മുഖ്യമന്ത്രിക്ക് ലഭിച്ച വെറുമൊരു കത്ത് കിട്ടിയത് 'പുലിയുടെ' കൈയ്യില്‍; ട്രാന്‍സ്ഫറിനെ ഭയക്കാത്ത സിഐ മുകളില്‍ നിന്നുള്ള വിളികളെ ഗൗനിച്ചില്ല; നിജസ്ഥിതി അറിഞ്ഞയുടന്‍ അക്കൗണ്ട് മരവിപ്പിച്ചത് നിര്‍ണ്ണായകമായി; കൗണ്‍സിലറുടെ മൊഴി കിട്ടിയതോടെ അനന്തുകൃഷ്ണനെ പൊക്കി; പാതിവില കേസില്‍ നടന്നത് പെര്‍ഫക്ട് എന്‍ക്വയറി; മലയാളിയെ കാത്ത് വീണ്ടും കേരളാ പോലീസ്; സിഐ ബേസില്‍ തോമസിന് ബിഗ് സല്യൂട്ട്

Update: 2025-02-11 04:54 GMT

മൂവാറ്റുപുഴ: പാതിവില തട്ടിപ്പ് കേസ് പുറത്തു കൊണ്ടുവന്നതില്‍ നിര്‍ണായകമായത് ഒരു പോലീസ് ഉദ്യോഗസ്ഥന്റെ തിരിച്ചറിവാണ്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ 2024 ഒക്ടോബറില്‍ മൂവാറ്റുപുഴ പായിപ്രയില്‍ നിന്നെത്തിയ കത്തിന്റെ നിജസ്ഥിതി അന്വേഷിക്കാന്‍ പുറപ്പെട്ടതായിരുന്നു മൂവാറ്റുപുഴ പോലീസ് ഇന്‍സ്പെക്ടര്‍ ബേസില്‍ തോമസ്. പ്രാഥമികാന്വേഷണം നടത്തി ഫയല്‍ മടക്കാവുന്ന ഒരു പരാതിയായിരുന്നു അത്. പക്ഷേ ആ പോലീസ് ഓഫീസറിന് അതിന് പിന്നിലെ ചതി മനസ്സിലായി. അങ്ങനെ വിശദമായ അന്വേഷണം നടത്തി. ഇതോടെ കള്ളക്കളികള്‍ ഓരോന്നായി പൊളിഞ്ഞു. മൂവാറ്റുപുഴ സീഡ് സൊസൈറ്റി പ്രമോട്ടറായ പ്രമീളാ ഗിരീഷ് കുമാറാണ് അനന്തുകൃഷ്ണനെതിരേ ആദ്യം മൊഴി കൊടുത്തതും പോലീസ് അന്വേഷണത്തിന് നിര്‍ണായക തെളിവുകള്‍ കൈമാറിയതും. സൊസൈറ്റി സെക്രട്ടറി റെജി വര്‍ഗീസ് പരാതി നല്‍കുകയും പ്രമീള മൊഴി കൊടുക്കുകയും ചെയ്തതോടെ കേസ് പോലീസും ശരിയായ ട്രാക്കിലായി. കേരളം മുഴുവന്‍ കുടുങ്ങുമായിരുന്ന ഒരു തട്ടിപ്പാണ് ഇതോടെ പൊളിഞ്ഞു വീണത്. എന്‍ജിഒ കോണ്‍ഫഡറേഷന്‍ നേതാവ് അനന്ദകുമാറിന്റെ അടക്കം മുഖംമൂടി ഇതോടെ അഴിഞ്ഞു വീണു. ഇനി എല്ലാ കേസും അന്വേഷിക്കുക ക്രൈംബ്രാഞ്ചാണ്. അപ്പോഴും ഈ ട്രാക്കില്‍ തന്നെ അന്വേഷണം മുമ്പോട്ട് പോകുമെന്നുറപ്പ്.

