വിധി കേട്ടതും കുഴഞ്ഞു വീണത് ജയില്‍ വാസം ഒഴിവാക്കാനുള്ള ബോച്ചെ തന്ത്രം; ആശുപത്രി പരിശോധനയില്‍ എല്ലാം ഒകെയെന്ന് കണ്ടപ്പോള്‍ പോലീസ് ജീപ്പ് തടഞ്ഞ് മുതലാളിയെ മോചിപ്പിക്കാനും ശ്രമം; സ്വാതി റഹിമും കൂട്ടരും സംഘടിച്ചെത്തിയത് മുന്‍കൂട്ടി ഒരുക്കിയ തിരക്കഥ; ആ അക്രമം മുതലാളിയ്ക്ക് വിനയാകും; അഭിഭാഷകര്‍ നിരാശയില്‍; ബോബി ചെമ്മണ്ണൂര്‍ ഫാന്‍സ് കൈവിട്ട കളിക്ക്
കൊച്ചി: നടി ഹണി റോസിനെ ലൈംഗികമായി അധിക്ഷേപിച്ച കേസില്‍ ജയിലില്‍ കഴിയുന്ന ബോബി ചെമ്മണ്ണൂരിന് ഫാന്‍സുകാരുടെ ചെയ്തികള്‍ വിനയാകും. എറണാകുളം ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്കായി കോടതിയില്‍ നിന്ന് കൊണ്ടുപോകവേ അനുകൂലികള്‍ പൊലീസ് വാഹനം തടയുന്ന സ്ഥിതിയുണ്ടായി. പോലീസ് വാഹനം തടഞ്ഞ് ബോബി ചെമ്മണ്ണൂരിനെ മോചിപ്പിക്കാനുള്ള ശ്രമമാണ് നടന്നതെന്നാണ് പോലീസ് വിലയിരുത്തല്‍. ബോബി ചെമ്മണ്ണൂര്‍ ജാമ്യം തേടി സെഷന്‍സ് കോടതിയെ സമീപിക്കാനാണ് സാധ്യത. ഇതിനൊപ്പം ഹൈക്കോടതിയിലേക്കും പോയേക്കും. ഈ നിയമ നടപടികള്‍ക്ക് ഫാന്‍സിന്റെ കൈവിട്ട കളി വിനായകും. ബോബി ചെമ്മണ്ണൂരിന് ജാമ്യം കൊടുത്താല്‍ അത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും പോലീസിന് വാദിക്കാം. അക്രമകാരികളായ ഗുണ്ടകളെ ഉപയോഗിച്ച് നിയമ സംവിധാനത്തെ ബോബി വെല്ലുവിളിച്ചുവെന്ന വിശദീകരണവും കോടതിയില്‍ ഇനി പ്രോസിക്യൂഷന്‍ ഉയര്‍ത്തും.
എറണാകുളം ജനറല്‍ ആശുപത്രിയില്‍ വൈദ്യ പരിശോധന പൂര്‍ത്തിയാക്കി ബോബി ചെമ്മണ്ണൂരുമായി പൊലീസ് വാഹനം കാക്കനാട്ടെ ജയിലിലേക്ക് പോകാന്‍ ശ്രമിക്കുന്നതിനിടെയാണ് ഗൂണ്ടായിസം നടന്നത്. പൊലീസ് വാഹനം തടഞ്ഞായിരുന്നു പ്രതിഷേധം. ആശുപത്രിക്ക് മുന്നില്‍ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. ബോബിക്ക് ഒപ്പമുള്ളവര്‍ പോലീസ് വാഹനം തടയാന്‍ ശ്രമിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷാവസ്ഥയുമുണ്ടായി. ബോച്ചെയെ പോലീസ് കസ്റ്റഡിയില്‍ നിന്നും മോചിപ്പിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്ന വാദം കോടതികളില്‍ ഇനി പ്രോസിക്യൂഷന് ഉയര്‍ത്താം. ഇതിനെ പ്രതിരോധിക്കുകയ ബോബി ചെമ്മണ്ണൂരിന്റെ നിയമ സംവിധാനത്തിനും ബുദ്ധിമുട്ടേറിയ കാര്യമായി മാറും. അതുകൊണ്ട് തന്നെ ബോബി ചെമ്മണ്ണൂരിന്റെ ജയില്‍ വാസ കാലാവധി ഉയര്‍ന്നേക്കാം.
