പിറക്കാതെ പോയ മകള്‍ക്കായി ബ്രിട്ടീഷ് ദമ്പതികള്‍ സ്വന്തം വീട് ദാനം ചെയ്തപ്പോള്‍ താക്കോല്‍ വാങ്ങാന്‍ ഭാഗ്യം ലഭിച്ചത് മലയാളി പെണ്‍കുട്ടിക്ക്; ന്യുകാസിലിലെ ജിമ്മി വിത്സനും ഭാര്യ ലില്ലി വിത്സനും കാല്‍ നൂറ്റാണ്ടിലേറെ ജീവിച്ച വീട് അയല്‍വാസിയായ മലയാളി കുടുംബത്തിന്; വംശീയത മാത്രം കേള്‍ക്കാനാകുന്ന പ്രവാസി ജീവിതത്തില്‍ നന്മകള്‍ സംഭവിക്കുന്നത് ഇങ്ങനെയൊക്കെ
ബ്രിട്ടീഷ് ദമ്പതികള്‍ വീട് ദാനം ചെയ്തത് മലയാളി പെണ്‍കുട്ടിയ്ക്ക്
ലണ്ടന്‍: അറുപതാണ്ടിലേറെ സന്തുഷ്ട ദമ്പതികളായി ജീവിച്ച ബ്രിട്ടീഷുകാരായ ജിമ്മി വിത്സനും പത്‌നി ലില്ലി വിത്സനും ഇന്ന് പ്രിയപെട്ടവരുടെ ഓര്‍മകളില്‍ മാത്രമാണ്. ആ പ്രിയപ്പെട്ടവരില്‍ ഏറ്റവും വേണ്ടപെട്ടവരായി അവര്‍ കണക്കാക്കിയത് കടല്‍ കടന്നെത്തി തങ്ങളുടെ അയല്‍വാസികളായി സ്‌നേഹം പകര്‍ന്നു നല്‍കി കാല്‍ നൂറ്റാണ്ടോളം തങ്ങള്‍ക്കരികെ ജീവിച്ച മലയാളി കുടുംബത്തെയാണ്. കണ്ണൂരില്‍ നിന്നും തൊടുപുഴയില്‍ നിന്നും എത്തിയ ഷേര്‍ളിയും ബിജുവും അങ്ങനെ ജിമ്മിക്കും ലില്ലിക്കും സ്വന്തം കുടുംബമായി മാറുകയായിരുന്നു.
ബിജുവിന്റെയും ഷെര്‍ലിയുടെയും ആദ്യ കണ്മണി ഡോണ്‍ പിറന്നപ്പോള്‍ ആ പെണ്‍കുഞ്ഞ് ജിമ്മിക്കും ലില്ലിക്കും പിറക്കാതെ പോയ മകളായി. ആ പെണ്‍കുഞ്ഞിന് ഒരു ചെറു പനി വന്നാല്‍ പോലും ജന്മം നല്‍കിയ മാതാപിതാക്കളേക്കാള്‍ വേദനിച്ചത് അയല്‍വാസികളായ വളര്‍ത്തച്ഛനും വളര്‍ത്തമ്മയ്ക്കും ആയിരുന്നു. ഷേര്‍ളിക്കും ബിജുവിനും രണ്ടു മക്കള്‍ കൂടി പിറന്നപ്പോഴും ഡോണ്‍ ബ്രിട്ടീഷ് ദമ്പതികളുടെ അരുമ സ്ഥാനത്തു നിന്നും മാറിയതുമില്ല.
ഡോണിനെയും സഹോദരങ്ങളായ ഡിയോണ്‍, ഡാവി എന്നിവരെ സ്‌കൂളില്‍ കൊണ്ട് പോകുന്നതും മടക്കി വിളിച്ചു കൊണ്ടുവരുന്നതും അപ്പനും അമ്മയും ജോലി കഴിഞ്ഞു മടങ്ങി എത്തും വരെ നോക്കുന്നതുമെല്ലാം ജിമ്മിയുടെയും ലില്ലിയുടെയും ദിനചര്യ ആയി മാറുകയായിരുന്നു. പ്രായത്തിന്റെ അവശതകള്‍ ഒക്കെ അവര്‍ മറന്നത് ആ മൂന്നു കുഞ്ഞുങ്ങളുടെ സാമീപ്യത്തില്‍ ആയിരുന്നു.
