'ഫാറ്റ് ടു ഫിറ്റ്' ബോധവല്‍ക്കരണ പരിപാടിയില്‍ അഞ്ച് ദിവസത്തെ സൗജന്യ രജിസ്‌ട്രേഷന്‍; പരസ്യം കണ്ട് എത്തിയവര്‍ നിരവധി; സപ്ലിമെന്റുകള്‍ കഴിച്ച വയോധികന് ദേഹാസ്വാസ്ഥ്യം; സംസ്ഥാനത്ത് ന്യൂട്രീഷന്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത് ലൈസന്‍സ് പോലുമില്ലാതെ; പോഷകാഹാര കേന്ദ്രങ്ങള്‍ സംശയത്തിന്റെ നിഴലില്‍; ആരോഗ്യമന്ത്രി ഇതുവല്ലതും അറിയുന്നുണ്ടോ?

Update: 2025-04-07 10:48 GMT

തിരുവനന്തപുരം: സംസ്ഥാനത്തുടനീളം പോഷകാഹാര കേന്ദ്രങ്ങളുടെ പേരില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ സംശയത്തിന്റെ നിഴലില്‍. നിരവധി പേര്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിട്ടിട്ടും ഇത്തരം സെന്ററുകളില്‍ ആരോഗ്യ വകുപ്പ് മതിയായ പരിശോധനകള്‍ പോലും നടത്തുന്നില്ല. ലൈസന്‍സ് പോലുമില്ലാതെയാണ് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് സൂചന.

തിരുവനന്തപുരത്ത് പോഷകാഹാര കേന്ദ്രത്തില്‍ നിന്നും സപ്ലിമെന്റുകള്‍ കഴിച്ച വയോധികന് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടായതാതിനെ തുടര്‍ന്ന് പരാതി ഉയര്‍ന്നിരുന്നു. പൂജപ്പുര പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ പോഷകാഹാര കേന്ദ്രത്തിനെതിരെയാണ് രേഖാമൂലം പരാതി വ്ന്നത്. പ്രമേഹവും, ആര്‍ത്രൈറ്റിസും ഉള്‍പ്പെടെ അസുഖങ്ങളുള്ള വയോധികനെ മതിയായ യോഗ്യതയില്ലാത്ത ജീവനക്കാര്‍ ചികില്‌സിച്ചുവെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. ഇത്തരം അനധികൃത സെന്റുകള്‍ വ്യാപകമായിട്ടും ആരോഗ്യ വകുപ്പ് ഒന്നും ചെയ്യുന്നില്ലെന്നതാണ് വസ്തുത. ആരോഗ്യ വകുപ്പിന്റെ ശുപാര്‍ശയില്ലാതെ ഇത്തരം കേന്ദ്രങ്ങള്‍ക്കെതിരെ കേസെടുക്കാന്‍ പോലും പോലീസിന് കഴിയുന്നില്ല. തിരുവനന്തപുരത്തെ വയോധികന് എല്ലാ അര്‍ത്ഥത്തിലും ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളിലാണ്. ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജിന്റെ അടിയന്തര ഇടപെടല്‍ ഇക്കാര്യത്തില്‍ അനിവാര്യമാണ്.

സന്ധി വേദന മാറ്റാന്‍ കഴിയുമെന്ന് പറഞ്ഞാണ് വയോധികന് സപ്ലിമെന്റുകള്‍ നല്‍കിയതെന്നാണ് ആരോപണം. സംഭവവുമായി ബന്ധപ്പെട്ട് പൂജപ്പുര പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. സ്ഥാപനം അനധികൃതമായാണ് പ്രവര്‍ത്തിക്കുന്നതെന്നും ആരോപണമുണ്ട്. സ്ഥാപനത്തിന് പ്രവര്‍ത്തിക്കാന്‍ ആവശ്യമായ ലൈസന്‍സുകള്‍ ഇല്ലെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് മതിയായ രേഖകള്‍ ലഭിച്ച ശേഷം മാത്രമേ സ്ഥാപനം പ്രവര്‍ത്തിക്കാന്‍ പാടുള്ളൂവെന്നും പോലീസ് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഈ നിര്‍ദ്ദേശങ്ങള്‍ ഒന്നും പാലിക്കാതെ സ്ഥാപനം വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചതായാണ് സൂചന. സൗജന്യ ഫാറ്റ് ചെക്കപ്പ് ഉള്‍പ്പെടെയുള്ള പരിശോധനകളുടെ പരസ്യം കാട്ടിയാണ് സ്ഥാപനത്തിന്റെ പ്രവര്‍ത്തനം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വയോധികന്‍ ന്യൂട്രിഷന്‍ സെന്റര്‍ സന്ദര്‍ശിച്ചിരുന്നു.