കടുത്ത ഭാഷയിലാണ് ബോബിയെ അനുകൂലിച്ചും മാദ്ധ്യമങ്ങളേയും പൊലീസിനേയും കുറ്റപ്പെടുത്തിയും അനുകൂലികള്‍ രംഗത്ത് വന്നിരിക്കുന്നത്. ആര്‍ക്കും രാത്രിയും പകലുമൊക്കെ വിളിക്കാന്‍ കഴിയുന്ന ഒരു ബിസിനസുകാരന്‍ ലോകത്ത് തന്നെ വേറെയുണ്ടോ, പൊലീസ് അദ്ദേഹത്തെ വെറുതേ ഇങ്ങനെ കൊണ്ടുനടക്കുകയാണ്. നിരവധി ബുദ്ധിമുട്ടുകളുണ്ട് ആരോഗ്യപരമായി അദ്ദേഹത്തിന്. പൊലീസ് ഇങ്ങനെ പൊക്കി കൊണ്ട് പോകേണ്ട ആവശ്യം ഇല്ലായിരുന്നു. ഇതൊന്നും അനുവദിച്ചുകൊടുക്കാന്‍ കഴിയില്ല. ജയിലിലേക്ക് അയച്ചത് കോടതി ആയിക്കോട്ടെ. എന്തെങ്കിലും സംഭവിച്ചാല്‍ ജുഡീഷ്യറി സമാധാനം പറയുമോ? ബോചെ സാധാരണക്കാരനല്ലല്ലോ, വലിയൊരു പ്രസ്ഥാനത്തിന്റെ അധിപനല്ലേ. ലക്ഷക്കണക്കിന് ആളുകള്‍ക്ക് ശമ്പളം കൊടുക്കുന്ന ലക്ഷങ്ങളെ ചേര്‍ത്ത് പിടിച്ച് കൈക്കുമ്പിളില്‍ കൊണ്ടുനടക്കുന്ന മനുഷ്യനാണെന്നെല്ലാം ഫാന്‍സുകാര്‍ പറയുന്നു. പക്ഷേ കോടതിക്ക് രാജ്യത്തെ ഏതൊരു പൗരനേയും പോലെ മാത്രമേ ബോചെയേയും കാണാനാകൂ. എന്നാല്‍ ഫാന്‍സ് ഇത് അംഗീകരിക്കുന്നില്ല.
ബോബി ചെമ്മണ്ണൂരിനെ കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റിയിട്ടുണ്ട്. വിധി കേട്ട് തളര്‍ന്ന് പ്രതിക്കൂട്ടിലിരുന്ന ബോബി ചെമ്മണ്ണൂരിന്റെ രക്തസമ്മര്‍ദ്ദം ഉയരുകയും ദേഹാസ്വാസ്ഥ്യം ഉണ്ടാകുകയും ചെയ്തിരുന്നു. കോടതി മുറിയില്‍ വിശ്രമിക്കാന്‍ അനുവദിച്ച ശേഷം ബോബിയെ ജനറല്‍ ആശുപത്രിയില്‍ വൈദ്യ പരിശോധനയ്ക്കെത്തിച്ചിരുന്നു. ഇവിടെ നിന്നാണ് ബോബിയെ കാക്കനാട് ജില്ലാ ജയിലിലേക്ക് എത്തിച്ചത്. ആശുപത്രിയില്‍ നിന്ന് ബോബി ചെമ്മണൂരിനെ പുറത്തേക്ക് കൊണ്ടുപോകുന്നതിനിടെ, പൊലീസ് ജീപ്പിന് മുന്നില്‍ ചാടി ജീപ്പില്‍ അടിക്കുകയും തടയുകയും ചെയ്തത് ബോചെ ഫാന്‍സ് എന്നാണ് മാധ്യമങ്ങളില്‍ പ്രചരിച്ചത്. എന്നാല്‍, ഈ ഗൂണ്ടായിസത്തിന് നേതൃത്വം നല്‍കിയത് ബോചെയുടെ അടുത്ത കൂട്ടാളിയായ സ്വാതി റഹീമാണ്. സ്വാതി റഹീം 2023 ല്‍ നിക്ഷേപ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ വ്യക്തിയാണ്. ചലച്ചിത്ര താരങ്ങളുടെ വിശ്വസ്തനായിരുന്നു ഈ തൃശൂര്‍ സ്വദേശി. മുന്‍കൂട്ടി നിശ്ചയിച്ച തിരക്കഥയുടെ ഭാഗമാണ് ഇതെന്ന വിലയിരുത്തലുമുണ്ട്. ബോബി ചെമ്മണ്ണൂര്‍ ആളു ചില്ലറക്കാരനല്ലെന്ന സന്ദേശം നല്‍കാനായിരുന്നു ഇതെല്ലാം.