എട്ടു കുടുംബങ്ങള്‍ മാത്രം ജീവിച്ചിരുന്ന ന്യുകാസിലിലെ ഒരു കള്‍ ഡേ സാക് പ്രദേശത്തു എട്ടു കുടുംബങ്ങള്‍ക്കും അന്യോന്യം ഓരോരുത്തരും ആശ്വാസവും സഹായവും ആയിരുന്നു. ആ എട്ടു പേരില്‍ കുടിയേറ്റക്കാരായി ഉണ്ടായിരുന്നത് മലയാളികളായ ബിജുവും ഷേര്‍ളിയും മാത്രം. എട്ടു കുടുംബങ്ങളില്‍ ജിമ്മിക്കും ലില്ലിക്കും കുട്ടികളുടെ കളിചിരികളാണ് ബിജുവിനെയും ഷേര്‍ളിയെയും ഏറ്റവും വേണ്ടപെട്ടവരാക്കി മാറ്റിയത്.
അയല്‍വാസികള്‍ക്ക് അറിയാമായിരുന്ന രഹസ്യം, വീടിന്റെ പുതിയ ഉടമ മാത്രം അറിയാതെ പോയി
ഇപ്പോള്‍ ജിമ്മിയും ലില്ലിയും മരണത്തിന്റെ വിളിയില്‍ ഒപ്പം ഇല്ലാതെ പോയെങ്കിലും അവര്‍ പതിറ്റാണ്ടുകള്‍ ജീവിച്ച വീടിന്റെ താക്കോല്‍ കഴിഞ്ഞ ദിവസം അവര്‍ക്ക് ഏറെ പ്രിയപ്പെട്ട ഡോണ്‍ ജോസഫ് എന്ന രണ്ടാം വര്‍ഷ ആസ്‌ട്രോ ഫിസിക്‌സ് വിദ്യാര്‍ത്ഥിനി നിറമിഴികളോടെ ഏറ്റുവാങ്ങിയത് അസാധാരണമായ സ്‌നേഹത്തിന്റെയും നന്മയുടെയും പരസ്പര വിശ്വാസത്തിന്റെയും ഒക്കെ പ്രതീകമായാണ്. ജിമ്മിയുടെയും ലില്ലിയുടെയും സന്തോഷ നിമിഷങ്ങള്‍ പിറന്ന വീട് തങ്ങളുടെ പ്രിയപ്പെട്ട ഡോണിന് ദാനമായി എഴുതിവച്ചാണ് ഇരുവരും അന്ത്യ നാളുകളിലേക്ക് നടന്നടുത്തത്.
ഇക്കാര്യം ഇരുവരുടെയും അയല്‍വാസിയും അധ്യാപികയും ആയി റിട്ടയര്‍ ചെയ്ത ബ്രിട്ടീഷുകാരിക്ക് അറിയാമായിരുന്നിട്ടും സോളിസിറ്റര്‍ ഔദ്യോഗികമായി ഡോണിനെ വിവരം അറിയിക്കും വരെ രഹസ്യമായി തുടരുക ആയിരുന്നു. ആദ്യം ബ്രിട്ടീഷുകാരിക്ക് പകരം ഷേര്‍ളിയെ പവര്‍ ഓഫ് അറ്റോണി ആയി നിശ്ചയിക്കാനാണ് ജിമ്മിയും ലില്ലിയും ആലോചിച്ചതെങ്കിലും നിയമപരമായ കാര്യങ്ങളില്‍ തനിക്ക് അറിവില്ല എന്ന് പറഞ്ഞു ഷേര്‍ളി തന്നെയാണ് ആ ആലോചന തള്ളിക്കളഞ്ഞത്.
