ആറുവയസുള്ള മോളെയും അവന്‍ വെറുതെ വിട്ടില്ല; പെണ്‍കുട്ടികളെ ട്രാപ്പ് ചെയ്യുന്ന നാല്‍വര്‍ സംഘമാക്കിയും ലഹരി ഇടപാടുകാരായും ചിത്രീകരിച്ചു; 'ഞങ്ങളുടെ ജീവിതം വച്ചാ ഹക്കീമേ നീ കളിച്ചതെന്ന് ' യുവതികള്‍; ഇന്‍സ്റ്റ ഇന്‍ഫ്‌ലുവന്‍സര്‍ അബ്ദുല്‍ ഹക്കീം വ്യാജ വീഡിയോ ചമച്ച് ജീവിതം തകര്‍ത്തുവെന്ന് പരാതി; ക്രെഡിബിലിറ്റി പോകുമെന്ന് പറഞ്ഞ് വീഡിയോ മാറ്റാതെ വ്‌ലോഗറും

ഇന്‍സ്റ്റ ഇന്‍ഫ്‌ലുവന്‍സര്‍ അബ്ദുല്‍ ഹക്കീം വ്യാജ വീഡിയോ ചമച്ച് ജീവിതം തകര്‍ത്തുവെന്ന് പരാതി

Update: 2026-01-13 16:17 GMT

നിഹാല്‍

കോഴിക്കോട്: ഇന്‍സ്റ്റാഗ്രാമിലൂടെ വ്യക്തികളെ പരസ്യമായി വിചാരണ ചെയ്യുന്ന ശൈലിക്കെതിരെ വന്‍ പ്രതിഷേധം ഉയരുന്നു. പ്രശസ്ത ഇന്‍ഫ്‌ലുവന്‍സര്‍ അബ്ദുല്‍ ഹക്കീം തന്റെ പേജിലൂടെ നടത്തിയ ഗുരുതരമായ ആരോപണങ്ങള്‍ക്കെതിരെ മൂന്ന് യുവതികള്‍ രംഗത്തെത്തിയതോടെയാണ് സംഭവം വിവാദമായത്. യാതൊരു തെളിവുമില്ലാതെ തങ്ങളെ ലഹരി മാഫിയയുടെ ഭാഗമായി ചിത്രീകരിച്ച് ജീവിതം തകര്‍ക്കാന്‍ ശ്രമിച്ചുവെന്നാണ് യുവതികളുടെ പരാതി.

വിവാദത്തിന്റെ തുടക്കം

കൊല്ലം സ്വദേശികളായ അല്‍ഫിയ, അശ്വതി ബാല, കോഴിക്കോട് സ്വദേശിയായ മിസ്രിന്‍ എന്നിവര്‍ക്കെതിരെ അബ്ദുല്‍ ഹക്കീം ഒരു വീഡിയോ പങ്കുവെച്ചിരുന്നു. ഇവര്‍ ലഹരിമരുന്ന് ഇടപാടുകാരാണെന്നും (Drug Peddlers), പെണ്‍കുട്ടികളെ വലവീശി പിടിച്ചു നല്‍കുന്ന സംഘമാണെന്നും വീഡിയോയില്‍ ആരോപിച്ചിരുന്നു. ഇതോടെ യുവതികള്‍ക്കെതിരെ സൈബര്‍ ആക്രമണം ശക്തമായി.


Full View

യുവതികള്‍ പറയുന്നത്

'ആ വീഡിയോയില്‍ പറയുന്നത് നമ്മള്‍ ഡ്രഗ് പെഡലേഴ്‌സ് ആണെന്നാണ്. നമ്മള്‍ ഡ്രഗ്‌സ് യൂസ് ചെയ്യാറുണ്ടെന്നും പെണ്‍കുട്ടികളെ വലവീശി പിടിച്ചുകൊണ്ട് ആണ്‍കുട്ടികളിലേക്ക് എത്തിക്കുമെന്നും അവരെ ട്രാപ്പിലാക്കുന്ന സംഘമാണെന്നുമാണ് പറയുന്നത്. ഇതൊന്നും സത്യമല്ല. നമ്മള്‍ മാന്യമായി ജോലി ചെയ്ത് ജീവിക്കുന്നവരാണ്. ഒരു ജെനുവിന്‍ പ്രൂഫ് (Genuine Proof) കൊണ്ടുവരുകയാണെങ്കില്‍ നിയമം പറയുന്ന എന്ത് ശിക്ഷയും ഞങ്ങള്‍ ഏറ്റെടുക്കാം.'

'ഹക്കീം കൊടുത്ത ഇന്‍ഫര്‍മേഷന്‍ പ്രകാരമാണ് റെയ്ഡ് നടന്നത്. റെയ്ഡ് നടന്നിട്ട് ഒന്നും തന്നെ കിട്ടിയിട്ടില്ല. അവിടുത്തെ അയല്‍വാസികളോടോ ബാക്കി കുട്ടികളോടോ ചോദിച്ചാല്‍ അറിയാം ഞങ്ങള്‍ ലഹരി ഉപയോഗിക്കുന്നവരല്ല എന്ന്. പോലീസ് റിപ്പോര്‍ട്ടിലും ഒന്നും കണ്ടെത്തിയില്ല എന്ന് എഴുതിയിട്ടുണ്ട്.'

