ജയിലിലെ ചെസ്റ്റ് നമ്പര്‍ ആര്‍പി 8683; പുതിയ അഡ്മിഷന് എ ബ്ലോക്കില്‍ താമസം; നല്‍കുന്നത് സാദാ റിമാന്‍ഡുകാരനുള്ള പരിഗണന; മറ്റ് തടവു പുള്ളികള്‍ പുറത്തില്ലാത്തപ്പോള്‍ മാത്രം സ്വര്‍ണ്ണ കട മുതലാളിക്ക് വളപ്പില്‍ ഉലാത്താം; ഈ കരുതല്‍ മറ്റുള്ളവരുടെ കിന്നാരം ചോദിക്കല്‍ ഒഴിവാക്കാന്‍; നാളെ മട്ടണ്‍ കഴിച്ച് ചോറുണ്ണാം; ജാമ്യം കിട്ടും വരെ ഇങ്ങനെ പോകാമെന്ന് ബോബി ചെമ്മണ്ണൂരും; ബോച്ചെ ജയിലില്‍ അനുസരണയുള്ള പുതിയ മനുഷ്യന്‍!
കൊച്ചി: കാക്കനാട്ടെ ജയിലില്‍ ആദ്യ മണിക്കൂറുകള്‍ തള്ളി നീക്കുമ്പോള്‍ ബോബി ചെമ്മണ്ണൂര്‍ അനുസരണാ ശീലമുള്ള പുതിയ മനുഷ്യന്‍. ജയില്‍ നിയമം എല്ലാം അനുസരിക്കുന്നു, ജയില്‍ വാര്‍ഡന്മാര്‍ പറയുന്നതും കേള്‍ക്കുന്നു. പരിഭവമൊന്നുമില്ലാതെ സാദാ തടവുകാരനായി കഴിയുകായണ്. കാക്കനാട്ടെ ജയിലില്‍ എ ബ്ലോക്കിലാണ് താമസം. പുതിയ അഡ്മിഷന്‍കാരെ ഇവിടെയാണ് പാര്‍പ്പിക്കാറുള്ളത്. സെല്ലിന് പുറത്തിറങ്ങാന്‍ അനുവാദമുണ്ട്. എന്നാല്‍ എല്ലാവര്‍ക്കും ബോബി ചെമ്മണ്ണൂരിനെ അറിയാം. മുതലാളിയാണെന്നും പരസ്യമാണ്. അതുകൊണ്ട് തന്നെ പുറത്തിറങ്ങിയാല്‍ മറ്റ് തടവു പുള്ളികള്‍ വളയാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ മറ്റ് തടവു പുള്ളികള്‍ സെല്ലില്‍ കയറുമ്പോള്‍ മാത്രമാണ് ബോബി ചെമ്മണ്ണൂരിനെ പുറത്തേക്ക് വിടുന്നത്. തടവുകാരായ മറ്റുളളവര്‍ ബോച്ചെയെ ശല്യപ്പെടുത്താതിരിക്കാനാണ് ഇതെല്ലാം. സാദാ പരിഗണനകള്‍ മാത്രമേ അനുവദിക്കാന്‍ കഴിയൂവെന്ന് ജയില്‍ അധികൃതര്‍ ബോച്ചെയെ അറിയിച്ചിട്ടുണ്ട്. ജാമ്യം കിട്ടും വരെ ഇങ്ങനെ പോട്ടേയെന്ന നിലപാടിലാണ് സ്വര്‍ണ്ണ കട മുതലാളി. ജയില്‍ അധികൃതരോട് പരിഭവമൊന്നും പറയുന്നതുമില്ല.