ആദ്യം തങ്ങളുടെ രക്തബന്ധത്തില്‍ ഉള്ള ഒരാള്‍ക്കാണ് വീട് ദാനമായി നല്‍കാന്‍ മുന്‍ സൈനികന്‍ കൂടിയായ ജിമ്മിയും ലില്ലിയും ആലോചിച്ചത് എങ്കിലും അവസാന കാലത്ത് എന്തിനും ഏതിനും സഹായമായി കൂടെയുണ്ടായ ഷേര്‍ളിയുടെ കുടുംബത്തെ മറന്നു പോകാന്‍ അവര്‍ക്ക് കഴിയുമായിരുന്നില്ല. അങ്ങനെയാണ് ജിമ്മിയുടെ മരണശേഷം തന്റെ അന്ത്യകാലത്തു കെയര്‍ ഹോമില്‍ എത്തിയപ്പോള്‍ ലില്ലി അഭിഭാഷക സ്ഥാപനത്തെ വിളിച്ചു വരുത്തി വില്‍പത്രത്തില്‍ മാറ്റം വരുത്തി ഡോണിന്റെ പേര് എഴുതി ചേര്‍ത്തത്. രക്തബന്ധത്തിലെ യുവാവിന് ബാങ്കില്‍ അവശേഷിച്ചിരുന്ന പണവും നല്‍കി.
രണ്ടു പതിറ്റാണ്ടു കൊണ്ട് വളര്‍ന്ന ആത്മബന്ധം
ഒരു തരി മണ്ണിനും സ്വത്തിനും വേണ്ടി സഹോദര ബന്ധം മറന്നും മാതാപിതാക്കളെ ഉപേക്ഷിച്ചും തമ്മിലടിക്കുന്ന മലയാളികളെ കുറിച്ചുള്ള വാര്‍ത്തകള്‍ക്ക് പഞ്ഞം ഇല്ലാത്തപ്പോള്‍ തന്നെയാണ് നിര്‍മലമായ സ്‌നേഹത്തിന്റെ പ്രതീകമായി ജിമ്മിയും ലില്ലിയും ഷേര്‍ളിയും ബിജുവുമൊക്കെ മാറുന്നത്. ഒന്നും പ്രതീക്ഷിക്കാതെ സ്‌നേഹിച്ചു തുടങ്ങിയ മനുഷ്യര്‍ക്ക് ഇടയില്‍ നിന്നുമാണ് ഇത് പോലെയുള്ളവരെ കണ്ടെത്താനാകുക. മക്കളെ പൊന്നുപോലെ സ്‌നേഹിക്കുന്ന ബ്രിട്ടീഷ് ദമ്പതികളെ ഷേര്‍ളിയും ബിജുവും മാത്രമല്ല നാട്ടില്‍ ഉള്ള ഇരുവരുടെയും കുടുംബങ്ങളും അടുത്തറിയും വിധം ആ ബന്ധം വളരുക ആയിരുന്നു.
വീഡിയോ കോളുകള്‍ മുഖേനെ പരസ്പരം ബിജുവിന്റെയും ഷേര്‍ളിയുടെയും മാതാപിതാക്കളും സഹോദരങ്ങളും ഒക്കെ ബ്രിട്ടീഷ് ദമ്പതികളായ ജിമ്മിയെയും ലില്ലിയെയും അടുത്തറിയുക ആയിരുന്നു. ജിമ്മിക്കും ലില്ലിയ്ക്കും പിറന്നാളുകള്‍ ആഘോഷമായി തുടങ്ങിയത് ഷേര്‍ളിയെയും ബിജുവിനെയും പരിചയപ്പെട്ടതോടെയാണ്. ആരെയും ക്ഷണിക്കാന്‍ ഇല്ലാത്ത ഇരുവര്‍ക്കുമായി ബിജുവും ഷേര്‍ളിയും അയല്‍വാസികളെ വിളിച്ചു കൂട്ടി ഇരുവരുടെയും പിറന്നാളുകള്‍ തങ്ങളുടെ വീട്ടില്‍ ആഘോഷമാക്കി. അത്തരം വേളകളില്‍ അളവില്ലാത്ത സ്‌നേഹത്തിന്റെ ആഴമറിഞ്ഞാണ് ജിമ്മിയും ലില്ലിയും സ്വന്തം വീട്ടിലേക്ക് മടങ്ങിയിരുന്നത്. തിരിച്ചു ഷേര്‍ളിക്കും ബിജുവിനും മക്കള്‍ മുത്തച്ഛനേയും മുത്തശ്ശിയേയും കാണാതെ വളരുന്നുവെന്ന പോരായ്മ മാറികിട്ടിയ സന്തോഷവും.
