ഡീസല്‍ കാറിന്റെ ലോഗ് ബുക്കില്‍ യാത്രാ ദൂരത്തിനൊപ്പം എവിടെ പോയി എന്ന് രേഖപ്പെടുത്തണം; ഇലക്ട്രിക് വാഹനം ഉപയോഗിച്ചാല്‍ കിലോ മീറ്റര്‍ മാത്രം കുറിച്ചാല്‍ മതി; ടെന്നീസ് കളി രേഖകളില്‍ വരാതിരിക്കാന്‍ അഭയം തേടുന്നത് ഇലക്ട്രിക് വാഹനത്തില്‍; പതിവ് തെറ്റിയപ്പോള്‍ ഡ്രൈവര്‍ക്ക് സ്ഥലം മാറ്റം; സെക്രട്ടറിയേറ്റിലെ 'കാര്‍ വിവാദം' അമര്‍ഷമാകുമ്പോള്‍
തിരുവനന്തപുരം: കാറുകളുടെ ദുരുപയോഗത്തിന് ഇലക്ട്രിക് കാറുകളുടെ സാധ്യത ഉപയോഗപ്പെടുത്തുകയാണ് കേരളത്തിലെ ഉദ്യോഗസ്ഥ പ്രമുഖര്‍. ഐഎഎസുകാരുള്‍പ്പെടെ ഈ സാധ്യത മുതലെടുത്ത് യാത്ര ചെയ്യുന്ന സ്വകാര്യ സ്ഥലങ്ങള്‍ രേഖകളില്‍ നിന്നും മറയ്ക്കുകയാണ്. ഒരു സര്‍ക്കാര്‍ ഡ്രൈവറുടെ തിരുവനന്തപുരത്തു നിന്നുള്ള സ്ഥലം മാറ്റവും ഇലക്ട്രിക് കാര്‍ കിട്ടാത്തതിന്റെ ഐഎഎസ് ഉദ്യോഗസ്ഥന്റെ വൈരാഗ്യം മൂലമാണെന്നാണ് ഉയരുന്ന വാദം. ഇത് സെക്രട്ടറിയേറ്റിലെ ജീവനക്കാരില്‍ അടക്കം അമര്‍ഷമായി മാറിയിട്ടുണ്ട്.
സിവില്‍ സര്‍വ്വീസിലെ ചേരി പോരുകള്‍ സെക്രട്ടറിയേറ്റിനെ പ്രതിസന്ധിയിലാക്കുകയാണ്. ഇതിനിടെയാണ് കാറിലെ പുതിയ വിവാദം. പെട്രോള്‍-ഡീസല്‍ കാറുകളിലും ഇലക്ട്രിക് കാറുകളിലും ലോഗ് ബുക്കുണ്ട്. എന്നാല്‍ ഇതില്‍ രണ്ടു തരം രേഖപ്പെടുത്തലാണുള്ളത്. പെട്രോള്‍-ഡീസല്‍ വണ്ടിയിലാണെങ്കില്‍ കിലോ മീറ്ററിനൊപ്പം എവിടെയാണ് പോയതെന്നും രേഖപ്പെടുത്തണം. ദുരുപയോഗമുണ്ടോ എന്ന് കണ്ടെത്താനാണ് ഇത്. ഡീസല്‍-പെട്രോള്‍ വില കാരണം ചെലവ് ചുരുക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. എന്നാല്‍ ഇലക്ട്രിക്കല്‍ കാറിലെ ലോഗ് ബുക്കില്‍ കിലോമീറ്റര്‍ മാത്രം ലോഗ് ബുക്കില്‍ എഴുതിയാല്‍ മതി. അതയാത് എങ്ങോട്ട് പോയി എന്ന് രേഖപ്പെടുത്തേണ്ടതില്ല. വൈദ്യുതി കാറുകളുടെ ഇന്ധന ചെലവ് തുലോം കുറവായതു കൊണ്ടാണ് ഈ രീതി. ഇതിനെയാണ് ഐഎഎസുകാരനായ പ്രമുഖന്‍ സാധ്യതയാക്കി മാറ്റിയത്.
