അമ്മയുടെ അച്ഛന്റെ സഹോദരിക്ക് വേണ്ടി യേശുദാസിനെ വീണ്ടും എത്തിച്ച വിശ്വാസിയായ കമ്മ്യൂണിസ്റ്റ്; ആ ഹരിവരാസനം അതേപടി തുടരുന്നതാണ് ഭക്തര്‍ക്കു തൃപ്തിയെന്നും അയ്യപ്പന്റെ ഹിതവും മറിച്ചായിരിക്കുകയില്ലെന്ന് 2017ല്‍ പറഞ്ഞത് ഇന്നത്തെ പ്രസിഡന്റ്; അന്നത്തെ പ്രസിഡന്റ് ഇനി കുറച്ചുകാലം അകത്തും; ഹരിവരാസന റീ റിക്കോര്‍ഡിംഗില്‍ മറന്നത് 'സ്വാമി അയ്യപ്പനെ'
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ആയിരുന്നു എ പത്മകുമാര്‍.. ഇദ്ദേഹത്തിന്റെ മാതാവിന്റെ പിതൃസഹോദരിയാണ് കോന്നകത്ത് ജാനകിയമ്മ. അവരുടെ പിതാവ് അനന്തകൃഷ്ണ അയ്യര്‍ 1907 മുതല്‍ 1920 വരെ ശബരിമല മേല്‍ശാന്തിയായിരുന്നു. കോന്നകത്ത് ജാനകിയമ്മ ഹരിവരാസനം എന്ന അയ്യപ്പ എഴുത്തുപാട്ടിന്റെ സൃഷ്ടാവാണെന്നാണ് വിശ്വാസം. പലരുടെയും ധാരണ യേശുദാസ് പാടിയ ഹരിവരാസനം കേള്‍പ്പിച്ചാണ് ശബരിമല നട അടയ്ക്കുന്നതെന്നാണ്. അങ്ങനെയല്ല. നട അടയ്ക്കുമ്പോള്‍ മേല്‍ശാന്തിയും ശാന്തിക്കാരും ഭക്തരും ചേര്‍ന്നു ഹരിവരാസനം പാടുന്നുണ്ട്. അതേസമയം തന്നെ പുറത്തു മൈക്കിലൂടെ ദാസേട്ടന്‍ പാടിയതും കേള്‍പ്പിക്കുന്നെന്നു മാത്രം. മേല്‍ശാന്തിയും മറ്റും പാടുന്ന ഹരിവരാസനം കയ്യെഴുത്തുപ്രതിയില്‍ കാണുന്ന അതേപടിയാണ്. യഥാര്‍ഥ കൃതിയില്‍ എല്ലാ വരിയുടെയും മധ്യത്തില്‍ 'സ്വാമി' എന്നുണ്ട്. ജി.ദേവരാജന്‍ സംഗീതം നല്‍കി യേശുദാസിനെക്കൊണ്ടു പാടിച്ചപ്പോള്‍ അത് ഒഴിവാക്കി. മറ്റൊന്ന്, 'അരി', 'വിമര്‍ദനം' എന്നീ പദങ്ങള്‍ ഒന്നായാണ് യേശുദാസ് ആലപിച്ചിരിക്കുന്നത്. കയ്യെഴുത്തുപ്രതിയില്‍ അവ രണ്ടായി എഴുതിയിരിക്കുന്നു.