മുന്‍ സൈനികനായ ജിമ്മി വീണുപോയതു കോവിഡില്‍, ഭര്‍ത്താവില്ലാത്ത ലോകത്തു ഭാര്യയും അതിവേഗം മരണത്തിലേക്ക്
തികച്ചും ആരോഗ്യവാനായി കഴിയവെയാണ് 91 വയസില്‍ ജിമ്മിയെ കോവിഡ് വീഴ്ത്തുന്നത്. ചെറിയ തോതില്‍ ഡിമെന്‍ഷ്യ കൂടി ഉണ്ടായിരുന്നതിനാല്‍ അദ്ദേഹത്തെ ഷേര്‍ളി ജോലി ചെയ്യുന്ന കെയര്‍ ഹോമില്‍ തന്നെ പരിചരിക്കാന്‍ സൗകര്യം ഏര്‍പ്പെടുത്തി. മുന്‍ സൈനികന്‍ ആയതിനാല്‍ ചിലവെല്ലാം സര്‍ക്കാര്‍ ഏറ്റെടുത്തു. സൈന്യത്തില്‍ നിന്നും റിട്ടയര്‍ ചെയ്ത ശേഷം റോയല്‍ മെയിലില്‍ ജോലി ചെയ്ത ജിമ്മിക്കും സ്വകാര്യ മെഡിക്കല്‍ കമ്പനിയില്‍ ജോലിക്കാരി ആയിരുന്ന ലില്ലിക്കും അത്യാവശ്യം ബാങ്ക് ബാലന്‍സ് ഉണ്ടായിരുന്നതിനാല്‍ കൂടിയാണ് ഇരുവരുടെയും മരണം വരെയും വീടിനെ തൊടാന്‍ സര്‍ക്കാരിന് കഴിയാതെ പോയത്.
ഭര്‍ത്താവ് ജിമ്മി ആരോഗ്യ നില വഷളായ സമയത്തു കോവിഡ് നിയന്ത്രണങ്ങള്‍ മൂലം സന്ദര്‍ശിക്കാന്‍ അനുവാദം ഉണ്ടായിരുന്നത് ഭാര്യ ലില്ലിക്കും അയല്‍വാസിയായ ഷേര്‍ളിക്കും മാത്രമാണ്. എന്നാല്‍ ഭര്‍ത്താവ് മരിച്ച ശേഷം കൂടുതല്‍ ഒറ്റപ്പെട്ടു പോയ ലില്ലിയെ നാഡീവ്യവസ്ഥയെ ബാധിക്കുന്ന രോഗം പിടികൂടിയതോടെ അതിവേഗം അവശയാകുക ആയിരുന്നു. രണ്ടു വര്‍ഷം മുന്‍പ് ഡിസംബറില്‍ രോഗബാധിതയായ ലില്ലി ആറുമാസത്തിനകം മരണത്തിനു കീഴടങ്ങി.