രാഷ്ട്രീയ സമ്മര്‍ദ്ദന് വഴങ്ങാത്ത ചരിത്രമാണ് സിഐ ബേസില്‍ തോമസിന്റേത്. കോതമംഗലം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആയിരിക്കെ ബേസില്‍ തോമസിനെ സ്ഥലം മാറ്റിയത് വലിയ ചര്‍ച്ചയായി മാറിയിരുന്നുപിണ്ടിമന ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ പഞ്ചായത്ത് ഓഫീസില്‍ കയറി ക്രൂരമായി ആക്രമിച്ച സിപിഎം ലോക്കല്‍ സെക്രട്ടറി സഹിതമുള്ള സിപിഎം നേതാക്കള്‍ക്കെതിരെ മുഖം നോക്കാതെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച ഉദ്യോഗസ്ഥനാണ് ബേസില്‍ തോമസ്. അറസ്റ്റ് ചെയ്തപ്പോള്‍ തന്നെ പ്രതികളെ വിട്ട് കിട്ടണമെന്നും സ്റ്റേഷന്‍ ജാമ്യം അനുവദിക്കണമെന്നും പറഞ്ഞുകൊണ്ട് സിപിഎം ജില്ലാ സംസ്ഥാന നേതാക്കളും, പോലീസിലെ ഇടത് യൂണിയന്‍ നേതാക്കളും സഹിതം സ്റ്റേഷനിലെത്തി സി ഐ ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തി.. വഴങ്ങാത്ത സിഐയ്‌ക്കെതിരെ സിപിഎം പ്രതിഷേധിക്കുകയും ചെയ്തു. ഭരിക്കുന്നത് ആരെന്നറിയാമല്ലോ ബാക്കി കണ്ടറിയമെന്ന ഭീഷണിയും ഉണ്ടായിയിരുന്നു. പിന്നീട് സ്ഥലം മാറ്റി. താന്‍ പിന്‍വാതില്‍ വഴി നിയമനം ലഭിച്ച ഉദ്യോഗസ്ഥനല്ല മറിച്ച് പി എസ് സി വഴി കഷ്ടപ്പെട്ട് പഠിച്ച് ജോലി നേടിയതാനെന്നും, എവിടേക്ക് ട്രാന്‍സ്ഫര്‍ ചെയ്താലും സത്യസന്ധമായി മാത്രമേ ജോലി ചെയ്യൂ എന്നും ബാഹ്യ ഇടപെടലുകള്‍ അനുവദിക്കില്ലെന്നുമുള്ള നിലപാടില്‍ ഉറച്ച് നിന്ന ഉദ്യോഗസ്ഥനാണ് ബേസില്‍ തോമസ്.

മുഖ്യമന്ത്രിക്ക് ലഭിച്ച കത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ അനന്തുകൃഷ്ണന്റെ അക്കൗണ്ട് മരവിപ്പിച്ചതാണ് നിര്‍ണ്ണായകമായത്. ഇതോടെ പ്രമീള നാട്ടുകാരുടെ ചോദ്യങ്ങള്‍ നേരിടാനാവാതെ പ്രതിസന്ധിയിലായി. ഇതോടെ അനന്തുകൃഷ്ണനോട് അടച്ച പണം തിരിച്ചുകൊടുക്കാന്‍ പ്രമീള ആവശ്യപ്പെട്ടു. മൂന്നുമാസം കഴിഞ്ഞിട്ടും നടപടിയുണ്ടായില്ലെന്നു മാത്രമല്ല കൂടുതല്‍ പേരെ ഉള്‍പ്പെടുത്തി കൂടുതല്‍ പണം കണ്ടെത്താനുള്ള നീക്കവും തുടങ്ങി. 15 ദിവസം കൂടി കാത്തിരുന്ന പ്രമീളയും റെജിയും മൂവാറ്റുപുഴ പോലീസില്‍ രേഖാമൂലം പരാതിയും മൊഴിയും കൊടുത്തു. മൂവാറ്റുപുഴ മുനിസിപ്പല്‍ കൗണ്‍സിലറും ഉപസമിതി ചെയര്‍പേഴ്സണുമായിരുന്ന പ്രമീള ഗിരീഷ്‌കുമാര്‍ അങ്ങനെ ആ തട്ടിപ്പ് പൊളിച്ചു. പ്രമീള ഉയര്‍ത്തിയ സംശയങ്ങളോട് അനന്തുകൃഷ്ണന് കൃത്യമായ മറുപടിയുണ്ടായില്ല. ഇതാണ് കേസിലേക്ക് കാര്യങ്ങളെത്തിയത്. 'പാതി പണമല്ലേ നിങ്ങളുണ്ടാക്കുന്നുള്ളൂ, ബാക്കി മുഴുവന്‍ ഞാനല്ലേ' ഇതായിരുന്നു സംശയങ്ങളോട് അനന്തുകൃഷ്ണന്റെ മറു ചോദ്യം.