ശബരിമലക്ഷേത്രത്തില്‍ എന്നും ആലപിക്കുന്ന ഉറക്കുപാട്ടായ ഹരിവരാസനം തിരുത്തി റെക്കോര്‍ഡ് ചെയ്യുന്നുവെന്ന വാര്‍ത്ത വലിയ ചര്‍ച്ചയായിരുന്നു 2017ല്‍. ഹരിവാസനം വിശ്വമോഹനം എന്ന ഗാനത്തെ അനശ്വരമാക്കിയ ഗാനഗന്ധര്‍വന്‍ കെ ജെ യേശുദാസിനെ തന്നെ എത്തിച്ച് പുതിയ പാട്ട് റിക്കോര്‍ഡ് ചെയ്യുമെന്നായിരുന്നു പ്രഖ്യാപനം. കോന്നകത്ത് ജാനകിയമ്മയുടെ പിതാവ് അനന്തകൃഷ്ണ അയ്യര്‍ ശബരിമലയില്‍ പോകുമ്പോള്‍ ധരിച്ചിരുന്ന രുദ്രാക്ഷമാലയിലെ ഒരു മുത്തും ജാനകിയമ്മയുടെ സഹോദരന്‍ പത്മനാഭപിള്ള വരച്ച അയ്യപ്പന്റെ ചിത്രവും യേശുദാസിന് നല്‍കിയെന്ന് പറയുകയും ചെയ്തിരുന്നു പത്മകുമാര്‍. ഈ പത്മകുമാറിനെയാണ് ഇപ്പോള്‍ സ്വര്‍ണ്ണ കൊള്ളയില്‍ അറസ്റ്റു ചെയ്യുന്നത്. വിശ്വാസിയായ കമ്യൂണിസ്റ്റ് എന്ന് സ്വയം പ്രഖ്യാപിച്ച പത്മകുമാര്‍. 1920ല്‍ സംസ്‌കൃത മലയാളത്തില്‍ അഷ്ടകമായി എഴുതിയ വരികളാണ് മനോഹരമായ ഹരിവരാസനമെന്ന ഉറക്കുപാട്ടായി മാറിയത്. 1975ല്‍ സ്വാമി അയ്യപ്പന്‍ എന്ന സിനിമക്കായി സംഗീത സംവിധായകന്‍ ജി ദേവരാജന്‍ മാസ്റ്റര്‍ ചിട്ടപ്പെടുത്തി യേശുദാസ് ആലപിച്ചതാണ് ആ ഗാനം. ഗാനത്തിന്റെ സ്വീകാര്യത മനസിലാക്കിയ അന്നത്തെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിന്നീട് എന്നും ശബരിമലയില്‍ അവസാന പൂജക്കുശേഷം ഈ ഗാനം കേള്‍പ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതോടെ അയ്യപ്പ ഭക്തന്‍ കൂടിയായ യേശുദാസ് ക്ഷേത്രത്തിനായി വീണ്ടും പാടിയ ഗാനമാണ് നട അടക്കുന്നതിനുമുന്നേ കേള്‍പ്പിക്കാറുള്ളത്. ഈ പാട്ട് തിരുത്തുന്നതിന് പലര്‍ക്കും താല്‍പ്പര്യമില്ലായിരുന്നു. പക്ഷേ താനൊരു വിശ്വാസിയാണെന്ന് വരുത്താന്‍ പത്മകുമാര്‍ എന്ന കമ്യൂണിസ്റ്റ് ഹരിവരാസനത്തെ വിവാദത്തിലാക്കി. ഇതിന് ശേഷം അവിടെ അദ്ദേഹം നടത്തിയത് കൊള്ളയും. ഈ കൊള്ളയിലാണ് പത്മകുമാര്‍ അകത്താകുന്നത്. സ്വാമി അയ്യപ്പന്‍ എന്ന സിനിമയിലൂടെ മലയാളിയുടെ മനസ്സിലെത്തിയ 'ഹരിവരാസനത്തെ'യാണ് പത്മകുമാര്‍ അന്ന് മാറ്റാന്‍ ശ്രമിച്ചത്.