എന്നാല്‍ മരണം വരെയും ഓര്‍മ്മയ്ക്ക് ഒരു തകരാറും സംഭവിച്ചിരുന്നില്ല. അവസാന സമയങ്ങളില്‍ സംസാരിക്കാന്‍ പ്രയാസം നേരിട്ടിരുന്നു എന്നത് മാത്രമാണ് ലില്ലിയുടെ കാര്യത്തില്‍ പ്രിയപ്പെട്ടവര്‍ക്ക് വേദനയായി മാറിയത്. മൂന്നു മാസത്തോളം ആശുപത്രി വാസത്തിനു ശേഷം പിന്നീട് ഷേര്‍ളി ജോലി ചെയ്യുന്ന കെയര്‍ ഹോമിലേക്കാണ് ലില്ലിയേയും കൊണ്ടുവന്നത്. എപ്പോള്‍ വേണമെങ്കിലും ഷേര്‍ളിക്ക് അവിടെയെത്തി പരിചരിക്കാനാകും എന്ന സൗകര്യം കൂടി കണക്കിലെടുത്താണ് അങ്ങനെ ചെയ്തത്. മൂന്നു മാസത്തെ ലില്ലിയുടെ ചികിത്സയ്ക്കായി 15,000 പൗണ്ട് ചിലവായെങ്കിലും ആ തുക അവരുടെ ബാങ്കില്‍ ബാലന്‍സായി ശേഷിച്ചിരുന്നു. പിന്നീടും ബാക്കിയായ പണമാണ് ബന്ധുവായ യുവാവിന് വില്‍പത്രത്തിലെ ആഗ്രഹപ്രകാരം നല്‍കിയത്.
ഇരുവരും മടങ്ങിയത് ഡോണിന്റെ വിവാഹം കാണണം എന്ന ആഗ്രഹം ബാക്കിയാക്കി, ലില്ലിയുടെ ചിതാഭസ്മം ഭദ്രമായി സൂക്ഷിച്ചു ഷേര്‍ളിയും
ജിമ്മിയും ലില്ലിയും ഏറെ ആഗ്രഹിച്ചതാണ് ഡോണ്‍ വേഗം വളര്‍ന്നു വിവാഹിതയാവുന്നത് കാണാന്‍. എന്നാല്‍ കാലം അതിന് അവസരം ഒരുക്കാത്തതില്‍ ഉള്ള സങ്കടത്തോടെയാണ് ഇരുവരുടെയും മരണം. തങ്ങള്‍ താലോലിച്ചു വളര്‍ത്തിയ പെണ്‍കുട്ടി എന്ന നിലയില്‍ മിക്കപ്പോഴും തമാശയായി ഡോണിന്റെ വിവാഹക്കാര്യം ഇരുവരും ഷേര്‍ളിയോടും ബിജുവിനോടും പറയുമായിരുന്നു. ഒരു പക്ഷെ അതാകാം ഡോണിന്റെ പേരില്‍ വീട് നല്‍കാന്‍ കാരണമായത് എന്നും ഷേര്‍ളി കരുതുന്നു.
തങ്ങള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ജിമ്മിയുടെ മരണ ശേഷം അനന്തര കാര്യങ്ങള്‍ ചെയ്യാന്‍ ലില്ലി ഉണ്ടായിരുന്നതിനാല്‍ ഇപ്പോള്‍ ലില്ലിയുടെ മരണാനന്തര കര്‍മ്മങ്ങള്‍ ചെയ്യാന്‍ തങ്ങളെ ഉള്ളൂ എന്ന ചിന്തയിലാണ് ബിജുവും ഷേര്‍ളിയും. അതിനാല്‍ ലില്ലിയുടെ ചിതാഭസ്മം പോലും ഇവര്‍ ഭദ്രമായി വീട്ടില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇപ്പോള്‍ വീട് സ്വന്തമായി കിട്ടിയതോടെ പൂക്കളും ചെടികളും ഏറെ ഇഷ്ടമായിരുന്ന ലില്ലിയുടെ ചിതാഭസ്മം അവര്‍ ഏറെ ഇഷ്ടപ്പെട്ടിരുന്ന അവരുടെ വീടിന്റെ പൂന്തോട്ടത്തില്‍ തന്നെ വിതറി ആ ഓര്‍മ്മകള്‍ക്ക് കൂടുതല്‍ നിറവും മണവും നല്‍കാനുള്ള ഒരുക്കത്തിലാണ് ഷേര്‍ളിയും കുടുംബവും.