ദേവസ്വം കരാറുകാരനായ പിതാവ് വഴി ശബരിമലയോട് ആത്മബന്ധം; വിവാദമായ യുവതി പ്രവേശനത്തില്‍ ഭക്തര്‍ക്കൊപ്പം നിന്ന് പിണറായിയെ ഞെട്ടിച്ച വിശ്വസ്തന്‍; 34-ാം വയസില്‍ എംഎല്‍എ; പത്തനംതിട്ടയില്‍ പിണറായിസം വളര്‍ത്തിയ പ്രമുഖന്‍; എ. പത്മകുമാറും അഴിക്കുള്ളിലാകുമ്പോള്‍
എ. പത്മകുമാറും അഴിക്കുള്ളിലാകുമ്പോള്‍
പത്തനംതിട്ട: ജില്ല ഒന്നടങ്കം വി.എസിന്റെ പിന്നാലെ നില്‍ക്കുമ്പോള്‍ അവിടെ പിണറായിക്ക് വേണ്ടി ശബ്ദിച്ച ഏക നാവ് ആയിരുന്നു ആറന്മുള കീച്ചംപറമ്പില്‍ അച്യുതന്‍ നായര്‍ മകന്‍ പത്മകുമാര്‍ എന്ന എ. പത്മകുമാറിന്റേത്. പിണറായിയുമായുള്ള അടുത്ത ബന്ധമാണ് പത്മകുമാറിനെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്ത് എത്തിച്ചത്. അതേ, പിണറായിയുടെ കാലത്ത് തന്നെ പത്മകുമാര്‍ അഴിക്കുളളിലാകുന്നുവെന്നതും വിരോധാഭാസമായി.
ശബരിമലയില്‍ ദേവസ്വം കോണ്‍ട്രാക്ടര്‍ ആയിരുന്നു പിതാവ് അച്യുതന്‍ നായര്‍. അതു കൊണ്ടു തന്നെ ശബരിമലയുമായി ഒരു ആത്മബന്ധം പത്മകുമാറിനുണ്ടായിരുന്നു. അയ്യപ്പന്റെ ഉറക്കുപാട്ടായ ഹരിവരാസനം രചിച്ചുവെന്ന് പറയപ്പെടുന്ന കൊന്നകത്ത് ജാനകിയമ്മ തന്റെ കുടുംബത്തിലുള്ളയാളാണെന്ന് പത്മകുാര്‍ അഭിമാനത്തോടെ പറഞ്ഞത് ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്ന കാലത്താണ്. മറ്റുള്ള കമ്യൂണിസ്റ്റുകാരെ പോലെയല്ല, താന്‍ വിശ്വാസിയാണെന്ന് പത്മകുമാര്‍ തെളിയിച്ചതും യുവതി പ്രവേശന കാലത്താണ്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി നിയമിച്ച പിണറായി സര്‍ക്കാരിനെയും പാര്‍ട്ടിയെയും ഞെട്ടിച്ച് പത്മകുമാര്‍ വിശ്വാസികള്‍ക്കൊപ്പം നില്‍ക്കുന്നതാണ് കണ്ടത്. തന്റെ വിശ്വാസങ്ങള്‍ വെട്ടിത്തുറന്ന് പറയാനും പത്മകുമാര്‍ മടിച്ചില്ല. അന്നു മുതല്‍ പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും പിണറായിയുടെയും കണ്ണില്‍ പത്മകുമാര്‍ കരടായി. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കാലത്ത് മറ്റൊരു ജില്ലാ സെക്രട്ടറിയേറ്റംഗമായ പി.ബി. ഹര്‍ഷകുമാര്‍, പത്മകുമാറിനെ മര്‍ദിച്ചത് വിവാദമായി. കൊല്ലത്ത് നടന്ന സംസ്ഥാന സമ്മേളനത്തിന് തൊട്ടു പിന്നാലെ മന്ത്രി വീണാ ജോര്‍ജിനെതിരേ പരസ്യ പ്രതികരണം നടത്തിയ പത്മകുമാര്‍ ജില്ലാ സെക്രട്ടറിയേറ്റില്‍ നിന്ന് തെറിച്ചു. പത്മകുമാര്‍ ബിജെപിയിലേക്കെന്ന് പ്രചാരണമുണ്ടായി. സിപിഎം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം എത്തി അനുനയിപ്പിച്ചു. നിലവില്‍ ജില്ലാ കമ്മറ്റിയംഗമായി തുടരുന്നു.