ഈ ഉദ്യോഗസ്ഥന് ടെന്നീസ് കളി ഹരമാണ്. ഇതിനൊപ്പം പല സ്വകാര്യ യാത്രകളും. ഐഎഎസ് ഉദ്യോഗസ്ഥനായതു കൊണ്ട് തന്നെ നല്ല വാഹനം അദ്ദേഹത്തിനായി അനുവദിച്ചിട്ടുണ്ട്. ഇതില്‍ പരമാവധി കുറച്ച് മാത്രമേ അദ്ദേഹം യാത്ര ചെയ്യൂ. ടെന്നീസ് കളിക്കാനും മറ്റും ഈ ഉദ്യോഗസ്ഥന് ഇലക്ട്രിക് വാഹനം മതി. തന്റെ ഡ്രൈവര്‍മാരോട് ടെന്നീസ് കളിക്കാന്‍ പോകുമ്പോഴും തിരിച്ചു വരുമ്പോഴും വിളിക്കാനായി വകുപ്പിന് കീഴിലുള്ള ഇലക്ട്രിക് കാര്‍ കൊണ്ടു വരണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. അങ്ങനെ ചെയ്യുന്നതിലൂടെ ടെന്നിസ് ക്ലബ്ബിലേക്കുള്ള കാര്‍ യാത്രയ്ക്ക് രേഖകളില്ലാതെയാകും. സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഇലക്ട്രിക് കാര്‍ എന്നതാണ് ഈ ഉദ്യോഗസ്ഥന്‍ നയം. തന്റെ ഔദ്യോഗിക കാറിലെ ലോഗ് ബുക്കില്‍ ടെന്നീസ് ക്ലബ് യാത്ര വരാതിരിക്കാനാണ് ഈ കരുതല്‍.
അടുത്തിടെ ടെന്നീസ് ക്ലബ്ബിലെ കളി കഴിഞ്ഞ് ഈ ഉദ്യോഗസ്ഥന്‍ കാറിനായി ഡ്രൈവറെ വിളിച്ചു. വന്ന കാര്‍ കണ്ട് ഐഎഎസുകാരന്‍ ഞെട്ടി. തന്റെ ഔദ്യോഗിക കാര്‍. എന്തു കൊണ്ട് തന്റെ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഇലക്ട്രിക് കാറില്‍ വന്നില്ലെന്ന ചോദ്യം ഡ്രൈവറോട് ഐഎഎസുകാരന്‍ ചോദിച്ചു. കാര്‍ കിട്ടാത്തതു കൊണ്ടാണ് ഔദ്യോഗിക കാറില്‍ വന്നതെന്നായിരുന്നു ഉദ്യോഗസ്ഥന്റെ മറുപടി. ഇത് ഐഎഎസുകാരനില്‍ അതൃപ്തിയായി മാറി. പിന്നാലെ ഈ ജീവനക്കാരന് തലസ്ഥാനത്തിന് പുറത്തേക്ക് കേരളത്തിന്റെ അറ്റത്തേക്ക് സ്ഥലം മാറ്റവും വന്നു. ഇലക്ട്രിക് കാറുമായി ടെന്നീസ് ക്ലബ്ബില്‍ വന്നില്ലെങ്കില്‍ എന്തു സംഭവിക്കുമെന്ന സന്ദേശമാണ് ഇതിലൂടെ ഡ്രൈവര്‍മാര്‍ക്ക് ഈ ഐഎഎസുകാരന്‍ നല്‍കുന്നത്.
ഐഎഎസുകാര്‍ക്കിടയിലെ ചേരി പോര് അതിരൂക്ഷമാണ്. ചീഫ് സെക്രട്ടറിയ്‌ക്കെതിരെ സസ്‌പെന്‍ഷനിലുള്ള പ്രശാന്ത് ഐഎഎസ് വക്കീല്‍ നോട്ടീസ് അയച്ചു. ആ തര്‍ക്കം കോടതി കയറുകയാണ്. ഇതിനിടെയാണ് അതിബുദ്ധിമാന്മാരായ ഐഎഎസുകാര്‍ തങ്ങളുടെ 'ശത്രു സംഹാരം' അതീവ രഹസ്യമായി നടത്തുന്നത്. ഇലക്ടിക് കാറുകളുടെ വ്യാപക ദുരപയോഗം സര്‍ക്കാര്‍ വകുപ്പുകളിലുണ്ട്. വൈദ്യുതി കൊണ്ട് ഓടുന്നതു കൊണ്ടു തന്നെ എവിടെ നിന്നും ഇത്തരം കാറുകള്‍ ചാര്‍ജ്ജ് ചെയ്യാം. അതുകൊണ്ടാണ് ലോഗ് ബുക്കില്‍ യാത്ര സ്ഥലം വേണ്ടന്ന് വച്ചത്. എന്നാല്‍ ഇത് ദുരുപയോഗത്തിനുള്ള സാധ്യതയായി മാറുന്നു.
ജില്ലാ കളക്ടറുടെ പദവിയില്‍ ഇരിക്കെ പോലും വിവാദങ്ങളുണ്ടാക്കിയ ഐഎഎസ് ഉദ്യോഗസ്ഥനാണ് ടെന്നീസ് കളിക്കുള്ള യാത്രയില്‍ ഇലക്ട്രിക് കാറിന്റെ അനന്ത സാധ്യതകള്‍ തിരിച്ചറിഞ്ഞതെന്നതാണ് വസ്തുത.