ഓണ്‍ലൈന്‍ ലേല സ്ഥാപനമായ സേവ് ബോക്സിന്റെ ഉടമയായിരുന്ന സ്വാതി റഹിം. സേവ് ബോക്സിന്റെ ഫ്രാഞ്ചൈസി നല്‍കാമെന്ന് പറഞ്ഞ് ഒട്ടേറെ പേരില്‍ നിന്നായി നിക്ഷേപങ്ങള്‍ വാങ്ങി തട്ടിച്ചുവെന്നായിരുന്നു രണ്ടുവര്‍ഷം മുമ്പത്തെ പരാതി. മാസം 25 ലക്ഷം രൂപവരെ ലാഭം വാഗ്ദാനം ചെയ്താണ് സ്വാതി റഹീം നിക്ഷേപങ്ങള്‍ സ്വീകരിച്ചിരുന്നത്. എന്നാല്‍ ആര്‍ക്കും ലാഭവിഹിതമോ മുടക്കിയ പണമോ ലഭിച്ചില്ല. ഇതോടെയാണ് പരാതികള്‍ ഉയര്‍ന്നുവന്നത്. പലതും മധ്യസ്ഥം പറഞ്ഞ് തീര്‍ക്കാനായിരുന്നു ശ്രമം. തൃശൂര്‍ ഈസ്റ്റ് സ്റ്റേഷനില്‍ മാത്രം മൂന്നു കേസുകള്‍ റജിസ്റ്റര്‍ ചെയ്തിരുന്നു. അതായത് ക്രിമിനല്‍ സ്വഭാവമുള്ള വ്യക്തികള്‍ ബോചെയ്‌ക്കൊപ്പമുണ്ട്. ഓണ്‍ലൈന്‍ ലേലം നടത്തുന്ന സ്ഥാപനമാണ് സേവ് ബോക്‌സ്. ഇതേപേരില്‍ മൊബൈല്‍ ആപ്പും പുറത്തിറക്കിയിരുന്നു. ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ കുറഞ്ഞവിലയില്‍ ഓണ്‍ലൈന്‍ ലേലത്തിലൂടെ സ്വന്തമാക്കാമെന്നായിരുന്നു കമ്പനിയുടെ വാഗ്ദാനം.
ഈ ലേലത്തില്‍ പങ്കെടുക്കാനായി സേവ് ബോക്‌സ് നല്‍കുന്ന വിര്‍ച്വല്‍ കോയിനുകള്‍ പണം കൊടുത്ത് വാങ്ങണം. ഈ കോയിനുകള്‍ ഉപയോഗിച്ചായിരുന്നു ലേലം.സിനിമാ താരങ്ങളുമായി അടുപ്പംപുലര്‍ത്തിയിരുന്ന സ്വാതി റഹീം ഈ ബന്ധങ്ങളും തട്ടിപ്പിന് ഉപയോഗിച്ചതായാണ് വിവരം. സേവ് ബോക്സിന്റെ ലോഞ്ചിങ്ങ് വലിയ പരിപാടിയായി തൃശൂരില്‍ നടത്തിയിരുന്നു. ഒട്ടേറെ സിനിമാ താരങ്ങള്‍ പങ്കെടുത്ത പരിപാടിയില്‍ പുതിയ ഐ ഫോണുകളെന്ന പേരില്‍ സിനിമാ താരങ്ങള്‍ക്ക് നല്‍കിയ സമ്മാനം തട്ടിപ്പായിരുന്നു. ആളുകള്‍ ഉപേക്ഷിച്ച ഐ ഫോണുകള്‍ പൊടി തട്ടി പുതിയ കവറില്‍ നല്‍കിയാണ് അന്ന് ചലച്ചിത്ര താരങ്ങളെ പറ്റിച്ചത്.