'സെപ്റ്റിക് ടാങ്ക് നിറഞ്ഞ് കവിഞ്ഞ് വെള്ളക്കെട്ടിൽ ഒഴുകുന്നു; സീല് പൊട്ടിക്കാത്ത ചാർജിങ് യൂണിറ്റ്; ചെളിവെള്ളം കയറിയ ഇലക്ട്രിക്കൽ റൂം..'; മറുനാടൻ ക്യാമെറ എറണാകുളം കെഎസ്ആർടിസി ഡിപ്പോയിലേക്ക് ഒന്ന് തിരിച്ചപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ചകൾ; ഒരു ബസ് സ്റ്റാൻഡ് കുളമായ അവസ്ഥ; മുഖം തിരിച്ച് അധികാരികൾ; പകർച്ച വ്യാധി ഭീഷണിയിൽ ജീവനക്കാർ പൊറുതിമുട്ടുമ്പോൾ
കൊച്ചി: എറണാകുളം കെഎസ്ആർടിസി ഡിപ്പോയിലേക്ക് മറുനാടൻ ക്യാമെറ ഒന്ന് തിരിച്ചപ്പോൾ കണ്ടത് മനം മടുക്കുന്ന കാഴ്ചകൾ. ഡിപ്പോയിലെ പലയിടത്തും ദയനീയ കാഴ്ചകൾ തന്നെയായിരുന്നു. ഒരു ബസ് സ്റ്റാൻഡ് കുളമായ അവസ്ഥ. അത്രയ്ക്കും മോശം അവസ്ഥയിലാണ് ബസുകളുടെ തകരാർ പരിഹരിക്കുന്ന വർക്ക് ഷോപ്പിൽ ഉള്ളത്. ഇതോടെ പകർച്ച വ്യാധി ഭീഷണിയിൽ പൊറുതിമുട്ടിയിരിക്കുകയാണ് ജീവനക്കാർ.
നാല് വർഷം മുമ്പാണ് ബസ് ചാർജ് ചെയ്യാനുള്ള ഒരു ഇലക്ട്രിക് മെഷിൻ ഉപേക്ഷിച്ചിരിക്കുന്നത്. എറണാകുളത്ത് എത്തിയാൽ കുളം ആണെങ്കിൽ ആദ്യം എത്തേണ്ടത് കെഎസ്ആർടിസി ഡിപ്പോയിലേക്കാണ്. ഒരു മഴ പെയ്താൽ തന്നെ ഇവിടെ കുളമാണ്. ഡിപ്പോയിൽ എത്തുന്ന കെഎസ്ആർടിസി ബസിന്റെ ഒക്കെ തകരാർ പരിഹരിക്കുന്ന വർക്ക് ഷോപ്പിലാണ് ഈ ദയനീയ അവസ്ഥ.
ഒരുപാട് വെള്ളക്കെട്ടുകൾ താണ്ടി വേണം ഈ വർക് ഷോപ്പിലേക്ക് ബസുകൾക്ക് ആണെങ്കിലും ജീവനക്കാർ ആണെങ്കിലും കടന്നുചെല്ലാൻ. നടന്നു പോകുന്ന വഴികളിൽ എല്ലാം ചെളി നിറഞ്ഞു കിടക്കുന്ന അവസ്ഥയാണ്. അതുപോലെ തൊട്ട് അടുത്ത് തന്നെയാണ് ശൗചാലയവും വരുന്നത്. അതിന്റെ സെപ്റ്റിക് ടാങ്ക് നിറഞ്ഞു നിൽക്കുകയാണ് അതുകൊണ്ട് തന്നെ എപ്പോൾ വെള്ളം കയറിയാലും അത് നിറഞ്ഞ് മലിനജലം പരിസരം മുഴുവനും പരക്കും.
ഇവിടെ ജോലി ചെയ്യുന്ന പലരും എലിപ്പനി അടക്കമുള്ള ഗുരുതര രോഗങ്ങൾ പിടിപ്പെടുമോ എന്ന ആശങ്കയിലാണ്. എല്ലാവർക്കും അറിയാവുന്നതാണ് കേടായ ഒരു ബസ് വരുമ്പോൾ അതിന്റെ അടിയിൽ കിടന്ന് വേണം പണി ചെയ്യാൻ. പക്ഷെ ജീവനക്കാർക്ക് ചെളി വെള്ളത്തിൽ കിടന്ന് ജോലി ചെയ്യേണ്ട അവസ്ഥയാണ് വർക്ക് ഷോപ്പിൽ ഉള്ളത്.
അതുപോലെ തന്നെയാണ് ഇലക്ട്രിക്കിൽ റൂമിന്റെ കാര്യവും. ഉള്ളിൽ മുഴുവൻ മലിന ജലം കെട്ടി കിടക്കുന്ന അവസ്ഥയാണ് ഉള്ളത്. പൊതുവെ ഇലക്ട്രിക്കിൽ സാധനങ്ങൾ വെള്ളത്തിൽ വീഴരുത് എന്നാണ് പറയുന്നത് പക്ഷെ ഇവിടെ കാര്യങ്ങൾ എല്ലാം നേരെ തിരിച്ചാണ്. അതിൽ വിശ്രമിക്കാനുള്ള സ്ഥലം ഉണ്ട് പക്ഷെ അവിടെ കാൽ വെച്ച് വേണം അവർക്ക് വിശ്രമിക്കാൻ. നാല് വർഷം മുമ്പാണ് ബസ് ചാർജ് ചെയ്യാനുള്ള മെഷീൻ ഡിപ്പോയിൽ കൊണ്ട് വന്നത്. ഇലക്ട്രിക് ബസ് എത്തതുകൊണ്ട് തന്നെ ഇപ്പോഴും അത് പൊട്ടിക്കാതെ അതെ പടി വെച്ചിരിക്കുകയാണ്. ലക്ഷങ്ങൾ വില വരുന്ന മെഷിനുകളാണ് ഇവിടെ കിടന്ന് നശിച്ചു കൊണ്ടിരിക്കുന്നത്. കൂടാതെ മിക്ക സാധനങ്ങളും വെള്ളം കയറി നശിച്ച അവസ്ഥയിൽ തന്നെയാണ്.
ഡിപ്പോയിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് പോലും ഭീഷണിയാകുന്ന രീതിയിലാണ് ഇപ്പോൾ കാര്യങ്ങൾ. ഇതൊന്നും കാണുവാനോ ശ്രധിക്കാനോ ഇവിടെ ആരുമില്ല. മന്ത്രി എപ്പോഴും പറയുന്ന കാര്യമാണ് ബസ് സ്റ്റാൻഡ് ഇവിടെ നിന്നും മാറ്റി പുതിയ കെട്ടിടത്തിലോട്ട് മാറ്റുമെന്ന്. പക്ഷെ അതിന് ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. ജീവനക്കാർ ഇപ്പോഴും വെള്ളത്തിൽ തന്നെയാണ്. എത്രയും വേഗം മനുഷ്യാവകാശ കമ്മീഷൻ എങ്കിലും എത്രയും വേഗം ഇടപെടണം എന്നാണ് അവരുടെ ആവശ്യം. അവർക്ക് വേണ്ടി കൃത്യമായ സംരക്ഷണം അനുവദിക്കണമെന്ന ആവശ്യവും ശക്തമായി ഉയരുന്നുണ്ട്.