അന്ന് ഈ വിഷയത്തില്‍ കെ ജയകുമാര്‍ ഐഎഎസിന്റെ പ്രതികരണം മനോരമ കൊടുത്തിരുന്നു. ഈ പ്രതികരണം പുതിയ കാലത്തില്‍ പ്രസ്തകതമാണ്. ഇന്ന് സ്വര്‍ണ്ണകൊള്ളയില്‍ പത്മകുമാര്‍ അകത്താകുമ്പോള്‍ ഇന്ന് ആ ജയകുമാറാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്. കുടജാദ്രിയില്‍ കുടികൊള്ളും മഹേശ്വരി വരദായിനി... ഈ പാട്ട് രചിച്ചതും ജയകുമാറായിരുന്നു. ഹരിവരാസനമെന്ന പാട്ടു മാറ്റത്തെ നീതികരണമില്ലാത്ത ഒന്നാണെന്നാണ് ജയകുമാര്‍ അന്ന് പ്രതികരിച്ചത്. ആ ലേഖനം ചുവടെ
ഈ മാറ്റത്തിന് നീതീകരണമില്ല-കെ. ജയകുമാര്‍(2017 നവംബറില്‍ ജയകുമാറിന്റേതായി മനോരമയില്‍ വന്ന ലേഖനം ചുവടെ)
ശബരിമല തീര്‍ഥാടനത്തിന്റെ വൈകാരിക മനോഹരമായ അനുഭവമാണ് ഹരിവരാസനം കേള്‍ക്കുകയെന്നത്. ശ്രീകോവിലിനുള്ളില്‍ വിളക്കുതിരികള്‍ ഒന്നൊന്നായി അണച്ച്, അയ്യപ്പവിഗ്രഹത്തെ യഥാവിധി ഒരുക്കി മേല്‍ശാന്തിയും അനുയായികളും ഹരിവരാസനം പാടിത്തുടങ്ങുമ്പോഴേക്കും, ഇരുളിലമര്‍ന്ന കാനനത്തിന്റെ ആത്മാവില്‍നിന്നെന്നപോലെ യേശുദാസിന്റെ സുഭഗസ്വരത്തില്‍ ഉച്ചഭാഷിണിയിലൂടെ ഒഴുകിപ്പരക്കുന്ന ആ ഗാനം ഏതൊരു ഭക്തനിലും അവാച്യമായ ഒരനുഭൂതി ഉണര്‍ത്തും. ദേവനും സാധകനും പ്രകൃതിയും ഒന്നായിത്തീരുന്ന ആത്മീയാനുഭൂതിയാണത്. ഹരിവരാസനം പാടിക്കഴിഞ്ഞ് നടയടച്ചുകഴിഞ്ഞാല്‍ അയ്യപ്പന്‍ നിദ്രയിലാണെന്ന സങ്കല്‍പത്തില്‍ സന്നിധാനത്തു പിന്നെ ഉച്ചഭാഷിണി ശബ്ദിക്കുകയില്ല.
ഈ സുഖാനുഭൂതിക്കു ഹേതുവായ ഹരിവരാസനം വീണ്ടും യേശുദാസിനെക്കൊണ്ടു പാടിക്കുമെന്നൊക്കെയുള്ള പ്രസ്താവനകള്‍ വായിക്കുമ്പോള്‍ മനസ്സ് അസ്വസ്ഥമാകുന്നു. ഗാനം മാറുന്നില്ല; ചില തിരുത്തലുകള്‍ വരുത്തുന്നു എന്നു മാത്രം. അരിവിമര്‍ദനം എന്ന വാക്ക് അരി - വിമര്‍ദനം എന്നു പിരിച്ച് പാടാന്‍ പോകുന്നു. ഓരോ പാദത്തിനു ശേഷവും 'സ്വാമി' ചേര്‍ത്തു പാടുന്നു. പരിഷ്‌കാരത്തിന്റെ ഉദ്ദേശ്യശുദ്ധി ചോദ്യംചെയ്യാന്‍ കഴിയില്ല. തെറ്റു തിരുത്താനുള്ള വലിയ മനസ്സിനും നമസ്‌കാരം. പക്ഷേ, നാലു പതിറ്റാണ്ടുകളായി കേട്ടുപരിചയിച്ച ഹരിവരാസനം ഇപ്പോഴത്തെ രീതിയില്‍ ഇനിമേല്‍ കേള്‍ക്കാന്‍ കഴിയുകയില്ലെന്ന വിചാരം അയ്യപ്പഭക്തരില്‍ ഉളവാക്കുന്ന ആശങ്കയും നഷ്ടബോധവും അളക്കാന്‍ എളുതല്ല. ഓരോ വരിയുടെയും വാക്കിന്റെയും അര്‍ഥം മുഴുവന്‍ ഗ്രഹിച്ചുകൊണ്ടല്ല മലയാളിയും തമിഴനും തെലുങ്കനും ഈ ഉറക്കുപാട്ടില്‍ ലയിച്ചു നില്‍ക്കുന്നത്. അതില്‍ എന്തെങ്കിലും അര്‍ഥഭംഗമോ ഉച്ചാരണപ്പിഴവോ മുഴച്ചുനില്‍ക്കുന്നതായി ആര്‍ക്കും അനുഭവപ്പെടാറുമില്ല. ആലാപനത്തിന്റെ ഭാവസാന്ദ്രത അതിനെ ഒരു അനുഷ്ഠാനത്തിന്റെ തലത്തിലേക്ക് എന്നേ ഉയര്‍ത്തിക്കഴിഞ്ഞു.