ആദ്യ ഘട്ടത്തില്‍ ജീവനക്കാര്‍ ഭക്ഷണ രീതിയില്‍ മാറ്റങ്ങള്‍ വരുത്താനും പച്ചക്കറികള്‍ ഉള്‍പ്പെടുത്താനും നിര്‍ദ്ദേശിച്ചു. മരുന്നുകളോ മറ്റും നല്‍കാന്‍ നിയമപരമായി യോഗ്യതയുള്ളവര്‍ സ്ഥാപനത്തില്‍ ഇല്ലെന്നും പരാതിക്കാരന്‍ ആരോപിക്കുന്നു. പരിശോധനകളോ ഒന്നും ഇല്ലാതെ സപ്ലിമെന്റ് നല്‍കാന്‍ ആരംഭിച്ചതോടെയാണ് വയോധികന് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ആരംഭിച്ചതെന്നും പരാതിയില്‍ പറയുന്നു. കഴിഞ്ഞ 30ന് വയോധികന് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് ആരോഗ്യനില മോശമായി. തുടര്‍ന്ന് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. നടക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു വയോധികനെന്നാണ് പരാതിയില്‍ പറയുന്നത്. പരാതി കിട്ടിട്ടും മതിയായ നടപടികള്‍ എടുത്തിട്ടില്ല ആരോഗ്യ വകുപ്പ്.

സംഭവത്തെ തുടര്‍ന്ന് പൂജപ്പുര പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടപ്പോളാണ് സ്ഥാപനം മതിയായ രേഖകള്‍ ഇല്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന വിവരം പുറത്തറിയുന്നത്. വയോധികന് മുന്‍പുണ്ടായിരുന്ന രോഗ വിവരങ്ങള്‍ മനസ്സിലാക്കാതെയാണ് സപ്ലിമെന്റുകള്‍ നല്‍കിയതെന്നും ആരോപണമുണ്ട്. ലൈസന്‍സുകളും രേഖകളും ലഭിക്കുന്നത് വരെ പോഷകാഹാര കേന്ദ്രത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കണമെന്നും പൊലീസ് നിര്‍ദേശിച്ചിരുന്നു.

എന്നാല്‍ ഈ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ സ്ഥാപനം വീണ്ടും തുറന്ന് പ്രവര്‍ത്തിക്കുന്നതായും പരാതിക്കാരന്‍ പറയുന്നു. എഫ്എസ്എസ്എഐ ലൈസന്‍സ് മാത്രമായിരുന്നു സ്ഥാപനത്തിനുണ്ടായിരുന്നത്. ആരോഗ്യ വകുപ്പിലും പരാതി നല്‍കണമെന്നും പോലീസ് നിര്‍ദേശിച്ചിരുന്നു. സ്ഥാപനത്തില്‍ അടിയന്തരമായി പരിശോധന നടത്തണമെന്നും ഇവിടെ ജോലി ചെയ്യുന്നവരുടെ യോഗ്യത അടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കണമെന്ന ആവശ്യമാണ് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നത്.

(പൂജപ്പുര പോലീസിന് മുന്നില്‍ പരാതി എത്തിയിട്ടും പോലീസ് എഫ് ഐ ആര്‍ പോലും രേഖപ്പെടുത്തിയിട്ടില്ല. ഈ സാഹചര്യത്തിലാണ് സ്ഥാപനത്തിന്റെ പേര് പറയാന്‍ സാധിക്കാത്തതിന് കാരണം.)

Tags:    

Similar News