പോലീസിന്റെ വെളിപ്പെടുത്തല്‍; ഹക്കീമിന് തിരിച്ചടി

യുവതികള്‍ നടത്തുന്ന പിജിയില്‍ ലഹരിമരുന്ന് ഉണ്ടെന്ന് ഹക്കീം നല്‍കിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് റെയ്ഡ് നടത്തിയിരുന്നു. എന്നാല്‍ റെയ്ഡ് നടത്തിയ പന്തിരങ്കാവ് എഎസ്‌ഐ ഫിറോസ് തന്നെ പെണ്‍കുട്ടികളോട് ഫോണില്‍ വെളിപ്പെടുത്തിയത് റെയ്ഡില്‍ യാതൊരു വിധ ലഹരി വസ്തുക്കളും കണ്ടെത്തിയിട്ടില്ലെന്നാണ്. പരിശോധനയില്‍ യുവതികള്‍ നിരപരാധികളാണെന്ന് ബോധ്യപ്പെട്ടതായും എഎസ്‌ഐ ഫിറോസ് പ്രതികരിച്ചു.

എഎസ്‌ഐയുമായുള്ള ഫോണ്‍സംഭാഷണം

പെണ്‍കുട്ടി: 'റൈഡ് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ സാറിന് അവിടെനിന്ന് ഒന്നും കിട്ടിയില്ലല്ലോ?'

പോലീസുകാരന്‍: 'ഇല്ലില്ല, കിട്ടിയിട്ടില്ല. ഒന്നും കിട്ടിയിട്ടില്ല. നിങ്ങളുടെ ഭാഗത്ത് തെറ്റില്ല എന്ന് എനിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്.

തകരുന്ന ജീവിതങ്ങള്‍; എഐ ദുരുപയോഗവും

അബ്ദുല്‍ ഹക്കീമിന്റെ വീഡിയോ തന്റെ ബിസിനസ്സിനെയും കുട്ടിയുടെ വിദ്യാഭ്യാസത്തെയും ബാധിച്ചുവെന്ന് മിസ്രിന്‍ പറയുന്നു.എഐ (AI) സാങ്കേതികവിദ്യ ഉപയോഗിച്ച് വ്യാജ വീഡിയോകള്‍ നിര്‍മ്മിച്ചതായും, ഇത് കാരണം കുട്ടിക്ക് സ്‌കൂളില്‍ പോകാന്‍ പോലും കഴിയാത്ത അവസ്ഥയാണെന്നും അവര്‍ ആരോപിക്കുന്നു. ഷാരൂഖ് എന്ന യുവാവിനെ നേരിട്ട് കണ്ടിട്ടുപോലുമില്ലെന്ന് അശ്വതി ബാല വ്യക്തമാക്കി

'ആ വീഡിയോയില്‍ കാണിക്കുന്ന പയ്യനെ ഞാന്‍ നേരിട്ട് കണ്ടിട്ടുപോലും ഇല്ല. ഞാന്‍ അവനോട് സംസാരിച്ചിട്ടില്ല. എന്നിട്ടാണ് എന്റെ ഫോട്ടോയും പേരും വെച്ച് അവന്‍ വീഡിയോ ഇട്ടത്. ഞാന്‍ കണ്ടപ്പോള്‍ ഞെട്ടിപ്പോയി.'-അശ്വതി ബാല പറഞ്ഞു.

'ഈ വീഡിയോ വന്നതിനുശേഷം എന്റെ കുട്ടിക്ക് സ്‌കൂളില്‍ പോകാന്‍ പറ്റുന്നില്ല. എന്റെ ബിസിനസ്സ് (പിജി) തകര്‍ന്നു. ഹക്കീം പറയുന്നത് കുട്ടിയെ സേഫ് ആക്കാനാണ് താന്‍ ഇതൊക്കെ ചെയ്തതെന്നാണ്. പക്ഷേ ഈ വീഡിയോ വന്ന ശേഷം കുട്ടിയുടെ ലൈഫ് ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്.'

'ക്രെഡിബിലിറ്റി' എന്ന ന്യായീകരണം

പന്തീരാങ്കാവ് പോലീസ് സ്റ്റേഷനില്‍ യുവതികള്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് പോലീസ് ഹക്കീമിനെ വിളിച്ചിരുന്നു. എന്നാല്‍ വീഡിയോ പിന്‍വലിക്കാന്‍ അദ്ദേഹം തയ്യാറായില്ല. വീഡിയോ ഡിലീറ്റ് ചെയ്താല്‍ സോഷ്യല്‍ മീഡിയയില്‍ തന്റെ 'ക്രെഡിബിലിറ്റി' (വിശ്വാസ്യത) തകരുമെന്ന വിചിത്രമായ വാദമാണ് അദ്ദേഹം ഉയര്‍ത്തിയത്.

നിയമപോരാട്ടം തുടരുന്നു

തങ്ങളെ സമൂഹമാധ്യമത്തില്‍ താറടിച്ചു കാണിക്കാന്‍ ശ്രമിച്ച ഇന്‍ഫ്‌ലുവന്‍സര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയതായും നീതി ലഭിക്കും വരെ നിയമപോരാട്ടം തുടരുമെന്നും യുവതികള്‍ വ്യക്തമാക്കി. യാതൊരു അന്വേഷണവുമില്ലാതെ ഒരാള്‍ക്കെതിരെ ഇത്തരത്തില്‍ ഗുരുതര ആരോപണങ്ങള്‍ ഉന്നയിക്കുന്ന ഇന്‍ഫ്‌ലുവന്‍സര്‍മാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

Tags:    

Similar News