സ്വാമി അയ്യപ്പന്‍ എന്ന ചലച്ചിത്രവുമായി ബന്ധപ്പെട്ട ആ ഗാനം യശഃശരീരനായ ദേവരാജന്‍ എത്ര സൂക്ഷ്മതയോടെയാണു ചിട്ടപ്പെടുത്തിയിരിക്കുന്നത്! ഓരോ വാക്കിലും സ്ഫുരിക്കുന്ന ഭക്തിയുടെയും സമര്‍പ്പണത്തിന്റെയും ഭാവശുദ്ധി, യേശുദാസിന്റെ ശബ്ദത്തിന്റെ യൗവ്വനഗരിമ, പശ്ചാത്തലവാദ്യങ്ങളുടെ ഉപയോഗത്തിലെ ഔചിത്യം ?ഇവയെല്ലാം ചേര്‍ന്ന് ആ ഗാനത്തെ മന്ത്രസദൃശ്യമാക്കിയിരിക്കുന്നു. അരി-വിമര്‍ദനമെന്ന പദത്തിന്റെ കൃത്യമായ ഉച്ചാരണത്തിനുവേണ്ടി, ആവര്‍ത്തിക്കാനാകാത്ത ഈ സുകൃതം മുഴുവന്‍ നഷ്ടപ്പെടുത്തണമെന്നോ?
ഹൃദയങ്ങളില്‍ മുദ്രിതമായ ഹരിവരാസനാലാപനത്തിന്റെ ഭാവലയഭദ്രതയില്‍ മുഴുകാന്‍ കൊതിക്കുന്ന ഭക്തലക്ഷങ്ങളുടെ ഇഷ്ടത്തിനു തീരെ വില കല്‍പിക്കാതിരിക്കാമോ? ഇപ്പോഴത്തെ ഗാനം ഇതേവിധം തുടരുന്നതുകൊണ്ട് ഏതെങ്കിലും ഭക്തന്റെ വിശ്വാസമോ വികാരമോ വ്രണപ്പെട്ടതായി അറിവില്ല. അത്ര വലിയ ഭാഷാവൈകല്യമൊന്നും ഇപ്പോഴത്തെ ആലാപനത്തില്‍ ആരോപിക്കേണ്ടതില്ല. ഈ വൈകാരിക സാന്ദ്രതയും ഭാവശുദ്ധിയും ആവര്‍ത്തിക്കാന്‍ കഴിയുന്നതെങ്ങനെ? ദേവരാജന്‍ എന്ന സംഗീതസംവിധായകന്‍ പരമ്പരാഗത രീതിയില്‍ ഈശ്വരവിശ്വാസിയായിരുന്നില്ല. പക്ഷേ, സംഗീതത്തിന്റെ - നാദബ്രഹ്‌മത്തിന്റെ - ഉപാസകനായിരുന്നു. ആ മഹാനായ സംഗീതസംവിധായകനെ മലയിറക്കുന്നത് കൃതഘ്‌നതയല്ലേ?
