കര്‍ണാടകയിലെ ഹസ്സനില്‍ ആചാരി; മൈസൂര്‍ മഹാരാജാവിന്റെ ആത്മീയ ഗുരുവായി ചമഞ്ഞ് തിരുവിതാംകൂര്‍ കൊട്ടാരത്തിലും ബന്ധമുണ്ടാക്കി; 10000 രൂപ വാങ്ങി ചോറ്റാനിക്കര ക്ഷേത്രത്തിനുള്ളില്‍ കയറി പൂജ നടത്തിയ വിരുതന്‍; കോടിയേരിയുടെ 'കൂട്ടുകാരന്‍'; കടകംപള്ളിയുടെ 'മിത്രം'! പലവിധ വിശേഷണങ്ങള്‍ സ്വയം ചാര്‍ത്തിയ ആത്മീയ തട്ടിപ്പ്; ചോറ്റാനിക്കരയെ വിഴുങ്ങാനെത്തിയ ഗുണശ്രാവണിനെ തളച്ചത് ഒരു സിഎക്കാരന്‍
തിരുവനന്തപുരം: ചോറ്റാനിക്കരയില്‍ എത്തിയ 'ഗണശ്രാവണന്‍' ക്ഷേത്രത്തിനുള്ളില്‍ കയറിയും പൂജ നടത്തി. തിരുവനന്തപുരത്തെ പ്രധാന സിപിഎം നേതാവിന്റെ വീട്ടിലും പൂജയ്ക്ക് എത്തി. മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രനേയും ഗണശ്രാവണന്‍ സന്ദര്‍ശിച്ചു. ചോറ്റാനിക്കര ഭരണസമിതി ചില സംശയങ്ങള്‍ ഉന്നയിച്ചിരുന്നു. ഗുണശ്രാവണിന്റെ വിശദ സാമ്പത്തിക ആസ്തി രേഖകളും ചോദിച്ചു. ഇതിന് പിന്നാലെ തിരുവനന്തപുരത്തെ പ്രമുഖ ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെ തേടിയെത്തി. രഞ്ജിത് കാര്‍ത്തികേയന്‍ എന്ന സിഎക്കാരനാണ് ഗണശ്രാവണിന് ഒന്നുമില്ലെന്ന് കണ്ടെത്തിയത്. അക്കാര്യം പോലീസിലെ അടുത്ത സുഹൃത്തിനെ അറിയിച്ചു. ഇതോടെയാണ് ചോറ്റാനിക്കരയിലെ ഭരണ സമിതിയ്ക്ക് ഗണശ്രാവണ്‍ ആരെന്ന് വ്യക്തമായത്. വലിയ സുരക്ഷാ ചട്ട ലംഘനങ്ങളാണ് ഗണശ്രാവണിന്റെ 100 കോടി ഓഫറില്‍ വീണ് ദേവസ്വം അധികൃതര്‍ ചെയ്തതത്. ക്ഷേത്രത്തിനുള്ളില്‍ പൂജ നടത്തുന്നതിന് ഗണശ്രാവണ്‍ 10,000 രൂപ വീതം പലരില്‍ നിന്നും തുകയും ഈടാക്കി. ചാര്‍ട്ടേഡ് അക്കൗണ്ടന്റിന് ഡയബറ്റീസ് കുറച്ചു നല്‍കാന്‍ 10,000 രൂപയ്ക്ക് ചോറ്റാനിക്കരയില്‍ പൂജ നടത്താമെന്നും ഗണശ്രാവണ്‍ ഉപദേശിച്ചു. പക്ഷേ അതില്‍ രഞ്ജിത് കാര്‍ത്തികേയന്‍ വീണില്ല. അന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണനുമായടക്കം അടുപ്പമുണ്ടെന്നായിരുന്നു ഗണശ്രാവണ്‍ പറഞ്ഞു നടന്നിരുന്നത്. മൈസൂര്‍ രാജകുടുംബവുമായി ബന്ധമുണ്ടെന്ന് പറഞ്ഞ് പല ബന്ധങ്ങളുമുണ്ടാക്കി. തിരുവിതാംകൂര്‍ രാജകുടുംബത്തിലും അടുപ്പക്കാരനായി. പക്ഷേ ഇതെല്ലാം അതിവേഗം പൊളിഞ്ഞു.