1991 ല്‍ 34-ാം വയസില്‍ കോന്നിയില്‍ നിന്നാണ് എ. പത്മകുമാര്‍ ആദ്യമായി നിയമസഭയില്‍ എത്തിയത്. എന്‍.ഡി.പിയിലെ രാമചന്ദ്രന്‍ നായരെയാണ് 916 വോട്ടിന് തോല്‍പ്പിച്ചു. 1996 ല്‍ പത്മകുമാര്‍ അടൂര്‍ പ്രകാശിനോട് പരാജയപ്പെട്ടു. പിന്നീട് 2001 ല്‍ സ്വന്തം മണ്ഡലമായ ആറന്മുളയിലാണ് പത്മകുമാര്‍ അങ്കത്തിന് ഇറങ്ങിയത്. നാട്ടുകാരിയും അയല്‍ക്കാരിയുമായ മാലേത്ത് സരളാദേവിയോട് തോറ്റു.
ചങ്ങനാശേരി എന്‍.എസ്.എസ് കോളജിലായിരുന്നു വിദ്യാഭ്യാസം. പ്രണയ വിവാഹമായിരുന്നു പത്മകുമാറിന്റേത്. ചങ്ങനാശേരിയിലെ പഠനം പെരുന്നയില്‍ ഒരു ബന്ധം ഉണ്ടാക്കിയെടുക്കുന്നതിന് പത്മകുമാറിനെ സഹായിച്ചു. ഇഷ്ടികച്ചൂളയുടെ ബിസിനസായിരുന്നു ആദ്യം. നല്ല നിലയില്‍ നടത്തി വരുന്നതിനിടെ വ്യവസായം പൊട്ടി. അതിന് ശേഷം സാമ്പത്തികമായി അത്ര നല്ല നിലയില്‍ ആയിരുന്നില്ല. പക്ഷേ, തിരിച്ചു വരവ് നടത്തിയ പത്മകുമാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായപ്പോള്‍ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നുമില്ല.
ആറന്മുള വിമാനത്താവള വിരുദ്ധ സമരം ബിജെപിക്കൊപ്പം ചേര്‍ന്ന് സിപിഎമ്മും കെഎസ്‌കെടിയുവും നടത്തുമ്പോള്‍ അതിന്റെ അമരത്ത് പത്മകുമാറും ഉണ്ടായിരുന്നു. വി.എസ്. സര്‍ക്കാരിന്റെ കാലത്ത് ആറന്മുള എംഎല്‍എയായിരുന്ന കെ.സി.രാജഗോപാലാണ് വിമാനത്താവളം കൊണ്ടു വരാന്‍ ശ്രമിച്ചത്. കടുത്ത പിണറായി പക്ഷക്കാരനായിരുന്ന പത്മകുമാര്‍ അതു കൊണ്ട് തന്നെ വിമാനത്താവളത്തിനെതിരേ നിലപാട് സ്വീകരിച്ചു. വി.എസ്. സര്‍ക്കാര്‍ മാറി ഉമ്മന്‍ചാണ്ടി അധികാരത്തില്‍ വന്നതോടെ സിപിഎമ്മിനും പത്മകുമാറിനൊപ്പം നില്‍ക്കേണ്ടി വന്നു.
വി.എസ് പക്ഷത്തിന്റെ ജില്ലയായിരുന്ന പത്തനംതിട്ടയില്‍ പിണറായിക്ക് വേണ്ടി പട നയിച്ചവരില്‍ പ്രമുഖനായിരുന്നു പത്മകുമാര്‍. പലപ്പോഴും ഇക്കാരണം കൊണ്ടു തന്നെ പാര്‍ട്ടിക്കുള്ളില്‍ ഒറ്റപ്പെട്ടു. പിണറായി മുഖ്യമന്ത്രി ആയപ്പോള്‍ അതു കൊണ്ടു തന്നെ പത്മകുമാറിനെ മറന്നില്ല. അങ്ങനെ സന്തോഷത്തോടെ കൊടുത്ത ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനമാണ് ഇപ്പോള്‍ പത്മകുമാറിന് തിരിച്ചടിയാകുന്നത്.
