ലോക പ്രശസ്തനാ....പത്തുതലയാ ഇവന്.... തനി രാവണന്‍...! ഗ്രീഷ്മയ്ക്ക് കൊലക്കയര്‍ വിധിക്കുമ്പോള്‍ നിര്‍ണ്ണായകമായത് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം നേടിയ ഈ മലയാളി ഡോക്ടറുടെ നിരീക്ഷണങ്ങള്‍; ലോകപ്രശസ്ത ടോക്‌സിക്കോളജി വിദഗ്ധന്റെ നിഗമനങ്ങള്‍ കോടതിയും മുഖവിലയ്‌ക്കെടുത്തു; ഡോ വിവി പിള്ളയുടെ ഫോറന്‍സിക് മികവ് ചര്‍ച്ചയാകുമ്പോള്‍

Update: 2025-01-21 10:14 GMT

തിരുവനന്തപുരം: ലോക പ്രശ്‌സതനാ....പത്തുതലയാ ഇവന്.... തനി രാവണന്‍... മണിച്ചിത്രത്താഴില്‍ ഡോ സണ്ണിയെ തിലകന്റെ കഥാപാത്രം പരിചയപ്പെടുത്തുന്നത് ഇങ്ങനെയാണ്. അതു പോലൊരു ലോകപ്രശസ്തന്റെ ഇടപെടലും ഷാരോണ്‍ രാജിന്റെ കൊലക്കേസില്‍ നിര്‍ണ്ണായകമായി. ഷാരോണ്‍ വധക്കേസില്‍ ഗ്രീഷ്മയ്ക്ക് കൊലക്കയര്‍ കിട്ടുമ്പോള്‍ അതിനിര്‍ണ്ണായകമായത് ലോകമറിയുന്ന മലയാളി ഡോക്ടറുടെ ഉപദേശ നിരീക്ഷങ്ങള്‍.

പാരക്വറ്റ് വിഷയത്തിന്റെ സവിശേഷതകളും അത് മനുഷ്യ ശരീരത്തില്‍ കടന്നാല്‍ ഉണ്ടാകുന്ന ആഘാതങ്ങളും ശാസ്ത്രീയമായി പോലീസിന് തെളിയിക്കാനായത് ഡോ വിവി പിള്ളയെന്ന അന്തര്‍ദേശീയ പ്രശസ്തനായ ഫോറന്‍സിക് വിദഗ്ധന്റെ കൂടെ മികവിലാണ്. പാരക്വറ്റ് വിഷം ഉള്ളില്‍ ചെന്നാണ് ഷാരോണിന്റെ മരണമെന്ന് ഉറപ്പിച്ചത് ഈ ഡോക്ടറുടെ മൊഴിയിലൂടെയാണ്. ലോകാരോഗ്യ സംഘടന അംഗീകരിച്ച ആഗോളതലത്തില്‍ ടോക്‌സികോളജിയില്‍ പേരും പെരുമയുമുള്ള ഡോ വിവി പിള്ളയുടെ നിരീക്ഷണങ്ങള്‍ക്ക് വലിയ വിലയാണ് ഈ കേസിലെ പബ്ലിക് പ്രോസിക്യൂട്ടറായ വിഎസ് വിനീത് കുമാര്‍ നല്‍കുന്നത്. ഡോ പിള്ളയില്‍ നിന്നും കിട്ടി ഉപദേശം കേസില്‍ അതി നിര്‍ണ്ണായകമായെന്ന് അഡ്വ വിനീത് കുമാര്‍ മറുനാടനോട് പ്രതികരിച്ചു.

പാരക്വറ്റ് വിഷം ശരീരത്തില്‍ കടന്നാല്‍ ആന്തരിക അവയവങ്ങളെല്ലാം നശിപ്പിച്ച് ശരീരത്തില്‍ നിന്നും രണ്ടു ദിവസം കൊണ്ട് അപ്രത്യക്ഷമാകും. വിഷം കഴിച്ച് 11-ാം ദിവസം മരിച്ച ഷാരോണിന്റെ ദേഹത്ത് ഈ വിഷാംശം കണ്ടെത്താനായില്ല. പോസ്റ്റ്‌മോര്‍ട്ടത്തിലും മറ്റും വിഷാംശം ഇല്ലാത്തതു കൊണ്ട് തന്നെ പ്രോസിക്യൂഷന്‍ കേസ് ദുര്‍ബ്ബലമാകുമായിരുന്നു. ഈ ഘട്ടത്തിലാണ് ചികില്‍സാ രേഖകളിലൂടെ പാരക്വറ്റ് വിഷം ഉള്ളില്‍ ചെന്നാലുണ്ടാകുന്ന അവസ്ഥകളിലൂടെ ഷാരോണ്‍ രാജ് കടന്നു പോയെന്ന് വ്യക്തമായത്. കേസിലെ മൂന്നാം പ്രതി നിര്‍മല കുമാരന്‍ നായര്‍ എടുത്തു നല്‍കിയ വിഷക്കുപ്പിയും പാരക്വറ്റിന്റേതായിരുന്നു. ഈ വിഷമാണ് ഷാരോണിന്റെ ജീവനെടുത്തത് എന്ന് തെളിയിച്ചിടത്തായിരുന്നു കേസിന്റെ വിജയം. ഇത്തരത്തിലൊരു നിഗമനത്തിലേക്ക് കോടതിയെ എത്തിക്കാന്‍ വിദഗ്ധ ഉപദേശം തന്നെ വേണമായിരുന്നു. ഈ സാഹചര്യത്തിലാണ് പോലീസും പ്രോസിക്യൂഷനും ഡോ വിവി പിള്ളയുടെ ഉപദേശം തേടിയത്. അത് ഏറെ നിര്‍ണ്ണായകമായി മാറുകയും ചെയ്തു.