ശബരിമല സ്വര്‍ണ്ണപ്പാളി തട്ടിപ്പിന് സമാനമായി കൊച്ചിന്‍ ദേവസ്വത്തിന് കീഴിലുള്ള ക്ഷേത്രത്തിലും സ്പോണ്‍സര്‍ഷിപ്പിലൂടെ തട്ടിപ്പിന് ശ്രമം നടന്നുവെന്ന വെളിപ്പെടുത്തല്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. എറണാകുളം ചോറ്റാനിക്കര ക്ഷേത്രത്തില്‍ ശ്രീകോവില്‍ സ്വര്‍ണ്ണം പൂശാനും ക്ഷേത്ര നവീകരണത്തിനുമായി 100 കോടിയുടെ സ്പോണ്‍സര്‍ഷിപ്പ് വാഗ്ദാനവുമായി ബെംഗളൂരു സ്വദേശി എത്തിയെന്ന് ദേവസ്വം പറയുന്നു. ഈ ബംഗ്ലൂരു സ്വദേശിക്ക് പിന്നിലും 'ദൈവ തുല്യനായ' ഒരാള്‍ ഉണ്ടെന്നാണ് വെളിപ്പെടുത്തല്‍. ചോറ്റാനിക്കര ക്ഷേത്രത്തില്‍ സ്പോണ്‍സര്‍ഷിപ്പിന്റെ മറവില്‍ തട്ടിപ്പ് നടത്താനുള്ള ശ്രമം തടഞ്ഞതിന്റെ വെളിപ്പെടുത്തലാണ് കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ വിജിലന്‍സ് ഓഫീസറായിരുന്ന ആര്‍ കെ ജയരാജ് നടത്തിയത്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് കടകംപള്ളി സുരേന്ദ്രന്‍ ദേവസ്വം മന്ത്രിയായിരിക്കുമ്പോഴാണ് സംഭവം. 2019-20 കാലയളവില്‍ ചോറ്റാനിക്കര ക്ഷേത്രത്തില്‍ ശ്രീകോവില്‍ സ്വര്‍ണ്ണം പൂശാനും ക്ഷേത്ര നവീകരണത്തിനുമായില്‍ 100 കോടിരൂപയുടെ പദ്ധതിയുമായി ബെംഗ്ലരൂരു സ്വദേശിയായ ഗണശ്രാവണ്‍ എന്നയാള്‍ എത്തി. വലിയ ബിസിനസുകാരനാണെന്ന് പരിചയപ്പെടുത്തത്. മുകളില്‍ നിന്നുള്ള നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാള്‍ എത്തിയതെന്നാണ് വെളിപ്പെടുത്തല്‍. ഇയാള്‍ക്ക് ക്ഷേത്രത്തില്‍ വലിയ സ്വാതന്ത്ര്യം നല്‍കിയിരുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട് 6 മാസത്തോളം അവിടെ തുടര്‍ന്നു. എന്നാല്‍ അന്വേഷണത്തില്‍ വാഗ്ദാനങ്ങളെല്ലാം കള്ളമാണെന്ന് വെളിപ്പെട്ടു. ആന്ധ്രയില്‍ ഉള്‍പ്പെടെ പല സ്ഥലങ്ങളിലും ക്ഷേത്രങ്ങളുടെ പേരില്‍ പിരിവ് നടത്തി തട്ടിപ്പ് നടത്തുന്നയാളാണെന്നും വ്യവസായി നല്‍കിയ വിലാസവും ആസ്തിയുമുള്‍പ്പെടെ വ്യാജമാണെന്ന തിരിച്ചറിവ് പിന്നാലെയാണ് പദ്ധതി ഒഴിവാക്കിയത്. സ്പോണ്‍സര്‍ക്ക് കൃത്യമായ പദ്ധതി നല്‍കാന്‍ കഴിയാത്തത് കൊണ്ട് അന്ന് തന്നെ പദ്ധതി ഉപേക്ഷിച്ചു. വിജിലന്‍സ് എസ് പിയുടെ റിപ്പോര്‍ട്ടും നിര്‍ണ്ണായകമായി. ഈ റിപ്പോര്‍ട്ടിന് കരുത്തായത് ചാര്‍ട്ടേഡ് അക്കൗണ്ടന്റായ രഞ്ജിത് കാര്‍ത്തികേയന്റെ ഇടപെടലായിരുന്നു.