ദിവസവും നൂറിലേറെ ഇടപാടുകള്‍ നടന്നുവെന്ന് പ്രാഥമിക അന്വേഷണത്തില്‍ തന്നെ സിഐ ബേസില്‍ തോമസിനും പിടികിട്ടി. ഒന്നര വര്‍ഷം കൊണ്ട് 450 കോടിയിലേറെ രൂപ കയറിയിറങ്ങി പോകുന്ന അനന്തുകൃഷ്ണന്റെ സ്വകാര്യ കമ്പനി അക്കൗണ്ടുകളിലായിരുന്നു ആദ്യത്തെ അന്വേഷണം. രണ്ട് അക്കൗണ്ടുകളിലെ വിനിമയങ്ങളുടെ രീതികള്‍ പരിശോധിച്ച പോലീസിനു മനസ്സിലായത് സി.എസ്.ആര്‍. (സാമൂഹിക സുരക്ഷാ നിധി) എന്ന പേരില്‍ നടത്തുന്ന തട്ടിപ്പിലേക്കാണ്. ഈ കാലയളവിലൊന്നും ഒരു രൂപ പോലും സി.എസ്.ആര്‍. വന്നിട്ടില്ലെന്ന് മനസ്സിലായി. ഇതോടെ മൂന്നുകോടി രൂപ സ്വന്തം റിസ്‌കില്‍ പോലീസ് മരവിപ്പിച്ചു. എഫ്.ഐ.ആറോ പരാതിയോ ഇല്ലാതെ അക്കൗണ്ട് മരവിപ്പിച്ചതിന് പലവട്ടം വിശദീകരണം നല്‍കേണ്ടി വന്നു മൂവാറ്റുപുഴ പോലീസിന്. അക്കൗണ്ട് മരവിപ്പിച്ചത് പിന്‍വലിക്കാന്‍ എന്‍.ജി.ഒ. കോണ്‍ഫെഡറേഷനില്‍ ബന്ധമുള്ള സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥനെക്കൊണ്ട് പലവിധത്തില്‍ സമ്മര്‍ദം ചെലുത്തി. പക്ഷേ സിഐ വഴങ്ങിയില്ല.

വാഹനത്തിന്റെ പണം കിട്ടാനുള്ള കൊട്ടാരക്കരയിലെ ഡീലര്‍ക്ക് മരവിപ്പിച്ച അക്കൗണ്ടിലെ ചെക്ക് കൊടുത്ത ശേഷം അവരെക്കൊണ്ട് സ്വാധീനം ചെലുത്തി അക്കൗണ്ട് തുറപ്പിക്കാനും ശ്രമം നടത്തി. സമ്മര്‍ദ്ദത്തിനൊന്നും ആ പോലീസുകാര്‍ വഴങ്ങിയില്ല. ഇതോടെ അനന്തുകൃഷ്ണന്‍ പെടുകയും ചെയ്തു. സബ് ഇന്‍സ്‌പെക്ടര്‍മാരായ പി.സി. ജയകുമാര്‍, ബിനോ ഭാര്‍ഗവന്‍, സി.പി.ഒ.മാരായ സി.കെ. മീരാന്‍, ബിബിന്‍ മോഹന്‍, കെ.എ. അനസ് എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണത്തിനൊപ്പമുണ്ടായിരുന്നത്. പകുതിവിലയ്ക്ക് ഇരുചക്രവാഹനം വാഗ്ദാനംചെയ്തു തൊടുപുഴ സ്വദേശി അനന്തു കൃഷ്ണന്‍ പണം തട്ടിയ സംഭവത്തില്‍ ഗുരുതര വെളിപ്പെടുത്തലുകളുമായി കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റ് രംഗത്തു വന്നിരുന്നു. കേസുമായി ബന്ധപ്പെട്ട് ആദ്യഘട്ടത്തില്‍ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചപ്പോള്‍ അനന്തുവിനെ മുന്‍ ചീഫ് സെക്രട്ടറി കെ.എം. എബ്രഹാം സഹായിച്ചെന്നാണു ലാലി വിന്‍സന്റിന്റെ ആരോപണം. അനന്തു നവകേരള സദസിന് ഏഴുലക്ഷം രൂപ സംഭാവന നല്‍കിയെന്നും അവര്‍ ആരോപിച്ചു.

