പാലക്കാട്ടെ സി കൃഷ്ണകുമാറിനെതിരെ ബന്ധുവായ യുവതി നല്‍കിയത് ഗുരുതര ആരോപണങ്ങളുള്ള പരാതി; ബിജെപി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ ഓഫീസില്‍ ആ ഇമെയില്‍ കിട്ടുകയും ചെയ്തു; ഉയര്‍ന്നു വരുന്നത് കുറച്ചു കാലം മുമ്പ് ആര്‍ എസ് എസ് നേതാവിന് കൊടുത്ത പഴയ പരാതി; ബിജെപിക്കെതിരെ വിഡി സതീശന്‍ പൊട്ടിക്കുക ഈ 'ബോംബ്'? ഇതു വെറുമൊരു കുടുംബകാര്യമാകില്ല!

Update: 2025-08-27 02:58 GMT

തിരുവനന്തപുരം: വിഡി സതീശന്റെ ആദ്യം ബോംബ് ബിജെപി കോര്‍ കമ്മറ്റി അംഗം സി കൃഷ്ണകുമാറിനെതിരെയെന്ന് സൂചന. കൃഷ്ണകുമാറിനെതിരായ പരാതി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് കിട്ടിയിട്ടുണ്ട്. ഇര നേരിട്ടാണ് ഇമെയില്‍ അയച്ചത്. ആ പരാതി കിട്ടി ബോധിച്ചുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ ഓഫീസ് ഇരയെ അറിയിക്കുകയും ചെയ്തു. പാലക്കാട്ടെ യുവതിയാണ് പരാതിക്കാരിയെന്നാണ് സൂചന.

ഈ പരാതി മുമ്പ് ആര്‍ എസ് എസ് നേതാവിന് ഇര നല്‍കിയിരുന്നു. എന്നാല്‍ അതില്‍ നടപടികളൊന്നും ഉണ്ടായിരുന്നില്ല. ഈ പരാതിയാണ് വീണ്ടും ബിജെപി അധ്യക്ഷന് മുന്നിലെത്തുന്നത്. എന്നാല്‍ ഇതിനെ വെറുമൊരു കുടുംബ പ്രശ്‌നമായി മാറ്റാന്‍ ബിജെപി നേതൃത്വം ശ്രമിക്കുന്നുണ്ട്. അത്ര നിസാരമുള്ള കുടുംബ പ്രശ്‌നമല്ലിതെന്ന സൂചനകളാണ് മറുനാടന് ലഭിക്കുന്നത്. പീഡന പരാതിയാണ് ഇതെന്ന സൂചനകളാണ് പുറത്തേക്ക് വരുന്നത്. ഇരയുടെ പരാതി ബിജെപി അധ്യക്ഷന് കിട്ടിയെന്ന് കോണ്‍ഗ്രസ് ഉറപ്പിച്ചിട്ടുണ്ട്. അതിനിടെ പ്രശ്‌നം ഒത്തുതീര്‍പ്പാക്കാന്‍ അണിയറ നീക്കം സജീവമാണ്. പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ സി കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ വലിയ പ്രതിഷേധം ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ആദ്യ ബോംബ് കൃഷ്ണകുമാറിനെതിരെയാകുന്നത്. ആ ആരോപണത്തില്‍ പോലീസിന് മുന്നില്‍ പരാതി എത്താനും സാധ്യതയുണ്ട്. എങ്കില്‍ അറസ്റ്റിലേക്ക് അടക്കം കാര്യങ്ങള്‍ പോകും.

പാലക്കാട്ടെ ബിജെപിയെ നിയന്ത്രിക്കുന്നത് കൃഷ്ണകുമാറായിരുന്നു. ഏറെ എതിര്‍പ്പുണ്ടായിട്ടും പാലക്കാട്ടെ ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി. പക്ഷേ ജയിക്കാനായില്ല. ഇതോടെ പ്രഭാവത്തിന് കുറവുണ്ടായി. വേടനെതിരെ ഭാര്യ നല്‍കിയ പരാതിയും ഏറെ വിമര്‍ശിക്കപ്പെട്ടു. ഇതിന് പിന്നാലെയാണ് പുതിയ ചര്‍ച്ചകളും പുറത്തേക്ക് വരുന്നത്. ബിജെപിയുടെ ഭാരവാഹിത്വത്തില്‍ നിന്നും കൃഷ്ണകുമാറിനെ മാറ്റിയിരുന്നു. എന്നാല്‍ കോര്‍ കമ്മറ്റിയില്‍ രാജീവ് ചന്ദ്രശേഖര്‍ പരിഗണന നല്‍കുകയും ചെയ്തു. ഇതോടെ സംസ്ഥാന ബിജെപിയിലെ പ്രധാനിയാണ് കൃഷ്ണകുമാറെന്ന് വ്യക്തമാകുകയും ചെയ്തു. പാലക്കാട്ടെ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആര്‍ എസ് എസും കൃഷ്ണകുമാറുമായി അകലത്തിലായി. ഇതിന്റെ പ്രതിഫലനമായിരുന്നു തോല്‍വിയെന്ന വിലയിരുത്തലുമുണ്ട്. വി മുരളീധരന്റേയും കെ സുരേന്ദ്രന്റേയും അതിവിശ്വസ്ത ഗണത്തില്‍ പെട്ട നേതാവായിരുന്നു കൃഷ്ണകുമാര്‍. ഭാര്യയും പാലക്കാട്ടെ ബിജെപി നേതാവാണ്. കൗണ്‍സിലറുമാണ്.