ബംഗളൂരു ആസ്ഥാനമായുള്ള പ്രമുഖ വ്യവസായിയും സ്വാമിജി ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടറുമായ ഗണ ശ്രാവണ്‍ ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിന്റെയും ക്ഷേത്ര നഗരിയുടെയും സമഗ്ര വികസനത്തിനായി 500 കോടി രൂപയാണ് 2018ല്‍ വാഗ്ദാനം ചെയ്തത്. ജീവിതത്തിലെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും തകര്‍ച്ചയിലും ചോറ്റാനിക്കര അമ്മയുടെ അനുഗ്രഹം തേടിയതിലൂടെയാണ് താന്‍ ഇന്നത്തെ നിലയിലെത്തിയതെന്ന് 46 വയസ്സുകാരനായ ഗണ ശ്രാവണ്‍ അന്ന് പറഞ്ഞിരുന്നു. ഒരു പുരോഹിത കുടുംബത്തില്‍ ജനിച്ച അദ്ദേഹത്തിന് സംഗീതത്തോടുള്ള അഭിനിവേശം കാരണം മെക്കാനിക്കല്‍ എന്‍ജിനീയറിങ് ഡിപ്ലോമ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നില്ല. 1995 മുതല്‍ 2016 വരെ സംഗീതമായിരുന്നു ജീവിതം. പിന്നീട് സ്വര്‍ണ്ണ, വജ്ര വ്യാപാരത്തിലേക്ക് കടന്നു. ബിസിനസ് വലിയ പ്രതിസന്ധിയിലായപ്പോള്‍ ഗുരുവിന്റെ നിര്‍ദ്ദേശപ്രകാരം ചോറ്റാനിക്കര ക്ഷേത്രം സന്ദര്‍ശിക്കാന്‍ തുടങ്ങി. അതിനുശേഷം എല്ലാ പൗര്‍ണ്ണമി, അമാവാസി ദിനങ്ങളിലും ക്ഷേത്രദര്‍ശനം നടത്താറുണ്ടെന്നും പറഞ്ഞു വച്ചു. ഹൈക്കോടതിയുടെ അനുമതി ലഭിച്ചാല്‍ ഉടന്‍ 200 കോടി രൂപ പ്രത്യേക അക്കൗണ്ടില്‍ നിക്ഷേപിക്കും. ഈ അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് ദേവസ്വം ബോര്‍ഡിന്റെ അനുമതി ആവശ്യമായിരിക്കും. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തന്റെ കമ്പനി നേരിട്ട് നടത്തുമെന്ന് ആര്‍ക്കിടെക്റ്റ് ബി.ആര്‍. അജിത് അറിയിക്കുകയും ചെയ്തു. ഇതിനിടെയാണ് രഞ്ജിത് കാര്‍ത്തികേയനെ ഗണശ്രാവണ്‍ സമീപിച്ചത്. രേഖകള്‍ പരിശോധിച്ചതില്‍ ഗണശ്രാവണിന്റെ ആസ്തിയില്‍ സംശയം തോന്നി. ഇതാണ് ആ പദ്ധതി അവസാനിക്കാന്‍ കാരണമായത്.
