയ ഗൂഡാലോചന ബാലുവിന്റെ മരണത്തിന് പിന്നിലുണ്ടെന്ന് വ്യക്തം.
ഗൂഢാലോചനയിലേക്കു വെളിച്ചം വീശുന്ന ചില വെളിപ്പെടുത്തലുകള്‍ മുന്‍പു പുറത്തുവന്നിരുന്നു. അപകട സമയത്ത് പ്രദേശത്തുണ്ടായിരുന്ന ദൃക്‌സാക്ഷികളില്‍ ചിലരും ചില സംശയങ്ങള്‍ ഉന്നയിച്ചു. യാത്രയുടെ ആരംഭം മുതല്‍ ചില കാര്യങ്ങളിലുണ്ടായിരുന്ന അനിശ്ചിതത്വവും സംശയത്തിന് ഇട നല്‍കി. ഇത്തരം വശങ്ങളൊന്നും പരിശോധിക്കാതെ ചില നിഗമനങ്ങളുടെ അടിസ്ഥാനത്തിലാണ് സിബിഐ അന്വേഷണം നടത്തിയതെന്നാണു ബാലഭാസ്‌കറിന്റെ അച്ഛന്റെ പരാതി. ഈ സാഹചര്യത്തില്‍ ബാലഭാസ്‌കര്‍ ഉള്‍പ്പെട്ട അപകടത്തിലും മരണത്തിലും ഗൂഢാലോചനയുണ്ടോ എന്നതടക്കം പരിശോധിക്കുന്നതിനു തുടരന്വേഷണം വേണമെന്നായിരുന്നു പിതാവിന്റെ തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലെ ആവശ്യം. മകന്റെ മരണത്തിനു പിന്നിലെ കാരണങ്ങള്‍ അറിയുന്നതിനു പിതാവിന് അവകാശമുണ്ട് എന്ന നിരീക്ഷണത്തോടെയാണ് ഹൈക്കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടത്.
ബാലുവിന്റെ അടുത്ത ബന്ധു പ്രിയാ വേണുഗോപാലാണ് ഈ വിഷയത്തെ പൊതു സമൂഹത്തില്‍ സജീവമാക്കി നിര്‍ത്തിയത്. അര്‍ജുനെ പെരിന്തല്‍മണ്ണയില്‍ അറസ്റ്റു ചെയ്തതും പ്രിയയിലൂടെയാണ് പുറം ലോകം തിരിച്ചറിഞ്ഞത്. ഈ വിഷയത്തില്‍ പുതിയ പോസ്റ്റ് പ്രിയ ഇട്ടിട്ടുണ്ട്. ഏറെ പ്രധാനപ്പെട്ട നിരീക്ഷണങ്ങള്‍ അതിലുണ്ട്.
പ്രിയയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം
കുറേനാളായി ഫേസ്ബുക്ക് തന്നെ ഡിയാക്ടിവേറ്റ് ചെയ്തു വച്ചതാണ്. ഇനി 2025ല്‍ കാണാമെന്ന് പറഞ്ഞു പോയിട്ട് വീണ്ടും ഓര്‍മ്മകളില്‍ വല്യമ്മാവന്‍ നിറയുമ്പോള്‍ വന്നിരുന്നു, അമ്മാവന്റെ പാട്ടുകളുമായോ ഓര്‍മ്മകളുമായോ ഒക്കെ.. ഫേസ്ബുക്ക് ഓര്‍മ്മകളില്‍ ഓര്‍ക്കാനാഗ്രഹിക്കാത്ത കാര്യങ്ങള്‍ വരുമെന്നുറപ്പുള്ള ദിവസങ്ങള്‍ ആണല്ലോ വല്യമ്മാവന്‍ പോയ നവംബര്‍ 25 മുതല്‍.. അങ്ങനെയാണ് പൂര്‍ണമായും ഡിയാക്ടിവേറ്റ് ചെയ്തുവച്ചതും.