തട്ടിപ്പുമായി ബന്ധപ്പെട്ടു കണ്ണൂരില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഏഴാം പ്രതിയാണു ലാലി വിന്‍സെന്റ്. അവര്‍ക്കു 46 ലക്ഷം രൂപയോളം കൊടുത്തതായി അനന്തു മൊഴി നല്‍കിയിരുന്നു. എന്നാല്‍, ഇത് അഭിഭാഷക ഫീസാണെന്നു ലാലി പറഞ്ഞു. നവകേരള സഭയ്ക്കുവേണ്ടി നല്‍കിയ ഏഴുലക്ഷം രൂപ പ്രിന്റര്‍ ഷോപ്പ് ഉടമയുടെ ഭാര്യയ്ക്കുള്ളതാണെന്നും അക്കൗണ്ടില്‍ കാണാമെന്നും അനന്തു കേസ് അന്വേഷിച്ച സര്‍ക്കിള്‍ ഇന്‍സ്പെക്ടറോടു പറഞ്ഞിരുന്നെന്നും ലാലി വിന്‍സന്റ് പറഞ്ഞു. 'സത്യസായി ട്രസ്റ്റിന്റെ ആനന്ദകുമാര്‍ ഓരോ വാഹനം വാങ്ങാനും ഫെസിലിറ്റേഷന്‍ ഫീസ് എന്ന പേരില്‍ 2,000 മുതല്‍ 5,000 രൂപവരെ ട്രസ്റ്റിന്റെ അക്കൗണ്ടിലേക്ക് ഇട്ടുകൊടുക്കാന്‍ നിര്‍ബന്ധിച്ചിരുന്നുവെന്ന് അനന്തു പറഞ്ഞിരുന്നു. നിയമപരമായ കരാറില്ലാതെ ആര്‍ക്കും ഒരുരൂപപോലും കൊടുക്കരുതെന്നു ഞാന്‍ പറഞ്ഞു. ട്രസ്റ്റുമായി ധാരണയുണ്ടാക്കണമെന്നും പറഞ്ഞു. എന്നാല്‍, അനന്തു അതു ചെയ്തില്ല. ആനന്ദകുമാര്‍ അനന്തുവില്‍നിന്നു രണ്ടുകോടിയോളം വാങ്ങിയെന്ന് അക്കൗണ്ടന്റ് കണ്ടെത്തിയിട്ടുണ്ട്. ടെക്നോപാര്‍ക്കിലെ പ്രോജക്ട് അനന്തു തയാറാക്കിയതാണ്. അനന്ദകുമാറിന്റെ കൂടെ ഉദ്യോഗസ്ഥരേയും സര്‍ക്കാര്‍ പ്രതിനിധികളേയും കാണാനും പ്രധാനമന്ത്രിയുടെ ഓഫീസിലേക്കു പോയതും അനന്തുവാണ്. ആനന്ദകുമാര്‍ രക്ഷപ്പെടാന്‍ പാടില്ല. ആനന്ദകുമാറിന്റെ ഭാഗത്തു തെറ്റുകളുണ്ട്. ചീഫ് സെക്രട്ടറിയായിരുന്ന കെ.എം. എബ്രഹാമിന്റെ ബന്ധു ബേബിയുടെ സംഘടനയ്ക്കു കോടികളുടെ ബിസിനസാണു ലഭിച്ചത്. കൊച്ചനിയന്‍ എന്നു പേരുള്ള ജോണ്‍ മാര്‍ക്സിസ്റ്റുകാരനും ഇവരുടെ ട്രസ്റ്റിലെ അംഗവുമാണ്. എസ്.സി/ എസ്.ടി വകുപ്പിലെ ഉദ്യോഗസ്ഥനായ ജയന്‍, പ്രസാദ് എന്നിവരടക്കം ഒരുപാട് പേരുകള്‍ ഇതിലുണ്ട്.

ഒക്ടോബര്‍ മൂന്നിനാണു മൂവാറ്റുപുഴ സി.ഐ. അനന്തുവിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചത്. അഞ്ചിന് അനന്തുവിനുവേണ്ടി സംസാരിക്കാന്‍ താന്‍ പോയി. അവിടുത്തെ എസ്.ഐയാണ് ആദ്യമായി അനന്തുവിന്റെ അക്കൗണ്ടിലെ ക്രമക്കേടുകളെക്കുറിച്ച് തന്നോടു പറയുന്നത്. അതുകഴിഞ്ഞ് അനന്തുവിനോടു സംസാരിച്ചപ്പോഴും എന്‍.ജി.ഒ. കോണ്‍ഫഡറേഷന്റെ ആളുകളോടു സംസാരിക്കട്ടെയെന്നാണു പറഞ്ഞത്. എന്‍.ജി.ഒ. കോണ്‍ഫഡറേഷന്റെ ആളുകളായ ബീനാ സെബാസ്റ്റിയനും അനന്തുവും ജോണും ബേബിയും കൂടെ തിരുവനന്തപുരത്തുപോയി. കെ.എം. എബ്രഹാമിനെക്കൊണ്ട് ഡി.ഐ.ജി. ഓഫീസില്‍ വിളിപ്പിച്ചാണ് അപ്പോയിന്റ്മെന്റ് എടുത്തത്. എന്നിട്ടാണു ഡി.ഐ.ജിയെ നേരില്‍ പോയി കണ്ടതെന്നും അവര്‍ വെളിപ്പെടുത്തിയിരുന്നു. മൂവാറ്റുപുഴ പോലീസിന്റെ ഇടപെടലുകളും അവര്‍ക്കുണ്ടായ സമ്മര്‍ദ്ദവുമെല്ലാം ഈ വാക്കുകളില്‍ വ്യക്തമാണ്.

Tags:    

Similar News