മാറ്റങ്ങള്‍ വേണം, ആവശ്യമാണെങ്കില്‍. ഈ മാറ്റത്തിനു വേണ്ടത്ര നീതീകരണമില്ല. പുതുതായി റിക്കോര്‍ഡ് ചെയ്യുകവഴി ലഭിക്കുന്ന ഹരിവരാസനം മറ്റൊരു പാട്ടാണ്. ഇപ്പോഴത്തേതിലും വിശിഷ്ടമാകുമോ അത്? അരിവിമര്‍ദനം എന്ന പദത്തിന്റെ ഉച്ചാരണത്തില്‍ പിശകുണ്ടെന്നു വെളിപ്പെടുത്തിയതും യേശുദാസ് തന്നെയായിരുന്നു, ഒരഭിമുഖത്തില്‍. അതുവരെ ആരും അതു ശ്രദ്ധിച്ചിരുന്നതേയില്ല. ഇപ്പോഴത്തെ ഹരിവരാസനം അതേപടി തുടരുന്നതാണ് ഭക്തര്‍ക്കു തൃപ്തി. അക്കാരണത്താല്‍ അയ്യപ്പന്റെ ഹിതവും മറിച്ചായിരിക്കുകയില്ല.
ഈ വിവാദത്തില്‍ അന്ന് പത്മകുമാര്‍ മനോരമയില്‍ എഴുതിയ കുറിപ്പ് ചുവടെ
മാറ്റം വരട്ടെ, എന്നെങ്കിലും :എ.പത്മകുമാര്‍
ശബരിമല അയ്യപ്പന്റെ ഉറക്കുപാട്ടായ ഹരിവരാസനം വീണ്ടും പാടി റിക്കോര്‍ഡ് ചെയ്യാന്‍ ആഗ്രഹിച്ചത് ആ കൃതി യഥാര്‍ഥത്തില്‍ എഴുതിയതു പോലെ ആലപിക്കപ്പെടണമെന്നതു കൊണ്ടാണ്. ഹരിവരാസനം എഴുതിയ കോന്നകത്ത് ജാനകിയമ്മയുടെ പിന്‍മുറക്കാരനാണു ഞാനും. ഞങ്ങളുടേതായി ഹരിവരാസനം ട്രസ്റ്റുമുണ്ട്. ഹരിവരാസനം മാറ്റിപ്പാടുന്നതുമായി ബന്ധപ്പെട്ട് ജാനകിയമ്മയുടെ പിന്‍മുറക്കാര്‍ ഒരു തര്‍ക്കത്തിനുമില്ല, പ്രതിഷേധത്തിനുമില്ല.
പലരുടെയും ധാരണ യേശുദാസ് പാടിയ ഹരിവരാസനം കേള്‍പ്പിച്ചാണ് ശബരിമല നട അടയ്ക്കുന്നതെന്നാണ്. അങ്ങനെയല്ല. നട അടയ്ക്കുമ്പോള്‍ മേല്‍ശാന്തിയും ശാന്തിക്കാരും ഭക്തരും ചേര്‍ന്നു ഹരിവരാസനം പാടുന്നുണ്ട്. അതേസമയം തന്നെ പുറത്തു മൈക്കിലൂടെ ദാസേട്ടന്‍ പാടിയതും കേള്‍പ്പിക്കുന്നെന്നു മാത്രം.
മേല്‍ശാന്തിയും മറ്റും പാടുന്ന ഹരിവരാസനം കയ്യെഴുത്തുപ്രതിയില്‍ കാണുന്ന അതേപടിയാണ്. എന്നാല്‍, ദാസേട്ടന്‍ പാടിയതില്‍ ചില മാറ്റങ്ങളുണ്ട്. യഥാര്‍ഥ കൃതിയില്‍ എല്ലാ വരിയുടെയും മധ്യത്തില്‍ 'സ്വാമി' എന്നുണ്ട്. ജി.ദേവരാജന്‍ സംഗീതം നല്‍കി യേശുദാസിനെക്കൊണ്ടു പാടിച്ചപ്പോള്‍ അത് ഒഴിവാക്കി. മറ്റൊന്ന്, 'അരി', 'വിമര്‍ദനം' എന്നീ പദങ്ങള്‍ ഒന്നായാണ് യേശുദാസ് ആലപിച്ചിരിക്കുന്നത്. കയ്യെഴുത്തുപ്രതിയില്‍ അവ രണ്ടായി എഴുതിയിരിക്കുന്നു.