ജയിലില്‍ കഴിഞ്ഞ ദിവസം ചോറും ചപ്പാത്തിയും ബോച്ചെയ്ക്ക് നല്‍കി. ഇന്ന് രാവിലെ ചപ്പാത്തിയും കടലക്കറിയും ഉണ്ട്. ശനിയാഴ്ച ഉച്ചയ്ക്ക് മട്ടണും ചോറുമാണ്. ആഹാര പ്രിയനായ ബോച്ചെയ്ക്ക് ഇന്ന് ജാമ്യം കിട്ടിയില്ലെങ്കില്‍ നാളെ ജയിലിലെ മട്ടണ്‍ കഴിക്കാന്‍ യോഗമുണ്ടാകും. ചൊവ്വയും ബുധനും മീന്‍കറിയും കിട്ടും. എന്നാല്‍ അതിന് മുമ്പേ മേല്‍കോടതിയില്‍ നിന്നും ജാമ്യം കിട്ടുമെന്നാണ് പ്രതീക്ഷ. ഇന്ന് ഉച്ചയ്ക്ക് വെജിറ്റേറിയന്‍ ഭക്ഷണം കഴിക്കേണ്ടി വരും. മരുന്നെല്ലാം കൃത്യമായി തന്നെ ബോബി ചെമ്മണ്ണൂര്‍ കഴിക്കുന്നുണ്ട്. എല്ലാ അര്‍ത്ഥത്തിലും പരിഭവം പറയാതെയാണ് ജയില്‍ ജീവിതം. മൊന്തയും പാത്രവുമെല്ലാം നല്‍കിയിട്ടുണ്ട്. ഇതിനൊപ്പം പായയും പുതപ്പും. ഇത്രയും സാമഗ്രികള്‍ കൊണ്ടാണ് ബോച്ചെയുടെ ജയില്‍ ജീവിതം. സെല്ലിന് പുറത്ത് മറ്റുള്ളവരുള്ളപ്പോള്‍ ബോബിയെ ഇറക്കില്ല. ഇതിന് കാരണവും അദ്ദേഹത്തോടെ ജയില്‍ അധികൃതര്‍ വിശദീകരിച്ചിട്ടുണ്ട്. ഇതിനൊപ്പം പ്രത്യേക നിരീക്ഷ സുരക്ഷയും ബോബിയ്ക്കായി ഏര്‍പ്പാടാക്കി. മറ്റ് തടവുകാരുടെ ശല്യത്തില്‍ ബുദ്ധിമുട്ടുണ്ടാകാതിരിക്കാനാണ് ഇത്. ആര്‍പി 8683 എന്ന നമ്പരാണ് ജയിലില്‍ ബോച്ചെയ്ക്ക് നല്‍കിയിട്ടുള്ളത്. റിമാന്‍ഡ് തടവുകാരനായതിനാല്‍ ബോച്ചെയ്ക്ക് പണികളൊന്നും നല്‍കില്ല.
നാളെ രണ്ടാം ശനിയും പിറ്റേന്ന് ഞായറാഴ്ചയുമായതിനാല്‍ ഇന്ന് ജാമ്യം ലഭിച്ചില്ലെങ്കില്‍ രണ്ടു ദിവസം കൂടി ബോബി ജയിലില്‍ കഴിയേണ്ടി വരും. നടി ഹണി റോസിന്റെ പരാതിയില്‍ ബുധനാഴ്ച അറസ്റ്റിലായ ബോബി ചെമ്മണൂരിനെ ഇന്നലെ എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു. ജാമ്യം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കെ അപ്രതീക്ഷിതമായിരുന്നു മജിസ്‌ട്രേറ്റ് കോടതിയുടെ തീരുമാനം. ഇതോടെ മേല്‍ക്കോടതിയെ സമീപിക്കാന്‍ പോലും സാഹചര്യമില്ലാതെ ബോബി ചെമ്മണൂരിന് ആദ്യ ദിനം കാക്കനാട് ജയിലില്‍ കഴിയേണ്ടി വന്നു. 5 റിമാന്‍ഡ് പ്രതികള്‍ കൂടിയുള്ള എ ബ്ലോക്കിലെ സെല്ലിലായിരുന്നു ബോബി കഴിഞ്ഞത്. എല്ലാവരും സമീപ ദിവസങ്ങളില്‍ എത്തിയവരാണ്. പകല്‍ കാര്യമായി ഭക്ഷണം കഴിക്കാതിരുന്നതിനാല്‍ ജയിലില്‍ കരുതിയിരുന്ന ചോറും ചപ്പാത്തിയും കറിയും കഴിച്ചു. വസ്ത്രം മാറി പുതിയത് ധരിച്ചു. മരുന്നുകളും ബോബി കൈവശം കരുതിയിരുന്നു.