കേരളത്തിലെ കൊച്ചിന്‍ അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ (എയിംസ്) പോയിസണ്‍ കണ്‍ട്രോള്‍ ചികില്‍സാ സംവിധാനത്തിന്റെ മേധാവിയും അനലിറ്റിക്കല്‍ ടോക്‌സിക്കോളജി മേധാവിയും പ്രൊഫസറും ഫോറന്‍സിക് മെഡിസിന്‍ & മെഡിക്കല്‍ ടോക്‌സിക്കോളജി മേധാവിയുമാണ് ഡോ.വി.വി. പിള്ള. ഹൈദരാബാദിലെ ഗാന്ധി മെഡിക്കല്‍ കോളേജില്‍ നിന്നാണ് എംബിബിഎസ് എംഡി പഠനം പൂര്‍ത്തിയാക്കിയത്. ദേശീയ അന്തര്‍ദേശീയ ശാസ്ത്ര ജേണലുകളില്‍ ഏകദേശം 97 പ്രസിദ്ധീകരണങ്ങള്‍ തന്നെ ഉണ്ട്. ടോക്‌സിക്കോളജി (ആധുനിക മെഡിക്കല്‍ ടോക്‌സിക്കോളജി), സമഗ്രമായ ഒരു റഫറന്‍സ് പുസ്തകം (സമഗ്ര മെഡിക്കല്‍ ടോക്‌സിക്കോളജി), ഫോറന്‍സിക് മെഡിസിന്‍ & ടോക്‌സിക്കോളജി എന്നിവയെക്കുറിച്ചുള്ള പാഠപുസ്തകം ഉള്‍പ്പെടെ നിരവധി പുസ്തകങ്ങളുടെ രചയിതാവും എഡിറ്ററും കൂടിയാണ് അദ്ദേഹം. കൂടാതെ, നിരവധി പുസ്തകങ്ങളില്‍ വിഷശാസ്ത്രത്തെക്കുറിച്ചുള്ള ഒരു വിഭാഗവും അദ്ദേഹം സംഭാവന ചെയ്തതില്‍ ഉണ്ട്.

അതുപോലെ, 2005 മുതല്‍ 2014 വരെ ഇന്ത്യന്‍ സൊസൈറ്റി ഓഫ് ടോക്‌സിക്കോളജിയുടെ ജേണലിന്റെ എഡിറ്ററായിരുന്നു. അസോസിയേഷന്‍ ഓഫ് ഫിസിഷ്യന്‍സ് ഓഫ് ഇന്ത്യ, നാഷണല്‍ മെഡിക്കല്‍ ജേര്‍ണല്‍ ഓഫ് ഇന്ത്യ എന്നിവയുടെ ടോക്‌സിക്കോളജിയില്‍ റഫറി ആയിരുന്നു. വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷനുവേണ്ടി അനലിറ്റിക്കല്‍ ടോക്‌സിക്കോളജിയെക്കുറിച്ചുള്ള നിരവധി മോണോഗ്രാഫുകളും സംഭാവന നല്‍കിയിട്ടുണ്ട്. 2021-ല്‍, ഡബ്ല്യുഎച്ച്ഒ പ്രസിദ്ധീകരിച്ച പോയിസണ്‍ കണ്‍ട്രോള്‍ സംവിധാനത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ പതിപ്പിന്റെ നിരൂപകനായി പ്രവര്‍ത്തിച്ചു. യുകെയിലുള്ള എഡിന്‍ബര്‍ഗിലെ വിഷ നിയന്ത്രണ ശൃംഖലയ്ക്കുള്ള ലോകാരോഗ്യ സംഘടനയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ വര്‍ക്കിംഗ് ഗ്രൂപ്പ് അംഗം കൂടിയാണ് അദ്ദേഹം.

2004-ല്‍ അദ്ദേഹം ഇന്ത്യന്‍ സൊസൈറ്റി ഓഫ് ടോക്‌സിക്കോളജി സ്ഥാപിക്കുകയും തുടര്‍ച്ചയായി എട്ട് വര്‍ഷം അതിന്റെ പ്രസിഡന്റാവുകയും ചെയ്തിട്ടുണ്ട്. അതുപോലെ, ടെക്സാസിലെ സാന്‍ അന്റോണിയോയില്‍ നടന്ന 57-ാമത് വാര്‍ഷിക മീറ്റിംഗില്‍ 2018 ലെ ട്രാവല്‍ അവാര്‍ഡിന് അദ്ദേഹം അര്‍ഹനാവുകയും ചെയ്തിരുന്നു.

Tags:    

Similar News