കേരളം ഞെട്ടുന്ന വാര്‍ത്താബോംബ് തന്റെ പക്കലുണ്ടെന്ന മുന്നറിയിപ്പുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ രംഗത്തെത്തിയത് രാഷ്ട്രീയകേരളത്തെ വീണ്ടും ആകാംഷയുടെ മുള്‍മുനയിലാക്കിയിരുന്നു. കോണ്‍ഗ്രസിനെ വെട്ടിലാക്കിയ രാഹുല്‍മാങ്കൂട്ടത്തില്‍ വിവാദം ഒരുവിധം കെട്ടടങ്ങുന്നതിനു പിന്നാലെയാണ് സി.പി.എമ്മിനും ബി.ജെ.പിക്കും താക്കീതു നല്‍കുന്ന മുന്നറിയിപ്പ്. 'സി.പി.എമ്മുകാര്‍ അധികം കളിക്കരുത്. ഞാന്‍ ഭീഷണിപ്പെടുത്തുകയാണെന്ന് വിചാരിക്കരുത്, ഭീഷണിയല്ലേ എന്ന് ചോദിച്ചാല്‍ ആണ്. കേരളം ഞെട്ടിപ്പോകുന്ന ഒരു വാര്‍ത്ത അധികം വൈകാതെ പുറത്തുവരും.' ഇതായിരുന്നു സതീശന്‍ കോഴിക്കോട്ട് മാദ്ധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.

കന്റോണ്‍മെന്റിലേക്ക് കാളയുമായി പ്രകടനം നടത്തിയ ബി.ജെ.പിക്കാര്‍,? രാജീവ് ചന്ദ്രശേഖറിന്റെ വീട്ടിലേക്ക് കാളയുമായി പ്രകടനം നടത്തേണ്ട സ്ഥിതി പെട്ടെന്നുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വെറുംവാക്കു പറഞ്ഞ് ഞെളിയുന്ന നേതാവല്ല സതീശന്‍. അതിനാല്‍ രാഷ്ട്രീയ താത്പര്യമുള്ളവരുടെ കാത്തിരിപ്പിന് എരിവേറും.ഐ.എ.എസ് ഉദ്യോഗസ്ഥയോട് മോശമായി പെരുമാറിയ ആളും മന്ത്രിയായി തുടരുന്നുവെന്ന പരാമര്‍ശവും ഗൗരമുള്ളതാണ്. സതീശന്‍ ലക്ഷ്യം വയ്ക്കുന്നത് ആരെയെന്നും എന്താണ് പുറത്തുവിടാന്‍ പോകുന്ന രഹസ്യമെന്നുമുള്ള ആകാംക്ഷയാണ് ഇന്നലെ പൊതുവില്‍ ചര്‍ച്ചയായത്. എന്നാല്‍ സി.പി.എമ്മില്‍ ഒരു ബോംബും വീഴാനില്ലെന്നും വീഴാന്‍ പോകുന്നത് കോണ്‍ഗ്രസിലാണെന്നുമാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ തിരിച്ചടി.

'ഞാനിപ്പൊഴേ ഞെട്ടി' എന്നായിരുന്നു കേന്ദ്ര സഹ മന്ത്രി ജോര്‍ജ് കുര്യന്റെ പരിഹാസം. കൈയിലുള്ളത് പുറത്തുവിടൂ എന്ന് മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരനും പ്രതികരിച്ചു. എന്നാല്‍ ബി.ജി.പി വിട്ട് കോണ്‍ഗ്രസിലെത്തിയ സന്ദീപ് വാര്യര്‍ പുറത്തുവിട്ട ഫേസ് ബുക്ക് പോസ്റ്റും ചില സൂചനകള്‍ നല്‍കുന്നു. കോണ്‍ഗ്രസ് മാതൃക പിന്തുടര്‍ന്ന് രാജീവ് ചന്ദ്രശേഖര്‍ ബി.ജെ.പി കോര്‍ കമ്മിറ്റി അംഗത്തിനെതിരെ നടപടി എടുക്കുമോ എന്ന ചോദ്യമാണ് അദ്ദേഹം ഉന്നയിച്ചത്.

Tags:    

Similar News