ബോബിയെ ഇന്ന് രാവിലെ ജയില്‍ ഡോക്ടര്‍ പരിശോധിച്ചു. നിലവില്‍ ആരോഗ്യ പ്രശ്‌നമൊന്നുമില്ല. ഇന്നലെ രക്തസമ്മര്‍ദം താഴ്ന്നതിനെ തുടര്‍ന്ന് കോടതി മുറിക്കുള്ളില്‍ ബോബി തളര്‍ന്നു വീണിരുന്നു. എന്നാല്‍ വൈകിട്ട് ജനറല്‍ ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെന്ന് വ്യക്തമായിരുന്നു. തന്റെ കാലിനു പരുക്കുണ്ടെന്ന് ജയിലിലേക്ക് കയറുന്നതിനു മുന്‍പ് ബോബി പറഞ്ഞിരുന്നു. പത്ത് പേര്‍ക്ക് കഴിയാവുന്ന സെല്ലില്‍ നിലവിലുള്ള അഞ്ചു പേര്‍ കഴിഞ്ഞ് ആറാമനായിട്ടാണ് ബോബി ചെമ്മണൂരിനെ സെല്ലിലേക്ക് കയറ്റിയത്. വ്യാഴാഴ്ച രാത്രി 7.10-ഓടെയാണ് ബോബി ചെമ്മണൂരിനെ കാക്കനാട് ജില്ലാ ജയിലിലെത്തിച്ചത്. 'താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും എല്ലാം നിങ്ങളോട് പിന്നീട് പറയാമെന്നും തന്റെ കാല്‍ വീണ് പൊട്ടിയിരിക്കുകയാണെന്നും' മാധ്യമ പ്രവര്‍ത്തകരോടായി പറഞ്ഞ ശേഷമാണ് ബോബി അകത്തേക്ക് പ്രവേശിച്ചത്. മോഷണം, ലഹരിമരുന്ന് കച്ചവടം തുടങ്ങിയ കേസുകളിലെ അഞ്ച് പ്രതികള്‍ക്കൊപ്പമാണ് ബോബിയും ഉള്ളത്. സാധാരണ വൈകീട്ട് അഞ്ചിനുതന്നെ അന്തേവാസികള്‍ക്ക് ഭക്ഷണം നല്‍കിക്കഴിയും. ബോബി കോടതിയിലും പിന്നീട് ആശുപത്രിയിലും ആയതിനാല്‍ ഭക്ഷണം കഴിച്ചിട്ടില്ലെന്ന് പോലീസ് അറിയിച്ചതോടെയാണ് ചപ്പാത്തിയും വെജിറ്റബിള്‍ കറിയും ചോറും നല്‍കിയത്.
അറസ്റ്റിലായ ബോബി എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലെ സെല്ലില്‍ ബുധനാഴ്ച രാത്രി ഉറങ്ങിയത് പത്രക്കടലാസ് വിരിച്ചായിരുന്നു വയനാട്ടില്‍നിന്ന് കസ്റ്റഡിയിലെടുത്ത് ബുധനാഴ്ച രാത്രി ഏഴുമണിയോടെയാണ് കൊച്ചിയിലെത്തിച്ചത്. അറസ്റ്റ് രേഖപ്പെടുത്തിയശേഷം മെഡിക്കല്‍ പരിശോധന പൂര്‍ത്തിയാക്കി വ്യാഴാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ സെല്ലിലെത്തിച്ചു. നടി നല്‍കിയ ലൈംഗികാധിക്ഷേപ പരാതിയില്‍ വ്യവസായി ബോബി ചെമ്മണൂരിന് (സി.ഡി. ബോബി-60) ജാമ്യം ലഭിച്ചിരുന്നില്ല. പ്രതി നല്‍കിയ ജാമ്യാപേക്ഷ തള്ളി എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. തെറ്റുചെയ്തിട്ടില്ലെന്നും വ്യാജ ആരോപണമാണ് തനിക്കെതിരേ ഉയര്‍ന്നതെന്നുമുള്ള ബോബിയുടെ വാദം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് എ. അഭിരാമി തള്ളി. വിധി കേട്ട ബോബിക്ക് ദേഹാസ്വാസ്ഥ്യമുണ്ടായതിനെത്തുടര്‍ന്ന് എറണാകുളം ജനറല്‍ ആശുപത്രിയിലേക്കു മാറ്റി. പരിശോധനയ്ക്കുശേഷം വൈകീട്ട് 7.10-ഓടെ കാക്കനാട് ജില്ലാ ജയിലിലെത്തിക്കുകയായിരുന്നു. നടിയുടെ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് രജിസ്റ്റര്‍ചെയ്ത കേസിലാണ് അറസ്റ്റ്.
ഈ സാഹചര്യത്തില്‍ ബോബി ചെമ്മണ്ണൂര്‍ വീണ്ടും ജാമ്യാപേക്ഷ നല്‍കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ സമീപിക്കുമെന്നാണ് അഭിഭാഷകന്‍ വ്യാഴാഴ്ച അറിയിച്ചത്. ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുന്നതും പരിഗണനയിലുണ്ട്. ബുധനാഴ്ച രാവിലെ പത്തരയോടെയാണ് വയനാട് മേപ്പാടിയിലെ റിസോര്‍ട്ട് വളപ്പില്‍ വെച്ച് ബോബി ചെമ്മണ്ണൂരിനെ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തത്. തനിക്കെതിരെ ഉയര്‍ന്നുവന്നത് വ്യാജ ആരോപണങ്ങളെന്ന വാദമാണു ബോബി ഉയര്‍ത്തിയത്.