പക്ഷെ വരേണ്ടി വന്നു. നവംബര്‍ 25ന് വല്യമ്മാവന്‍ തന്നെ മറ്റൊരു കാരണവും തന്നു (എന്നുതന്നെ വിശ്വസിക്കുന്നു!). അന്നറിഞ്ഞില്ലെങ്കിലും, 2 ദിവസം കഴിഞ്ഞ് ഈ കേസില്‍ ഏറ്റവുമധികം ഞങ്ങളോടൊപ്പം നിന്നിട്ടുള്ള ഒരു സുഹൃത്താണ് ഈ വാര്‍ത്തയുടെ ലിങ്ക് അയച്ചുതരുന്നതും അങ്ങനെ ആ 'സത്യത്തിന്റെ കരസ്പര്‍ശം' ഞങ്ങള്‍ വീണ്ടുമറിയുന്നതും. ഫേസ്ബുക്കിലേക്ക് തിരികെ വരാന്‍ അതൊരു കാരണമായി. ഇവിടം മാത്രമായിരുന്നല്ലോ ഞങ്ങള്‍ക്കെന്നും സത്യം വിളിച്ചുപറയാനുള്ള വേദിയും!
'കര്‍മ്മ' ആണ്, ഇതുപോലെ പലതുമിനി പുറത്തു വരും എന്നുമൊക്കെ പലരും പറഞ്ഞു. ഞങ്ങള്‍ക്ക് സംഭവിച്ച നഷ്ടങ്ങളുടെ കണക്ക് ഏത് കര്‍മ്മത്തിന്റെ തലയില്‍ കെട്ടുമെന്ന് അറിയാത്തതുകൊണ്ട് അങ്ങനെയുള്ള കാര്യങ്ങളില്‍ വിശ്വാസമില്ല എന്നുതന്നെ തീര്‍ത്തുപറയട്ടെ. പക്ഷെ, സത്യം ഉറക്കെ വിളിച്ചു പറയാനാഗ്രഹിക്കുന്ന, മനുഷ്യശബ്ദത്തിനും മേലെ വളര്‍ന്ന ചില ശക്തികള്‍ കൂടെയുണ്ട് എന്നൊരു വിശ്വാസമെന്നുമുണ്ട്. അതുണ്ട്!
എപ്പോഴും ആശ്വാസം കണ്ടെത്തുന്നതും അതിലാണ്. ആ ശക്തികളുടെ ലോകത്താണ് ഇപ്പോള്‍ ആള്‍ബലമധികവും. അപ്പൂപ്പന്‍, അമ്മൂമ്മ, ബാലുച്ചേട്ടനും മോളും,വല്യമ്മാവന്‍, ഒടുവില്‍ മീരച്ചേച്ചിയും...
അതൊക്കെ എന്തായാലും, സത്യം മാത്രം മുറുകെപ്പിടിച്ച്, എത്ര ദുരനുഭവമുണ്ടായാലും അന്യനെ ദ്രോഹിക്കാനോ ആര്‍ക്കെങ്കിലും ദോഷം വരുത്താനോ മനസ്സുകൊണ്ടുപോലും ചിന്തിക്കാന്‍ പറ്റാത്ത, കാലത്തിനനുസരിച്ച് മാറാന്‍ കഴിയാത്ത കുറച്ച് നിഷ്‌കളങ്കജന്മങ്ങള്‍ ഇവിടെ ഈ കലികാലത്തിലും ജീവിച്ചുപോകണമെന്നത് പ്രകൃതിയുടെയും ആവശ്യമാകാം. ജീവിക്കാന്‍ കാരണങ്ങളില്ലാതെ നിരാശയുടെ പടുകുഴിയിലേക്ക് അവര്‍ വീണ്ടും കൂപ്പുകുത്തുമ്പോള്‍ അവരെ ഒന്നുയര്‍ത്തി നിര്‍ത്താന്‍ അപ്പോള്‍ കാരണങ്ങളും താനേ ഉണ്ടാകുമായിരിക്കാം...
സത്യം പറഞ്ഞു ജീവിക്കുന്നതും നന്മ ചെയ്യുന്നതും അന്യനെ ദ്രോഹിക്കാത്തതും ഏതു കെട്ടകാലത്തും 'തെറ്റല്ല', 'കഴിവുകേടുമല്ല' എന്ന് അഭിമാനത്തോടെ തന്നെ അടുത്ത തലമുറകള്‍ക്കും പറഞ്ഞു പഠിപ്പിച്ചുകൊടുക്കാന്‍ ധൈര്യം ബാക്കി വയ്ക്കാന്‍ അങ്ങനെയും കാരണങ്ങളുണ്ടാകണമല്ലോ..