ഇന്ത്യയിലെ പ്രമുഖ സ്വര്‍ണ്ണ, വജ്ര കയറ്റുമതിക്കാരായ സ്വാമിജി ഗ്രൂപ്പ് ഓഫ് കമ്പനീസ് ബംഗളൂരു ആസ്ഥാനമാക്കിയാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് ഗണശ്രാവണ്‍ പറഞ്ഞു വച്ചത്. പക്ഷേ ഇതെല്ലാം വെറും തട്ടിപ്പായിരുന്നുവെന്നാണ് ദേവസ്വം വിജിലന്‍സും കണ്ടെത്തിയത്. ഒരു ഘട്ടത്തില്‍ തകര്‍ന്നു പോയെന്നു കരുതിയ ജീവിതം ചോറ്റാനിക്കര ദേവിയുടെ ഉപാസകനായി നാലു വര്‍ഷത്തിനകം തിരികെ പിടിച്ച സ്വാമിജി ഗ്രൂപ്പ് ഓഫ് കമ്പനീസ് ഉടമ ഗണശ്രാവണ്‍ സ്വാമിജിയുടെ കഥ പലര്‍ക്കും അവിശ്വസനീയമായിരുന്നു. രാജ്യാന്തര തലത്തില്‍ സ്വര്‍ണ, വജ്ര വ്യാപാരിയായ ഇദ്ദേഹത്തിന്റെ വിവരങ്ങള്‍ പുറത്തുവിടാന്‍ ക്ഷേത്ര ഉടമകള്‍ ആദ്യ ഘട്ടത്തില്‍ തയാറായിരുന്നില്ല. എന്നാല്‍ കുടുംബസമേതം ചോറ്റാനിക്കര ക്ഷേത്രത്തില്‍ എത്തി ദര്‍ശനം നടത്തിയ ശേഷം അദ്ദേഹം തന്നെ മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രത്യക്ഷപ്പെട്ടു. തന്റെ അത്ഭുത ജീവിത വിജയവും ക്ഷേത്രത്തെക്കുറിച്ചുള്ള തന്റെ പദ്ധതികളും ഗണശ്രാവണ്‍ പങ്കുവച്ചു. കര്‍ണാടകയിലെ ഹസ്സന്‍ സ്വദേശിയായ അദ്ദേഹത്തിന്റെ പേര് ആചാരി എന്നാണ്. മൈസൂര്‍ മഹാരാജാവിന്റെ ആത്മീയ ഗുരുവും ഉപദേശകനുമാണെന്നു പോലും ഇയാള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞിരുന്നു. അഞ്ചു വര്‍ഷമായി ഞാന്‍ ചോറ്റാനിക്കര അമ്മയുടെ ഉപാസകനാണ്. ഈ കാലത്ത് അമ്മയെ അല്ലാതെ മറ്റാരെയും ഉപാസിച്ചിട്ടില്ലെന്നു തന്നെ പറയാം. ജ്യോതിഷ അറിവുവച്ചു കഴിഞ്ഞ ജന്മം മുതലുള്ള ബന്ധമാണ് ചോറ്റാനിക്കര അമ്മയുമായുള്ളത്. അമ്മയാണ് തന്റെ ജീവിതത്തെ കൈപിടിച്ച് ഉയര്‍ത്തിയതെന്ന വിശ്വാസമുണ്ട്. അതുകൊണ്ടു തന്നെ അമ്മയുടെ പേരിലുള്ള ദേവീ ക്ഷേത്രം ലോകത്ത് എല്ലായിടത്തുമുള്ള ആളുകള്‍ക്ക് കടന്നു വരാനും ആരാധിക്കാനും കഴിയുന്ന ഒരു സ്ഥലമാക്കി മാറ്റണമെന്ന ചിന്തയുണ്ടായി. ഈ വിവരം കഴിഞ്ഞ വര്‍ഷം ക്ഷേത്ര ഭാരവാഹികളെ അറിയിച്ചു. അവരാണ് ആര്‍ക്കിടെക്ട് ബി.ആര്‍. അജിത്തിനെ ബന്ധപ്പെടാന്‍ നിര്‍ദേശിച്ചത്. അജിത്തുമായി സംസാരിച്ചപ്പോള്‍ ശരിക്കും അത്ഭുതപ്പെട്ടു പോയി. ഒരു വര്‍ഷം മുന്‍പു താന്‍ ആലോചിച്ച പദ്ധതി അജിത് പത്തു വര്‍ഷം മുമ്പ് ആലോചിച്ച് തയാറാക്കി വച്ചിരുന്നത്രെ. എന്റെ നിയോഗമാണിതെന്ന് തിരിച്ചറിഞ്ഞു മുന്നോട്ടുപോകുകയായിരുന്നു-ഇതായിരുന്നു അന്ന് സ്വാമിജി മനോരമയോടെ പറഞ്ഞത്.