ഈ രണ്ടു തിരുത്തലുകള്‍ വരുത്തി കയ്യെഴുത്തുപ്രതിയിലെപ്പോലെ പാടാനാണ് ദാസേട്ടനും ആഗ്രഹിക്കുന്നത്. യഥാര്‍ഥ കൃതിയിലെപ്പോലെ പാടണമെന്ന ആഗ്രഹം അദ്ദേഹം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഞങ്ങള്‍ പിന്‍തലമുറക്കാരും അത് ആഗ്രഹിക്കുന്നു. ഇക്കാര്യം ഹരിവരാസനം ട്രസ്റ്റ് അദ്ദേഹത്തെ അറിയിക്കുകയും ചെയ്തു. ഇതൊന്നും ദേവരാജന്‍, യേശുദാസ് എന്നീ മഹാപ്രതിഭകളെ മോശമാക്കാനല്ല. ഇക്കാര്യങ്ങളില്‍ ആര്‍ക്കെങ്കിലും തെറ്റിദ്ധാരണയുണ്ടെങ്കില്‍ ട്രസ്റ്റിനു വേണ്ടി മാപ്പപേക്ഷിക്കുന്നു.
ക്ഷേത്രത്തില്‍ പാടുന്നതു തന്നെ പുറത്തും കേള്‍പ്പിക്കണമെന്ന് ആഗ്രഹിക്കുന്നതില്‍ തെറ്റുണ്ടോ? ഇത്രയും കാലം കേള്‍പ്പിച്ച ആലാപനം മാറ്റുന്നതില്‍ അപാകതയുണ്ടെന്നു പറയാനാവില്ല. എങ്കില്‍ യഥാര്‍ഥ കൃതിയില്‍ മാറ്റം വരുത്തിയുള്ള ആലാപനം വേണ്ടിയിരുന്നോ എന്ന ചോദ്യം ഉയരുന്നു. ആലാപനത്തില്‍ ചില പ്രശ്‌നങ്ങളുണ്ടെന്നു ചൂണ്ടിക്കാട്ടിയതു ദാസേട്ടന്‍ തന്നെയാണ്. അതിനു മുന്‍പു ഞങ്ങളും പരാതിപ്പെട്ടിരുന്നില്ല.
ഹരിവരാസനത്തിന്റെ കയ്യെഴുത്തുപ്രതി കാണണമെന്നു ദാസേട്ടന്‍ ആഗ്രഹം അറിയിച്ചിരുന്നു. അദ്ദേഹത്തിന്റെ സഹപാഠിയായ തുറവൂരിലെ ഗോവിന്ദന്‍കുട്ടിയോടൊപ്പം പോയി അത് അദ്ദേഹത്തെ കാണിച്ചിരുന്നു. കോന്നകത്ത് ജാനകിയമ്മയുടെ പിതാവ് അനന്തകൃഷ്ണ അയ്യര്‍ ശബരിമലയില്‍ പോകുമ്പോള്‍ ധരിച്ചിരുന്ന രുദ്രാക്ഷമാലയിലെ ഒരു മുത്തും ജാനകിയമ്മയുടെ സഹോദരന്‍ പത്മനാഭപിള്ള വരച്ച അയ്യപ്പന്റെ ചിത്രവും നല്‍കി. വീണ്ടും പറയട്ടെ, ഇക്കാര്യത്തില്‍ സമ്മര്‍ദത്തിനോ തര്‍ക്കത്തിനോ ഇല്ല. പാടുന്നെങ്കില്‍ പാടട്ടെ. എന്നെങ്കിലും മാറ്റം വരട്ടെ. ഹേമദണ്ഡം വരുത്തി മാറ്റാനില്ല.