ഇതോടൊപ്പം കേരളത്തിലെ ആദ്യ സൗജന്യ ആശുപത്രി കൂടി സ്വാമിജി ഗ്രൂപ്പിന്റേതായി സ്ഥാപിക്കുമെന്നും പറഞ്ഞിരുന്നു. ക്ഷേത്രം പുനരുദ്ധരിക്കപ്പെടുമ്പോള്‍ ജാതി മത വ്യത്യാസമില്ലാതെ പരിസരവാസികള്‍ക്കെല്ലാം നേട്ടമുണ്ടാകണം എന്നാണ് ആഗ്രഹം. പരമ്പരാഗത ആയുര്‍വേദ, യുനാനി, ഹോമിയോ ചികിത്സ പൂര്‍ണമായും സൗജന്യമായി ലഭ്യമാക്കും. 500 കിടക്കകളുള്ള ആശുപത്രിയാണ് ഇപ്പോള്‍ മനസിലുള്ളത്. ഇത് നടപ്പാക്കാന്‍ സര്‍ക്കാരിന്റെ അനുമതിയും സ്ഥലവും ലഭിക്കണമെന്നും സ്വാമി പറഞ്ഞിരുന്നു. ചോറ്റാനിക്കര ക്ഷേത്രത്തെ സ്വന്തമാക്കാനുള്ള തന്ത്രമായിരുന്നു ഇതെന്നാണ് അന്ന് കൊച്ചി ദേവസ്വത്തിലെ വിജിലന്‍സ് കണ്ടെത്തിയത്. പദ്ധതി ചര്‍ച്ചയായതോടെ ഗണശ്രാവണിനെ കുറിച്ച് വിശദാംശങ്ങള്‍ വിജിലന്‍സ് അന്വേഷിച്ചിരുന്നു. രഞ്ജിത് കാര്‍ത്തികേയന്‍ എന്ന സിഐയുടെ കണ്ടെത്തല്‍ നിര്‍ണ്ണായകമായി. ഇതോടെ വിജിലന്‍സ് അന്വേഷണങ്ങളിലേക്ക് കടന്നു. അയാള്‍ ചോറ്റാനിക്കരയില്‍ നല്‍കിയ അഡ്രസില്‍ പരിശോധന നടത്തി. തനിക്ക് 1000 കോടിയുടെ ബിസിനസ്സ് സ്ഥാപനമുണ്ടെന്നും അതില്‍ നിന്നും 100 കോടി ഉപയോഗിച്ച് ചോറ്റാനിക്കര ക്ഷേത്രത്തിന്റെ ശ്രീ കോവില്‍ സ്വര്‍ണ്ണം പൂശുമെന്നുമായിരുന്നു വാഗ്ദാനം. ദീര്‍ഘകാലം കുട്ടികളില്ലൊയിരുന്നുവെന്നും ചോറ്റാനിക്കരയില്‍ പ്രാര്‍ത്ഥിച്ച ശേഷം കുട്ടി പിറന്നുവെന്നും പറഞ്ഞു. അതുകൊണ്ടാണ് 100 കോടി സ്പോണ്‍സര്‍ഷിപ്പില്‍ നല്‍കുന്നതെന്നായിരുന്നു പറഞ്ഞത്. ഇത് വിസദമായി വിജിലന്‍സ് എസ് പി പരിശോധിച്ചു. ഗണശ്രാവണ്‍ നല്‍കിയ അഡ്രസ് ബംഗ്ലൂരുവിലെ ചെറിയ ഫ്ളാറ്റിന്റേതായിരുന്നു. ഇയാള്‍ക്ക് വലിയ ബിസിനസ്സൊന്നും ഉണ്ടായിരുന്നില്ല. കുട്ടി പറന്ന കഥയും കളവാണെന്ന് കണ്ടെത്തി. ഇതോടെ ഇക്കാര്യം മുകളിലേക്ക് റിപ്പോര്‍ട്ട് ചെയ്തു. ഗണശ്രാവണ്‍ വരുന്നത് മാരുതി ഒമ്നി കാറിലാണെന്ന് കൂടി കണ്ടെത്തിയതോടെ എസ് പി കടുത്ത നിലപാട് എടുത്തു. മുകളില്‍ നിന്നും സമ്മര്‍ദ്ദം ഉണ്ടായെങ്കിലും ധാരണാ പത്രം ഒപ്പിടല്‍ നടന്നില്ല. ദേവസ്വം കമ്മീഷണറും സെക്രട്ടറിയും എടുത്ത നിലപാടായിരുന്നു ഇതിന് കാരണം.
